Schoolwiki സംരംഭത്തിൽ നിന്ന്
മറവി
തിരകളൊടുങ്ങാ സാഗരം തീരത്തെ തുടരെ ചുംബിച്ചുകൊണ്ടേയിരുന്നു. ചക്രവാളത്തിൽ കുങ്കുമത്തരികൾ വിതറി ആദിത്യൻ ആഴപ്പരപ്പിലേക്കിറങ്ങി കപ്പലണ്ടി വില്പനക്കാരുടെയും ഐസ്ക്രീം വില്പനക്കാരുടെയും ഒച്ചകൾ നേർത്തു നേർത്ത് വരുന്നുണ്ടായിരുന്നു. അയാൾ ചുറ്റിനും കണ്ണോടിച്ചു. അവധിക്കാലം ആഘോഷമാക്കാൻ എത്തിച്ചേർന്ന കുടുംബങ്ങളൊക്കെ മണൽപ്പരപ്പ് വിട്ടിരുന്നു . അങ്ങുമിങ്ങും നിൽക്കുന്ന അനന്തതയിലേക്ക് കണ്ണും നട്ടിരിക്കുന്ന നീണ്ട താടിയുള്ള (മാർക്സിനോട് സാമ്യമുള്ള) ഒരു മധ്യവയസ്കനും അവിടവിടെ കിടക്കുന്ന നായ്ക്കളെയും ഒഴിച്ച് കടൽത്തീരം ഒഴിഞ്ഞു തന്നെ കിടന്നു.
അയാൾക്ക് മനുഷ്യരോട് പുച്ഛം തോന്നി . ഒരു നിമിഷം കൊണ്ട് അവസാനിച്ചേക്കാവുന്നതാണ് ജീവിതം എന്ന തിരിച്ചറിവിൽ നീറി നിന്ന മനുഷ്യൻ പിന്നെയും അത് മറന്ന് പാവക്കൂത്താടുന്നത് ഓർത്തു അയാൾ പൊട്ടിച്ചിരിച്ചു. ലില്ലി മരിച്ചിട്ട് 2 വർഷം തികയുന്നു. തന്റെ മാത്രം ഓർമകളിൽ ജീവിയ്ക്കുന്ന ഒരു മാലാഖയാണ് അവളിന്ന് .
രണ്ടു വർഷം മുമ്പ് പ്രാണനും കൈയിൽ പിടിച്ചോടിയ ലോകത്തെ അയാൾ ഓർത്തു.
അന്ന് ആ ലോകത്തിനു വേണ്ടി സ്വന്തം ജീവന് യാതൊരു വിലയും കൽപ്പിക്കാതെ വലിച്ചെറിഞ്ഞ
രൂപമില്ല പിശാചിനെ ചെറുത്തു ജയിച്ച വെള്ളരിപ്രാവുകളുടെ കൂട്ടത്തിൽ അയാളുടെ ലില്ലിയുമുണ്ടായിരുന്നു.
വെള്ള വസ്ത്രം ധരിച്ചു പ്രകാശം പരത്തി നടന്ന അവൾ വെള്ള പുതച്ചു ഉമ്മറത്തിണ്ണയിൽ നിലവിളക്കിന്റെ മുന്നിൽ പോലും
കിടക്കാൻ ഭാഗ്യം ലഭിക്കാതെ ശവപ്പറമ്പിൽ കത്തിയമർന്ന കാഴ്ച അയാളിൽ അപ്പോഴും ഒരു നടുക്കമുണ്ടാക്കി.
നഷ്‌ടമായ ജീവനുകളെക്കുറിച്ചോ, നഷ്ടമായതെന്തിനെയെങ്കിലും കുറിച്ചോ യാതൊരു
ബോധവുമില്ലാതെ ദൈവം മനുഷ്യന് തന്ന "മറവി" എന്ന വരദാനത്തിനെ യഥേഷ്ടം ഉപയോഗിക്കുകയാണ്
അവൻ. നൂൽ പൊട്ടിപ്പോയ പട്ടമായ് അവൻ പാറി നടക്കുന്നു. ഒരു മുള്ളിൽ കുടുങ്ങി കീറിപ്പറിയാൻ നിമിഷങ്ങൾ
മതി എന്ന സത്യം മറന്ന് , പലതും മറന്ന്, ഓർമകൾക്ക് ആയുസ്സ് കല്പിച്ചവൻ ആടിത്തിമിർക്കുന്നു. അയാൾ പല്ലു ഞെരിച്ചു.
കാലിൽ ഒരു കുളിർമ അനുഭവിച്ചയാൾ താഴേക്ക് നോക്കി . ഒരു പട്ടിക്കുഞ്ഞു അയാളെ നോക്കിനിൽക്കുന്നു. അതിനെ കൈയിലെടുത്ത്
അയാൾ തടവി. ആ മണൽപ്പരപ്പിൽ അയാൾ നീണ്ടുനിവർന്ന് കിടന്നു , നെഞ്ചിൽ ആ ഓമനത്തമുള്ള
കറുത്ത പട്ടിക്കുഞ്ഞിനെയും ചേർത്ത് , അയാൾ പതുക്കെ മറവിയുടെ ലോകത്തേക്ക് നിദ്ര പ്രാപിച്ചു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|