ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/ഹോമോസാപ്പിയൻസ്
ഹോമോസാപ്പിയൻസ്
നേരം പുലരുന്നതേയുള്ളൂ.... പതിവില്ലാതെ ഞാൻ വെയിൽ മുഖത്തു തട്ടുന്നതിനു മുൻപ് എഴുന്നേറ്റു. പിന്നെ മെല്ലെ പുറത്തേയ്ക്ക്. ഈ ലോക്ക്ഡൗൺ കാലത്ത് രാവിലത്തെ പ്രകൃതി സൗന്ദര്യം ഒന്നു കണ്ടുകളയാമെന്നു കരുതി ഞാൻ, മുറ്റത്തെ മാവിൻ ചുവട്ടിൽ എത്തി. പെട്ടെന്ന് എന്റെ കാലിന്റെ അടുത്തുകൂടി എന്തോ ഒന്ന് ശരവേഗത്തിൽ കടന്നുപോയി, അല്പമകലെ നിശ്ചലമായി. നോക്കിയപ്പോൾ, ഒരു തുമ്പിയെ യാതൊരു ദയയും ഇല്ലാതെ അകത്താക്കുകയാണ് എന്റെ വീട്ടിലെ 'അഭയാർഥിയായ' വരയൻ പൂച്ച. അതി രാവിലെ ഇത്രയും സാഹസപ്പെട്ട്, ശരീരമനങ്ങി തുമ്പിയെ പിടിക്കുന്ന ഈ പൂച്ചകുഞ്ഞിന്റെ ഭൂതകാലം എന്റെ മനസ്സിലൂടെ കടന്നുപോയി. ഭക്ഷണത്തിനു യാതൊരു കുറവും ഇല്ലാതിരുന്ന ഒരു ഭൂതകാലമായിരുന്നു അവന്റെത്... അമ്മ വൈകുന്നേരം വാങ്ങി വരുന്ന പലതരം മീനുകളിലായിരുന്നു ഇവന്റെ അല്ലലിലാതിരുന്ന ജീവിതത്തിന്റ അടിസ്ഥാനം. ആരോ പിടിച്ച്. ആരോ വിൽക്കാൻ കൊണ്ടുവന്ന്, അമ്മ വാങ്ങി വീട്ടിൽ എത്തിക്കുന്ന മീനിന്റെ അരികു ഭാഗങ്ങൾ, പ്രത്യേകിച്ച് ഒരു പരിശ്രമവും കൂടാതെ കഴിച്ച്. നീണ്ടുനിവർന്നു ഉറങ്ങുക എന്നതായിരുന്നു പ്രധാന ജോലി. എന്നാൽ, കോവിഡ് കാലം എല്ലാത്തിനും ലോക്കിട്ടു! മീനില്ല എന്ന പ്രതിസന്ധി വന്നു. സമൃദ്ധമായ ഭൂതകാലം ഇരുണ്ടു.. ദയാലുവായ എന്റെ അമ്മ, പാല്, ചോറ്, നെയ്യ് -(ആഡംബരം )ഇവ കൊടുത്ത് ഈ മാർജാരനെ തൃപ്തിപ്പെടുത്താൻ നോക്കി. എന്നാൽ അവന്റെ അഹങ്കാരത്തിനു യാതൊരു കുറവും സംഭവിച്ചില്ല. ചോറിനോടും ബിസ്‌ക്കറ്റിനോടും പരമ പുച്ഛം. പാലും നെയ്യും വേണമെങ്കിൽ തിന്നാം എന്ന മട്ട് . എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ ഈ മട്ട് മാറി. അവൻ എന്റെ വീട്ടിൽ അഭയം തേടുന്നത് നിർത്തി, പുറത്തെ കുറ്റി കാട്ടിലുള്ള ചില ചെറിയ ജീവികളുടെ മേൽ ചാടി വീഴാൻ തുടങ്ങി. ഒപ്പം ഇടയ്ക്കിടെ അവൻ അസ്വസ്ഥനായി, മരങ്ങളിലും മറ്റും മാന്താനും എന്നെ നോക്കി മുരളാനും തുടങ്ങി. അവന്റെ ഉള്ളിൽ തുരുമ്പിച്ചു കിടന്ന വേട്ടയാടി തിന്നാനുള്ള കഴിവ് പതിയെ പുറത്തുവന്നു. മനുഷ്യ സഹവാസത്താൽ തുരുമ്പെടുത്ത ആ കഴിവ് അവൻ പോടി തട്ടിയെടുത്ത് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് എന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി 'ഇതുപോലെ അഞ്ചാറു വൈറസ് കാലം കടന്നു പോകുമ്പോൾ (തീർച്ചയായും പ്രതീക്ഷിക്കാം )മനുഷ്യന്റെ അവസ്ഥ എന്താകും??, ആധുനിക മനുഷ്യർ എന്ന നമ്മൾ വെറും 'ഹോമോസാപ്പിയൻസ്' എന്ന ജീവിയായി മാറുമോ??അന്ന് നമ്മുടെ നിലനിൽപ് എങ്ങനെയായിരിക്കും? കല്ലും തടിയും ഉപയോഗിച്ച് വേട്ടയാടുന്ന, കാട്ടിൽ നിന്നും പഴങ്ങളും കിഴങ്ങുകളും ശേഖരിക്കുന്ന, തീ കത്തിച്ചും മരങ്ങളിൽ ഓടി കയറിയും തന്നെക്കാൾ കഴിവുള്ള മറ്റു ജന്തുക്കളിൽ നിന്നും രക്ഷനേടുന്ന എന്റെ പാവം പൂർവ്വികരുടെ ചിത്രം മനസ്സിൽ തെളിഞ്ഞു. ഞാൻ വരയൻ പൂച്ചയുടെ മുഖത്തേയ്ക്കു നോക്കി. പണ്ട് ഞാൻ നോക്കിയാൽ കണ്ണടച്ചു കാണിച്ചിരുന്ന അവന്റെ മുഖത്ത് ഇപ്പോൾ വെറും പരിഹാസം മാത്രം. അത് ഞാനിങ്ങനെ വായിച്ചു, "ഡേയ് ഹോമോസാപ്പിയൻസ്, കണ്ടോ?? നീയില്ലെങ്കിലും ഞാൻ വാഴും.പക്ഷെ നിന്റെ കാര്യം..........., കാത്തിരുന്നു കാണാം. ഈ ലോക്ക്ഡൗൺ കാലം പ്രകൃതിയോട് ഇണങ്ങാനും കുറച്ചെങ്കിലും പ്രകൃതിയിലേക്ക് മടങ്ങാനും ഉള്ള ഒരു ഓർമ്മപെടുതലാവട്ടെ.....
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ