ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/പൂട്ടിയിട്ട ഹൈമാസ്റ്റ് രാത്രി

Schoolwiki സംരംഭത്തിൽ നിന്ന്
പൂട്ടിയിട്ട ഹൈമാസ്റ്റ് രാത്രി


നായകൾ ഓരിയിടുന്ന ലോക്ക് ഡൗൺ നഗരത്തിന്റെ രാക്കോലം.പേടിപ്പെടുത്തുന്ന വിജനത.ഇന്ന് വരെ കാണാത്ത തിളക്കമാണ് ഹൈമാസ്റ്റ് ലൈറ്റിന്.അങ്ങാടിയിലെ എന്റെ പുരയുടെ മച്ചിൽ നിന്നും നോക്കിയാൽ വിളക്കുമര വെട്ടത്തിൽ കാണാത്ത കവലക്കാഴ്ചകളില്ല.അപൂർവ്വം ചില വെളുത്ത മുഖംമൂടികൾ വേഗത്തിൽ പായുന്നുണ്ട്.അയൽപക്കത്തെ അപ്പുവിന്റെ അച്ഛൻ ബാലേട്ടൻ വന്നിട്ടുണ്ട്.അകലം പാലിച്ചാണെങ്കിലും എന്നും കോലായിയുടെ മുന്നിൽ വന്ന് നിൽക്കും.കിഴക്കേതലയിലെ നാലുംകൂടിയോടം നല്ലരസമാണ്.ഇപ്പോഴാണെങ്കിൽ എന്നെ ആരും കൊണ്ടുപോകാറുമില്ല.ഞാൻ ദിനവും തുള്ളിച്ചാടി നടന്നിരുന്ന നഗരം.കിഴക്കേതല കാണാനുള്ള എന്റെ കൊതി ഞാൻ ബാലേട്ടനോട് പറഞ്ഞു.'നാളെ സന്ധ്യക്ക് വന്നിട്ട് കൊണ്ടുപോകാട്ടോ' അതും പറഞ്ഞ് ബാലേട്ടൻ സ്ഥലം വിട്ടു.അടുത്ത ദിവസത്തിനായി കൊതിച്ചു.വീട്ടുകാരൊക്കെയും സിനിമയിൽ മുഴുകിയിരിക്കും.ഈ പകലും കഴിയാറായി.കളിയും കഴിഞ്ഞു.മാനത്ത് മിന്നുന്ന താരങ്ങൾ തലപൊക്കിയതോടെ ബാലേട്ടൻ വന്നു.വീട്ടുകാരെല്ലാം ടി.വിക്കു മുന്നിലാണ്.കോലായിയിൽ കളിക്കുകയാണെന്ന് പറഞ്ഞ് ഞാൻ പതുക്കെ പുറത്തിറങ്ങി.ആദ്യമായി വിജനമായ വലിയ റോഡിലൂടെ രണ്ട് ചെറിയ മനുഷ്യർ ഉലാത്താൻ തുടങ്ങി.നടപ്പാതയുടെ നീളവും വീതിയും കൂടിയ പോലെ.അഴുക്കുചാലുകൾ വറ്റിവരണ്ടിട്ടുണ്ട്.ആർക്കും ശല്യമില്ലാതെ വവ്വാലുകൾ റോഡരികിലെ പൂവാകമരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്നുണ്ട്.ഏതോ കെട്ടിടത്തിന്റെ മുകളിൽ ഏതോ ഭാഷയിൽ ചില പിറുപിറുക്കൽ.പാലപ്പൂവിന്റെ മണം.അകലെ സഹ്യന്റെ മുകളിൽ തീകൊണ്ടുള്ള നീണ്ട വര.എന്റെ കയ്യിൽ ബാലേട്ടൻ മുറുകെ പിടിച്ചിട്ടുണ്ട്.ആരോ പിന്തുടരുന്നുണ്ടെന്ന് ബാലേട്ടന് സംശയമായി.ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുണ്ട്. ഇതെന്റെ നഗരമാണ്.ഇതിന്റെ നിറവും ഇരുട്ടും വെളിച്ചവും മണവും സ്വാദും ദുഖവും സന്തോഷവും എല്ലാം നുണഞ്ഞവനാണ് ഞാൻ.'ആരെന്തൊക്കെ പറഞ്ഞാലും ഈ നഗരം കാണാതെ വീട്ടിലിരിക്കാൻ എന്നെ കിട്ടില്ല.’ ബാലേട്ടൻ പറഞ്ഞു. രണ്ട് ടവറുകൾക്കിടെ വാവട്ടത്തിൽ തിളങ്ങുന്ന കിരീടം അപ്പോൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.രാവിലെ മുതലുള്ള അങ്ങാടി കാഴ്ചകൾ അയാൾ എനിക്ക് പറഞ്ഞു തന്നുകൊണ്ടേയിരുന്നു. വണ്ടിയൊച്ച കേൾക്കാതെ ഉണരുന്ന പ്രഭാതം.കോലാഹലങ്ങളെ ഗ്രാമത്തിലൊതുക്കിയ നഗരം നിശബ്ദമാണ് നിശ്ചലമാണ്.പാട്ടുകേട്ടും വ‍ർത്തമാനം കൂടിയും നടന്നും ഇരുന്നും കൂട്ടംകൂടിയും ആരുമില്ല. വ്യായാമക്കാരില്ല.കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുന്നുറങ്ങാനുമാളില്ല.ചായക്കടയിലെ സിലിണ്ടർ പോലെയുള്ള സമാവറിൽ നിന്നുയരുന്ന ആവി തണുത്തുറഞ്ഞിരുന്നു.ഉമ്മറത്തും നടപ്പാതയിലും ചൂലിന്റെ പാതിവട്ടത്തിലുള്ള ഉരസൽപാടുകളില്ല.കുട്ടിപ്പർദ്ദയും തൊപ്പിയും പൂജാരിമാരും മൊല്ലാക്കമാരും പാൽക്കാരും മീൻകാരും ബംഗാളികളും ഓട്ടക്കാരും ഓട്ടോക്കാരും ആരും ഇല്ല.ഇടക്ക് വീട്ടിൽ പോയി പാത്തുംപതുങ്ങിയും വീണ്ടുമെത്തുമെന്ന് ബാലേട്ടൻ പറഞ്ഞ് നിർത്തി.രാക്കാഴ്ചകൾ എത്ര സുന്ദരമാണ്.കടകളൊന്നുമില്ല.ഒച്ചപ്പാടില്ല.മാലിന്യമില്ല.ചപ്പുചവറുകൾ കത്തിക്കുന്നില്ല.ഖൂർക്കാസില്ല, ആരുമില്ല.ഞാനും ബാലേട്ടനും മാത്രം.ഒരു എ.ടി.എം.കേന്ദ്രവും മരുന്നു കടയും മാത്രമാണ് ഇത്രയും നടന്നിട്ടും കണ്ടത്.സമയം കുറെയായി.വീട്ടുകാരുടെ വിചാരം ഞാനിപ്പോഴും കോലായിയിലുണ്ടെന്നാവും.ബാലേട്ടന്റെ നടത്തത്തിന് വേഗം കൂടാൻ തുടങ്ങി.ഉമ്മറത്തെത്താം നേരത്ത് പൊടുന്നനെ ഒരു ജീപ്പ് വന്ന് നിർത്തി.കുറെ പേർ അതിൽ നിന്നും ചാടി ഇറങ്ങി.പിന്നാലെ ഒരു വലിയ വാനും എത്തി.ബാലേട്ടനോട് അതിൽ കയറാൻ പറഞ്ഞു.ഒച്ചപ്പാട് കേട്ട് എന്റെ അച്ഛനും അമ്മയും പുറത്തിറങ്ങി.ആരാ മോളേ അത്? ബാലേട്ടനാണല്ലോ അത്,അച്ഛൻ പറഞ്ഞു.വാനിനടുത്ത് പോയി എന്തൊക്കെയോ പറഞ്ഞ് അച്ഛൻ തിരിച്ചു വന്നു.എന്നെയും കൂട്ടി കിന്നരിച്ച് അന്നത്തെ രാവും കഴിയാറായി.ബാലേട്ടന്റെ കൂടെയുള്ള ഒരുപാട് കാണാക്കാഴ്ചകൾ കണ്ട് സുഖ സുന്ദരമായി ഉറങ്ങി.പിറ്റേന്ന് കവലയിൽ പതിവില്ലാത്ത ആൾക്കൂട്ടം.ബാലേട്ടനെ കുറിച്ചാണ് ചർച്ച.ഒന്നും മനസ്സിലാകുന്നില്ല.ഒരു ജീപ്പ് വീണ്ടും എത്തി.ആശുപത്രിക്കാരാണത്.അച്ഛൻ അകത്തേക്ക് ഓടി വരുന്നുണ്ട്."നോക്കൂ നമ്മുടെ ബാലേട്ടന് കോവിഡാണത്രെ." നമ്മൾ അയോളോട് അകലം പാലിച്ചത് ഭാഗ്യമായി,അമ്മ പറഞ്ഞു.ഞാൻ ആകെ തരിച്ചു പോയി.പേടിച്ച് വിറച്ചു.എത്രയോതവണ എന്നോട് പറഞ്ഞതാണ് പുറത്ത് ആരോടൊപ്പവും കൂടരുതെന്ന്.തലേന്ന് രാത്രിയിലെ സുന്ദരചിത്രങ്ങൾ ഞൊടിയിടയിൽ ദുരന്തമായി.പേടിസ്വപ്നമായി.പാവം എന്റെ അച്ഛനും അമ്മയും...ഞാൻ കാരണം.....


നെസിൽ കീടത്ത്
6A ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ