കെ എ എം യു പി എസ് പല്ലന/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

അറബിക്കടലിനും പല്ലനയാറിനും  ഇടയ്ക്ക് തെക്കുവടക്കായി ഏകദേശം നാല് കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ചെറു ഗ്രാമമാണ് പല്ലന. ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പതിനേഴാം വാർഡിൽ തോട്ടപ്പള്ളി തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്കുമാറി മഹാകവി കുമാരനാശാന്റെ സ്മൃതിമണ്ഡപത്തിനോട്  ചേർന്ന് തല ഉയർത്തി നിൽക്കുന്ന പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് കെ എ എം യു പി എസ് പല്ലന. ഇത് ഒരു എയ്ഡഡ് വിദ്യാലയം ആണ്.  സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നുണ്ട്, ഇന്ന് കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളം അറിയുന്ന എല്ലാ മലയാളികളും ഹൃദയത്തോട് ചേർത്ത് കാത്തുസൂക്ഷിക്കുന്ന സ്ഥലനാമം ആണ്  പല്ലന കുമാരകോടി. മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. 1924 ജനവരി 16ന്  പല്ലനയാറ്റിൽ ഉണ്ടായ  റെഡിമർ ബോട്ടപകടത്തിൽ പെട്ടാണ് കുമാരനാശാൻ അകാല ചരമം പ്രാപിച്ചത്.  കുമാരനാശാന്റെ സ്മാരകം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെനാട്ടുകാർ കുമാരകോടി എന്നു  വിളിച്ചു. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ആശാൻ സ്മാരക ത്തോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് തികച്ചും അഭിമാനകരമായ ഒന്നാണ്. മഹാകവി കുമാരനാശാൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ 1951 ൽ  സ്ഥാപിച്ചതാണ് പല്ലന കുമാരനാശാൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്ക അവസ്ഥയിലേക്ക് നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്നുമാത്രമാണ്. ആരംഭഘട്ടത്തിൽ L ഷേപ്പിൽ ഉള്ള ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത് പിന്നീട് കുട്ടികളുടെ എണ്ണം കൂടാൻ  തുടങ്ങിയതോടെ മൂന്നു കെട്ടിടങ്ങൾ കൂടി നിർമിച്ചു. തൃക്കുന്നപ്പുഴ മുതൽ തോട്ടപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും ആയി  പിന്നോക്കം നിന്ന ഒരു സമൂഹത്തിന് വിദ്യ പകർന്നു കൊടുത്തത് ഈ സരസ്വതീ നിലയം ആണ്. വിവിധ രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെ പ്രഗത്ഭർ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. കാലം ഇത്രയും കഴിഞ്ഞിട്ടും യശസ്സ് ഒട്ടും ചോർന്നു പോകാതെ പല്ലനക്കൊരു തിലക കുറിയായി അനേകം വിദ്യാർത്ഥി സമൂഹത്തിനുവെളിച്ചം പകർന്നു  കൊണ്ട് കെ. എ. എം യു പി എസ് എന്നും ഇവിടെ എന്നും തല ഉയർത്തി നിൽക്കുന്നു.......