കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
2013ലെ എസ്എസ്എൽസി പരീക്ഷ. ഡ്യൂട്ടി ലഭിച്ച ഞാൻ പഠിച്ച ഈ സ്കൂളിലേക്ക് പോകാനിറങ്ങിയപ്പോൾ തന്നെ മനസ്സിലേക്ക് ഒരായിരം ഓർമ്മകൾ ചിറകടിച്ച് പറന്നുവന്നു. ഏത് മുറിയിൽ ആയിരിക്കും എനിക്ക് കിട്ടുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്. ചെന്നപ്പോൾ രജിസ്റ്ററിൽ റൂം നമ്പർ 9 കണ്ടു. എവിടെയാണത് എന്ന് ചോദിച്ചപ്പോൾ ഓഫീസിലെ ചേച്ചി പറഞ്ഞു, മുകളിൽ ആണെന്ന്. ഞാൻ മുറി അന്വേഷിച്ച് നടന്നു. പണ്ട് വർഷങ്ങൾക്കു മുമ്പ് പത്താം ക്ലാസ് അന്വേഷിച്ചു നടന്ന ഒമ്പതാം ക്ലാസുകാരിയുടെ മനസ്സ് പോലെ തോന്നി. അന്നത്തെ ആകാംഷ എനിക്ക് അനുഭവിക്കുന്നത് പോലെ. അങ്ങനെ മുറി 9 കണ്ടെത്തി. ആ പഴയ പത്താം ക്ലാസ്. എന്തെല്ലാം ഓർമ്മകളാണ് ഈ ക്ലാസിൽ. ശരിക്കും ഓർമ്മകളുടെ വേലിയേറ്റം, അല്ല സുനാമി തന്നെ! ക്ലാസ്സിൽ ഞാൻ ഇരുന്ന ഭാഗത്ത് ഇന്ന് ഇരുന്ന് പരീക്ഷ എഴുതുന്ന കുട്ടിയെ ഞാൻ നോക്കി. എന്നെപ്പോലെ തന്നെ കാഴ്ചയിൽ ശാന്തനായ ഒരു കുട്ടി. അവളെ നീക്കിയിരുത്തി അവിടെ ഇത്തിരി നേരം ഒന്നിരിക്കാൻ കൊതിച്ചു പോയി. വർഷങ്ങൾ എത്ര പുറകിലേക്ക് പോണം...ഒരു നിമിഷം കൊണ്ട് ഞാൻ 1979ലേക്ക് പോയി ഈ ക്ലാസിൽ ഒരിക്കലും മറക്കാത്ത ആ പേര് വീണ്ടും മനസ്സിൽ എത്തി. പ്രവീണ- ആദ്യത്തെയും അവസാനത്തേതുമായ ക്ലാസ് റൂം ഇടികൂടലിലെ എൻറെ എതിരാളി. ഉടുപ്പിൽ പിടിച്ചുള്ള പിടിവലിയും ഞാൻ ഇപ്പോൾ നിൽക്കുന്ന ഈ നിലത്ത് വർഷങ്ങൾക്കു മുമ്പ് കിടന്നു ഉരുണ്ടു മറിഞ്ഞതും ഇന്നലെ എന്നോണം മനസ്സിൽ നിറഞ്ഞു. ഉച്ചയ്ക്ക് ഒന്നാമത്തെ പിരീഡിൽ ഹിന്ദി പഠിപ്പിക്കാൻ വന്ന ടീച്ചറുടെ അടിയുടെ ചൂട് ഇന്ന് വീണ്ടും മനസ്സിൽ അനുഭവിക്കുന്നതോടൊപ്പം അതിനേക്കാൾ മനോഹരമായ ആ ഓർമ്മകൾ മനസ്സിൽ സന്തോഷം നിറക്കുന്നു. ശരിക്കും ഓർമ്മകൾ ഇത്രക്ക് മധുരിക്കുമോ!!?
ഞാൻ അരുൺ. ഈ വിദ്യാലയത്തിൽ 2006 ൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ആരംഭിച്ചു. അന്ന് മുതൽ എനിക്ക് 3 വീടായി. ഒന്ന് ഞാൻ ജനിച്ച എന്റെ വീട്, രണ്ട് ഞാൻ താമസിക്കുന്ന വീട്, മൂന്ന് ഞാൻ ജോലി ചെയ്യുന്ന വീട്. ഇവിടെ ഓരോ വർഷത്തിന്റെയും അവസാന ദിവസം ഒഴിഞ്ഞു കിടക്കുന്ന, ഞാൻ പഠിപ്പിച്ച ക്ലാസ് മുറികളിൽ പോയി ഒരു കുട്ടിയെ പോലെ കുറച്ച് അവിടെ ഇരിക്കും. പിന്നെ ആ ചുവരുകളിലൊക്കെ ഒന്ന് കണ്ണോടിക്കും. അവിടെ കാണുന്ന ചില കുത്തി കുറിക്കലുകൾ നമുക്ക് നൽകുന്ന സന്തോഷത്തിന് അതിർവരമ്പുകളുണ്ടാവില്ല. എത്ര നാഷണൽ അവാർഡുകളേക്കാൾ വിലമതിക്കാവുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ആ 'അവാർഡുകൾ' .