കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/വീണ്ടും

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും

ഇന്നുമാ ചിറകുമായ് കൂട്ടിലേക്കോർമയായ്
തിരികെ ഞാൻ മടങ്ങുമെന്നാരോപറഞ്ഞപോൽ
തിരികെയാ കൂട്ടിലെ കൂട്ടരെ കാണുവാൻ
തിരികെ ഞാൻ മടങ്ങിയെത്തിയെന്നോർക്കവെ
പഞ്ചാരമണലിലെ പതിയ കാൽപാടിനെ
പടികടന്നിറങ്ങവേ മായാതെ സൂക്ഷിച്ച
പകലിൻ കിനാവുകൾക്കായ് പകരം തരാനിന്നു
ഞാൻ അവകാശിയായ് ...
വീണ്ടെടുക്കാം പ്രണയച്ചുവയുള്ള കോണുകൾ
ചേർത്തൊരാ ഇടനാഴികൾ
വീണ്ടെടുക്കാം നാട്ടുമാവിന്റെ പുളിരുചികൾ
വീണ്ടെടുക്കാം വയസ്സൻ പള്ളിക്കൂടത്തിൻ ക്‌ളാസ്സിലിരുന്നു
ഞാൻ പടർത്തിയ പൊൻമഷിത്തണ്ടിലെ കവിതതൻ കൈയ്യൊപ്പുകൾ
വീണ്ടെടുക്കാം നിൻ ചോട്ടിൽ നിന്നാദ്യമായ്
അനുഭൂതിതൻ നിറച്ചാർത്തണിഞ്ഞൊരാ
കൂട്ടത്തിൻ വാസനകൾ
പോയ്മറഞ്ഞോ മനസ്സിന്റെ ചില്ല തൻ മർമ്മരം
ആർത്തുലഞ്ഞു വീണു കൃഷ്ണകാന്തത്തിന്റെ
  കിരണങ്ങൾ .........
ചിറകുമായ് തനിയേ പറന്നു ഞാൻ
കാതലായ നിൻ ഓർമയിൽനിന്നുമേ
ചിറകു നീർത്തിയൊന്നെത്തുമെന്നറിയാതെ
ചില കടങ്ങളെ ഏകയായ് നിർത്തി ഞാൻ
ചിറകിന്റെ ശകലങ്ങൾ ചിലർക്കായ് പകുത്തു ഞാൻ
ചിതകാലസ്മരണകൾ ചിലർക്കായ് പുതുക്കുവാൻ
കളിപറഞ്ഞെത്തുന്ന കാറ്റിന്റെ കാതിലായ്
കാലങ്ങൾ ചാർത്തിയ കൈയ്യൊപ്പുകൾ
ഇന്നു കാലാതീതമായ് കാറ്റിൽ പാറുന്നുവോ
വർഷ കണങ്ങളാൽ ചുംബനമേറ്റൊരാ മാവിന്റെ ചെങ്കതിർ
ചില്ലകൾ മണ്ണിലേക്കടർത്തിയ മഴത്തുള്ളി നീരുകൾ
കവിൾത്തടം നനയ്ക്കവേ
മനസ്സിന്റെ മാറോടണഞ്ഞവൾ തൻ ചെറുചിരി
നീ തരുന്നീ തണുവോർമ്മ തൻ തോണിയിൽ
തിരികെയൊന്നെത്തുവാൻ ഞാൻ കൊതിച്ചു
എന്നെ തിരികെയൊന്നെത്തിച്ചു നീ അകന്നു
നിന്നിലെ ഓർമ്മകൾ നിന്നിലെ നാളുകൾ ഇനി
നാളെകൾക്കായ് മനസ്സിന്റെ കോണിൽ വിതുമ്പുന്നു
നീ പറയൊന്നെന്തു ഞാൻ നൽകണം
ഇന്നുമീ പുഞ്ചിരി മാത്രമായ് നീട്ടി ഞാൻ
നിന്റെ പടിക്കെട്ടുകൾ ഇറങ്ങിടട്ടെ
വീണ്ടും ഇനിയും വരുമെന്നുറപ്പുമായ്
ഇന്നിതാ നിന്നിലേക്കായ് പുതിയ ചങ്ങാതികൾ
അണയുന്നു
അപ്പോഴും നിൻ ചില്ലകൾ പൂക്കുന്നു
വർഷങ്ങളറിയാതെ വസന്തങ്ങളറിയാതെ


 

യവനകൃഷ്ണൻ
XI A കെ.കെ.എം.ജി.വി.എച്.എസ്എസ് ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - കവിത