ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആമച്ചൽ സദാനന്ദൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഓർമയായത് പകരക്കാരനില്ലാത്ത ബഹുമുഖപ്രതിഭ

ആമച്ചൽ സദാനന്ദന്റെ മരണത്തോടെ കേരളത്തിന് നഷ്ടമായത് പകരക്കാരനില്ലാത്ത ബഹുമുഖപ്രതിഭയെ. വിപ്ലവഗായകൻ, സംഗീതസംവിധായകൻ, നാടകനടൻ, ഭാഷാപണ്ഡിതൻ തുടങ്ങി വിവിധ മേഖലകളിലാണ് ഇദ്ദേഹത്തിന്റെ പ്രതിഭ വ്യാപരിച്ചത്. വിപ്ലവഗാനങ്ങൾ, പടപ്പാട്ടുകൾ, ലളിതഗാനങ്ങൾ, കവിത, നാടൻപാട്ട് എന്നിവയ്ക്ക് സംഗീതം നൽകുന്നതിലും അത് പാടി ജനഹൃദയങ്ങളിൽ എത്തിക്കുന്നതിലും ആമച്ചൽ സദാനന്ദന് പ്രത്യേക കഴിവുണ്ടായിരുന്നു. വയലാർ, ഒ എൻ വി, ചങ്ങമ്പുഴ എന്നിവരുടെ കവിതകൾക്കും നാടൻപാട്ടുകൾക്കും സംഗീതം ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. കെ കരുണാകരൻ, എ കെ ആന്റണി, വയലാർ രവി എന്നിവരുടെ ജനവിരുദ്ധതയെ പരിഹസിച്ച് സദാനന്ദൻ പാടിയ രാഷ്ട്രീയഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണർത്തുപാട്ടുസംഘം എന്ന പേരിൽ വിപ്ലവഗായകസംഘം ഉണ്ടാക്കിയതിലും പ്രധാനിയായിരുന്നു. പ്ലാവൂർ എൽപിഎസ്, കുളത്തുമ്മൽ യുപിഎസ്, ഒറ്റശേഖരമംഗലം ഹൈസ്കൂൾ, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം എംജി കോളേജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1966ൽ ഒറ്റശേഖരമംഗലം ഹൈസ്കൂളിൽ അധ്യാപകരായിരുന്ന പിരപ്പൻകോട് മുരളി, ഒറ്റശേഖരമംഗലം ഹരിഹരൻനായർ, ആമച്ചൽ രവി എന്നിവരുടെ കലാകൂട്ടായ്മയിലേക്ക് എത്തിയതോടെയാണ് ആമച്ചൽ സദാനന്ദന്റെ കലാസപര്യക്ക് തുടക്കമായത്. ഈ കൂട്ടായ്മയിൽ രൂപംകൊണ്ട ചങ്ങമ്പുഴ തിയറ്റേഴ്സിലും ഇദ്ദേഹം പ്രധാനിയായിരുന്നു. സഹപാഠികൂടിയായ പൂവച്ചൽ ഖാദർ രചിച്ച പത്തിലധികം ഗാനങ്ങൾക്ക് ആമച്ചൽ സദാനന്ദൻ ഈണം നൽകി പാടി.കവി മുരുകൻ കാട്ടാക്കട ഉൾപ്പെടെ സമൂഹത്തിലെ നിരവധി പ്രഗത്ഭവ്യക്തികൾ ആമച്ചൽ സദാനന്ദന്റെ ശിഷ്യന്മാരായിരുന്നു. മംഗലയ്ക്കൽ ശശി രചിച്ച് ആമച്ചൽ സദാനന്ദൻ ഈണം പകർന്ന് പാടിയ "നിണമണിഞ്ഞ കൊടി ഉയർന്നു വേദിയിൽ' എന്ന വിപ്ലവഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുന്നൂറിലധികം ഗാനങ്ങൾ ഈണംപകർന്ന് പാടിയ ആമച്ചൽ സദാനന്ദൻ നിരവധി കാസറ്റുകളിലും ആൽബങ്ങളിലും പാട്ടുകൾ സംഗീതം നൽകി പാടി. നലുമാസംമുമ്പ് നവോത്ഥാനായകരെക്കുറിച്ച് ഊരൂട്ടമ്പലം ബാലകൃഷ്ണൻ രചിച്ച വീരചരിത്രഗാഥകൾ സംഗീത ആൽബത്തിനാണ് ഇദ്ദേഹം അവസാനമായി സംഗീതം പകർന്നത്. പാരലൽ കോളേജ് അധ്യാപകനും ഭാഷാപണ്ഡിതനുമായിരുന്നു. 2012ൽ കേരളത്തിലെ മലയാളഭാഷയ്ക്ക് മികച്ച സംഭാവന നൽകിയ പത്ത് ഭാഷാപണ്ഡിതന്മാരെ "ആചാര്യശ്രേഷ്ഠ' പുരസ്കാരം നൽകി ആദരിച്ചതിൽ ഒരാൾ ആമച്ചൽ സദാനന്ദനായിരുന്നു. മാർത്താണ്ഡവർമ എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് രക്ഷപ്പെടാനായി ഒളിച്ചുകഴിയുമ്പോൾ പരസ്പരം ആശയവിനിമയം നടത്തിയ രഹസ്യഭാഷ ഇപ്പോൾ എഴുതാനും വായിക്കാനും അറിയാവുന്ന വിരലിലെണ്ണാവുന്ന ആളുകളിൽ ഒരാൾ ആമച്ചൽ സദാനന്ദനായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ മുമ്പുണ്ടായിരുന്നതും പിന്നീട് അന്യംനിന്നുപോയതുമായ "ഐവർ കളി'യിൽ പ്രാഗത്ഭ്യം പ്രകടിപ്പിച്ച ആളുമാണ് ആമച്ചൽ സദാനന്ദൻ.