Schoolwiki സംരംഭത്തിൽ നിന്ന്
ഉറവിടം
"മൃഗങ്ങളെയും പ്രകൃതിയെയും നശിപ്പിച്ച് അവരുടെ രക്തം ഊറ്റിക്കുടിക്കുന്ന മനുഷ്യൻ. അവൻ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ മൃഗങ്ങളെയും പക്ഷികളെയും എന്തിന് ചെടികളെപോലും കൂട്ടിലിട്ട് വളർത്തുന്നു. എന്നാൽ ആ മനുഷ്യരായ നമ്മൾ ഒട്ടുംതന്നെ വിചാരിച്ചുകാണില്ല ഒരിക്കൽ നമ്മളും നമ്മുടെ കൂട്ടിൽ കഴിയേണ്ടി വരുമെന്ന്, പ്രിയപ്പെട്ടവരെ കാണാനാവാതെ". ഇത് എഴുതിയപ്പോൾ കനിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ തന്റെ മനസ്സിലെ പശ്ചാത്താപത്തിന്റെ നീർച്ചാലിന് രൂപം നൽകി. ആ നീർച്ചാൽ അവളുടെ കണ്ണുകളിൽ നിന്ന് കവിളിലേക്ക് ഒഴുകിയിറങ്ങി. ആ കവിളുകളിൽ അതിശൈത്യകാലത്തെ തണുപ്പുണ്ടായിരുന്നു. അത് ഒരു പർവ്വതനിരയുടെ രൂപം പ്രാപിച്ചത് പോലെ അവൾക്ക് തോന്നി. തണുത്തുറഞ്ഞ പർവ്വതനിരകളിൽ പശ്ചാത്താപത്തിന്റെ ചൂടു നീർച്ചാൽ ഒഴുകി നീങ്ങി.
പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം അവളുടെ കാതുകളിൽ പതിച്ചു. അവളുടെ ശരീരം പരക്കെ ചൂട് വ്യാപിച്ചു. ജീവനോടെ തന്നെ ദഹിപ്പിച്ച് തുടങ്ങിയിരിക്കുന്നു എന്നവൾ മനസ്സിലാക്കി. ഡോക്ടർ അകത്തേക്ക് കടന്നു. നേരിയ കാൽവെപ്പുകളോടെ കൊറോണക്കെതിരെ ഉള്ള സുരക്ഷാകവചത്തിന്റെ ധൈര്യത്തിൽ അയാൾ ആ മുറിക്കകത്ത് പ്രവേശിച്ചു. ഡോക്ടർ അവളോട് ചേച്ചിയുടെ മരണവാർത്ത പറഞ്ഞു. അത് അവൾ ഉൾക്കൊണ്ടെങ്കിലും ഹൃദയത്തിന്റെ ഉൾതലങ്ങളിൽ സ്നേഹത്തിന്റെ, ആർദ്രതയുടെ ആഴമേറിയ മുറിവ് ഉടലെടുത്തു. ആ മുറിവിന്റെ നീറ്റൽ ഓരോ നിമിഷത്തിലും തീവ്രത ഏറിവന്നു. അവൾ പതിയെ ഓർമകളുടെ ഓളങ്ങളിൽ സഞ്ചരിച്ചു തുടങ്ങി.
ചേച്ചിയുടെ കുഞ്ഞാവയായ കുഞ്ഞൂട്ടിയെ കാണാനായിരുന്നു കനി വിദേശത്തുനിന്നും എത്തിച്ചേർന്നത്. വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോഗസ്ഥർ അവളെ പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചിട്ടില്ല, എങ്കിലും വീട്ടിൽ കഴിയണം എന്ന് നിർദ്ദേശിച്ചു. ജീവിതത്തിൽ ഒറ്റപ്പെടൽ മാത്രം സമ്മാനമായി ലഭിച്ചു അച്ഛനമ്മമാർ ചെറുപ്പത്തിലെ മരിച്ചു ഭൂമിയോട് അലിഞ്ഞു ചേർന്നു ഇപ്പോൾ തന്റെ ചേച്ചിയും കുഞ്ഞൂട്ടിയും കൊറോണ എന്ന മഹാവിപത്തിനോട് പൊരുതി പരാജയപ്പെട്ടിരിക്കുന്നു. അവർ മണ്ണിനോട് അലിയാൻ, ഭൂമിയോട് അടുക്കാൻ തയ്യാറാകുന്നു. ഇപ്പോൾ ദാ താനും.
താൻ വീട്ടിൽ ഒറ്റപ്പെട്ടപ്പോൾ, കുഞ്ഞൂട്ടിയുടെ ചിരിയും കുസൃതിയും മനസ്സിൽ അലയടിച്ച ദുർബല നിമിഷത്തിൽ, അവൾ കുഞ്ഞൂട്ടിയെ കാണാനായി യാത്ര പുറപ്പെട്ടു. പക്ഷേ താൻ അവർക്ക് കാലായി ഭവിക്കുമെന്ന് അവൾ തിരിച്ചറിഞ്ഞില്ല. കനി കുഞ്ഞൂട്ടിയെ വാരിയെടുത്ത് മടിയിലിരുത്തി കൊഞ്ചിച്ചു. അവൾക്ക് വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും ഉമ്മ നൽകി. ചേച്ചിയും എതിരു നിന്നില്ല . കനി വിദേശത്തുനിന്നും വന്നതാണെങ്കിലും അവൾ അത് കാര്യമായി എടുത്തില്ല. ചേച്ചിയുടെ സ്നേഹത്തിന്റെയും തന്റെ അമിത വിശ്വാസത്തിന്റെയും ഭവിഷ്യത്ത് ഇത്ര വേദനാജനകമാണെന്ന് അവളും ഒട്ടും വിചാരിച്ചില്ല. അവളുടെ തലവേദന മൂർച്ഛിച്ചു. ദൈവം നല്കുന്ന ശിക്ഷയായി അവൾ അതിനെ കരുതി. അവൾ പ്രാർത്ഥിക്കുന്നത് താൻ എത്രയും വേഗം മരണം വരിക്കണം എന്നാണ്. ശരീരമാകെ തളരുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു. മരണതുല്യമായ വേദന അവൾ അനുഭവിച്ചു. അവൾക്ക് ഭ്രാന്ത് പിടിക്കുന്നതായി തോന്നി. ചുറ്റും ചുമരുകളും കൂടെ വേദനയും ഒറ്റപ്പെടലും, പോരാതെ മൂക്കിൽ ട്യൂബുകളും ഘടിപ്പിച്ചിരുന്നു. തന്റെ ശരീരത്തെ ചൂട് വിഴുങ്ങുന്നുണ്ടെങ്കിലും അവൾ തന്റെ കുഞ്ഞൂട്ടിക്ക് നൽകിയ കളിപ്പാട്ടം നെഞ്ചോട് അടുപ്പിച്ചു. അവളുടെ ശരീരം ആകെ തണുപ്പ് പിടിച്ചെടുത്തു, മരണത്തിന്റെ തണുപ്പ്. അവളെ മണ്ണിനോട് അടുപ്പിച്ചപ്പോഴും അവൾ കളിപ്പാട്ടം വിട്ടുകൊടുക്കാതെ നെഞ്ചോടു ചേർത്തു.
കൊറോണ ഒരു ജീവൻ കൂടി എടുത്തു. പ്രകൃതിയെ നശിപ്പിക്കുന്നവർക്കും പ്രകൃതിയെ മനസ്സിലാക്കാത്തവർക്കും കൊറോണ കാലനായി ഭവിക്കുന്നു. കനിയുടെ ശരീരവും ഭൂമിയോട് അലിഞ്ഞു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ
|