ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/കോവിഡ് -19:ഒരിതളിൽ നിന്നുള്ള കാട്ടുതീ

കോവിഡ് -19:ഒരിതളിൽ നിന്നുള്ള കാട്ടുതീ

ഡിസംബർ 31, 2019, ഒരു നവവത്സര രാത്രി. ഹോട്ടൽ കദീജയിൽ നവവത്സര പാർട്ടി.അപ്പോൾ അമറിന്റെ ഫോണിൽ ഒരു ന്യൂസ് മെസ്സേജ്. അവൻ അത് തന്റെ കൂട്ടുകാർ കേൾക്കെ ഉറക്കെ വായിച്ചു "ചൈനയിലെ വുഹാനിൽ ആദ്യ നോവൽ കൊറോണ കേസ് സ്ഥിരീകരിച്ചു. സാർസിന് സമമായ രോഗ ലക്ഷണങ്ങൾ. ലോകം ആശങ്കയിൽ". ആദിത് അമറിന്റെ ഫോൺ പിടിച്ചുവാങ്ങി "വല്ല വയറസ്സും ചൈനയിൽ വന്നൊണ്ട് നീ എന്താ കിടന്ന് അലറുന്നെ? ദാ.......ഒരു വെറൈറ്റി ഓറഞ്ച് ജ്യൂസ്....... ഹാപ്പി ന്യൂ ഇയർ....."വീണ്ടും അവർ ആഘോഷത്തിലേക്ക് മടങ്ങി.

അങ്ങനെ 2020 എന്ന പുതു വർഷം പ്രതീക്ഷകളോടെയും ആകാംഷകളോടെയും വരവായി. പക്ഷെ ഇതെല്ലം തകർത്തുകളഞ്ഞു കൊറോണ ലോകമെമ്പാടും പടർന്നു പന്തലിച്ചു. ഡബ്ല്യൂ. എച്. ഓ. ഇതിനെ മഹാവ്യാധിയായി പ്രഖ്യാപിച്ചു. അതിനു കോവിഡ് -19 എന്ന നാമവും നൽകി.

ചെറിയ രാജ്യങ്ങൾ മുതൽ വലിയ രാജ്യങ്ങൾ വരെ കോവിഡ്-19 ഒന്നൊന്നായി വിഴുങ്ങികൊണ്ടിരുന്നു.

രാവിലെ 8 മണി. ആദിത് നല്ല ഉറക്കത്തിലാണ്. അപ്പോഴാണ് തന്റെ സുഹൃത്തായ ജെസ്വിന്റെ കോൾ. ആദിത് ഫോൺ അറ്റൻഡ് ചെയ്തു. ജെസ്വിൻ വളരെ പരിഭ്രാന്തിയോടെ സംസാരിക്കുന്നത് ആദിത് ശ്രദ്ധിച്ചു. "കോവിഡ് - 19, ഇന്ത്യയിലെ ആദ്യത്തെ കേസ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ" ജെസ്വിൻ പറഞ്ഞു തുടങ്ങി. "തൃശൂർ ജില്ലയിൽ ചൈനയിൽ നിന്ന് വന്ന ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക്". ആദിത് അത് അത്ര കാര്യം ആക്കിയില്ല. അവൻ പറഞ്ഞു "അതങ്ങ് തൃശ്ശൂരല്ലേ നമ്മളെന്തിനാ പേടിക്കുന്നെ? അടുത്തയാഴ്ച പ്രാക്ടിക്കൽ എക്സാം അല്ലെ? നീ ഇപ്പൊ ഈ കൊറോണയുടെ പുറകെ നടക്കാതെ അതിനെ കുറിച്ചു ചിന്തിക്ക്." ആദിത് പറഞ്ഞു നിർത്തി. ഫോൺ കട്ട് ചെയ്ത് വീണ്ടും നിദ്രയിലേക്ക്.

ദിവസങ്ങൾ കഴിഞ്ഞു. കോവിഡ് - 19 കേരളത്തെ വിട്ടുപോയി. രോഗികളായിരുന്ന മൂന്നു പേരും ആശുപത്രി വിട്ടു. വാർഷിക പരീക്ഷാത്തിരക്കിലാണ് എൻ.എസ്. എസ്. തളവകം സ്കൂളിലെ വിദ്യാർത്ഥികൾ. ആദ്യ പരീക്ഷയുടെ അന്ന് രാവിലെ നീരജ്, ജോയൽ, അലി എന്നീ മൂന്നു സുഹൃത്തുക്കൾ സ്കൂൾ ഗ്രൗണ്ടിൽ ഇരുന്നു പഠിക്കുന്നത് അമറിന്റെയും ആദിത്തിന്റെയും ശ്രദ്ധയിൽ പെട്ടു. അവരോടുകൂടെ പഠിക്കാനായി അമറും ആദിത്തും അവിടെ ചെന്നപ്പോളാണ് അറിഞ്ഞത്; അവർ ഇന്ന് പരീക്ഷ എഴുതുന്നത് ഗണിതം അല്ല കോവിഡ് - 19 ആണെന്ന്; അവരുടെ വിഷയം കോവിഡ് - 19 ആയിരുന്നു. ആദിത് താകീത് ചെയ്തു; "വൈറസ് വരും പോകും, പരീക്ഷയ്ക്ക് മാറ്റമില്ല. വല്ലതും എടുത്ത് വച്ച് പഠിക്കാൻ നോക്ക്" അവർ പഠിത്തത്തിലേക്ക് മടങ്ങി.

രണ്ടാഴ്ചക്കു ശേഷം മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനം "വാർഷിക പരീക്ഷകൾ എല്ലാം മാറ്റി വച്ചിരിക്കുന്നു എല്ലാവരും വീട്ടിൽ ഇരിക്കുക. സ്റ്റേ ഹോം, സ്റ്റേ സേഫ്". തുടർന്ന് രാജ്യം ഒട്ടാകെ ലോക്ഡൗൺ. ഇരുപത്തൊന്ന് ദിവസത്തെ അതിതീവ്രമായ ലോക്ഡൗൺ. നിർണായകമായ ഇരുപത്തിയൊന്ന് ദിനങ്ങൾ. കോവിഡ് - 19 ന്റെ ചങ്ങലകളെ പൊട്ടിക്കാനുള്ള അതിതീവ്ര പരിശ്രമം:ബ്രേക്ക് ദി ചെയിൻ. പരീക്ഷ മാറ്റി വെച്ചതിന്റെയും വീട്ടിൽ ഇരിക്കാൻ അവസരം കിട്ടിയതിന്റെയും സന്തോഷത്തിലാണ് തളവകം സ്കൂളിലെ വിദ്യാർത്ഥികൾ.

സമയം രാവിലെ 10 മണി. ജെസ്വിൻ ഇതുവരെ ഉറക്കം എണീറ്റിട്ടില്ല. അപ്പോഴാണ് ആദിത് ഒളിച്ചും പാത്തും കൊള്ളക്കാരനെ പോലെ കടന്നു വന്നത്. ജെസ്വിൻ അവനെ കണ്ടപ്പോൾ അതിശയിച്ചു പോയി. "ലോക്ഡൗൺ കാലത്ത് ഇറങ്ങി നടക്കുന്നൊ? പോലീസ് നിന്നെ കണ്ടില്ലേ?" അവൻ ചോദിച്ചു. "ഹോ എന്ത് പറയാനാ? വീട്ടിലിരുന്ന് മടുത്തെടാ. ഇനിയുള്ള പത്തു ദിവസം എങ്ങനെ കൊണ്ടുപോകും എന്ന എനിക്കൊരു എത്തുംപിടിയും കിട്ടുന്നില്ല. രണ്ടും കല്പിച്ച ഞാൻ വീട്ടിൽ നിന്നു ഇറങ്ങി." ആദിത് പറഞ്ഞു നിർത്തി. അപ്പോൾ ജെസ്വിൻ കോവിഡ് -19 ന്റെ തീവ്രതയെ കുറിച്ചു പറഞ്ഞു തുടങ്ങി:"എടാ നിനക്കറിയ്യോ ഈ ലോക്ഡൗൺ നമ്മുടെ നന്മയ്ക്കു വേണ്ടി ആണ്. ഒരുപാട് ആരോഗ്യ പ്രവർത്തകരും പോലീസും നമ്മുടെ ജീവനുവേണ്ടി സ്വന്തം ജീവൻ പണയം വെച്ചു പൊരുതുകയാണ്. അവർക്കു വീട്ടിലിരിക്കാൻ നല്ല ആഗ്രഹം ഉണ്ട്. സ്വന്തം കുടുംബത്തിൽ നിന്നും അകന്നാണ് അവർ നമുക്ക് വേണ്ടി പ്രയത്നിക്കുന്നത്. അവരുടെ ഈ പ്രയത്നത്തെ നമ്മൾ ഒരിക്കലും വില കുറച്ചു കാണരുത്. അഭിനന്ദിക്കുക തന്നെ വേണം”. ആദിത്തിനു ഇത് അധിക നേരം കേട്ട് നില്ക്കാൻ കഴിഞ്ഞില്ല: "ഹോ തുടങ്ങി അവന്റെ ഉപദേശം. നീ ആര്? വാ നമുക്ക് ജോയലിന്റെ വീട്ടിൽ പോകാം." അതൊക്കെ അവിടെ ഇരിക്കട്ടെ, നീ എന്താടാ നനഞ്ഞിരിക്കുന്നെ?" ജെസ്വിൻ ചോദിച്ചു. ആദിത് പറഞ്ഞു തുടങ്ങി "ഹോ അതോ, അതൊരു വലിയ കഥയാ. ഞാനിങ്ങനെ വീട്ടിൽ നിന്ന് ഇറങ്ങി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വയലിൽ ഇരിക്കുന്ന രഘു ചേട്ടനെ കണ്ടു. എങ്ങോട്ടാണെന്ന് ചോദിച്ച വിരട്ടാൻ തുടങ്ങി, ഞാൻ മൈൻഡ് ചെയ്യാൻ പോയിട്ടില്ല. പിന്നെ കുറച്ചു ദൂരം പിന്നിട്ടപ്പോൾ ദാസപ്പൻ ചേട്ടന്റെ കടയിൽ കയറി കുറച്ചു മിഠായി വാങ്ങി കഴിച്ചു. അങ്ങനെ അതും കഴിച്ചു തോടിന്റെ വരമ്പിലൂടെ നടന്ന വരുമ്പോഴായിരുന്നു പോലീസിനെ കണ്ടത്. അവരെ കണ്ടയുടനെ ഞാൻ തോട്ടിലേക്ക് ഒറ്റ ചാട്ടം. നീന്തി - നീന്തി എവിടെയൊക്കെയോ എത്തി. പിന്നെ കൂറേ കറങ്ങി തിരിഞ്ഞു ദാ....ഇപ്പൊ ഇവിടെ നിൽക്കുന്നു. ഭൂമി ഉരുണ്ടതാണെന്ന് ഇപ്പോഴാണ് വിശ്വാസം ആയത്." ആദിത് പറഞ്ഞു നിർത്തി.

അങ്ങനെ ആദിത് ബാക്കിയുള്ള സുഹൃത്താക്കളായ നീരജ്, ജോയൽ, അലി, അമർ എന്നിവരെ അവരുടെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ട് പുല്ലരിക്കൽ ഗ്രൗണ്ടിൽ കളിയ്ക്കാൻ തുടങ്ങി. പക്ഷെ ജെസ്വിൻ അവരുടെ കൂട്ടത്തിൽ കൂടാതെ വീട്ടിൽ തന്നെ ഇരുന്നു. സമയം വൈകിട്ട് ആറ് മണിയോട് അടുത്തപ്പോൾ ഇവർ എല്ലാവരും കൂടെ ജെസ്വിൻറെ വീട്ടിലേക്ക് തിരിച്ചു. ജെസ്വിൻ, കളിച്ചു തളർന്നു വന്നവർക്കു ജ്യൂസും പഫ്സും കൊടുത്തു. അവർ ഒരുമിച്ചിരുന്ന് കഴിച്ചു. അവർ സന്തോഷത്തോടെ അവിടെ നിന്ന് പിരിഞ്ഞു അവരവരുടെ ഭവനത്തിലേക്ക് യാത്രയായി.

രണ്ട് ദിവസങ്ങൾക്കു ശേഷം ചുമയും ജലദോഷവും ശ്വാസ തടസ്സവും ആദിത്തിനു അനുഭവപ്പെട്ടു. ഇത് കോവിഡ് - 19 ന്റെ ലക്ഷണം ആണെന്ന് ആദിത്തിന്റെ അച്ഛനും അമ്മയും സംശയിച്ചു. അവർ ആദിത്തിന്റെ അമ്മാവനായ ഡോക്ടറിനെ വിളിച്ചു സംസാരിച്ചു. "പുറത്തിറങ്ങരുത്,ഐസൊലേഷനിൽ കഴിയുക, കൂടുതൽ ഗുരുതരം ആയാൽ ഹോസ്പിറ്റലിൽ പോകു " എന്നായിരുന്നു മറുപടി.

പിറ്റേ ദിവസം അവനെ വെണ്ണിമലയിലെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കോവിഡ് -19 ആദിത്തിനു സ്ഥിരീകരിച്ചു. തുടർ ദിവസങ്ങളിലായി ആദിത്തിന്റെ 5 കൂട്ടുകാർക്കും കോവിഡ് -19 ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അവർക്കു പരസ്പ്പരം കാണുവാനോ, സംസാരിക്കുവാനോ കഴിഞ്ഞിരുന്നില്ല. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ കിടന്ന ആദിത്തിനു സുഹൃത്തുക്കൾ അവിടുത്തെ ഡോക്ടർമാരും നഴ്സുമാരും മാത്രം ആയിരുന്നു. ചിലപ്പോൾ അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു. ഒന്നും കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. അപ്പോഴാണ് ആദിത്തിനു കോവിഡ് - 19 ന്റെ തീവ്രതയും ഭയങ്കരത്വവും മനസ്സിലായത്.

ഭയാനകമായ മൂന്നു ആഴ്ചകൾക്കു ശേഷം കോവിഡ് -19 വാർഡിൽ നിന്നും ആദിത്തിനെ ഡിസ്ചാർജ് ചെയ്തു. രോഗത്തിന്റെ ഓരോ ഘട്ടത്തിലും അവനെ കൈപിടിച്ചുയർത്തിയ ആരോഗ്യ പ്രവർത്തകർക്ക് ആദിത് നന്ദി അർപ്പിച്ചു. വളരെ സന്തോഷത്തോടെ 14 ദിവസത്തെ ഐസൊലേഷനിനായി വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോൾ അവന്റെ അമ്മ പറഞ്ഞാണ് അവൻ അറിഞ്ഞത് : തന്റെ 4 സുഹൃത്തുക്കളും രോഗം ഭേദമായി ആശുപത്രി വിട്ടു. പക്ഷെ......... താൻ ജീവൻ തുല്യം സ്നേഹിച്ച തന്റെ ഉറ്റ സുഹൃത്ത് ജെസ്വിൻ തന്നെ വിട്ടു പരലോകത്തേക്ക് മടങ്ങി. ആ സങ്കടം അവനു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അവന്റെ സംസ്കാരച്ചടങ്ങിനു പോലും പങ്കെടുക്കാൻ ആവാത്ത അവസ്ഥ. ജെസ്വിന് കോവിഡ് - 19 വന്നത് താൻ ലോക്കഡൗൺ ലങ്കിച്ചതുകൊണ്ടാണെന്ന് ഓർത്തു ആദിത്തിനു കുറ്റബോധം തോന്നി. വീട്ടിനു പുറത്തു പോലും ഇറങ്ങാത്ത ജെസ്വിനാണ് ഈ മഹാമാരിക്ക് ഇരയായി ഞങ്ങളെ വിട്ടു പിരിഞ്ഞത്. എങ്ങനെ അനേകം ചിന്തകൾ ആദിത്തിന്റെ മനസ്സിലൂടെ കടന്ന് പോയി.ഇനി മുതൽ എല്ലാ കാര്യങ്ങൾക്കും അതാതിന്റെ വില കൊടുക്കുമെന്നും ഒന്നിനെയും അവഗണിക്കുക ഇല്ലെന്നും ആദിത് ഉറച്ച തീരുമാനം എടുത്തു.

പ്രിയ സുഹൃത്തേ.... നാം ഈ ലോക്ഡൗണിൽ പുറത്തിറങ്ങി നടക്കുന്നത് മൂലം മറ്റുള്ളവരെയും കൂടെ ഇതിൽ വലിച്ചിഴയ്ക്കരുത്. അവർ ചിലപ്പോൾ നിരപരാധികളാകാം. ഇനി ജെസ്വിനെ പോലെയുള്ള ഒരു നിരപരാതിയുടെയും ജീവൻ പോലും നമ്മുടെ ഈ കേരളം മണ്ണിൽ വീഴാതിരിക്കട്ടെ.

*stayhome*staysafe

LET'S BREAK THE CHAIN

ഡോണ ബി. ജസ്റ്റിൻ
9A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം