ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും...

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കാലവും കടന്നു പോകും...

എല്ലാ ദിവസത്തെയും പോലെ അമ്മു തത്ത അതിരാവിലെ ഉണർന്നു. അപ്പു തത്ത കുഞ്ഞുങ്ങളെ കളിപ്പിക്കുകയായിരുന്നു. അമ്മു അപ്പുവിനോടൊപ്പം തീറ്റ തേടി പുറപ്പെട്ടു. പുറത്തെ കാഴ്ചകൾ കണ്ട് അമ്മു അത്ഭുതപ്പെട്ടു. എല്ലായിടത്തും നിശബ്ദത. "എവിടെപ്പോയി മനുഷ്യരെല്ലാം" അമ്മു ആലോചിച്ചു. "ഒഴിഞ്ഞു കിടക്കുന്ന തെരുവുവീഥികൾ. മുഖം മറച്ച കുറച്ച് ആളുകൾ മാത്രം. വാഹനങ്ങളും മനുഷ്യരും ഒക്കെ എവിടെ പോയി. മാത്രമല്ല ഫാക്ടറികളിൽ നിന്നുള്ള വിഷപ്പുകയും കാണാനില്ല ". അപ്പു പറഞ്ഞു. "ശരിയാണല്ലോ, മനുഷ്യരെയും കൊണ്ട് ചീറിപ്പാഞ്ഞു പോകുന്ന ആ പക്ഷിയെയും കാണുന്നില്ല". അമ്മു പറഞ്ഞു. "അമ്മു അത് പക്ഷിയല്ല, വിമാനമാണ്." അങ്ങനെ ചിന്താമഗ്നരായി നിന്നപ്പോഴാണ് കാവതി കാക്ക അതുവഴി വന്നത്. "കാവതി ഇവിടുത്തെ മനുഷ്യരൊക്കെ എവിടെ പോയി. ആരെയും കാണുന്നില്ലല്ലോ? " അമ്മു ആരാഞ്ഞു. ഹ ഹ ഹ ചിരിച്ചു കൊണ്ട് കാവതി പറഞ്ഞു, " നിങ്ങൾ ഒന്നും അറിഞ്ഞില്ലേ, ഭൂമി മുഴുവൻ തന്റെ കാൽകീഴിലാണെന്നു അഹങ്കരിച്ചിരുന്ന മനുഷ്യന് പ്രകൃതിയിൽ നിന്നു തന്നെ നല്ല തിരിച്ചടി കിട്ടി. കൊറോണ എന്നോ മറ്റോ പേരുള്ള ഒരു വൈറസ് ഉണ്ടത്രേ. അതുണ്ടാക്കിയ രോഗം കാരണം ലക്ഷകണക്കിന് മനുഷ്യർ മരണപ്പെട്ടുപോലും. ആ വൈറസിനെ പേടിച്ചാണ് ഈ മനുഷ്യരെല്ലാം വീട്ടിലടച്ചിരിക്കുന്നതു". അതെയോ അപ്പോൾ ഈ മനുഷ്യർക്കാർക്കും ഇനി ഒരിക്കലും പുറത്തിറങ്ങാൻ കഴിയില്ലേ". അപ്പു അത്ഭുതത്തോടെ ചോദിച്ചു. മറുപടിയായി കാവതി പറഞ്ഞു, "സോപ്പ് കൊണ്ട് കൈകഴുകിയാൽ ചത്തുപോകുന്ന വൈറസ് ആണത്രേ കൊറോണ. ഈ വൈറസിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് മനുഷ്യർ. Break the chain എന്ന പേരിൽ ഒരു പരിപാടി ആരംഭിച്ചിട്ടുണ്ട്. എപ്പോഴും കൈ കഴുകുന്നത് വഴി കൊറോണ വൈറസിന്റെ വ്യാപനം തടയുകെയാണ് ലക്ഷ്യം". "അതു കൊള്ളാം". അമ്മുവും അപ്പുവും ചേർന്ന് പറഞ്ഞു. "കുഞ്ഞുങ്ങൾക്ക് വിശക്കുന്നുണ്ടാവും, ഞങ്ങൾ പോട്ടെ". കാവതിയോട് യാത്ര പറഞ്ഞ് അവർ പറന്നു പോയി.

പറന്ന് പറന്ന് അവർ ഒരു വയലിലെത്തി. വിളഞ്ഞു കിടക്കുന്ന നെൽപ്പാടം. വയൽ നിറയെ കിളികൾ. കിളികളെ ആട്ടിപായിക്കാൻ ആരും തന്നെയില്ല. കിളികളെല്ലാം വയറു നിറയെ കഴിച്ചശേഷം കുഞ്ഞുങ്ങൾക്കുള്ള തീറ്റയുമായി വീടുകളിലേക്ക് മടങ്ങി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ തന്നെ പ്രകൃതിയിൽ നല്ല മാറ്റങ്ങൾ വന്നു തുടങ്ങി. ദിവസങ്ങൾ കഴിയുംതോറും അവളുടെ മനോഹാരിത കൂടി കൂടി വന്നു. പൊടിപടലങ്ങൾ ഇല്ലാത്ത വായു. ചവറുകൾ വിതറി ഇടുന്നില്ല, അതുകൊണ്ട് തന്നെ ദുർഗന്ധവും ഇല്ല. അമ്മുവും അപ്പുവും ഈ മാറ്റങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മനുഷ്യരിൽ വന്ന മാറ്റങ്ങളെ കുറിച്ച് അപ്പു തന്റെ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. അതു കൊണ്ട് തന്നെ എല്ലാ ദിവസവും അമ്മയും അച്ഛനും മടങ്ങി വരുമ്പോൾ, കുഞ്ഞുങ്ങൾ വിശേഷങ്ങൾക്കായി കാത്തിരിക്കും. ഒരു ദിവസം അമ്മുവും അപ്പുവും മടങ്ങി എത്തിയപ്പോൾ കുഞ്ഞുങ്ങൾ ചോദിച്ചു. "മനുഷ്യരൊക്കെ പുറത്തിറങ്ങിയോ അമ്മേ? കോറോണയെ അവർ നാട് കടത്തിയോ? ". മന്ദഹാസത്തോടെ അമ്മു പറഞ്ഞു, "ഇതുവരെ നാട് കടത്തിയിട്ടില്ല, പക്ഷെ ഉടനെ തന്നെ അത് സംഭവിക്കും, കാരണം മനുഷ്യർ വ്യക്തിശുചിത്വത്തിനെ കുറിച്ചും പരിസരശുചിത്വത്തിനെ കുറിച്ചുമൊക്കെ ബോധവാന്മാരായിട്ടുണ്ട്. മാത്രമല്ല, പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങിയിട്ടുണ്ട് മനുഷ്യർ. ഇപ്പോൾ ചെയ്യുന്നത് പോലെ സോപ്പ് കൊണ്ട് കൈ കഴുകുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യുകയാണെങ്കിൽ ഉറപ്പായും അവർ ഈ വൈറസിനെ നാട് കടത്തും". "ഒത്തൊരുമയോടെ നിൽക്കുകയാണെങ്കിൽ മനുഷ്യർ ഈ രോഗവും അതിജീവിക്കും.അങ്ങനെ ഈ കാലവും കടന്നു പോകും................ "

ദേവി വി പി
8M ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ