ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ലോകം വിറങ്ങലിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം വിറങ്ങലിക്കുമ്പോൾ

ഇതൊരു വല്ലാത്ത സാഹചര്യം തന്നെയാണ്. സമാനമായ ഒരു സാഹചര്യം ലോകം ഇതിനു മുമ്പ് അഭിമുഖീകരിച്ചതായി രേഖപ്പെടുത്തി കാണുന്നുമില്ല. ഇരുപതാം നൂറ്റാണ്ടിൽ 30 കോടിക്കും 50 കോടിക്കുമിടയിൽ ആൾക്കാർ മരണപ്പെട്ട വസൂരി രോഗത്തിനുപോലും ലോകത്ത് ഇത്തരത്തിലൊരു സ്തംഭനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ലോകമാകെ ഒരൊറ്റ വില്ലേജാണെന്നുള്ള ആഗോളസാമ്പത്തികവ്യാപാര പദ്ധതിയുടെ ആകർഷകമായ പരസ്യവാചകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു കണ്ടതാണ്. സാമ്പത്തിക ഉദാരവത്കരണ സംവിധാനങ്ങളുടെ മുദ്രാവാക്യം ഒരു സൂക്ഷ്മജീവി ലോകത്ത് ഇന്ന് യാഥാർത്ഥ്യമാക്കിയിരിയ്ക്കുന്നു. 208ൽ അധികം രാജ്യങ്ങളിലായി ഭീതിതമായ രോഗവ്യാപനം നടത്തി ലോകത്തെയാകെ രോഗഗ്രസ്ഥമായ ഒരൊറ്റ വില്ലേജാക്കി അതുമാറ്റിയിരിക്കുന്നു. 208 രാജ്യങ്ങൾ ഒരേ മനസ്സോടെ ഒരേ കാര്യത്തിനുവേണ്ടി പ്രയത്നിക്കുന്ന സമാനസാഹചര്യം രാഷ്ട്രീയത്തിലോ, മതത്തിലോ, കലയിലോ, സ്പോർട്ട്സിലോ, ഗെയിംസിലോ ഒന്നും കേട്ടുകേൾവിപോലുമില്ലാത്തതാണ്‌. അഭൂതപൂർവമായ ഈ സംഭവവികാസം ലോകത്തിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മേഖലകളെ പൊളിച്ചെഴുതുമെന്ന് നിസംശയം പറയാം.


ലോകത്തിന്റെ രാഷ്ട്രീയ ഭൂപടങ്ങളിൽ അനിഷേധ്യ സാന്നിധ്യം ഉറപ്പിച്ച വൻകിട രാഷ്ട്രങ്ങളൊക്കെ ഇതികർതവ്യതാമൂഢരായി നിൽക്കുന്ന കാഴ്ച്ചയാണ് അനുദിനം നാം കണ്ടുകൊണ്ടിരിയ്ക്കുന്നത്. വികസനത്തിന്റെ ലോകമാതൃകകൾ സൃഷ്ടിച്ച് നമ്മെനോക്കി പരിഹസിച്ചിരുന്ന വികസിതരാജ്യങ്ങൾ എന്ന് അവകാശപ്പെട്ടിരുന്ന ഈ സാമ്പത്തിക ശക്തികൾക്ക് അവരുടെ വികസനകാഴ്ച്ചപ്പാടുകളിൽ മനുഷ്യത്വത്തിന്റെ അംശംപോലും ഉണ്ടായിരുന്നില്ലെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. അവർ സമ്മതിച്ചാലും ഇല്ലെങ്കിലും ഇത് ലോകത്തിന്റെ പുതിയ രാഷ്ട്രീയ ഭൂപടത്തിൽ കോവിഡ്-19ന് മുൻപും ശേഷവും എന്ന വ്യക്തമായ അടയാളപ്പെടുത്തലിന് നിദാനമാകും.


ഇവിടെയാണ് സമാനതകളിലാത്ത മാതൃകകളൊരുക്കി കേരളം കോവിഡിനെ പ്രതിരോധിക്കുന്നത്. ഒരു രാജ്യത്തിന്റെ വികാസപരിണാമങ്ങളുടെ രൂപരേഖ തയ്യാറാക്കുന്ന സർക്കാരുകൾ ജനങ്ങളോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നും വികസനത്തിലെ ഉയർന്നു നിൽക്കേണ്ട മാനുഷികതലം എന്താണെന്നും ലോകത്തിനു ബോധ്യപ്പെടുത്തി കൊടുക്കുന്നു. രോഗവ്യാപനം തടയുന്നതിനായി ഗവൺമെന്റ് ഏർപ്പെടുത്തിയ ക്വാറന്റയിൻ സംവിദാനങ്ങളും കൃത്യതയോടെ തയ്യാറാക്കി സമർപ്പിച്ച റൂട്ട്മാപ്പുകളും രോഗവ്യാപനത്തിന്റെ വ്യാപ്തിയെ തടയുന്നതിന് എത്രത്തോളം ഉപകാരപ്രദമായിയെന്നും രാജ്യംവും, ലോകവും വിലയിരുത്തുന്നത് അഭിമാനത്തോടെ ഓരോ മലയാളിയും കാണുന്നു..


ആദ്യഘട്ടത്തിൽ രോഗവ്യാപനത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനമായ കേരളം അതിശക്തവും കാര്യക്ഷമവുമായ നിലപാടുകളിലൂടെ അതിനെ നിയന്ത്രണാധീനമാക്കിയത് ലോകത്തു തന്നെ സമാനകളില്ലാത്തതാണ്. ഇതുവെറും ഭംഗിവാക്കല്ല, കോവിഡിന്റെ മരണനിരക്ക് ലോകത്ത് 5.75 ശതമാനവും ഇന്ത്യൻ ശരാശരിയിൽ 2.83 ശതമാനവും ആയിരിക്കുമ്പോൾ കേരളത്തിൽ 0.58 ശതമാനം എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്നും നമ്മുടെ സംസ്ഥാനം ലോകത്തിനു കാണിച്ചുകൊടുക്കുന്നു. പരാധീനതകൾക്ക് നടുവിലും സംസ്ഥാനത്തെ സമസ്ത ജനവിഭാഗങ്ങളുടേയും, പക്ഷിമൃഗാദികളുടെ പോലും ക്ഷേമത്തിനു വേണ്ടിയുള്ള കർമപദ്ധതികൾ ആവിഷ്കരിച്ച് മുൻപന്തിയിൽനിന്ന് നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃപാടവവും ലോകമാതൃക തന്നെയാണെന്ന് നമുക്ക് നിസംശയം പറയാം. ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ ഏകോകിപ്പിക്കുവാൻ മാതൃസഹചമായ വാത്സല്യഭാവത്തോടെ ഒരു മന്ത്രിയും അർപണമനോഭാവത്തോടെയുള്ള ആരോഗ്യപ്രവർത്തകരും പോലീസ് സേനയും, സന്നദ്ധ സേനകളുമൊക്കെ നമ്മുടെ അഭിമാനത്തെ ഉയർത്തിപ്പിടിക്കുന്നു.


കോവിഡ് വ്യാപനത്തിന്റെ ഈ കാലവും നമ്മൾ അതിജീവിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. എന്നാൽ കോവിഡാനന്തര ലോകം ചർച്ചചെയ്യാൻ പോകുന്നത് ഈ കൊച്ചു സംസ്ഥാനത്തിന്റെ വികസനകാഴ്ച്ചപ്പാടുകളേയും നേതൃപാടവത്തെയും പ്രതിബദ്ധതയുള്ള സിവിൽ സർവ്വീസിനെയുമൊക്കെക്കുറിച്ചായിരിക്കും എന്ന കാര്യത്തിലും നമുക്ക് അഭിമാനിക്കാം.

അനന്യ B S
Plus Two Humanities ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം