കുമരങ്കരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങാതിമാർ

ഒരിടത്ത് . ഒരു കാട്ടിൽ . മൂന്നു ചങ്ങാതിമാർ ഉണ്ടായിരുന്നു. ചിന്നു തത്തയും ബാലുക്കരടിയും ചിന്നൻ ആനയും. ഒന്നിച്ചു പഠിച്ചും കളിച്ചും അവർ വളർന്നു .

അങ്ങനെയിരിക്കെ, കുറെ മനുഷ്യർ കാട്ടിലെത്തി. അവർ ചിന്നൻ ആനയെ പിടിച്ചു കൊണ്ടു പോയി. കൂട്ടുകാർക്ക് വലിയ സങ്കടമായി.

ഒരാഴ്ച കഴിഞ്ഞു. ചിന്നു തത്ത വയലിൽ തീറ്റ തേടിപ്പോയി. പിള്ളേരാരോ അവളെ പിടികൂടി. അവളെ അവർ കൂട്ടിലടച്ചു.

പാവം ബാലുക്കരടി. അവൻ ഒറ്റയ്ക്കായി. വർഷങ്ങൾ കടന്നുപോയി.

അങ്ങകലെ ഒരു നാട്ടിൽ, ഒരു ജീവി ജനിച്ചു. ഒരു ചെറിയ ജീവി . കണ്ണുകൊണ്ടു കാണാൻ കഴിയില്ല. ഒരു ഭയങ്കരൻ. പേര് കൊറോണ!

അത് അവിടെ രോഗം പരത്തി. ആളുകൾക്കെല്ലാം രോഗമായി. ആശുപത്രികൾ നിറഞ്ഞു. ആളുകൾ മരിച്ചു വീണു. ശവക്കോട്ടകൾ നിറഞ്ഞു. അസുഖം ലോകമാകെ പടർന്നു. വലിയ മഹാമാരിയായി മാറി.

നാട്ടിലും കൊറോണയെത്തി. കൊറോണയെ തുരത്താൻ നാട്ടുകാരെല്ലാം വീട്ടിലിരുന്നു. ആനക്ക് ഇനി എങ്ങനെ തീറ്റി കൊടുക്കും? ആനക്കാരന് വിഷമമായി. അയാൾ ചിന്നനെ കാട്ടിലേക്കു തിരിച്ചു വിട്ടു.

ചിന്നൻ കാട്ടിൽ മടങ്ങിയെത്തി. ബാലുക്കരടിക്ക് സന്തോഷമായി. ചിന്നനും.

വീടിനകത്തിരുന്നു കുട്ടൻ മടുത്തു. പുറത്തിറങ്ങാൻ വയ്യ. കളിക്കാൻ വയ്യ. എങ്ങും പോകാൻ വയ്യ. അടച്ചിട്ടിരിക്കുന്നതിന്റെ വിഷമം അവനു മനസ്സിലായി. അവൻ ചിന്നു തത്തയെ തുറന്നു വിട്ടു. അവൾ പറന്നു പറന്നു കാട്ടിലെത്തി.

കൂട്ടുകാരെ കണ്ടു. ഒരു വയസ്സൻ കരടി. കണ്ണിനു കാഴ്ചയില്ല. ഒരു വയസ്സൻ ആന. കാതു കേൾക്കില്ല. അവർക്കു കൂട്ടായി പല്ലില്ലാത്ത ഒരു വയസ്സി തത്തയും .

എഡ്‌ വിൻ ജോബി
ക്ലാസ് 4, ഗവ. എൽ.പി. സ്കൂൾ കുമരങ്കരി, വെളിയനാട് , ആലപ്പുഴ
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ