ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

എന്റെ മോഡൽ വിദ്യാലയം

കല ബി കെ മുൻ പ്രധാനാധ്യാപിക

997 ജൂൺ മാസം കണ്ടല സർക്കാർ സ്കൂളിൽ നിന്നും സ്ഥലം മാറി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മികവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വെങ്ങാനൂർ സർക്കാർ മാതൃകാ വിദ്യാലയത്തിൽ തെല്ലൊരു ആശങ്കയോടെ ജോലിയിൽ പ്രവേശിച്ചു. പറഞ്ഞു കേട്ടതുപോലെ ഒരു മാതൃകാ വിദ്യാലയം തന്നെ. വളരെ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടുകുടുംബം.

മൂന്ന് ഓലമേഞ്ഞ കെട്ടിടങ്ങളും മൂന്ന് ഓടിട്ട കെട്ടിടങ്ങളും ഒരു കോൺക്രീറ്റ് കെട്ടിടവുമാണ് അന്ന് ഉണ്ടായിരുന്നത്. മഴക്കാലത്ത് മുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം എത്തുന്നത് എൽപി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ. അന്ന് എൽ പി വിഭാഗം കുട്ടികൾക്ക് ബെഞ്ചോ ഡെസ്കോ കസേരകൾ ഒന്നും ഉണ്ടായിരുന്നില്ല. നനഞ്ഞ തറയിൽ പായ വിരിച്ച് കുട്ടികളെ ഇരുത്തി പഠിപ്പിച്ചിരുന്ന അധ്യാപകർ ഇന്നും അത്ഭുതം തന്നെ. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ തന്നെയാണ് അന്നും ഇന്നും ഈ മാതൃക വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. യുപി വിഭാഗം ക്ലാസുകൾ എല്ലാം ഓലമേഞ്ഞ കെട്ടിടങ്ങളിൽ ആയിരുന്നു അവർക്ക് ബെഞ്ചുണ്ട് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഓല കെട്ടിടങ്ങൾ ഓല മേയാൻ അധ്യാപകരും അനാധ്യാപകരും പിടിഎ അംഗങ്ങളും ഒപ്പം ഉണ്ടാകും.

എച്ച് എസ് ക്ലാസുകൾ ഓടിട്ട കെട്ടിടങ്ങളിലും കോൺക്രീറ്റ് കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചിരുന്നു. എസ്എസ്എൽസി വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഈ മാതൃകാ വിദ്യാലയം ഒന്നാം സ്ഥാനത്ത് ആയിരുന്നു. ആസ്ഥാനം നിലനിർത്താൻ എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്നു ഒരു മണിക്ക് ഇടവേള കഴിഞ്ഞ് 1.30ന് സ്റ്റഡി ബെൽ അടിക്കുമ്പോൾ പത്താം ക്ലാസിലെ ആൺകുട്ടികളും അധ്യാപകരും ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിൽ എത്തും. പെൺകുട്ടികളും അധ്യാപികമാരും അതത് ക്ലാസ് മുറികളിലും. രണ്ടുമണിവരെ മുൻകൂട്ടി നൽകിയ പാഠഭാഗങ്ങൾ പഠിച്ച എഴുതി നൽകും. കുട്ടികൾക്ക് ആവശ്യമായ പേപ്പർ സ്കൂളിൽ നിന്ന് തന്നെ നൽകും. അധ്യാപകരെല്ലാം കൈകളിൽ വടികളുമായി ഇവർക്കിടയിൽ ഉണ്ടാകും എല്ലാ ശനിയാഴ്ചകളിലും എല്ലാ പത്താം ക്ലാസുകാർക്കും സ്പെഷ്യൽ ക്ലാസ് ഉണ്ടായിരിക്കും ഓരോ അധ്യാപകരും രണ്ടോ മൂന്നോ ആഴ്ചകൾക്ക് മുമ്പ് തന്നെ അവരവരുടെ ക്ലാസുകൾ ബുക്ക് ചെയ്തിട്ടുണ്ടായിരിക്കും. അങ്ങനെ സെക്കൻഡ് ടേം ആകുമ്പോൾ തന്നെ എസ്എസ്എൽസി വിദ്യാർത്ഥികൾ ഫൈനൽ എക്സാമിന് സജ്ജരാക്കിയിരിക്കും. ഇന്നും നമ്മുടെ ഈ മാതൃകാ വിദ്യാലയം ആ പാത തന്നെ പിന്തുടരുന്നു. സായാഹ്ന ക്ലാസുകളും സ്പെഷ്യൽ ക്ലാസുകളും ഒക്കെയായി പുതുതലമുറ അധ്യാപകരും കുട്ടികൾക്കൊപ്പം തന്നെ. സായാഹ്ന ക്ലാസുകളിൽ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കാനും വിളമ്പാനും ചിരികളോടെ തന്നെ എല്ലാ അധ്യാപകരും അനധ്യാപകരും പിടിഎ അംഗങ്ങളും ഒരുമിക്കുന്ന കാഴ്ചയും മാതൃക തന്നെ.

ഓഫീസിനോട് ചേർന്ന് ഒരു ചെറിയ സ്റ്റാഫ് റൂമിൽ അധ്യാപികമാർ പരിഭവം ഏതും ഇല്ലാതെ തിങ്ങി നിറഞ്ഞിരിക്കും. ഉച്ചയൂണ് സമയത്ത് മാത്രമേ എല്ലാ പേരും ഒരുമിച്ച് കാണാറുള്ളൂ. തമാശകളും കുടുംബ വിശേഷങ്ങളുമായി 30 മിനിറ്റ് വളരെ വേഗം കടന്നു പോകും. അതിനിടയിൽ പുതിയ അധ്യാപികമാർക്ക് മുതിർന്നവരുടെ ഉപദേശങ്ങളും. അങ്ങനെ വളരെ പെട്ടെന്ന് ഞാനും ആ കുടുംബത്തിലെ ഒരംഗമായി. പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂൾ മുന്നിൽ തന്നെയായിരുന്നു. പഠന വിഷയങ്ങളിൽ എന്നപോലെതന്നെ കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളെയും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ശനിയാഴ്ചകളിൽ അവർക്കായി പ്രത്യേക ക്ലാസുകളും നൽകിയിരുന്നു. സ്കൂളിൽ അച്ചടക്കം നിലനിർത്തുന്നതിന് അധ്യാപകരോടൊപ്പം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും കാലങ്ങളിലെ പിടിഎ അംഗങ്ങളും സ്തുത്യർഹ സേവനം നൽകിയിരുന്നു. നാലുമണിക്ക് സ്കൂൾ വിട്ട് കഴിഞ്ഞാൽ കുട്ടികളെ ബസ് കയറ്റി വിടാനും ബസ് ബസ്റ്റോപ്പിൽ അധ്യാപകർ ഉണ്ടാകും. ക്രമേണ ഓലമേഞ്ഞ കെട്ടിടങ്ങൾ കോൺക്രീറ്റ് കെട്ടിടങ്ങളായി കുട്ടികളുടെ മാർക്ക് ഗ്രേഡ് ആയി നിരന്തരം മൂല്യനിർണയവും ബാല അവകാശവും മനുഷ്യവകാശവും എത്തിയതോടൊപ്പം അധ്യാപകരുടെ കൈയിലെ വടിയും കാണാതായി സ്കൂൾ എച്ച് എസ് എസ്സിൽ നിന്നും എച്ച്എസ്എസ് ആയി അതോടൊപ്പം പ്രീ പ്രൈമറിയും വന്നു മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം എത്തി. ഉച്ചക്കഞ്ഞി ഉച്ചയൂണ് ആയി പാലും മുട്ടയും കൂട്ടത്തിൽ എത്തി.

വളരെ രസകരമായ അനുഭവങ്ങളുമായാണ് ഹൈസ്കൂൾ ക്ലാസുകളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചത്. നമുക്ക് ആകട്ടെ മൂന്ന് കമ്പ്യൂട്ടറുകളും നിരക്ഷരരായ ഞങ്ങൾ കുറെ അധ്യാപകരും. ആകെ 10 ദിവസത്തെ പരിശീലനം ലഭിച്ച ഞങ്ങൾ കമ്പ്യൂട്ടർ ഓൺ ആക്കാൻ വരെ വിദ്യാർഥികളുടെ സഹായം വേണ്ടിവന്നു. വിദ്യാർത്ഥികൾ തന്നെ ഞങ്ങളുടെ കമ്പ്യൂട്ടർ അധ്യാപകരായി. കമ്പ്യൂട്ടർ ലാബിൽ എത്തിക്കഴിഞ്ഞാൽ അവരുടെ ഗമ ഒന്ന് വേറെ തന്നെ. ഇന്ന് ആവശ്യാനുസരണം കമ്പ്യൂട്ടറുകളും ഹൈടെക് മുറികളും കാലത്തിനനുസരിച്ച് ഡിജിറ്റൽ ആയ അധ്യാപകരും.

മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിനൊപ്പം നമ്മുടെ സ്കൂളും മാറിക്കൊണ്ടേയിരിക്കുന്നു. സ്കൂൾ ബസുകൾ, മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ,അതിപ്രഗൽഭരായ അധ്യാപകർ അങ്ങനെ എല്ലാമെല്ലാം, ഇതിനിടയിൽ വേദനിപ്പിക്കുന്ന ചില വിയോഗങ്ങളും.

എല്ലാ കാലത്തും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരും അനധ്യാപകരും അംഗങ്ങളും നല്ലവരായ നാട്ടുകാരും ഈ സ്കൂളിന്റെ അഭിവൃദ്ധിയിൽ അവിഭാജ്യ ഘടകങ്ങൾ തന്നെ. 2021 മെയ് മാസം ഞാനും ഈ സ്കൂളിന്റെ പടിയിറങ്ങുമ്പോൾ ഏതാണ്ട് 24 വർഷം ഈ മഹത്തായ സ്കൂളിന്റെ എളിയ സാന്നിധ്യമായിരിക്കാനുള്ള സൗഭാഗ്യം ലഭിച്ചതിൽ എനിക്ക് വളരെ വലിയ ചാരിതാർത്ഥ്യവും അഭിമാനവും ആണ് ഉള്ളത്. നമ്മുടെ ഈ മാതൃകാ വിദ്യാലയം എന്നും പ്രൗഢിയോടെ നിലനിൽക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തട്ടെ

കല ബി കെ