കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അതിജീവനം ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


     ഇന്ന് നമ്മുടെ ലോകം മുഴുവൻ കൊറോണ വൈറസിന്റെ ഭീതിയിലാണ്. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം,എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസ് ആണ്. സാധാരണ ജലദോഷപ്പനിയെപ്പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗംബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണംപോലും സംഭവിക്കുകയും ചെയ്യും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. പലവാക്സിനുകളും പരീക്ഷണഘട്ടത്തിലാണ്.വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയാണ് രോഗത്തിന്റെ ആദ്യ ഇരയെന്നാണ് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണർ റിപ്പോർട്ട്‌ ചെയ്യുന്നത്. വുഹാനിലെ ഹുവാനൻ മത്സ്യ മാർക്കറ്റിൽ ചെമ്മീൻ കച്ചവടം നടത്തുന്ന 57 വയസ്സുള്ള വൈ ഗുയ്ഷിയാനിലാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്.2019ഡിസംബറിലാണ് വൈ ഗുയ്ഷിയാനിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്നപേരിൽ ഈ വൈറസുകൾ അറിയപ്പെടുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച്കൈകൾ വൃത്തിയായികഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവൽ ഉപയോഗിച്ച് മുഖം മറയ്ക്കുക, പനിയോ ജലദോഷമോ ഉള്ള ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയവ ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളാണ്. ലോകത്തെമ്പാടും കൊറോണ വൈറസ് വൻനാശം തന്നെ വിതച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മൾ എല്ലാവരും ലോക്ക് ഡൌൺ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ് അതുകൊണ്ട് എല്ലാവരും അത് പാലിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കൊറോണയെ നമുക്ക് ഈ ലോകത്തിൽ നിന്നുതന്നെ തുരത്തിവിടാനും എല്ലാ പ്രശ്നങ്ങളും നേരിടാനും അതിജീവിക്കാനുമുള്ള ആരോഗ്യശേഷിയും അനുഗ്രഹവും നൽകട്ടെയെന്ന് ഞാൻ ദൈവത്തോട് കൈകൂപ്പി പ്രാർഥിക്കുന്നു.
     

അർഷിത സിപി.
8 F കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം