ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ 'കൊറോണ '(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
'കൊറോണ '(കഥപ്രസംഗം)


പ്രിയ കൂട്ടുക്കാരെ, ഞാൻ നിങ്ങളുമായി ഒരു കഥ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. എന്റെ കഥയുടെ പേരാണ് 'കൊറോണ '.

"അങ്ങ് ദൂരെയുള്ള രാജ്യം ചൈനയാണല്ലോ.
ചൈനയിലെ വുഹാൻ എന്ന മറ്റൊരു ദേശം.
വുഹാനിലെ ചന്തയിലാണെന്റെ ജനനം.
എന്റെ പേരെന്താണെന്നോ ??
കോറോണയെന്നാ "


പ്രിയ കൂട്ടുകാരെ, നിങ്ങളെ ഞാൻ അങ്ങ് ദൂരെയുള്ളൊരു രാജ്യത്തിലെക്ക് ക്ഷണിക്കുന്നു. എവിടെയെന്നല്ലേ ?... അതാണ് ചൈന. നമുക്ക് വേണ്ട കളിപ്പാട്ടങ്ങളും മറ്റു തട്ടുംമുട്ടും സാധനങ്ങളും...ഉദാഹരണത്തിന് തലയിൽ തൊപ്പിയുള്ള പേന. വാലുള്ള പെൻസിൽ. കൊമ്പുള്ള റബ്ബർ. എന്നുവേണ്ട,മിക്ക സാധനങ്ങളിൽ നാം കാണാറില്ലേ ?Made In China എന്ന്. ഈ സ്ഥലമാണ് ചൈന.

പക്ഷെ നിങ്ങൾ കാണുന്നില്ലേ?...അതാ അവിടെ...ചൈനയിലെ വുഹാൻ എന്ന ദേശത്തെ ഒരു ചന്ത. നിങ്ങളെ ഞാൻ അവിടേക്കാണ് ക്ഷണിക്കുന്നത്.

"ഇറച്ചി വേണോ ?....നല്ല പട്ടിയിറച്ചി.


മാംസം വേണോ....... നല്ല പന്നി മാംസം......
പാമ്പും.. പല്ലിയും പൂച്ചയും തേളും..... എല്ലാമുണ്ടേ ഇവിടെല്ലാമുണ്ടേ


നോക്കൂ.. ആ ചന്തയിൽ എന്തൊക്കെയാണ് കാണുന്നത്. പട്ടിയെ കെട്ടിയിരിക്കുന്നു... പാമ്പിനേയും എലിയേയുമൊക്കെ കൂട്ടിലടച്ചിരിക്കുന്നു. പക്ഷെ കാണുമ്പോൾ പേടി തോന്നും. വേണ്ട പേടിക്കേണ്ട. ഇവയെല്ലാം ഇവരുടെ ഇഷ്‌ടവിഭവങ്ങളാണ്.

ഇതാ ഈ ചന്തയിൽ നിന്നുമാണ് എന്റെ കഥ ആരംഭിക്കുന്നത്. ഒരിക്കൽ ഈ ചന്തയിലുള്ള ചിലർ രോഗബാധിതരായി ചികിത്സക്ക് ആശുപത്രിയിൽ എത്തി. ശരീരം ആകെ വേദന. പനി,ജലദോഷം, ചുമ എല്ലാമുണ്ട്. ഡോക്ടർ പരിശോധിച്ചു മരുന്നും നൽകി. എന്നാൽ അവരുടെ രക്തവും മൂത്രവും പരിശോധിക്കാൻ മറന്നില്ല കേട്ടോ.

"എന്താണ് രോഗം ?
അറിയില്ല പേര്.
എന്തു വിളിക്കണം എന്നറിയില്ല. "


ടെസ്റ്റുകൾ തകൃതിയായി നടന്നു. ഒടുവിൽ റിസൾട്ട്‌ വന്നു. കണ്ടെത്തിയതെന്താണെന്നല്ലേ ?

"അച്ചിങ്ങ മൂക്കും വച്ച്
പത്തായ വയറും വച്ച്
കോവിഡ് വന്നെന്നു "


പ്രിയ കൂട്ടുകാരെ, നിങ്ങൾ കണ്ടിട്ടില്ലേ?..കാറുകളിലും മറ്റു വാഹനങ്ങളിലും മുള്ള്പോലുള്ള ഒരു സാധനം കിടന്നാടുന്നത് ?അതുപോലൊരൊരു സാധനമാണെന്നേയു ള്ളു

"തൊട്ടവർ തൊട്ടവർ എന്നിലായ്.
എന്നുടെ പേരോ കൊറോണയായ്.
കെട്ടവർക്കൊക്കെയും
ഞെട്ടലായ്.
എല്ലാർക്കുമൊപ്പം ഞാൻ ചുറ്റലായ് "


അങ്ങനെ മനുഷ്യ സ്രവങ്ങളിലൂടെ ലോകപര്യടനം തുടങ്ങി. എന്നെ സമീപിക്കുവാനായ് കൈ തന്നവരെയും കെട്ടിപ്പിടിച്ചവരെയും ഞാൻ നിരാശനാക്കിയില്ല. ഇവർ എല്ലാം എന്റെ ലോകപര്യയനം സുഗമമാക്കി. നാടായ നാടും വീടായ വീടും കയറിയിറങ്ങി. എല്ലാ കാഴ്ചകളും ഞാൻ ആസ്വദിച്ചു. മനുഷ്യർ എന്നെ വാരിപ്പുണർന്നു.എന്നെ സ്വീകരിക്കാത്ത ഒരു രാജ്യവും ഇല്ലായിരുന്നു. എന്നെ കൂടെക്കൂട്ടിയവരെയെല്ലാം ഞാൻ എന്റെ കൈപ്പിടിയിൽ ഒതുക്കി. പലരുടെയും ജീവൻപോലും ഞാൻ ബലമായി പിടിച്ചുവാങ്ങി.

അങ്ങനെ ഞാൻ വുഹാനിൽ നിന്നും നേരിട്ട് ഇന്ത്യയിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എത്തി. പക്ഷെ എന്റമ്മേ... അതാ നിൽക്കുന്നു ഒരു ടീച്ചർ വടിയും പിടിച്ച്. ആദ്യവരവിൽത്തന്നെ എന്റെ ചേച്ചി നിപ്പയെ തുരത്തിയതുപോലെ ഇരട്ടി പ്രഹരത്തോടുകൂടെ ടീച്ചറും സംഘവും എന്നെ അടിച്ചൊതുക്കി. എന്തായാലും ടീച്ചറിന്റെ രണ്ടാം വരവ് ഉന്നം പിഴച്ചില്ല. കണ്ണ് വെട്ടിച്ചു ഞാൻ കേരളത്തിൽ കയറിക്കൂടി. അങ്ങനെ കേരളവും കണ്ടു. പക്ഷെ നന്നായി കണ്ടു എന്ന് പറയാൻ വയ്യ. ഒരു ഓട്ടപ്രദിക്ഷണം നടത്തി. കാരണം എന്താണെന്നല്ലേ ?ടീച്ചറും സംഘവും ഇരിക്കാനോ നന്നായി ചുറ്റിക്കാണാനോ അനുവദിച്ചില്ല.

"മുക്കിനു മുക്കിനു പോലീസ്.
ജനത്തെ നിലക്ക് നിറുത്താനായി
ഡോക്ടർമാരും നഴ്സുംമാരും
ജീവൻ മരണ പോരാട്ടം. "


എല്ലാവരും വീട്ടിലിരിക്കുക. ആരും പുറത്തിറങ്ങരുത്. സ്കൂളുകളും കോളേജുകളും അടച്ചു പൂട്ടി. ഷോപ്പിംഗ് മാളുകൾ, തീയേറ്ററുകൾ, പാർക്കുകൾ, ബീച്ചുകൾ, ബിവറേജുകൾ എന്ന് വേണ്ട എല്ലാം അടച്ചുപൂട്ടി. മന്ത്രിമാരും, ഡോക്ടർമാരും, നഴ്സുംമാരും,ആരോഗ്യപ്രവർത്തകരും,സാമൂഹ്യപ്രവർത്തകരും,നിയമപാലകരും തിരക്ക്പിടിച്ച പരിശ്രമങ്ങൾ നടത്തി. എല്ലാവരും കൂടെക്കൂടെ കൈകൾ സോപ്പ്കൊണ്ട് കഴുകുക. മാസ്ക് ധരിക്കുക. ആരും പുറത്തിറങ്ങരുത്. എല്ലാവരും ഒറ്റക്കെട്ടായി സഹകരിച്ചു. ലോകമൊക്കെയും മനുഷ്യജീവനുകൾ പത്തു നൂറു ആയിരം എന്ന കണക്കിന് മരിച്ചു വീഴുന്നു. ആയിരക്കണക്കിന് ജീവനുകൾ തിരിച്ചുപിടിക്കുന്നു.

നമുക്കും ആരോഗ്യപ്രവർത്തകർക്കൊപ്പം പ്രയത്‌നിക്കാം. കൊറോണയെന്ന മഹാമാരിയെ തോല്പിക്കാം. എല്ലാവരും സന്തോഷമായി വീടുകളിൽ കഴിയുക.എല്ലാവരിൽ നിന്നും അകലം പാലിക്കുക.

"പേടിവേണ്ട കൂട്ടുകാരെ.
ശ്രദ്ധയൊന്നു മാത്രമായ്.
രക്ഷയുണ്ട് നമ്മിലായ് സുരക്ഷിതരായ്‌ നീങ്ങിടാം. "


അക്ഷീണം നമുക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യസാമൂഹ്യ പ്രവർത്തകർക്കും നിയമപാലകർക്കും നന്മ വരട്ടെ എന്ന പ്രാർഥനയോടുകൂടെ നല്ലൊരു നാളെയെ പ്രതീക്ഷിച്ചുകൊണ്ട് എല്ലാ രാജ്യങ്ങൾക്കും നന്മ വരട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തട്ടെ.



നന്ദി..നമസ്കാരം.



അലീന ബി സജു
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ