ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതി കൊറോണക്കാലങ്ങളെ പ്രണയിക്കുന്നോ?

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി കൊറോണക്കാലങ്ങളെ പ്രണയിക്കുന്നോ?

കുന്നുകൾ ഉണ്ടാവുന്നത് എങ്ങനെയാണ്? വലിയ പർവതങ്ങളാണെങ്കിൽ ഭൂഫലകങ്ങൾ കൂട്ടിമുട്ടി എന്നു പറയാം. ചെറുകുന്നുകൾ അങ്ങനെ ആണോ? കാറ്റോ മറ്റോ മണ്ണു പറത്തിക്കൂട്ടിയാണെന്നു വേണേൽ പറയാം. പണ്ടു പണ്ട് കരിയിലേം മണ്ണാങ്കട്ടേം പ്രേമിച്ചു നടന്ന കാലത്ത്, ഒരുപാടാണ്ടു കാത്തു കാത്ത് കാറ്റിനൊരു കുഞ്ഞിക്കുന്നുണ്ടായി. അന്ന് ആകാശം വെളുവെളുക്കനെയും കാറ്റ് പൂമണക്കേണം ആയിരുന്നു. കുന്നു നോക്കൂമ്പോൾ,അപ്പുറത്ത് ,അപ്പുറത്ത് ഓടിട്ട അഞ്ചു ആറു വീടുകൾക്കും പത്തു നൂറ് മാമരങ്ങൾക്കും അപ്പുറം ഒരു മരപ്പോസ്റ്റിനരികിൽ ഒരു പുഴപ്പെണ്ണു തിളങ്ങി ഒഴുകുകയാണ്. പുഴപ്പെണ്ണു നമ്മുടെ ചെറുക്കൻ കുന്നിനെ കണ്ടില്ലാട്ടോ....

അങ്ങനെ അങ്ങനെ ചെറുക്കൻ കുന്നു നമ്മുടെ പുഴപ്പെണ്ണിനെ പ്രേമിച്ചു. നോക്കി നോക്കി നിന്നു. കറമ്പിരാവു പെട്ടെന്ന് ആണല്ലോ വന്നേ, കറുത്ത പുകേം പൊടീം പതുങ്ങനെയാ വന്നെ, വണ്ടീടേ ശബ്ദം മാത്രം കേൾക്കാൻ തുടങ്ങിയപ്പോ ചെറുക്കൻ കുന്നു ,അപ്പൂപ്പൻ ആവാറായി, പുഴ അപ്പോഴേക്കും ഒരു നേർത്ത ശബ്ദവും. കണ്ണു പറ്റണില്ല. എല്ലാം മൂടി ഇരിക്കുവാ. കണ്ണടേം ഇല്ല. എല്ലോരും ഉറങ്ങുമ്പോ അപ്പൂപ്പൻ കുന്നു കാതോർക്കും, പുഴയൊഴുകണ കേൾക്കും. ഇടയ്ക്കിടെ വരണ വണ്ടികളുടെ ഇരപ്പുകൾക്കും അപ്പുറം പുഴയുടെ പാട്ട് കേട്ടിരിക്കും.

ഒരിക്കൽ പുലർന്നപ്പോൾ വണ്ടികൾ ഇല്ലാർന്നു, മനുഷ്യരും. ഏവിടുന്നോ വിളിച്ചു പറേണ കേട്ടു"കൊറോണ കാലമാണ്, ആരും പുറത്ത് പോവരുത്" ന്നു.പിന്നെ ആരേം കണ്ടീല. പുഴ കാണൂലാലോ പുക അല്ലേ,ഓളൊഴുകണ മാത്രം കേൾക്കാം.ഒടുവിലൊടുവിൽ കരിമ്പുക പോയിരുന്നു പൊടി തണുത്തിരുന്നു.മരങ്ങളില്ലാർന്നു, പത്തിരുന്നൂറു വീടുവരും കോൺക്രീറ്റ് തൂണുകളും.അപ്പൂപ്പൻ കുന്നൊളിഞ്ഞു നോക്കി, വീടുകൾക്കിടയിലൂടെ അതാ പുഴപ്പെണ്ണ്. അപ്പൂപ്പനു ചിരി വന്നു. അവളും വയസ്സായിരിക്കുന്നു. തിളങ്ങുന്നില്ല,കാണാൻ പഴയെപോലെ അല്ല, ഇച്ചിരി കറുത്തിരിക്കുന്നു. കുന്നു ചിരിച്ചു. ഒരു കാറ്റു വന്നു കുന്നിൽ തട്ടി ചെറുതായി ചെറുതായി പുഴപ്പെണ്ണിൽ ഓളമുണ്ടാക്കി. കൊറോണ കാലത്ത് വീണ്ടും അപ്പൂപ്പൻ കുന്നു പ്രണയിക്കുന്നു. "ഒരു കൊറോണാക്കാലത്തെ പ്രണയം" പ്രകൃതി കൊറോണ കാലങ്ങളെ പ്രണയിക്കുന്നു.

നവ്യ സുരേഷ് എസ്
+2 കൊമേഴ്സ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ