ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം


ഉദയപുരം എന്ന സ്ഥലത്തെ അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരാണ് രാജുവും ഗോകുലും. ഇവർ രണ്ടുപേരും തികച്ചും വ്യത്യസ്തമായ ജീവിതശൈലിയിലൂടെ ആണ് ജീവിക്കുന്നത്. രാജു തന്റെ വീട്ടുകാരുമായിട്ടും അയൽക്കാരുമായിട്ടും നല്ല ബന്ധങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഗോകുൽ തന്റെ വീട്ടിൽ ഉള്ളവരോട് പോലും നല്ല സൗഹൃദത്തിൽ അല്ലായിരുന്നു. ഗോകുൽ അധികസമയവും ഫോണും ഇന്റർനെറ്റും ഉപയോഗിച്ച് കറങ്ങി നടക്കുകയാണ് ചെയ്തിരുന്നത്. ഗോകുലിന് വീട്ടിലെ ഭക്ഷണത്തെക്കാൾ ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും ആണ് പ്രിയം. എന്നാൽ രാജു തന്റെ വീട്ടിലെ തനി നാടൻ ഭക്ഷണത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഗോകുൽ രാജുവിനോട് തന്റെ വീട്ടിലേക്ക് ചാഞ്ഞുനിൽക്കുന്ന രാജുവിന്റെ മുറ്റത്തെ മരം എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണം എന്ന് പറഞ്ഞു. എന്നാൽ രാജു അത് വിസമ്മതിച്ചു. പ്രകൃതിസ്നേഹിയായ രാജുവിന് ഉൾക്കൊള്ളാൻ സാധിക്കാത്ത ഒന്നായിരുന്നു പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. അങ്ങനെയിരിക്കെയാണ് കേരളത്തിൽ ആ ദുരന്തം വന്നത്. ഓഖി ചുഴലിക്കാറ്റ് സമയത്തു രാജുവിന്റെ വീട്ടു മുറ്റത്ത് നിന്നിരുന്ന മരത്തിന്റെ ഒരു കൊമ്പ് ഗോകുലിന്റെ മുറ്റത്ത് ഒടിഞ്ഞുവീണു. സാമൂഹ്യപ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന രാജുവിന് സമയത്ത് മരം മാറ്റി കൊടുക്കാൻ കഴിഞ്ഞില്ല. ഇത് ഗോകുലിന് രാജുവിനോടുള്ള ശത്രുതയ്ക്ക് കാരണമായി. ഗോകുൽ ദിവസേന ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി വഴക്കിടാൻ തുടങ്ങി. ഗോകുൽ രാജുവിനെ ഒരു ആജന്മ ശത്രു വിനെ പോലെയാണ് കണ്ടിരുന്നത്. അടുത്തവർഷം ഏകദേശം ഈ സമയം ആയപ്പോൾ അടുത്ത ദുരന്തം നമ്മളെ തേടിയെത്തി. പ്രളയകാലത്തെ അതിശക്തമായ മഴയത്ത് നാടാകെ വെള്ളത്തിൽ മുങ്ങി. രാജു തന്റെ വീട്ടിലുണ്ടായിരുന്ന മരക്കഷണങ്ങളും വാഴ തടയും വെട്ടി ചങ്ങാടമുണ്ടാക്കി. തന്റെ വീട്ടുകാരുമായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറുമ്പോൾ ഗോകുൽ തന്റെ വീട്ടിൽ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുന്നതാണ് രാജു കണ്ടത്. തന്നെ ശത്രുവിനെ പോലെ കാണുന്ന ഗോകുലിനെ കൂടി തന്റെ ചങ്ങാടത്തിൽ കയറ്റി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോയി. താൻ ശത്രുവിനെ പോലെ കരുതിയ രാജുവിന്റെ സ്നേഹത്തിനു മുന്നിൽ ഗോകുൽ കീഴടങ്ങി. രാജുവിനോട് നന്ദി പറയുകയും സൗഹൃദം സൃഷ്ടിക്കുകയും ചെയ്തു. ഇന്ന് ലോകത്തെ പൂട്ടിയിട്ടിരിക്കുന്ന കൊറോണയെ ഈ രണ്ടു സുഹൃത്തുക്കളും ഒരുമിച്ച് അതിജീവിക്കുകയാണ്. ഇന്ന് സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇവരുടെപങ്ക് വലുതാണ്. പണമോ പദവിയോ ഒന്നുമല്ല നല്ല സൗഹൃദവും സ്നേഹബന്ധങ്ങളും ആണ് വലുത് എന്ന വലിയ പാഠമാണ് ഇതിൽനിന്ന് നമുക്ക് ലഭിക്കുന്നത്.


രുദ്ര
9 A1 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ