ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/പ്രശസ്തി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രശസ്തി

കൊറോണ കാരണം നേരത്തേ സ്കൂൾ അടച്ചു. ഇനി പരീക്ഷകളൊന്നും ഉണ്ടാവില്ലയെന്ന് ചന്ദ്രൻ മാഷ് പറയും മുൻപേ സ്കൂൾ ഒരു പൂരപ്പറമ്പായി മാറി.ആർപ്പുവിളിയും ബെഞ്ചിൽ താളം പിടിക്കലും ബൂക്കിന്ന് പേജ് കീറി വിമാനം പറത്തലും ....മാഷ് എല്ലായിടത്തു കൂടി ഒന്ന് കണ്ണോടിച്ചു നോക്കി.പക്ഷെ ഈ കോലാഹലങ്ങൾക്കിടയിലും മാഷിന്റെ കണ്ണുടക്കിയത് ലാസ്റ്റ് ബെഞ്ചിലാണ്. അതെ, കണ്ണൻ അവൻ മാത്രം ബെഞ്ചിൽ മുഖമമർത്തി - ക്കിടക്കുന്നു. മാഷവന്റെ അടുത്തേക്കു ചെന്നു. അവന്റെ എണ്ണമയമില്ലാത്ത മുടികളിലൂടെ വിരലോടിച്ചു ചോദിച്ചു ,"എന്താ കണ്ണാ ഒരു സങ്കടം?"...ഒന്നൂല്ല്യ കൂടുതലൊന്നും അവൻ പറഞ്ഞില്ല. അപ്പോഴേക്കും ബെല്ലടിച്ചത് അവന് ആശ്വാസം പോലെ തോന്നി .ആരോടും ഒന്നും പറയാതെ അവൻ വീട്ടിലേക്ക് ഓടി.ഓടുമ്പോൾ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചിതറിയിരുന്നു. ഒന്നര വർഷമായി തളർ - വാതം പിടിച്ചു കിടക്കുന്ന അച്ഛൻ.കൂലി പണിക്കിടെ അപകടം പറ്റി കാലിനു വയ്യാതിരിക്കുന്ന അമ്മ. സ്കൂളിലെ ഉച്ചഭക്ഷണമാണ് അവന്റെ ഏക ആശ്രയം. കണ്ണന്റെ പ്രശ്നങ്ങളറിയാവുന്ന കഞ്ഞി ചേച്ചി തരുന്ന ബാക്കി ചോറു കൊണ്ടാണ് ആ മൂന്ന് ആത്മാക്കൾ വിശപ്പടക്കിയിരുന്നത്. വരും ദിവസങ്ങളിലെ വിശപ്പ് അവന്റെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറി. നാടിനെ വിഴുങ്ങിയ മഹാവ്യാധി ആ കുടുംബത്തെ മുഴുപ്പട്ടിണിയിലാഴ്ത്തി. അവന്റെ വിശപ്പിനേക്കാൾ അവനെ വേദനിപ്പിച്ചത് വയ്യാതെ കിടക്കുന്ന മാതാപിതാക്കളുടെ വിശപ്പായിരുന്നു.ഉമ്മറ പ്പടിയിൽ വയറൊട്ടിയിരിക്കുന്ന അവന്റെ കയ്കളിലേക്ക് മൂന്ന് പൊതിച്ചോറുകൾ വീണു, അവന്റെ കണ്ണുകൾ പ്രതീക്ഷയോടെ തിളങ്ങി.തലയുയർത്തിയതും അവന്റെ മുഖത്തേക്ക് വീണ ക്യാമറ ഫ്ലാഷുകളുടെ വെളിച്ചത്തിൽ അവൻ പതറി...ആ പ്രശസ്തിയിൽ ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ആ കുഞ്ഞു മനസ്സ് ആഗ്രഹിച്ചു.

ആര്യ സി എസ്
ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ