ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ലോകം കീഴടക്കിയ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം കീഴടക്കിയ വൈറസ്

സാർസിനും എബോളക്കും ശേഷം ലോകത്തെ ഭീതിയുടെ മുൾമുനയിലെത്തിച്ച വൈറസാണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ ഹ്യൂബ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉദ്ഭവം. 2019 ഡിസംബർ അവസാനത്തോടെ വ്യക്തമായ കാരണങ്ങളില്ലാതെ നൂറുകണക്കിനാളുകൾക്ക് ന്യുമോണിയ ബാധിക്കുകയും നിലവിലുള്ള വാക്സിനുകളൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഈ മഹാമാരിയെക്കുറിച്ച് ലോകം അറിഞ്ഞു തുടങ്ങിയത്. കൂടുതൽ ആളുകളിലേക്ക് പടർന്നു പിടിച്ചതോടെ കടുത്ത പരിഭ്രാന്തിയുടെ ദിനങ്ങളിലൂടെയാണ് ചൈനയും മറ്റ് ലോക രാജ്യങ്ങളും കടന്നു പോകുന്നത്.

ഇന്ത്യയിലാദ്യമായി തൃശൂരിൽ രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ മലയാളികൾക്ക് പുതിയ വെല്ലുവിളിയായി കോവിഡ് 19 മാറി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. കൊറോണ ബാധിച്ചുള്ള മരണം പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ലോക്ക് ഡൗൺ എന്ന ഘട്ടത്തിലെത്തി. രോഗബാധിതരുമായോ വൈറസ് ബാധ കണ്ടെത്തിയ പ്രദേശങ്ങളുമായോ നേരിട്ട് ബന്ധപ്പെട്ട ആളുകളെ 28 ദിവസം വീടിനുള്ളിൽ തന്നെ കഴിഞ്ഞ് സ്വയം നിരീക്ഷണം നടത്താൻ പ്രേരിപ്പിക്കുന്ന ക്വാറന്റൈൻ രീതിയാണ് വൈറസ് നിയന്ത്രിക്കാൻ ഇപ്പോൾ അവലംബിക്കുന്നത്.

കൊറോണ വൈറസിന് നിലവിൽ ഫലപ്രദമായ പ്രതിരോധ വാക്സിനോ ചികിത്സക്കുള്ള മരുന്നോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പ്രതിരോധമാണ് ഏറ്റവും വലിയ ആയുധം. വ്യക്തിശുചിത്വം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയവയിലൂടെ വൈറസ് പകരുന്നത് തടയാൻ സാധിക്കും. കൊറോണ വൈറസിനുള്ള മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങളിലെ പരീക്ഷണശാലകളിൽ പുരോഗമിക്കുകയാണ്. ചുമ, പനി, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഈ രോഗാവസ്ഥകൾ മൂർച്ഛിക്കാതിരിക്കാനുള്ള മരുന്ന് നൽകുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.

പൂർണമായും കോവിഡ് മുക്തമായ ഒരു ലോകത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം ഒട്ടും പോരാട്ട വീര്യം കുറയാതെ നല്ലൊരു നാളേയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ നന്ദിയോടെ ഓർക്കാം.

അനുജ. ബി
2 A ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം