എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ഗുരുദക്ഷിണ
ഗുരുദക്ഷിണ
ഒരു ഗ്രാമത്തിൽ ഒരു അമ്മയും മകനും താമസിച്ചിരുന്നു. കൂലിവേല ചെയ്താണ് ആ അമ്മ മകനെ വളർത്തിയതും പഠിപ്പിക്കുന്നതും. അവർ താമസിക്കുന്നതും ഒരു ചെറിയ വീട്ടിലായിരുന്നു. ഒരു ദിവസം പണി കഴിഞ്ഞു വന്ന അവന്റെ അമ്മ തളർന്ന് വീണു. അവരെ സഹായിക്കാൻ ആരുമില്ലായിരുന്നു. ചികിൽസ ലഭിക്കാതെ അവൻ്റെ അമ്മ മരണപ്പെട്ടു. അവൻ തനിച്ചായി.സ്കൂളിൽ പോകാതെയുമായി . ഒരു ദിവസം അവനെ തിരക്കി അവൻ്റെ ക്ലാസ് ടീച്ചർ വന്നു. അവൻ്റെ കദനകഥ മനസിലാക്കിയ ടീച്ചർ അവനോട് ക്ലാസിൽ വരാനും പഠിപ്പ് തുടരാനും ആവശ്യപ്പെട്ടു. അവന് വേണ്ട എല്ലാ സഹായവും അവർ ചെയ്തു കൊടുത്തു. ടീച്ചറമ്മേ എന്നാണ് അവൻ അവരെ വിളിച്ചതും. അവർക്കും അവന്റെ സ്നേഹവും ബഹുമാനവും കലർന്ന ആ വിളി ഏറെ ഇഷ്ടമായിരുന്നു. അവൻ മിടുക്കനായി പഠിച്ചു. വാശിയോടെ തന്നെ. പഠിച്ച ക്ലാസുകളിലെല്ലാം ഒന്നാമനായി അവൻ മാറി. അവനിന്ന് സ്വന്തം നാട്ടിലെ അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ്. അവനെ പഠിപ്പിച്ച ടീച്ചർ മക്കളുടെ കൂടെ വിദേശത്തും. ഇടയ്ക്കെങ്കിലും വിളിക്കുമായിരുന്ന ടീച്ചർ പിന്നീട് അവനെ വിളിക്കാതെയുമായി. തിരിച്ചു വിളിച്ചുനോക്കിയെങ്കിലും ആ നമ്പർ ഓഫ് ചെയ്ത നിലയിലായിരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടെ ടീച്ചറുടെ മക്കൾക്ക് പ്രായമായ അമ്മയെ നോക്കാൻ സമയമില്ല. അതു കൊണ്ട് ആരെയും അറിയിക്കാതെ അവർ അമ്മയുമായി നാട്ടിലെത്തി. നാട്ടിലുള്ള വൃദ്ധസദനത്തിൽ വലിയ തുക കൊടുത്ത് അമ്മയെ നോക്കാനേൽപ്പിച്ച സന്തോഷത്തിൽ മക്കൾ മടങ്ങി. ഉറക്കമില്ലാതെ ടീച്ചർ എന്നും കരയുമായിരുന്നു. ഒരു ദിവസം വൃദ്ധസദനത്തിലെ ചികിത്സയ്ക്കായി അവിടെ ചെന്ന അവന് തന്റെ ടീച്ചറമ്മയെ കണ്ടപ്പോൾ പെട്ടന്ന് തിരിച്ചറിയാനായി. അവൻ ഓടിച്ചെന്ന് അവരെ ചേർത്തുപിടിച്ചു. വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എല്ലാം കേട്ട ശേഷം ടീച്ചറമ്മയെ അവൻ കുറേ നേരം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ തന്റെ ജോലി തീർത്ത് ഇറങ്ങുന്പോഴേക്കും അവൻ അവരോട് ചോദിച്ചു. എൻ്റെ അമ്മയായി കൂടെ പോരുമോ എന്ന് . ടീച്ചർക്കും സന്തോഷം അടക്കാനായില്ല. അമ്മയായി അവൻ്റെ വീട്ടിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ കടലോളം സ്നേഹം കാത്തുവെച്ച് അവരെ സ്വീകരിക്കാൻ അവൻ്റെ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |