കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു പഞ്ഞമാസം...
ഓർമ്മയിൽ ഒരു പഞ്ഞമാസം...
"എന്തിനാ മാമൻ ഒച്ചവയ്ക്കുന്നത് ?" എന്റെ ചോദ്യം അമ്മ കേട്ടതായി ഭാവിക്കാതെ പാറിപ്പറന്നു കിടന്ന എന്റെ മുടിയൊതുക്കി കളിക്കാൻ പറഞ്ഞു വിട്ടു.
കുറച്ചു ദിവസമായി ഒരു മൂകത . വീട്ടിലും നാട്ടിലും തളം കെട്ടി നില്കുന്നു. ആളില്ല. ആരവമില്ല. കാവിലെ ഉത്സവത്തിന് നാട്ടുകാർ പോകുന്നത് കാണാനില്ല. എഴുന്നള്ളത്ത് വരുന്ന ദിവസം മുൻകൂട്ടി അറിയിക്കാനെത്തുന്ന കരക്കാരെ ഇത്തവണ കണ്ടില്ല.പക്ഷികളെ വിരളമായേ കാണാനുള്ളൂ. സ്കൂളിൽ പോകുമ്പോൾ വീടിനപ്പുറം കാണാറുള്ള നായ്ക്കൾ എവിടെപ്പോയി? അടുത്തള്ള "നാണുവേട്ടന്റെ" പലചരക്ക് കടയിൽ സാധനം കടം വാങ്ങാൻ വല്ലപ്പോഴും അമ്മ അയയ്ക്കുമായിരുന്നു. ഈയിടെ അതും അമ്മ മറന്നിരിക്കുന്നു. എന്തു പറ്റി ഈ നാടിന്? -ഞാൻ ഓർത്തു. അപ്പുപ്പൻ മരിച്ചതുകൊണ്ട് കടകൾ അടച്ചതാവാം. .. .. എങ്കിലും. അത് കുറച്ചു ദിവസമായതല്ലേ. വഴി നടത്തക്കാരെയും കാണാനില്ല. ഇന്നോ......? അപ്പുപ്പന്റെ ചെറുപ്പത്തിൽ നാട്ടിൽ ഒളിച്ചു കഴിയേണ്ട കാലം പറഞ്ഞു തന്നിട്ടുണ്ട്. "കൂട്ടം കൂടരുത്, ആയുധം കയ്യിൽ സൂക്ഷിക്കരുത്."
കുതിരപ്പുറത്താണത്രേ പട്ടാളം വരുന്നത്. കുതിരയെ പുരയിടത്തിൽ ചാടിയ്ക്കും - ആയുധം വല്ലതും കഴിച്ചിട്ടിരിക്കുന്നെങ്കിൽ കണ്ടു പിടിക്കാൻ.വീട്ടിലെ അട്, കോഴി മുതലായ ഉടമസ്ഥന് അരുമയായ വയെ നോക്കി നില്ക്കേ പട്ടാളം കൊണ്ടു പോകും. -എതിർത്താൽ വീട്ടിലെ ആണുങ്ങളെയും " " അപ്പോ അവരെ തിരികെ വിടില്ലേ?" ഞാൻ ചോദിച്ചു. ബ്രിട്ടീഷുകാർക്കെതിരെ സംസാരിക്കുന്നവർ തിരികെ വരാറില്ല. അപ്പുപ്പൻ തുടർന്നു. സന്ധ്യയാകുമ്പോൾ സ്ത്രീകളെല്ലാം വിളക്ക് കെടുത്തി ഇരുട്ടത്തിരിക്കും. വെളിച്ചം കണ്ട് പട്ടാളം വരാതിരിക്കാൻ. എങ്കിലും പലരേയും കാണാതായി. പലരും ആത്മഹത്യ ചെയ്തു ചിലർ പുഴകളിൽ ഒഴുകി നടന്നു. അപ്പൂപ്പൻ .....? ഞാൻ വീണ്ടും ആകാംക്ഷയോടെ ആ മുഖത്തേക്ക് നോക്കി. അപ്പുപ്പനും രണ്ടു മൂന്നു കൂട്ടുകാരും ഒളിവിലായിരുന്നു.;പാറക്കൂട്ടങ്ങൾ നിറഞ്ഞ ഒരു ദേശത്ത്. വല്ലപ്പോഴും ആഹാരം. പുറത്തേയ്ക്കിറങ്ങാനാവില്ല. കണ്ടാൽ പട്ടാളം വെടിവയ്ക്കും. അക്കാലത്തെ ഭീതി അപ്പുപ്പന്റെ മുഖത്ത് നിഴലിക്കുന്നത് ഞാൻ കണ്ടിരുന്നു. "മോളുറങ്ങിക്കോ" അപ്പുപ്പന്റെ മടിയിൽ കിടന്ന് അന്ന് ഉറങ്ങിപ്പോയി. മറ്റൊരിക്കൽ ഭുതത്താന്റെ കഥ പറയുന്ന കൂട്ടത്തിൽ യുദ്ധകാല ഓർമകളിലേയ്ക്ക് അപ്പുപ്പൻ ഊളിയിട്ടു. "പഞ്ഞമാസം" - അതെന്താ?- എന്നു ഞാൻ - ഒന്നും കിട്ടാനില്ലാത്ത കയ്യിൽപണവും ആഹാരവും ഇല്ലാത്ത കാലം അപ്പുപ്പൻ പറഞ്ഞ ആ കാലം ഇതുപോലെ ആയിരിക്കാം. ഞാൻ ഓർത്തു. ഇന്ത്യാ-പാക് യുദ്ധകാലം. അപ്പുപ്പൻ തുടർന്നു. നാട്ടിൽ ക്ഷാമം. അതിർത്തിയിൽ ധീര ജവാന്മാർ പോരാടുന്നു. നാട്ടിൽ അവർക്കു വേണ്ടി വീടുകളിലിരുന്ന് പ്രാർത്ഥന.. ഒടുവിൽ ജയം. പക്ഷേ... അപ്പുപ്പന്റെ ശബ്ദമിടറി. - ഒരുപാട് പട്ടാളക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക്... : യുദ്ധവും ക്ഷാമവും തമ്മിൽ ... ഞാൻ ചോദിച്ചു. അപ്പുപ്പൻ കുഞ്ഞു ഭാഷയിൽ എല്ലാം വിശദമാക്കി. പിന്നെ കഥ പറയാൻ അപ്പുപ്പനെ ഇവിടേയ്ക്ക് കണ്ടിട്ടില്ല. "കിടപ്പായത്രേ. യാത്ര പറ്റില്ല. കാണണം"" -അമ്മാവനാണ് വന്ന് പറഞ്ഞത്. നാളുകൾ കഴിഞ്ഞു. പിന്നെ കാണുന്നത് നിലത്ത് വെള്ളപുതച്ചു കിടക്കുന്ന അപ്പുപ്പനെയാണ്. അച്ഛനെ അവിടെങ്ങും കണ്ടില്ല. - അറിയിക്കണ്ടാന്നു വച്ചു. -എന്നാലും - ഒന്നുമില്ല. ദൂരെ നില്ക്കുന്നവരെ ക്കൂടി വിഷമിപ്പിച്ചിട്ട്.... -അത് ശരിയാണ്. - എന്ത് ശരി? നാളെ ചോദ്യം വരും. ആരും പിന്നെ അതേറ്റു പിടിച്ചില്ല. വലിയ കരച്ചിലിനൊടുവിൽ
അപ്പുപ്പൻ ഓർമയായി. രണ്ടുനാൾ കഴിഞ്ഞാണ് അവിടെ നിന്നും തിരിച്ചത്.അതിനിടെ കലഹങ്ങൾ, കരച്ചിൽ.... ആരോ പറഞ്ഞ് അച്ഛൻ മരണം അറിഞ്ഞു പോലും. യാത്രാ സൗകര്യമില്ലാത്തതിനാൽ അറിയിച്ച് വിഷമിപ്പിക്കേണ്ടന്ന് കരുതിയതായി അമ്മാവൻ . അതു ശരിയായില്ലെന്ന് ഇളയച്ഛൻ. വീട്ടിലേയ്ക്കുള്ള വഴിയ്ക്കപ്പുറം നോക്കി ജനാലയ്കരികിൽ ഞാനിരുന്നു. നാട്ടിൽ പട്ടിണിയാണ്. ആളുകൾ ഇത്തവണ പട്ടാളത്തെയല്ല ഏതോ രോഗത്തെ ഭയക്കുന്നു. ഒന്നിച്ചു നടന്നവർ അകലം പാലിക്കുന്നു. ദീർഘനാൾ കാണാതിരുന്നവർ പരസ്പരം പുണർന്ന് സ്നേഹം പങ്കുവയ്ക്കുന്ന കാഴ്ച മറഞ്ഞിരിക്കുന്നു. പകരം പരസ്പരം തൊഴുത് ബഹുമാനിക്കുന്നു. എല്ലാവരും വീട്ടിനുള്ളിലിരിക്കുന്നു. ചില ചേട്ടന്മാർ പൊതിച്ചോറുമായി വീടുകളിൽ കയറുന്നു. "അമ്മാവൻ പോയി " അമ്മയാണ് പിറകിൽ വന്നു പറഞ്ഞത്.അനുജനെ ഞാൻ അടുത്ത് പിടിച്ചിരുത്തി വീണ്ടുംവിദൂരതയിലേയ്ക്ക് നോക്കി ഞാനിരുന്നു. ഓർമയിൽ സൂക്ഷിക്കാൻ എനിക്കും ഒരു പഞ്ഞമാസക്കാലം. പൊതിയുമായി വരുന്ന ചേട്ടന്റെ കാലൊച്ചയ്ക്കായി ഞാനിരുന്നു. - അമ്മയുടെ മുഖത്ത് സന്തോഷം മിന്നുന്നത് കാണാൻ മാത്രം. -
|