മുത്തശ്ശിമാവ് കഥ പറയുന്നു
കുട്ടികളേ, എല്ലാവരും കളിച്ചു തളർന്നോ ? എന്റെ തണലിൽ വന്നിരുന്നോളൂ. ഞാൻ നിങ്ങൾക്ക് എന്റെ കഥ പറഞ്ഞുതരാം.
ഒരുപാടു കാലം മുമ്പ്, അതാ, ആ കാണുന്ന വയലിന്റെ അക്കരെ ഒരു മാവുണ്ടായിരുന്നു. പടർന്നു പന്തലിച്ചു നിന്ന ഒരു തേന്മാവ്. അതായിരുന്നു എന്റെ അമ്മ.
അമ്മമാവിന്റെ ഉച്ചിയിലെ ഒരു ഉണ്ണി മാങ്ങയായിരുന്നു ഞാൻ. മാസങ്ങൾക്കു ശേഷം ഞാനൊരു മുഴുത്ത മാമ്പഴമായി. അന്നൊക്കെ എന്നെ കാണേണ്ടതായിരുന്നു. മഞ്ഞയും ഓറഞ്ചും കലർന്ന് തുടുത്ത ഒരു മാമ്പഴം. ഞങ്ങൾ കൂട്ടുകാരെല്ലാം കാറ്റിലാടി രസിച്ചു കഴിഞ്ഞ കാലം. ഞങ്ങളെല്ലാം ഒരു കുലയിൽ മുട്ടിയിരുന്നു തമാശകൾ പറഞ്ഞ് രസിക്കുകയായിരുന്നു. അപ്പോഴാ അതു സംഭവിച്ചത്. ഒരു കാക്ക വന്ന് എന്നെ ഒരു കൊത്ത്. 'പ്ധും', ഞാൻ ഞെട്ടറ്റു താഴെ. മാഞ്ചുവട്ടിൽ കളിക്കുന്ന കളിക്കുന്ന കുട്ടികൾക്ക് മുമ്പിലാണ് ചെന്നു വീണത്.
അതിലൊരുത്തൻ ഓടി വന്ന് എന്നെ എടുത്തു. എന്റെ തേൻമധുരമൂറുന്ന ഭാഗങ്ങൾ കഷണങ്ങളാക്കി അവൻ കൂട്ടുകാർക്ക് പങ്കുവച്ചു. മാങ്ങയണ്ടി മാത്രം ബാക്കിയായി. അവനത് ഒരു കടലാസിൽ പൊതിഞ്ഞു കൈയിൽ വച്ചു. " ഇത് ഞാൻ വീട്ടിൽ പറമ്പിൽ കുഴിച്ചിടും "- ആ മിടുക്കൻ പറഞ്ഞു.
അവൻ പറഞ്ഞതു പേലെ ചെയ്തു കേട്ടോ. മഴക്കാലമായി മഴവെള്ളത്തിൽ നനഞ്ഞു കുതിർന്ന ഞാൻ മെല്ലെ മുളച്ചുപൊന്തി. ചുവപ്പു കലർന്ന തവിട്ടു നിറമുള്ള ഇലകൾ എന്നും അവൻ വന്ന് തൊട്ടു നോക്കും. കാലം കുറേ കഴിഞ്ഞു. ഞാൻ വലുതായി. ഞങ്ങൾ വൻമരങ്ങൾ അങ്ങനെയാണ്. ഒരുപാടൊരുപാട് വളരും. കൊമ്പുകളും ചില്ലകളും വളർന്നപ്പോൾ പല പക്ഷികളും കൂടുകൂട്ടാനെത്തി. പക്ഷികൾ മാത്രമല്ല പാർക്കാനെത്തിയത്. അണ്ണാനും ചിതലിനും ചിലന്തിക്കും ഉറുമ്പിനുമൊക്കെ താമസിക്കാൻ ഞാൻ ഇടം നൽകി. കുട്ടികൾ എന്റെ തണലിലിരുന്ന് കളിച്ചു. വിശ്രമിച്ചു. അവർക്കൊക്കെ ഞാൻ വയറു നിറയെ ചക്കരമാമ്പഴം കൊടുത്തു.
ഇപ്പോൾ ഞാനൊരു മുത്തശ്ശിയായി. എന്റെ മക്കളും പേരക്കിടാങ്ങളുമൊക്കെ എവിടെയാണാവോ ? എന്നാലും ഇനിയും കുറേക്കാലം ഞാൻ ഉണ്ടാവും, തണലും മധുരവും തന്ന്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ
|