കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/ധാന്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ധാന്യങ്ങൾ

ഗോതമ്പ് (Kodo millet) പഞ്ചാബ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഗോതമ്പ് വൻതോതിൽ കൃഷിചെയ്തുവരുന്നത്. സമശീതോഷ്ണമേഖലയിലെ ഒരു വിളവാണ് ഗോതമ്പ്. റൊട്ടി, ബിസ്കറ്റ് തുടങ്ങിയവ ഉണ്ടാക്കാൻ വളരെയധികം ഉപയോഗിച്ചുവരുന്ന ധാന്യമാണിത്. തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാർച്ച് ഉത്പാദിപ്പിക്കാൻ ഗോതമ്പ് പരക്കെ ഉപയോഗിച്ചുവരുന്നു. ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്. ശീതകാല വിളയായതിനാൽ കേരളത്തിൽ ഗോതമ്പ് കൃഷി ചെയ്യാറില്ല.

ബജ്റ (കമ്പം) (Pearl Millet) മഴ പെയ്യുന്നതിനനുസരിച്ച് ചിനപ്പുകളുണ്ടാകുന്ന വിളയാണ് ബജ്റ. അതിനനുസരിച്ചാണ് കതിരുകളുണ്ടാകുക. അതിനാൽ പല പ്രാവശ്യമായിട്ടാണ് വിളവെടുപ്പ്. മറ്റു ധാന്യങ്ങളിൽനിന്നുള്ള വ്യത്യാസമാണിത്. വിളഞ്ഞ ധാന്യമണികൾക്ക് നല്ല ഉറപ്പും ചാരനിറവുമുണ്ടാകും. പവിഴച്ചോളം എന്ന പേരിലും അറിയപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും കൂടുതൽ ഉപയോഗിച്ചു വരുന്ന ചെറുധാന്യമാണിത്. ചോളം കഴിഞ്ഞാൽ മനുഷ്യർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യമാണ്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് കൂടുതൽ ഉപയോഗം. അസം, ബംഗാൾ, മണിപ്പുർ, കേരളം ഒഴിച്ച് മറ്റെല്ലായിടത്തും കൃഷിയുണ്ട്. മഴയെ ആശ്രയിച്ചാണ് കൃഷിരീതി. പ്രതികൂലകാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷിയുണ്ട്.

പനിവരക് (Common millet) ഇന്ത്യക്കു പുറമെ, മംഗോളിയ, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ കൃഷി ചെയ്തുവരുന്നു. തണുപ്പുകാലത്തും കൃഷി ചെയ്യാവുന്ന വിള. ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ കൃഷിയുള്ളത്. നെല്ലരിപോലെ തന്നെ ഉപയോഗിക്കാം. റൊട്ടി, ചപ്പാത്തി തുടങ്ങിയ പലഹാരങ്ങളുമുണ്ടാക്കാം. അമേരിക്കയിൽ വളർത്തുമൃഗങ്ങൾക്ക് കൊടുക്കാനും പനിവരക് ഉപയോഗിക്കുന്നു.


വരക് (Kodo millet) ധാന്യവിളകളിൽ ഏറ്റവും പരുക്കൻ. മൂപ്പെത്താൻ ആറുമാസത്തോളം സമയം വേണം. വരൾച്ചയെ അതിജീവിക്കാൻ അസാമാന്യ കഴിവുള്ള ധാന്യവിള. പാകമാകാത്ത ധാന്യങ്ങളിലും ഉമിയിലും വിഷാംശമുണ്ട്. പാകമായാൽതന്നെ കുറച്ചുനാൾ എടുത്തുവെച്ചശേഷമേ ഉപയോഗിക്കാവൂ. വൈക്കോൽ കന്നുകാലികൾക്ക് കൊടുക്കാറില്ല. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൃഷി ചെയ്തുവരുന്നു. ഗുണം കുറഞ്ഞ ധാന്യമാണിത്.

ചോളം (Maize) മധ്യ അമേരിക്കയാണ് ജന്മദേശം. അമേരിക്കയിലെ റെഡ് ഇന്ത്യക്കാർ കൃഷിചെയ്തുവന്നതിനാൽ ഇന്ത്യൻ കോൺ എന്നറിയപ്പെടുന്നു. ചോളകൃഷിക്ക് ലോകത്തിൽ ഏറ്റവും അധികം പ്രാധാന്യം ലഭിച്ചിരിക്കുന്നത് തെക്കുവടക്ക് അമേരിക്കൻ വൻകരകളിലാണ്. ഇന്ത്യയിൽ ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ കൃഷിചെയ്തുവരുന്നു. ധാന്യം ആഹാര പദാർഥമായും വൈക്കോൽ കാലിത്തീറ്റയായും ഉപയോഗിച്ചുവരുന്നു. ഡെന്റ്, ഫ്ളിന്റ്, പോപ്പ്, സ്വീറ്റ് എന്നിവ വിവിധ ചോളയിനങ്ങളാണ്. ഏതുകാലത്തും കൃഷി ചെയ്യാവുന്ന വിളയാണിത്.

കൂവരക് (Finger millet) സമതലങ്ങളിലും മലമ്പ്രദേശങ്ങളിലും ഒരുപോലെ വിളവു തരാൻ കഴിവുള്ള ധാന്യവിളയാണ് കൂവരക്. കതിർശാഖകൾ ഉള്ളിലോട്ടു വളഞ്ഞത് (ചുരുട്ടൈ), കതിർശാഖകൾ നേരെയിരിക്കുന്നത് (തലൈവിരിച്ചാൻ) എന്നീ രണ്ടിനം കൂവരകുകൾ കൃഷി ചെയ്തുവരുന്നു. ചുരുട്ടൈ വിഭാഗമാണ് കൂടുതലായി കൃഷി ചെയ്യുന്നത്. പാവപ്പെട്ടവരുടെ ഭക്ഷ്യധാന്യമായി കൂവരകിനെ വിശേഷിപ്പിച്ചുവരുന്നു. ഗോതമ്പിലടങ്ങിയയത്രയും പോഷകമൂല്യവും കൂവരകിലുണ്ട്. ധാന്യത്തിന്റെ ആറുശതമാനം മാത്രമേ ഉമിയുള്ളൂ. ധാന്യവർഗത്തിൽ ഉമിയംശം കുറഞ്ഞ ധാന്യമാണിത്. റാഗി, മുത്താറി എന്നീ പേരുകളുമുണ്ട്. കർണാടകയിലെ പ്രധാന ധാന്യവിളയാണ്. ആന്ധ്രയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൃഷി ചെയ്തുവരുന്ന ഇത് വളരെ പോഷകമൂല്യമുള്ള ധാന്യമാണ്.

ഓട്സ് (Oats) കൊളസ്ട്രോൾ, പ്രമേഹം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓട്സിന് വിപണിയിൽ പ്രാധാന്യമേറിയിരിക്കുകയാണ്. കൊളസ്ട്രോൾ കുറയ്ക്കുമെന്നതും പ്രത്യേക പ്രോട്ടീനുകളുണ്ടെന്നതും വൈറ്റമിനുകളുടെ സാന്നിധ്യവും ഓട്സിന്റെ ആവശ്യകത കൂട്ടുന്ന ഘടകമാണ്. ഉത്തരാഞ്ചലിലും പഞ്ചാബിലും ഓട്സ് ധാരാളമായി കൃഷിചെയ്തുവരുന്നു. വടക്കെ ഇന്ത്യയിൽ കൃഷി ചെയ്യപ്പെടുന്ന നല്ലയിനം ഓട്സ് 'കെന്റ്' എന്നറിയപ്പെടുന്നു. ഗോതമ്പിലുള്ളതിനെക്കാൾ ഏ1, ഏ2 ജീവകങ്ങളടങ്ങിയ ധാന്യമാണിത്. പണ്ട് കളയായി കരുതിയിരുന്ന ഓട്സ് തണുപ്പു രാജ്യങ്ങളിലാണ് ഇന്ന് കൂടുതൽ കൃഷിചെയ്യുന്നത്.

മണിച്ചോളം (Jowar) ക്രിസ്തുവിനും 2000 വർഷങ്ങൾക്കുമുമ്പേ ഈജിപ്തിൽ മണിച്ചോളം കൃഷിചെയ്തതിന് തെളിവുണ്ടത്രെ. ആഫ്രിക്കയിൽനിന്ന് അടിമകളെ അമേരിക്കയിലേക്ക് കൊണ്ടുപോരുമ്പോൾ ആഹാരത്തിനായി മണിച്ചോളവും അവിടെനിന്നും കൊണ്ടുപോന്നതായി പറയപ്പെടുന്നു. ഇറ്റലിയിൽ കൃഷി ചെയ്തിരുന്നപ്പോഴാണത്രെ ചോളത്തിന് സോർഗം (ീ്ിഷസുൗ) എന്ന പേര് ലഭിച്ചത്. സോർഗോ എന്ന ഇറ്റാലിയൻ വാക്കിനർഥം കൂടുതൽ ഉയരമുള്ള എന്നാണ്. 1.2- 4 മീറ്റർവരെ ഉയരത്തിൽ വളരുന്ന മണിച്ചോളം മറ്റു ധാന്യവർഗങ്ങളേക്കാൾ പൊക്കമുള്ളതാണ്. വയ്ക്കോലിന്റെ വിളവും കൂടുതലാണ്. നെല്ലിന്റെ വൈക്കോലിനേക്കാൾ സ്വാദും പോഷകാംശവും കൂടും. വൈക്കോലിനുവേണ്ടിമാത്രം മണിച്ചോളം കൃഷി ചെയ്യുന്നുണ്ട്.


തിന (Italian Millet) മഴ കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള അനുയോജ്യ വിളയാണിത്. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മഴ ലഭിച്ചാലും നന്നായി വളർന്നു വിളയും. വളർത്തു പക്ഷികൾക്ക് നൽകാനായി കൃഷിചെയ്യുന്ന ഇത് ശരീരോഷ്മാവ് കുറയ്ക്കാനാകുന്നതിനാൽ പനിമരുന്നായി പണ്ടുമുതൽ നൽകിവരുന്നു. അരിയെക്കാൾ 100 മടങ്ങ് മാംസ്യവും 500 മടങ്ങ് ധാതുക്കളും 400 മടങ്ങ് ഇരുമ്പുമടങ്ങിയിരിക്കുന്നു. കാത്സ്യം ധാരാളമുള്ളതിനാൽ എല്ലുകളുടെ ബലം വർധിപ്പിക്കാൻ ശേഷിയുണ്ട്. തിനയുടെ ജന്മദേശം കിഴക്കൻ ഏഷ്യയാണ്. ആന്ധ്രാപ്രദേശ്, കർണാടക മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കൃഷിയുണ്ട്.

ബാർലി (Barley) തണുപ്പു രാജ്യങ്ങളിലാണ് ബാർലി കൂടുതൽ കൃഷി ചെയ്തുവരുന്നത്. ഉഷ്ണമേഖലയിലും കൃഷി നടത്തുന്നുണ്ട്. റഷ്യ, ചൈന, അമേരിക്ക, ഇന്ത്യ, തുർക്കി, മൊറോക്കോ എന്നീ രാജ്യങ്ങളിൽ കൂടുതൽ കൃഷി ചെയ്തുവരുന്നു. ഒരു മീറ്റർവരെ ഉയരത്തിൽ നേരെ മുകളിലേക്ക് വളരുന്ന സസ്യമാണിത്. വിത്തിന് തവിട്ടുനിറവും കൂർത്ത അഗ്രവുംഉണ്ട്. വിത്തിൽ ആൽബുമിൻ, ഗ്ലോബുമിൻ, ഹാർഡിൻ, ഹാർഡിനിൻ എന്നീ നാലു തരം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു. വിത്ത് ഔഷധപ്രദമാണ്. പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിവയ്ക്ക് ബാർലി മരുന്നായി ഉപയോഗിക്കുന്നു. നവധാന്യങ്ങളിലൊന്നാണ്.


ചാമ (Little millet) വളരെ കുറഞ്ഞ അളവിൽ മാത്രം കൃഷി ചെയ്തുവരുന്ന വിള. പാവപ്പെട്ടവരുടെ ആഹാരമായിട്ടാണ് അറിയപ്പെടുന്നത്. വരൾച്ചയെയും വെള്ളക്കെട്ടിനെയും അതിജീവിക്കാൻ കഴിയും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന വിളയാണ്. ഇന്ത്യയിലും ശ്രീലങ്കയിലും കൃഷി ചെയ്തുവരുന്നു. ഫലപുഷ്ടി കുറഞ്ഞ മണ്ണിലും കൃഷി ചെയ്യാം. ഒരു ഹെക്ടറിൽനിന്ന് 200-500 കിലോവരെ വിളവു ലഭിച്ചേക്കാവുന്ന ധാന്യമാണിത്. മൂപ്പുകൂടിയതും കുറഞ്ഞതുമായ രണ്ടിനങ്ങൾ നിലവിലുണ്ട്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഇന്നും കൃഷി ചെയ്തുവരുന്നു.

നെല്ല് (Paddy or Rice) നെല്ലിനെ ധാന്യവിളകളുടെ രാജാവായി വിശേഷിപ്പിച്ചുവരുന്നു. അമ്ലസ്വഭാവമുള്ള മണ്ണിലാണ് നെല്ലുവളരുക. മറ്റെല്ലാ രാജ്യങ്ങളിലുമുണ്ടെങ്കിലും ഏഷ്യയിലാണ് നെൽകൃഷിക്ക് പ്രാധാന്യം. ലോകത്ത് ആകെ ഉത്പാദിപ്പിക്കപ്പെടുന്ന അരിയുടെ 23% ഇന്ത്യയിൽ നിന്നാണ്. ലോകത്തെ ആകെ നെല്ലുത്പാദനത്തിൽ 60% ഏഷ്യയിലും.

റൈ (Rye) ധാന്യവിളയായും കാലിവിളയായും കൃഷിചെയ്തു വരുന്നു. ധാന്യപ്പൊടിക്കാണ് പ്രിയം. ബിയർ, വിസ്കി, വോട്ക നിർമാണത്തിനും ഉപയോഗപ്പെടുത്തി വരുന്നു. ജർമനിയാണ് ഇന്ന് റൈ കൃഷിയിൽ മുന്നിൽ നിൽക്കുന്നത്. ഹോളണ്ട്, റഷ്യ, ചൈന, ഉക്രൈൻ, കാനഡ എന്നിവിടങ്ങളിലും ഈ കൃഷിയുണ്ട്. ഗോതമ്പുമണിയെക്കാൾ നീളംകൂടിയതാണ് ഈ ധാന്യമണികൾ. റൊട്ടിയുണ്ടാക്കാൻ പ്രധാനമായും ഉപയോഗിച്ചു വരുന്നു. മിതശീതോഷ്ണമേഖലയിൽ വളരുന്ന ധാന്യമാണ്.


നന്ദന
10 A കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം