കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


നാം ഒരു പാട് സന്തോഷത്തോടു കൂടിയാണ് ക്രിസ്തുമസ്സും പുതുവത്സരവും ആഘോഷിച്ചത്. അപ്പോഴും എവിടെയൊക്കെയോ മനുഷ്യന്റെ നിലനില്പിനെ തന്നെ   ഏറ്റവും ഭീഷണി ഉയർത്തിക്കൊണ്ടുള്ള ചില സൂചനകൾ. മനുഷ്യവർഗ്ഗം എല്ലാത്തിനും ഉപരിയാണെന്നുള്ള ചിന്ത അവനെ എത്രത്തോളം അഹങ്കാരിയാക്കുന്നുവോ അത്രത്തോളം തന്നെ അവൻ ഒന്നുമല്ല എന്നുള്ള തിരിച്ചറിവ് നൽകിയിരിക്കുന്ന കാല വിശേഷം . എല്ലാ സന്തോഷത്തിൽ നിന്നും ഇന്ന് ലോകമെമ്പാടും ശ്മശാന മൂകത. ജീവൻ നിലനിർത്തുന്നതിനു വേണ്ടി ഒരിറ്റു ജീവവായു എടുക്കുവാൻ കഴിയാതെ മരിച്ചു വീഴുന്ന കാഴ്ചകൾ, ഉറ്റവരുടെ തേങ്ങലുകൾ എല്ലാം ഭയപ്പെടുത്തുന്ന യഥാർത്ഥ്യങ്ങളായി.

ചൈനയിലെ വുഹാനിൽ ന്യൂമോണിയ എന്നു സംശയിക്കുന്ന അജ്ഞാത രോഗം കണ്ടുതുടങ്ങി. വളരെപ്പെട്ട ന്നു തന്നെ ധാരാളം  രോഗികൾ ഇതേ രോഗലക്ഷണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിൽ സംശയം തോന്നിയതിനെ തുടർന്നുള്ള പഠനത്തിലാണ് ജനുവരി 8 ന് ലോകത്തെ ഞെട്ടിച്ചു കൊണ്ട് മനുഷ്യവർഗത്തിനു തന്നെ ഭീഷണിയായ കൊറോണ വൈറസാണ് ന്യൂമോണിയ രോഗലക്ഷണത്തിനു കാരണമെന്ന് കണ്ടു പിടിച്ചത് . തുടർന്നങ്ങോട്ട് മനുഷ്യൻ രോഗബാധിതനായി മരിച്ചുവീഴുന്ന കാഴ്ച്ചകൾ നമ്മുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചു. നാളെ ആർക്ക്? എവിടെ? എങ്ങനെ? എന്നറിയാതെ നിസ്ല ഹായമായ അവസ്ഥ. കോവിഡ് - 19 എന്ന മഹാമാരിക്ക് മുൻപിൽ ലോകരാജ്യങ്ങളാകെ പകച്ച് നില്ക്കുന്ന കാഴ്ച. നമ്മുടെ സന്തോഷങ്ങൾ എല്ലാം ഒരു മഹാമാരിക്ക് മുൻപിൽ തകർന്നു പോയി. അച്ഛനും അമ്മയും നഷ്ടപ്പെട്ട നമ്മുടെ കൂട്ടുകാർ, അച്ഛനെയും അമ്മയെയും കാണാതെ കരയുന്ന കുഞ്ഞിനെ ആകാശത്തെ നക്ഷത്രത്തെ നോക്കി സമാധാനിപ്പിക്കുന്ന സഹോദരന്റെ ദയനീയത, കുട്ടികാലത്ത് കൂടെ കളിക്കുകയും കഥകളും പാട്ടുകളും പാടി പഠിപ്പിച്ചു തരുകയും ചെയ്ത എല്ലാമെല്ലാം മായ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മുഖം അവസാനമായി ഒന്നു കാണുവാൻ കഴിയാത്ത അവസ്ഥ, ജാതിയും മതവും നോക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതെ ഒരു കുഴിയിൽ മൃതശരീരങ്ങൾ കൂട്ടമായി സംസ്കരിക്കേണ്ടി വന്ന ദുരവസ്ഥ. ഇതിനെല്ലാം കാരണം മനുഷ്യൻ പ്രകൃതിയോടു ചെയ്ത ക്രൂരതകൾ ആകാം. മനുഷ്യരാശിയുടെ ഉത്ഭവത്തിനും നിലനില്പ്പിനും ആധാരം നമ്മുടെ പ്രകൃതിയാണ്. ഒരു ചെറിയ കാലാവസ്ഥാ വ്യതിയാനം മാത്രം മതി നമ്മുടെ ജീവിതത്തിന്റെ താളം തെറ്റാൻ. ഒരു പക്ഷെ അതു തന്നെ ആകാം കൊറോണ എന്ന മഹാമാരിക്ക് കാരണവും. ഇതുപോലുള്ള മഹാമാരികളായ കോളറയും പ്ലേഗും വസൂരിയും മുൻപും ഉണ്ടായിട്ടുള്ളതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ്സ് ഈ ലോകത്ത് രോഗങ്ങൾ വിതക്കുന്നത് ഇതാദ്യമല്ല. ഇതിന് മുൻപും ഇത് ലോകത്ത് ഭയം വിതച്ചിട്ടുണ്ട്. Severe Acute Respiratory Syndrome എന്നറിയപ്പെടുന്ന SARS ഉം Middle East Respiratory Syndrome എന്നറിയപ്പെടുന്ന MERS ഉം ആയിരുന്നു ഇതിന് മുൻപ് ലോകത്ത് ഭയം വിതറിയിട്ടുള്ള കൊറോണ വൈറസ്സുകൾ.

 

ഇപ്പോൾ പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ്- 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള മാർഗ്ഗമാണ് ലോക്ക് ഡൗൺ, കൂടാതെ സാമൂഹിക അകലം പാലിക്കലും വ്യക്തി ശുചിത്വവും. എന്നാൽ ലോക്ക് ഡൗൺ കാലത്ത് പ്രകൃതിക്കുണ്ടായ മാറ്റം ശ്രദ്ധേയമാണ്. ഈ രോഗത്തെ പ്രതിരോധിക്കുവാൻ നമ്മൾ വീടുകളിൽ തന്നെ തുടർന്നപ്പോൾ പ്രകൃതിക്ക് ഉണർവ്വ്' ഉണ്ടായി. വർഷങ്ങളായി മലിനമായി കിടന്ന ഗംഗാനദി തെളിഞ്ഞ് ഒഴുകുവാൻ തുടങ്ങി. ഏറ്റവും മലിനമായ തലസ്ഥാന നഗരികളിലൊന്നായ ഡൽഹി ഇപ്പോൾ മാലിന്യ മുക്തമായിരിക്കുന്നു . വർഷങ്ങളായി നീലാകാശം കാണാതിരുന്ന ഡൽഹിയിൽ ഇപ്പോൾ നീലാകാശം കണ്ടുതുടങ്ങിയിരിക്കുന്നു .യമുനാ നദി വർഷങ്ങൾക്ക് ശേഷം തെളിഞ്ഞൊഴുകുന്നു . അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും ഗണ്യമായി കുറഞ്ഞു . ഈ കാലാവസ്ഥ തുടരുവാനും പ്രകൃതിയെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടു പോകുവാനും നമുക്ക് സാധിക്കും. നമ്മൾ ഒന്നു കരുതിയാൽ മാത്രം മതി, ഈ പ്രകൃതിയാം അമ്മയെ ഒന്നു സംരക്ഷിച്ചാൽ മാത്രം മതി. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് നമുക്ക് ശുചിത്വം പാലിക്കാം. നാം ശുചിത്വമുള്ളവരാകുന്നതോടുകൂടി നമ്മുടെ നാടും ശുചിത്വ പൂർണമാകുന്നു . അതു വഴി രോഗങ്ങളെ അകറ്റി നിർത്തുന്നതിനോടൊപ്പം ഒരു സുന്ദര കേരളം പടുത്തുയർത്താം.

ഇന്ന് ഈ ലോകത്തിന് മുൻപിൽ നമ്മുടെ കൊച്ചു കേരളം മിന്നിതിളങ്ങുകയാണ്.  ഈ മഹാമാരിയെ ലോകരാജ്യങ്ങൾ പ്രതിരോധിക്കുവാൻ പാടുപെടുമ്പോൾ എല്ലാത്തിലും വ്യത്യസ്തമായി നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറി കഴിഞ്ഞു. രോഗം വന്നവരെ ചികിത്സിച്ചു ഭേദമാക്കിയും മറ്റാർക്കും വരാതെയും സംരക്ഷണത്തിന്റെയും കരുതലിന്റെയും കൈയ്യുമായി ദൈവതുല്യമായി ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും നമ്മൾക്ക് വേണ്ടി നമ്മോടൊപ്പം ഉണ്ട്. സ്വന്തം ജീവനും സ്വരക്ഷ പോലും നോക്കാതെ നമുക്കു വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുമ്പോൾ അവർ തരുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം.

ഗിരിനന്ദന ആർ
8 A കെ കെ എം ജി വി എച്ച് എച്ച് എസ് ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം