കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
അതിഥി


ആകാശത്തേക്ക് ഞാനെന്റെ കണ്ണുകളെ നട്ടുപിടിപ്പിച്ചു. ജീവിതത്തിൽ ഒരിക്കലും വിട്ടു പിരിയാതെ, ഒരാത്മാർത്ഥ സുഹൃത്തിനെപ്പോലെ എന്റെ കൂടെ നിൽക്കുന്ന ഒന്നേയുള്ളു, വിരസത. വിരസതയുടെ മൂർദ്ധന്യാവസ്ഥയിൽ ഇതുപോലെ ഒന്നുമില്ലായ്മയുടെ അനന്തമായ സാധ്യതയിലേക്ക് കണ്ണും നട്ട്, ആകെയുള്ള സമ്പാദ്യമെന്ന നിലയിൽ എന്റെ തീരാത്ത ഭാവനാലോകത്തെ വെള്ളവും വളവും കൊടുത്തു വളർത്തി വലുതാക്കി, ഒടുവിലത്‌ തളിരിട്ട് പൂത്തുലഞ്ഞങ്ങനെ നിൽക്കും.

മുന്നാ...

സാധാരണ ഗതിയിൽ സ്വന്തം പേര് ആരെങ്കിലും ഇങ്ങനെ വിളിച്ചു കൂവിയാൽ ആരായാലും ഞെട്ടും. അല്ല, അതാണല്ലോ അതിന്റെ ഒരു രീതി. പക്ഷെ ഞാൻ ഞെട്ടാൻ വേണ്ടി മാത്രം ഇതിലൊന്നുമില്ല. ഇത് പോലെ എന്റെ ഭാവനാലോകം പൂത്തുലഞ്ഞു നിൽക്കുമ്പോഴൊക്കെ ഒരു നീട്ടിവിളി, അല്ലെങ്കിൽ ഏതെങ്കിലും ചാവാലിപ്പശുവിന്റെ തൊണ്ട മുറിഞ്ഞ പോലുള്ള മുക്രിയിടൽ, ഇവ വൻവൃക്ഷമായി വളരേണ്ട എന്റെ ഭാവനയെ ഏതെങ്കിലും കൂട്ടിനുള്ളിൽ ഒതുക്കാൻ നിർബന്ധിതനാക്കും. കഷ്ടം !

എന്തായാലും വിളിച്ചത് വീടിനുള്ളിൽനിന്നും അമ്മൂമ്മയാണ്. എനിക്കാകെയുള്ള രണ്ടു രക്തബന്ധങ്ങളിലൊന്ന്. അവർക്ക് കാലനെ ഒത്തിരി ഇഷ്ടമാണ്. കാലൻ ഏതു പാതിരാത്രി വന്നു വിളിച്ചാലും താൻ ഇറങ്ങിപ്പോകും എന്നു എപ്പോഴും പറയും. ഇപ്പറഞ്ഞ വ്യക്തി അടുത്തെങ്ങാനും വന്നമ്മൂമ്മയെ വിളിയ്ക്കുമെന്നെനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിനുപോലും വേണ്ടാത്തവരാണ് ഇവിടെയുള്ളത്. സത്യത്തിൽ ഒരു യുക്തിബോധവുമില്ലാത്ത ഒരു വ്യക്തിയാണ് ഇദ്ദേഹം എന്നാണ് എന്റെ വിലയിരുത്തൽ. ഇവിടെയൊക്കെ ഒരാൾ ചാകാൻ തയ്യാറായി, പൂർണ്ണസമ്മതത്തോടെ കാത്തിരുന്നാലും പുള്ളിക്കാരൻ ഇങ്ങോട്ട് തിരിഞ്ഞുനോക്കില്ല. എന്നാലോ വലിയ പട്ടണങ്ങളിൽ എല്ലാവിധ സുഖസൗകര്യങ്ങളിലും സന്തോഷത്തോടെ, കൊലയും കള്ളപ്പണവുമൊക്കെയായി സമാധാനത്തോടെ ജീവിക്കുന്ന പാവം പണക്കാരൻ പയ്യൻമാരെ എത്ര യുക്തിബോധമില്ലാതെയാണ് കൊണ്ടുപോകുന്നത്.

എന്തായാലും ഇദ്ദേഹത്തെ കാണുകയാണെങ്കിൽ ഒരു സഹായിയായെങ്കിലും കൂടെ നിർത്തുന്ന കാര്യം സംസാരിക്കണം. അങ്ങനെ അദ്ദേഹത്തെ പതുക്കെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കണം. അമ്മൂമ്മയുടെ കാര്യവും പറയണം. ക്ഷമിക്കണം, ഞാൻ അല്പം പരുക്കനായാണ് സംസാരിക്കുന്നതെന്നറിയാം. എന്തുചെയ്യാം, അതെന്റെ ജന്മവാസനയായിപ്പോയി. പിന്നെ ഇവിടെ ഇങ്ങനെ കഴിയുന്ന എന്നിൽനിന്നും നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? രബീന്ദ്രനാഥ ടാഗോറിന്റെ കവിതയോ, അത് നടപ്പുള്ള കാര്യമല്ല.

ഞാൻ വീടിനുള്ളിലേക്ക് ചെന്നു. വീടെന്നു പറയുമ്പോൾ കെട്ടുറപ്പുള്ളൊരു കെട്ടിടമെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം. കാറ്റത്തു പറന്നു പോകാൻ തയ്യാറായി നിൽക്കുന്ന, മഴ പെയ്യുമ്പോൾ വീടിനുള്ളിൽ ഒരു നീന്തൽകുളം നിർമ്മിക്കാൻ കഴിയുന്ന ചെറ്റക്കുടിലുകളാണ് ഈ ഗ്രാമം മുഴുവനും. കഴിഞ്ഞ തവണ മഴ പെയ്തപ്പോൾ വീട്ടിനുള്ളിലെ വെള്ളം നിലനിർത്തി, ഒരു നീന്തൽകുളം ഉത്ഘാടനം ചെയ്യുന്നതിനെപ്പറ്റി ഞാൻ രൺവീറുമായി ചർച്ച ചെയ്തു. അങ്ങനെ ചുളുവിൽ എന്തെങ്കിലും ലാഭമുണ്ടാക്കാമെന്നും കരുതി. പക്ഷെ കുട്ടികൾക്ക് കളിക്കുവാൻ ഇഷ്ടം പോലെ ചെളിക്കുളങ്ങൾ ഗ്രാമം മുഴുവനും ഉണ്ടെന്ന് ഓർമിപ്പിച്ചത് അവനാണ്. അങ്ങനെ ആ ബുദ്ധി ഞാനവിടെ ഉപേക്ഷിച്ചു.

ഈ രൺവീർ എന്റെ അയൽക്കാരനും സുഹൃത്തുമൊക്കെയാണ്. എനിക്ക് ആത്മാർത്ഥ സുഹൃത്തുക്കളില്ല, താല്പര്യവുമില്ല. ആത്മാർഥത എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. അപകടങ്ങളെ മനഃപൂർവം വിളിച്ചു വരുത്തുന്നതിനോട് എനിക്ക് താല്പര്യമില്ല. പറഞ്ഞു വന്നതിൽ നിന്നും വിട്ടുപോയി. ക്ഷമിക്കണം, ഇങ്ങനെ പറഞ്ഞുവന്നതിൽനിന്നും വ്യതിചലിച്ചു പോവുക എന്നത് എന്റെ ഒരു ദുഃസ്വഭാവമാണ്. നിന്നനില്പിൽ കാലുമാറുക എന്നതും എന്റെ ദുഃസ്വഭാവങ്ങളിൽ ഒന്നാണ്. ഏതായാലും രൺവീറിനോട് എനിക്ക് ചെറിയ അസൂയയുണ്ട്. അതിനുകാരണം അവന്റെ പേരാണ്. ഈ പരിസരത്തെങ്ങും ഇത്ര ഭംഗിയുള്ള പേരുള്ളവരില്ല. രൺവീർ, ഹാ ! എത്ര ഗംഭീരമായ പേര്. ഈ പേരുള്ളതുകൊണ്ടു മാത്രം, അതുകൊണ്ടു മാത്രം എനിക്കവനോട് കുറച്ചു ബഹുമാനവുമുണ്ട്. അവന്റെ അച്ഛനമ്മമാർ അവനുകൊടുത്ത ഒരേ ഒരു നല്ല കാര്യം ഇതുമാത്രമാണ്. പക്ഷെ, ഈ ഗ്രാമത്തിലെ ആളുകൾ രൺവീർ എന്നവനെ വിളിക്കാറില്ല. അവനെ വീരു എന്നാണ് എല്ലാവരും വിളിക്കുക. ഇതും ഈ ഗ്രാമത്തിന്റെ വലിയ ഒരു പ്രശ്നമാണ്. ഇവിടെയുള്ള എല്ലാവരും ഒരുപോലെ തെണ്ടിപ്പരിശകളായിരിക്കണം എന്നാണ് ഇവിടത്തുകാരുടെ നയം. ഒരുത്തന്റെ വ്യക്തിത്വം എടുത്തുമാറ്റി, അവന് പുതുതായി, വളരെ വൃത്തികെട്ട ഒരെണ്ണം നൽകുക, എന്നിട്ട് അതിൽ അഭിമാനിക്കുക. എന്തൊരു വൃത്തികെട്ട വിരോധാഭാസം. അവനെ വീരു എന്നു വിളിക്കുന്നതിൽ അല്പം ആനന്ദം ഞാൻ എവിടെയോ കണ്ടെത്തിയിരുന്നെങ്കിലും ഈ ചെളിപുരണ്ട ഗ്രാമവാസികളോട് കടുത്ത പുച്ഛവും ദേഷ്യവും എനിക്കുണ്ടായിരുന്നു.

അമ്മൂമ്മ ചോദിച്ച ചൂടുവെള്ളം എടുത്തു കൊടുത്തശേഷം ഞാൻ വീണ്ടും വീടിന്റെ മുന്നിൽ വന്നുകുത്തിയിരുന്നു. മുറ്റത്ത്‌ അനുജത്തി പശുവിന് വെള്ളം കൊടുക്കുന്നു. എന്റെ ആകെയുള്ള രണ്ടു രക്തബന്ധങ്ങളിൽ രണ്ടാമത്തേത്. അവൾ എന്റെ അനുജത്തിയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ചാകാൻ കിടക്കുന്നവന് പേരിന്റെ അറ്റത്തെ ജാതിപ്പേര് നോക്കിയിട്ട് വെള്ളം കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കുന്ന വർഗീയവാദികളുള്ള, എവിടെനോക്കിയാലും ചെളിയും ചെറ്റക്കുടിലും മാത്രമുള്ള, നേരെചൊവ്വേ ഭക്ഷണം കിട്ടാതെ വയറിളകിയ പശുവിന്റെ ചാണകത്തിന്റെ ഗന്ധം നിറഞ്ഞ, ഈ ഗ്രാമത്തിൽനിന്നും രക്ഷപ്പെടുന്നതിനെപ്പറ്റി അവളെപ്പോഴും സ്വപ്നം കാണാറുണ്ട്. അങ്ങനെ ഈ ഗ്രാമത്തിലെ ആളുകളോടുള്ള പ്രതിഷേധമെന്നോണം അവളാൽ കഴിയുന്നതൊക്കെ അവൾ ചെയ്യാറുമുണ്ട്. ഗ്രാമത്തിലെ മുഖ്യ വർഗീയവാദികളിൽ ഒരുത്തൻ നടന്നുപോയപ്പോൾ നന്നായൊന്നു കാർക്കിച്ചു തുപ്പിയ അവളെക്കണ്ടു സന്തോഷിച്ചിരുന്നപ്പോൾ അവൾ വെള്ളം കൊടുത്തുകൊണ്ടിരുന്ന പശു ചാണകമിട്ടു. വേറൊരു പണിയുമില്ലാത്തതുകൊണ്ടു കുറച്ചുനേരം ഞാൻ അതിലേക്കു നോക്കിയിരുന്നു. ചാണകത്തിന് പട്ടണത്തിലിപ്പോൾ വലിയ ആവശ്യകത ആണെന്നാണ് അറിഞ്ഞത്. ചാണകത്തിനെ പുച്ഛിച്ചു തള്ളിയിരുന്നവർ ഒടുവിൽ ഇതാ അതിന്റെ മഹത്വം തിരിച്ചറിഞ്ഞിരിക്കുന്നു.

ഞങ്ങളുടെ ഗ്രാമത്തിൽ, മനുഷ്യരെ ഒന്നു ഭക്ഷണം കഴിക്കുവാൻ പോലും അറപ്പിച്ചിരുന്ന ചാണകത്തിന്റെ സുഗന്ധം, അവരെ ഉന്മത്തരാക്കുന്നു. പ്രത്യേകിച്ചു ചില രാഷ്ട്രീയക്കാരെ. അതു പറഞ്ഞപ്പോഴാണ് ഓർത്തത്, ഈ ചാണകവും ഗോമൂത്രവുമൊക്കെ കയറ്റി അയക്കുന്ന ഒരു ചാണക ഫാക്ടറി തുടങ്ങുന്നതിനെപ്പറ്റിയും അത് വൻവിജയമാകുന്നതിനെപ്പറ്റിയും ഒടുവിൽ ഞാൻ രാക്ഷ്ട്രീയക്കാരുടെ കണ്ണിലുണ്ണി ആകുന്നതിനെപ്പറ്റിയും അങ്ങനെ എന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുന്നതിനെ പറ്റിയും ഞങ്ങൾ, അതായത് വീരുവും ഞാനും ചർച്ച ചെയ്തിരുന്നു. പക്ഷെ നിന്ന നിൽപ്പിൽ കാലു മാറുക എന്നത് എന്റെ മാത്രം സ്വഭാവം അല്ലെന്നും എപ്പോഴാണ് ചാണകം മാറി ആനപ്പിണ്ഡം വരുന്നതെന്ന് പറയാനാകില്ലെന്നും വീരുവാണ് എന്നെ ഓർമിപ്പിച്ചത്. പാവം വീരു, അവനെന്റെ ഭാവിയിൽ എത്ര മാത്രം ജാഗരൂകനാണ്. എന്റെ പ്രവർത്തന മേഖലകളിലൊന്നും ഒരു പാളിച്ചയും ഉണ്ടാകരുതെന്ന് അവന് വളരെ നിർബന്ധമുണ്ട്. അതുകൊണ്ട് ഞാൻ ഓരോ പുതിയ ചിന്തയുമായി അവനെ സമീപിക്കുമ്പോഴും അതിന്റെ സുരക്ഷിതമല്ലാത്ത വശങ്ങൾ അവൻ എന്നെ ഓർമിപ്പിക്കാറുണ്ട്. എന്തൊരു ആത്മാർഥത !പക്ഷെ ഈ പറഞ്ഞത് എനിക്ക് ഇല്ലാതായിപ്പോയല്ലോ എന്ന തീരാത്ത സങ്കടം എനിക്കുണ്ട്.

എന്തായാലും എന്റെ ഭാവി സുരക്ഷിതമാക്കാൻ മറ്റു വഴികൾ ആലോചിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചിന്തിച്ചു ചിന്തിച്ചിരുന്നപ്പോഴാണ് സാധുക്കിന്റെ വീട്ടിൽ നിന്നും നിലവിളി കേൾക്കുന്നത്. ആരെല്ലാമോ നിലവിളിക്കുന്നു. ഞങ്ങളോടിച്ചെന്നു നോക്കിയപ്പോൾ ഞങ്ങളെപ്പോലെ തന്നെ ഗ്രാമത്തോട് വളരെയധികം പ്രതിബദ്ധത ഉള്ള ഒരു പറ്റം ആളുകൾ അവിടെ നേരത്തെ തന്നെ കൂട്ടം കൂടി പിറുപിറുക്കുന്നുണ്ട്. ഒട്ടും അസാധാരണത്വം ഇല്ലാത്ത, വളരെ പരിചിതമായ ആ രംഗങ്ങൾ വച്ചു നോക്കിയപ്പോൾ ഞങ്ങൾക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടി.

ഈ സാധുക്ക് പുറത്ത് പട്ടണങ്ങളിലൊക്കെ ആളുകളെ ജോലികൾക്കെത്തിക്കുന്ന ഒരു ഏജന്റാണ്. ഇവിടെ നിന്ന് ഒരുപാട് പേരെ അയാൾ വിവിധ ഇടങ്ങളിൽ ജോലിക്കായി അയക്കാറുണ്ട്. പുറത്ത് ഇയാൾക്ക് പല ഉന്നതരുമായും അടുത്ത ബന്ധം ഉണ്ടെന്നാണ് കേൾവി. ഈ ഗ്രാമത്തിൽ കുറച്ചെങ്കിലും പ്രായോഗികവും പുരോഗമനപരവുമായ ചിന്താഗതിയുള്ള ആളെന്ന ഒരേ ഒരു കാരണത്താൽ അയാളോടെനിക്ക് കുറച്ചു മതിപ്പുണ്ടായിരുന്നു. ഒരു തവണ ഞാനും ഇയാളുടെ കീഴിൽ പട്ടണത്തിൽ ജോലിക്കായി പോയിട്ടുണ്ട്. അന്നാണ് ഞാൻ ആദ്യമായി പട്ടണത്തിലേക്ക് പോകുന്നത്. ഇവിടുത്തെതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് അവിടുത്തെ രീതികളെന്നും ആ രീതികളെ കുറിച്ചും ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ. പക്ഷെ, ജീവിത ശൈലികൾ കൊണ്ടും കർമ്മം കൊണ്ടും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഈ രണ്ടു പ്രദേശത്തേയും അറിഞ്ഞ വ്യക്തി എന്ന നിലയിൽ, തീർച്ചയായും രണ്ടിടത്തേയും താരതമ്യം ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നു. അപ്പോൾ എനിക്കു മനസ്സിലായ രണ്ടു കാര്യങ്ങൾ ഞാനിവിടെ പറയാം. പുറംചട്ടയിൽ ഇവ രണ്ടിനും പൊതുവായി എന്തെങ്കിലും ഉണ്ടെങ്കിൽ, അത് ഇവ രണ്ടും ഭൂമിയിലാണ് എന്നത് മാത്രമാണ്. പക്ഷെ അന്തർമുഖത്തിൽ ഇവ രണ്ടിനും പല തരത്തിലുള്ള സാധ്യതകളും പരിമിതികളും ഒരുപോലെ വീതിച്ചു നൽകിയിട്ടുണ്ട്.ഇവ രണ്ടിന്റെയും സന്തുലിതമായ സംഭാവനകളാണ് ഒരു രാഷ്ട്രത്തെ വികസനത്തിലേക്ക് നയിക്കുന്നത്. ഗ്രാമത്തിലെ വായുവിനു മുഴുവനും ചാണകത്തിന്റെയും വീടുകളിലെ ശൗചാലയങ്ങളിൽനിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെയും ഗന്ധമുണ്ടായിരുന്നെങ്കിലും അതു ശ്വസിച്ച്‌ ആരും രോഗികളായിട്ടില്ല. എന്നാൽ പട്ടണത്തിൽ ആയിരുന്ന ആദ്യ ദിവസങ്ങളിൽ ഞാൻ നന്നായി ശ്വസിക്കുവാൻപോലും ബുദ്ധിമുട്ടിയിരുന്നു. ശ്വസിക്കുന്നത് മുഴുവനും ഫാക്ടറികളിൽനിന്നും ചീറിപ്പായുന്ന വാഹനങ്ങളിൽനിന്നും പുറന്തള്ളുന്ന മാലിന്യവും. പട്ടണത്തിലെവിടെയും ചൂടുകാറ്റാണ്‌. സൂര്യൻ തലക്കുമുകളിൽ വന്നാണ് നിൽക്കുന്നത്.

ഗ്രാമത്തിൽ ഞാൻ ശ്രദ്ധിക്കാതെതന്നെ എന്നെ എപ്പോഴും കടന്നുപോയിരുന്ന തണുത്തകാറ്റിനെക്കുറിച്ച് ഞാൻ അപ്പോഴാണ് ശ്രദ്ധാലുവാകുന്നത്. ഗ്രാമത്തിൽ ഓരോ വീടിന്റെയും മുന്നിലെ മരങ്ങൾക്കിടയിലൂടെ വല്ലപ്പോഴും എത്തി നോക്കിയിരുന്ന സൂര്യന്റെ ഭംഗി ഇങ്ങ് പട്ടണത്തിലെത്തിയപ്പോൾ ഒരു അസ്സഹനീയമായ ദുഃസ്വപ്നമായി മാറി. മണിക്കൂറുകളോളം പണിയെടുത്ത ശേഷം അല്പം തണലിനായി അലയേണ്ട അവസ്ഥ. പക്ഷെ, അതേ സമയം ഞങ്ങൾ പട്ടണത്തിൽ കിടന്നുറങ്ങുമ്പോൾ ഏതെങ്കിലും മൃഗങ്ങൾ ഞങ്ങളുടെ തലയിലൂടെ ഇഴഞ്ഞു പോകുന്നതിനെ പറ്റി ദുഃസ്വപ്നം കാണേണ്ടി വരാറില്ല. മഴയത്തും കാറ്റത്തും വീടിടിഞ്ഞു സ്വന്തം തലയിൽ കൂടി വീഴുമോ എന്ന് പേടിക്കേണ്ടതുമില്ല. ഇവിടെ കുട്ടികൾക്ക് ചെളിക്കുളങ്ങളിൽ കളിക്കേണ്ടി വരാറില്ല,അവർക്ക് നീന്തൽ കുളങ്ങളുണ്ട്. ഇവിടെയുള്ള വിദ്യാലയങ്ങളിൽ ശുചിത്വത്തെക്കുറിച്ചു പഠിപ്പിക്കാറുള്ളത് കൊണ്ട് അവർ അതിനെക്കുറിച്ചു ബോധവാന്മാരാണ്. പട്ടണത്തിൽ വരുന്ന ഓരോ മനുഷ്യനും ഇവിടെ ഒരുപാട് തൊഴിൽ അവസരങ്ങളുണ്ട്. അഥവാ ഇല്ലെങ്കിലും അത് സ്വന്തമായി കണ്ടെത്തുവാനുള്ള അവസരങ്ങളുണ്ട്. അതിനാൽ പ്രത്യേക കാരണങ്ങൾ ഇല്ലാതെ ഇവിടെയാരും പട്ടിണിയാൽ മരിക്കാറില്ല. പക്ഷെ, ഗ്രാമത്തിലെ സ്ഥിതി അങ്ങനല്ല. ആർക്കെങ്കിലും എന്തെങ്കിലും രോഗം പിടിപെട്ടാൽ ഒന്നുകിൽ അയാൾ ഭാഗ്യം കൊണ്ട് രക്ഷപ്പെടണം. അല്ലെങ്കിൽ , അടിസ്ഥാന ചികിത്സാ രീതികൾ കൊണ്ട് ഭേദമാകുന്ന രോഗമായിരിക്കണം. ഇവ രണ്ടുമല്ലെങ്കിൽ അസുഖം മൂർച്ഛിച്ചു മരിക്കുമെന്നുറപ്പ്. സാധുക്കിനു സംഭവിച്ചിരിക്കുന്നതും അതു തന്നെയാണ്. അയാളുടെ മകൻ കുറച്ചു നാളായി ഏതോ രോഗം പിടിപെട്ട് കിടക്കുകയായിരുന്നു. പത്തു വയസ്സോളം മാത്രമുള്ള ഊർജസ്വലനായ ഒരു കുട്ടിയായിരുന്നു അവൻ. ഇടയ് ക്കെപ്പോഴോ ബോധം കെട്ടു വീണു. ഹൃദയമിടിപ്പ് കുറയുന്നത് ആരോ കണ്ട് പിടിച്ചു. മരിച്ചെന്ന് കരുതിയെങ്കിലും അവൻ കണ്ണ് തുറന്നു. പിന്നെയങ്ങോട്ട് ഹൃദയമിടിപ്പ് കൂടിയും കുറഞ്ഞും വന്നു,കിടപ്പിലായി.

എന്താണ് രോഗമെന്ന് പോലും കണ്ടെത്തിയില്ല. സാധുക് പിടിപാടുള്ള ആളാണെന്നതിനാൽ ആ ബന്ധങ്ങൾ വച്ച് കുട്ടിയെ ചികിൽസിക്കാൻ വഴികൾ കണ്ടെത്താൻ പലരുമയാളെ ഉപദേശിച്ചു. പക്ഷെ, പലപ്പോഴും നിസ്സഹായനായി, തന്റെ മകനെ മരണത്തിലേക്ക് പറഞ്ഞയക്കുന്ന ഒരച്ഛന്റെ കുറ്റബോധത്തോടെ നിൽക്കുന്ന അയാളെ ഞാൻ കണ്ടിട്ടുണ്ട്. ഇനിയും ആ കുറ്റബോധം അയാളെ തിന്നുന്നതിനു മുൻപ് അയാളുടെ മകൻ അയാളെ എന്നെന്നേക്കുമായി രക്ഷപ്പെടുത്തിയിരിക്കുന്നു. അയാൾ ദാസവേല ചെയ്ത പ്രമാണിമാരും ഉന്നതരുമൊക്കെ അയാളെ തിരിഞ്ഞൊന്നു നോക്കാൻ പോലും മടി കാണിക്കുന്നതാണോ അതോ അതൊക്കെ വെറും നുണയാണോ. ഏയ്‌, അതു നുണയാവില്ല. കാരണം, എങ്കിൽപ്പിന്നെ ഞാൻ ഇന്നീ കാണുന്ന നിലയിൽ എത്തില്ലായിരുന്നല്ലോ.

എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട, അല്ലെങ്കിൽ എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവത്തെപ്പറ്റിയാണ് ഞാൻ ഇനി പറയാൻ പോകുന്നത്. എന്റെ കഴിവും ദൃഢനിശ്ചയവും കൊണ്ട് തന്നെയാണ് ഇവിടെ വരെ എത്തിയതെന്ന് ഞാൻ സ്വയം അഹങ്കരിക്കുന്നുണ്ടെങ്കിലും, ക്ഷമിക്കണം അതെന്റെ മറ്റൊരു ദുഃസ്വഭാവമാണ്.സത്യത്തിൽ ജീവിതത്തിൽ വിജയം നേടുവാൻ സഹായിക്കുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഇവിടെ വച്ചു പറഞ്ഞു തരാം, കുറച്ചു ദുഃസ്വഭാവങ്ങൾ കൂടെ കരുതുക. എന്റെ ഈ ജീവിതത്തിൽ നിന്നുമാണ് ഞാൻ നിങ്ങൾക്ക് ഈ വിലയേറിയ അറിവ് തരുന്നത്.

എന്റെ ജീവിതത്തെ മാറ്റി മറിച്ച ആ പ്രധാനപ്പെട്ട സംഭവം ഇതാണ്. വളരെ വൃത്തിഹീനവും പുരോഗമനചിന്താഗതി ഇല്ലാത്തതുമായ,എന്നാൽ പട്ടിണിയും അന്ധവിശ്വാസങ്ങളും ആവോളമുള്ള,പുരോഗതിയേക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്നവർ പോലും തിരിഞ്ഞു നോക്കാത്ത കുറച്ചു മനുഷ്യർ താമസിക്കുന്ന ഒരു ഗ്രാമമോ ചേരിയോ എന്ത് വേണമെങ്കിലും നിങ്ങൾക്ക് വിളിക്കാം, അവിടെ നിന്നും ജീവിതത്തിന്റെ എല്ലാ സുഖഭോഗങ്ങളിലേക്കുമുള്ള വഴിയെപ്പറ്റി ചിന്തിച്ചുകൊണ്ട് ഞാൻ കഴിയുമ്പോഴാണ് ഇവിടെ ഒരു വലിയ രാഷ്ട്രത്തിന്റെ നേതാവ് വരുന്നുണ്ടെന്നും അതിനായി ഞങ്ങളീ ചേരി ഒഴിഞ്ഞു പോകണമെന്നും അറിയിച്ചത്. സ്വാഭാവികമായി ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാവാറുള്ള വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കെ മറ്റൊരു അതിസുന്ദരമായ ആശയം ഏതോ ഒരാളുടെ തലയിൽ ഉദിച്ചു പൊങ്ങി.

ഞങ്ങളുടെ ചേരി, മറ്റു വാസസ്ഥലവുമായി ബന്ധിക്കുന്ന ഇടം മതിലു കെട്ടി മറയ്ക്കുക. ഹാ ! പുരോഗതിയെയും ഉന്നമനത്തിനെയും കുറിച്ച് സ്വപ്നം കാണുന്നവർക്ക് പ്രചോദനം ആർജിക്കുവാൻ ഇതിലും നല്ലൊരാശയം മറ്റെന്തുണ്ട്. സ്വന്തം ഭൂമിയെ, അപര ലോകത്ത് നിന്ന് മതിലു കെട്ടി മറയ്ക്കുവാൻ തങ്ങളോട് തന്നെ പറഞ്ഞു എന്നതാണ് അതിലും രസകരം.ആദ്യം വിമുഖത കാട്ടുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത ഗ്രാമത്തിലെ പട്ടിണി പാവങ്ങൾ ഒടുവിൽ ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്ന തിരിച്ചറിവിൽ ആ യജ്ഞത്തിൽ പങ്കാളി ആവാൻ സമ്മതിച്ചു. ഇത്ര പുരോഗമനാത്മകമായ ദൗത്യത്തിൽ പങ്കെടുക്കാതെ എന്നെ എങ്ങനെ ഒരു പുരോഗമനവാദി എന്ന് ഞാൻ സ്വയം വിശേഷിപ്പിക്കും. ഞാനും പണിയെടുത്തു, ഒരു തരം വാശിയോടെ.

ആ യജ്ഞത്തിന് മേൽനോട്ടം വഹിക്കുവാൻ അവിടെ വന്ന ബാലകൃഷ്ണൻ സാറിനെ അവിടെ വച്ചാണ് ഞാൻ പരിചയപ്പെടുന്നത്. ഞാനടക്കമുള്ള തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നേരം സാധുക് എന്നെക്കുറിച്ച് വളരെ കാര്യക്ഷമമായി സംസാരിക്കുന്നത് പോലെ തോന്നി. ആ തോന്നൽ ശരിയായിരുന്നുവെന്ന് പിന്നീട് ബാലകൃഷ്ണൻ സാറെന്നോട് വന്ന് സംസാരിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായി. എന്റെ വീടിനെക്കുറിച്ചൊക്കെ കൃത്യമായി ചോദിച്ചറിഞ്ഞു. ഒടുവിലാ മതിലുപണി പൂർത്തിയായപ്പോഴേക്കും ഞാനും അദ്ദേഹവും തമ്മിൽ അത്യാവശ്യം നല്ല ബന്ധമുണ്ടായി. അങ്ങനൊരു ദിവസം സാധുക് എന്നെ വിളിച്ചിട്ട് പറഞ്ഞു.,

"മുന്നാ..., നിനക്കൽപ്പം സങ്കടവും അതു പോലെ സന്തോഷവും നൽകുന്ന കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. നിന്നെ ബാലകൃഷ്ണൻ സാറിന് ഇഷ്ടമായി. അദ്ദേഹത്തിന്റെ കൂടെ പോയാൽ നിനക്കൊരു ജോലി ശരിയാക്കിത്തരാം എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. അറിയാം, നിനക്ക് വിഷമമുണ്ടായിരിക്കും. അനുജത്തിയേയും അമ്മൂമ്മയേയും ഇവിടെയാക്കിയിട്ട്, ഇത്ര ദൂരത്തേക്ക് ജോലിയ്ക്കായി വരുവാൻ നിനക്ക് വിഷമമുണ്ടാകുമെന്നറിയാം. പക്ഷെ ഇത് നിന്റെ കുടുംബത്തിന് കൂടി സുരക്ഷിതത്വം നൽകുന്ന ഒന്നാണ്.നീ ആലോചിച്ച്‌ ഒരു തീരുമാനമെടുക്കൂ. വേഗം വേണം."

എനിക്കാലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. പിന്നെ സത്യം പറഞ്ഞാൽ സാധുക് പറഞ്ഞതുപോലെ സങ്കടമൊന്നും എനിക്കുണ്ടായിരുന്നില്ല. അനുജത്തിയോടും അമ്മൂമ്മയോടും സ്നേഹമില്ലാഞ്ഞിട്ടൊന്നുമല്ല. അല്ല, നിങ്ങൾ തന്നെ ഒന്നാലോചിച്ചു നോക്കൂ. ഈ ചെറ്റക്കുടിലിൽ ഇങ്ങനെ തൊഴിലോ വരുമാനമോ ഇല്ലാതെ കുത്തിയിരിക്കുന്നതിനേക്കാളും എന്തുകൊണ്ടും ജോലിയ്ക്കായി പോകുന്നതായിരിക്കും, അതിനി എത്ര ദൂരെയായാലും നല്ലത്. അതുമാത്രമല്ല, എന്നെപ്പോലെ പുരോഗമനചിന്താഗതിക്കാരുടെ എല്ലാം ജീവിതത്തിൽ കണ്ടുവരാറുള്ള ആ വഴിത്തിരിവ്, അതീ സന്ദർഭമാണെന്നെന്റെ ഉള്ളിലിരുന്നാരോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഞാൻ സമ്മതം അറിയിച്ചു.

അങ്ങനെ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള അത്യാവശ്യം വലിയ ഒരു സംസ്ഥാനത്തിലെ ഒരു ചേരിയിൽ നിന്നുമുള്ള എന്റെ പരിണാമയാത്ര പിന്നെ ചെന്നെത്തിയത്, അതേ ഇന്ത്യാമഹാരാജ്യത്തിന്റെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന, താരതമ്യേന ചെറുതെങ്കിലും പുരോഗമനത്തിന്റെയും തൊഴിലവസരങ്ങളുടെയും കരുത്തുകൊണ്ട് എന്നെ ആകർഷിച്ച ഒരു സംസ്ഥാനത്തിന്റെ ഹൃദയഭാഗത്തേക്കാണ്. ഇതുകൊണ്ടുതന്നെയാണ് ഒരുപക്ഷെ ഭാരതത്തെ ഒരു മഹാരാജ്യമെന്നു വിശേഷിപ്പിക്കുന്നത്. അത്‌ എല്ലാവരേയും ഒരുപോലെ കാണാൻ പഠിപ്പിക്കുന്ന, എല്ലാവരേയും ഒന്നായി നിർത്തുന്ന, ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യമായതുകൊണ്ട് മാത്രമല്ല, പകരം, അത്‌ വൈരുധ്യങ്ങളുടെ കൂടി രാജ്യമായതുകൊണ്ടാണ്. സാംസ്‌കാരികപരവും സാമൂഹികപരവും ഭാഷാപരവും പ്രാദേശികപരവും കലാപരവുമൊക്കെയായുള്ള വൈരുദ്ധ്യങ്ങളായ വൈവിധ്യങ്ങളാണ് ഭാരതത്തെ ലോകം അംഗീകരിക്കുന്ന ഒരു മഹാരാജ്യമാക്കി മാറ്റുന്നത്.

ബാലകൃഷ്ണൻ സർ എനിക്ക് മറ്റൊരു ജോലി തരപ്പെടുന്നത് വരെ അദ്ദേഹത്തിന്റെ ഡ്രൈവറായി നിന്നുകൊള്ളാൻ പറഞ്ഞു. ശമ്പളം കൃത്യമായി നൽകാമെന്നും പറഞ്ഞു. എന്റെ മനസ്സിലെ ചോദ്യം വായിച്ചിട്ടെന്നോണം അദ്ദേഹം പറഞ്ഞു.

"ഇവിടെയുള്ളവർക്ക് ഒരേ ജോലിയിൽ ഒരുപാടുകാലം നിൽക്കുന്നതിൽ താൽപ്പര്യമില്ല. അവർ എപ്പോഴും പുതിയ വരുമാനമാർഗങ്ങൾ തേടി പൊയ്ക്കൊണ്ടേ ഇരിക്കും. എന്റെ ഡ്രൈവർ ഒരാഴ്ച്ച മുന്നേ ജോലിവിട്ടു പോയതേയുള്ളു. എന്തായാലും അതിപ്പോൾ നന്നായി. ജോലി തരപ്പെടുന്നതുവരെ മുന്നയ്ക്കൊരു വരുമാനമായല്ലോ".

ഇവിടെയുള്ള മനുഷ്യരോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നി. അവർ ഓരോ ദിവസവും അവരുടെ ജോലികൾ ഇങ്ങനെ ഉപേക്ഷിക്കുന്നത് കൊണ്ടാണല്ലോ ഞങ്ങളെപ്പോലുള്ളവർക്ക് ജോലികൾ ഇങ്ങനെ സുലഭമായി ലഭിക്കുന്നത്.

അമ്മൂമ്മ മരിച്ചു. ഞാൻ പോയി കർമ്മങ്ങളെല്ലാം കഴിഞ്ഞു, അനുജത്തിയേയും കൂട്ടി തിരിച്ചുവന്നു. അവളെ പഠിപ്പിക്കണമെന്ന് ബാലകൃഷ്ണൻ സർ പറഞ്ഞപ്പോൾ ആദ്യമായി, അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. അതിനുള്ള ഏർപ്പാടുകളും സർ ചെയ്തു.

അങ്ങനെയിരിക്കുമ്പോഴാണ് മൃഗഭോഗികളുടെയും കണ്ടുപിടിത്തക്കാരുടെയും നാടെന്നു ഞങ്ങൾ വിളിക്കുന്ന ഭൂഖണ്ഡത്തിൽനിന്നും പിറവിയെടുത്ത ഒരു മാരകരോഗം ലോകത്തെയാകെ മാറ്റിമറിച്ചത്. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ലോകം മുഴുവൻ വ്യാപിച്ച ആ രോഗം ആയിരക്കണക്കിന് മനുഷ്യരെ ദിവസവും കൊന്നൊടുക്കാൻ തുടങ്ങി. തനിക്ക് മുകളിൽ ആരുമില്ലെന്ന് സ്വയം അഹങ്കരിച്ചിരുന്ന മനുഷ്യൻ പരസ്പരം ഭയപ്പെടുവാൻ തുടങ്ങി. ലോകം മുഴുവനും തനിക്ക് എത്രത്തോളം അടുത്തുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ എത്ര അകന്നുപോയെന്നും നമ്മൾ മനസിലാക്കുന്നു.

ഒടുവിൽ ചെറിയ ചുമയും പനി യുമൊക്കെയായി എന്നെയും ആശുപത്രിയിലേക്ക് കൊണ്ടുവന്നു.രോഗം ഉറപ്പിച്ചു. അങ്ങനെയിതാ ഈ സർക്കാർ ആശുപത്രിയിലെ കിടക്കയിൽ, ആത്മവിശ്വാസത്തോടെ കിടന്നുകൊണ്ട് ഞാനെന്റെ കഥ നിങ്ങളോട് പറയുന്നു. ഞാൻ ചിന്തിച്ചു, അഥവാ ഞാനീ നാട്ടിയിലെത്തിയില്ല, പകരം എന്റെ ആ പഴയ ചേരിയിലായിരുന്നുവെങ്കിലോ ഒരു വ്യക്തിയിൽനിന്നും ഒരു മനുഷ്യനിലേക്കുള്ള എന്റെ പരിണാമകഥയാണിത്.

ഒറ്റപ്പെട്ട രണ്ടു കാലൊച്ചകൾ കെട്ടു.എന്നെ ശുശ്രൂഷിക്കുന്ന ഡോക്ടറും നഴ്സുമാണ്. അവരുടെ മുഖം ഞാൻ കണ്ടിട്ടില്ല. ആകെ കാണുന്നത്, ഉറക്കമില്ലാതെയും വിശ്രമമില്ലാതെയും ക്ഷീണിച്ച് കുഴിഞ്ഞുപോയ അവരുടെ കണ്ണുകളെയാണ്. പക്ഷെ ആ കണ്ണുകളിൽ ഞാൻ കാണുന്ന ആത്മവിശ്വാസത്തിന്റെയും മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ തിളക്കം,അതുമതി നമുക്ക് ഊർജ്ജം പകരുവാൻ. എന്റെ അനുജത്തി പഠിക്കട്ടെ. പഠിച്ചു വളരട്ടെ. എന്നിട്ട് അവളും ഒരു ദിനം ഇതുപോലെ മാലാഖമാരുടെ വേഷത്തിൽ മറ്റുള്ളവർക്ക് ആത്മവിശ്വാസം പകരട്ടെ. അവർക്ക് പ്രേരണയാകട്ടെ.

പണത്തിന്റെയും അത്യാഗ്രഹത്തിന്റെയും വേർതിരിവുകളുടെയും ചങ്ങലയെ സ്നേഹത്തിന്റെയും ഒരുമയുടെയും വിവേകത്തിന്റെയും മനുഷ്യത്വത്തിന്റെയും മനക്കരുത്തിന്റെയുമൊക്കെ ബലംകൊണ്ടു നമുക്ക് അതിജീവിക്കാനായാൽ തീർച്ചയായും എനിക്ക് ഉറപ്പുണ്ട്, നമ്മൾ അതിജീവിക്കും. ഞാൻ എന്റെ മുന്നിലെ മാലാഖമാരെ നോക്കി പുഞ്ചിരിച്ചു. ശരീരം മൂടിക്കെട്ടിയ ആവരണങ്ങൾക്കുള്ളിൽ നിന്നുപോലും അവർ പുഞ്ചിരിച്ചത് എനിക്ക് കാണാമായിരുന്നു. കാരണം നന്മയുടെ കരുത്ത് എല്ലാത്തിനെയും അതിജീവിക്കും.




അന്യൂത സജീവൻ
9 B കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ