ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/എൻ്റെ കേരളം ലോകത്തിനു മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ കേരളം ലോകത്തിനു മാതൃക

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയപ്പോൾ അതിനു മുന്നിൽ പതറാതെ നിന്ന ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എൻ്റെ കേരളം. ചൈനയിൽ കൊറോണ വൈറസിനെ കണ്ടെത്തി രോഗം റിപ്പോർട്ട് ചെയ്തതു മുതൽ നമ്മുടെ കേരള സർക്കാർ പുലർത്തിയ ജാഗ്രതയാണ് കേരള ജനതയെ കോവിഡ് എന്ന മഹാമാരിയിൽ നിന്ന് രക്ഷിച്ചത്. വാർത്താ മാദ്ധ്യമങ്ങളിലൂടെ ശരിയായ ബോധവത്കരണം സർക്കാർ എല്ലാ ജനങ്ങൾക്കും നല്കി. കോവിഡിന്റെ ലക്ഷണങ്ങളെപ്പറ്റിയും , രോഗം വന്നാൽ ചെയ്യേണ്ട കാര്യങ്ങളെ പറ്റിയും , രോഗം വരാതെ ഇരിക്കാൻ ഓരോരുത്തരും ചെയ്യേണ്ട മുൻകരുതലുകളെ പറ്റിയുo ആരോഗ്യ വകുപ്പ് ശരിയായ ബോധവത്ക്കരണ മാണ് കേരള ജനതക്ക് നൽകുന്നത്.
കേരളത്തിലെ മെഡിക്കൽ കോളേജുകൾ എല്ലാം ഐസൊലേഷൻ വാർഡുകളാക്കി. വിദേശത്ത് നിന്ന് വരുന്നവരെ വിമാനത്താവളത്തിൽ തന്നെ പരിശോധിച്ചു. രോഗ ലക്ഷണം ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റി അല്ലാത്തവരെ വീട്ടിൽ 28 ദിവസം നിരീക്ഷണത്തിൽ ആക്കി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് രോഗലക്ഷണം പ്രകടമായാൽ ഉടനെ അവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നു. സർക്കാർ സൗജന്യ ചികിൽസയാണ് കൊറോണ രോഗികൾക്ക് നൽകുന്നത്. നമ്മുടെ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ മറ്റു ആരോഗ്യ പ്രവർത്തകർ, പോലീസുകാർ തുടങ്ങി എല്ലാവരും ആത്മാർത്ഥമായ പരിശ്രമമാണ് കോവിഡിനെ പ്രതിരോധിക്കുവാൻ നടത്തുന്നത്.
കേരള  സർക്കാർ "ബ്രേക്ക് ദി ചെയ്ൻ" ക്യാമ്പയിൻ കൊണ്ടു വന്നു. കൈകൾ നന്നായി  സോപ്പോ ഹാൻഡ് വാഷോ  ഉപയോഗിച്ച് കഴുകുക എന്ന പ്രചരണം വ്യാപകമായ രീതിയിൽ കൊണ്ടുവന്നു. സാനിട്ടൈസറിൻ്റെ പ്രയോജനം പ്രചരിപ്പിച്ചു. മാസ്കുകൾ ഉപയോഗിക്കുവാൻ നിർദ്ദേശം നൽകി.
ആരോഗ്യ വകുപ്പ് രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി അവരെ നിരീക്ഷണത്തിൽ കൊണ്ടു വരികയും കൂടുതൽ സാമൂഹ്യ വ്യാപനം തടയുകയും ചെയ്തു.  സാമൂഹ്യ വ്യാപനം ഒഴിവാക്കുവാൻ വേണ്ടി സ്കൂളുകൾ, മാളുകൾ, തീയറ്ററുകൾ എന്നിവ അടച്ചു. ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ  പരീക്ഷകളും ഉപേക്ഷിച്ചു. പൊതുഗതാഗതം നിറുത്തലാക്കി. മാർച്ച് 23 കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രോഗവ്യാപനം  തടയുവാനായി എല്ലാ ജനങ്ങളും വീടിനുള്ളിൽ തന്നെ കഴിയണമെന്ന് കർശന നിയന്ത്രണം നൽകി. കേന്ദ്ര സർക്കാർ മാർച്ച് 24ന് അർദ്ധ രാത്രി മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിക്കുകയല്ലാതെ ഈ മഹാമാരിയെ ചെറുക്കുവാൻ വേറെ പോം വഴിയില്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.
മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പത്രസമ്മേനങ്ങളിലൂടേയും നവമാധ്യമങ്ങളിലൂടേയും രോഗത്തിൻ്റെ തീവ്രത ജനങ്ങളിൽ എത്തിച്ചു. ഓരോ ദിവസവും രോഗം ബാധിച്ചവർ എത്ര, ആകെ ചികിത്സയിൽ ഉള്ളവർ, ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളവർ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ, ഐസൊലേഷൻ വാർഡിലുള്ളവർ, രോഗം ഭേദമായവർ എന്നിവരുടെ കൃത്യമായ വിവരം ജനങ്ങളിൽ എത്തിക്കുന്നു.  വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി കാത്തിരിക്കുക മലയാളികളുടെ ഒരു ദിനചരിയായി മാറി .
ലോക്ക് ഡൗൺ സമയത്ത് കേരള സംസ്ഥാനത്തിലെ ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന് മുൻ ക്കൂട്ടി കരുതി സൗജന്യ റേഷനും , സൗജന്യ കിറ്റും എല്ലാവർക്കും പ്രഖ്യാപിച്ചു. സാമ്പത്തിക ഭദ്രത ഉണ്ടാക്കാൻ ലോണുകൾ തിരിച്ചടക്കുന്നത് ഒഴിവാക്കി , വാർദ്ധക്യ പെൻഷനുകൾ നേരത്തെ നല്കി. സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കും , കിടപ്പു രോഗികൾക്കും , വയസ്സായവർക്കും മൂന്നു നേരവും ഭക്ഷണം വീട്ടിൽ എത്തിച്ചു നല്കാൻ എല്ലാ ജില്ലയിലും കമ്മ്യൂണിറ്റി കിച്ചൺ തുറന്നു. പക്ഷിമൃഗാദികളുടെ കാര്യത്തിലും ഈ സമയത്ത് പ്രത്യേക ശ്രദ്ധ ചെലുത്തി. തെരുവു നായ്ക്കൾക്കും , കുരങ്ങൻ മാർക്കും ഭക്ഷണം നല്കാൻ പ്രത്യേകം നിർദ്ദേശം നല്കി.
കേരള സർക്കാർ കേരള ജനതയെ മാത്രമല്ല കോവിഡ് ബാധിച്ച് വന്ന വിദേശ പൗരൻമാരെയും ഇവിടെ ചികിത്സിച്ചു ഭേദമാക്കി കൊടുത്തു. ഇന്ന് പല വിദേശ രാജ്യങ്ങളും രോഗം തടയാൻ സ്വീകരിച്ചിരിക്കുന്നത്  കേരളം കൈ കൊണ്ട മുൻകരുതലു കളാണ്. ദൈവത്തിന്റെ സ്വന്തം നാടായ എന്റെ കേരളത്തെ  കോവിഡ് 19 ന്റെ പ്രതിരോധത്തിലൂടെ ഇന്ന് ലോകരാഷ്ട്രങ്ങൾ മാതൃകയായി സ്വീകരിച്ചിരിക്കുകയാണ്.

                                          

നേഹ ഡി. അനീഷ്
5 F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം