ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ മൊബൈൽ വൈറസ്
മൊബൈൽ വൈറസ്
ലോക്ക് ഡൗൺ ദിവസങ്ങളിലൊന്നിൽ മറ്റൊന്നും ചെയ്യുവാനില്ലാത്തതിനാൽ കിടക്കയിൽ കിടന്നു കൊണ്ട് ഞാൻ ചിന്തകളിൽ മുഴുകി. എല്ലാം താറുമാറായത് ഈ ഒരൊറ്റ സാധനത്തിന്റെ വരവോടെയായിരുന്നു. എങ്ങനെ ജീവിച്ചവരായിരുന്നു ! കൂട്ടുകാർ, ബന്ധുക്കൾ, കുടുംബം എല്ലാം ഇന്ന് അന്യരായിരിക്കുന്നു. ആർക്കും ആരേയും മനസ്സിലാക്കുവാനോ ശ്രദ്ധിക്കുവാനോ പരിചരിക്കുവാനോ സമയമില്ല.
എല്ലാവരും അവരവരുടേതായ ലോകത്തിലാണ്. ആ മായാലോകത്ത് അവർ നേരിട്ട് കണ്ടിട്ടില്ലാത്ത സുഹൃത്തുക്കൾ അരങ്ങ് വാഴുന്നു. അവർക്കൊപ്പമെത്താൻ നമ്മളും പരമാവധി ശ്രമിക്കുന്നു. സ്വന്തം വീട്ടുകാരോട് സംസാരിച്ചിട്ട് നാളുകളേറെയായിരിക്കുന്നു. അച്ഛൻ, അമ്മ, സഹോദരി, സഹോദരൻ ഇവരൊക്കെ ഏതോ ഗ്രഹങ്ങളിൽ നിന്നും വന്ന ജീവികളെപ്പോലെ തോന്നുന്നു.കൂട്ടം ചേർന്ന് കളിച്ച കാലം ഓർമ്മയിൽ മാത്രമായി.ഒത്തൊരുമിച്ച് തമാശ പറഞ്ഞ് പരസ്പരം കളിയാക്കി സമയം ചെലവഴിച്ചത്, വൈകുന്നേരങ്ങളിൽ എല്ലാവരുമൊത്ത് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞത്, അച്ഛനും അമ്മയും പെങ്ങളുമൊത്തുള്ള സംസാരങ്ങൾ എല്ലാം അവസാനിച്ചത് ഈ ഒരു സാധനത്തിന്റെ വരവോടെയാണ്.
റേഡിയോ, ടോർച്ച്, അലാറം, ക്യാമറ തുടങ്ങി ഒരുപാട് സാധനങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് പറിച്ചെറിഞ്ഞ ഈ മൊബൈൽ ഫോൺ ഇന്ന് ഒരു വൈറസ് പോലെ നമ്മുടെ സമൂഹത്തെ കാർന്ന് തിന്നുന്നു. ഈ വൈറസ് ബാധയിൽ നിന്നും നമുക്ക് മോചനമില്ലേ ? എന്റെ ചിന്തകൾക്ക് വിരാമമിട്ട് കൊണ്ട് മേശപ്പുറത്ത് വച്ചിരുന്ന ഫോണിൽ നിന്നും മെസേജ് വന്നതായുള്ള ശബ്ദം ഒഴുകിവന്നു. " താങ്കൾക്ക് ഒരു മെസേജുണ്ട്". ആരായിരിക്കും മെസേജ് അയച്ചത്, എന്തായിരിക്കും മെസേജ് ? വൈറസ് ബാധിച്ചവനേ പോലെ ഞാൻ എന്റെ സ്മാർട്ട് ഫോൺ എടുക്കാനായി എഴുന്നേറ്റു.
|