കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പൂർവ്വ വിദ്യാർത്ഥികൾ-1

Schoolwiki സംരംഭത്തിൽ നിന്ന്

                                                                   എന്റെ മാതൃ വിദ്യാലയം

8,9,10  ക്ലാസുകൾ കമ്പിൽ മാപ്പിള ഹൈസ്കൂൾ എന്ന ഈ വിദ്യാലയത്തിലാണ് ഞാൻ പഠിച്ചിരുന്നത്.  എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്.  പത്താം ക്ലാസ്സിൽ  പത്മാവതി ടീച്ചർ ആയിരുന്നു എന്റെ ക്ലാസ്സ് ടീച്ചർ.  എന്നെ കണക്ക് പഠിപ്പിച്ചിരുന്നത് നാരായണൻ മാസ്റ്റർ ആയിരുന്നു.  ഒമ്പതാം ക്ലാസ് വരെ കണക്കിൽ പിന്നോക്കം നിന്നിരുന്ന ഞാൻ പത്താം തരത്തിൽ കണക്കിൽ മിടുക്കനായത് നാരായണൻ മാസ്റ്ററുടെ അധ്യാപനത്തിന്റെ മിടുക്ക് കൊണ്ടായിരുന്നു.  അദ്ദേഹത്തിന്റെ പ്രത്യേക ശൈലിയിലുള്ള ക്ലാസ് ആരെയും ആകർഷിക്കുന്നതാണ്.  എന്റെ ക്ലാസ് ടീച്ചറായ പത്മാവതി ടീച്ചറുടെ ഹിന്ദി ക്ലാസും പ്രത്യേക ശൈലിയിൽ ഉള്ള ക്ലാസ്സായിരുന്നു.  പിന്നെ അബുഹാജിക്ക എന്ന് എല്ലാവരും വിളിച്ചിരുന്ന അബു മാസ്റ്റർ ആയിരുന്നു എന്നെ  അറബി പഠിപ്പിച്ചത്.  അദ്ദേഹത്തിന്റെ ക്ലാസ്സിന്  വലിയ പ്രത്യേകത ഉണ്ടായിരുന്നു.   എല്ലാ ദിവസവും ക്ലാസ്സിന്റെ അവസാനം അദ്ദേഹം ഒരു കഥ പറഞ്ഞു തരും.  അതിന്റെ ബാക്കി അടുത്ത ക്ലാസ്സിൽ ആണ് ഉണ്ടാവുക.  അത് കൊണ്ട് തന്നെ നമ്മൾ ബാക്കി കഥ കേൾക്കുവാൻ അടുത്ത അറബി ക്ലാസ്സിനായി കാത്ത് നിൽക്കാറുണ്ട്.  വളരെ സന്തോഷം നൽകുന്ന ക്ലാസ്സായിരുന്നു അബു മാസ്റ്ററുടെ അറബി ക്ലാസ്സ്.  എന്റെ ഒമ്പതാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ കോമളവല്ലി ടീച്ചറെയും ഒരിക്കലും മറക്കുവാൻ സാധിക്കില്ല.  ഒരിക്കൽ ഹർത്താൽ ദിവസം കാട്ടാമ്പള്ളിയിൽ നിന്ന് ഞാൻ ലോറിയിൽ ആയിരുന്നു സ്കൂളിലേക്ക് പോയത്.  അവിടെ എത്തിയപ്പോൾ അല്പം താമസിച്ച് പോയി.  ഞാൻ കോമളവല്ലി ടീച്ചറോട് എന്റെ ഹാജർ ഇടണമെന്ന് പറഞ്ഞപ്പോൾ "നിന്റെ ഹാജർ ഞാൻ രാവിലെ തന്നെ ഇട്ടു, കാരണം നീ എത്ര താമസിച്ചാലും സ്കൂളിൽ വരാറുണ്ടല്ലോ...നീ ഇന്നും എങ്ങിനെയെങ്കിലും ക്ലാസ്സിൽ എത്തും എന്ന് എനിക്ക് ഉറപ്പാണ്" എന്ന ടീച്ചറുടെ മറുപടി ഇന്നും മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.  പഠനത്തിന് ശേഷവും ഞാൻ ഒരിക്കൽ സ്കൂളിൽ വന്നപ്പോൾ എന്റെ ക്ലാസ്സ് ടീച്ചർ ആയിരുന്ന പത്മാവതി ടീച്ചർ എന്നെ ക്ലാസിലേക്ക്  കൂട്ടികൊണ്ട് പോയിട്ട് കുട്ടികളോട് പറഞ്ഞു;  "ഇത് ഞാൻ പഠിപ്പിച്ച വിദ്യാർത്ഥി ആണ്.  ഇവൻ എന്റെ ക്ലാസ്സിൽ നിന്ന് നല്ല മാർക്ക് വാങ്ങിയിട്ടാണ്  പാസ്സായത്.  ഇത് പോലെ നിങ്ങളും പാസ്സാവണം"  എന്ന് ടീച്ചർ പറഞ്ഞതും ഞാൻ ഓർക്കുന്നു.  ഞാൻ ഇന്ന് ഒരു അധ്യാപകൻ ആണ്.  അധ്യാപക ജോലി ലഭിച്ചതിനു ശേഷവും ഞാൻ പഠിച്ചിരുന്ന എന്റെ മാതൃ വിദ്യാലയത്തിലേക്ക് ഒരിക്കൽ പോയപ്പോൾ എന്നെ മുമ്പ് ബയോളജി പഠിപ്പിച്ചിരുന്ന ലത ടീച്ചർ എന്നെ കാണുകയും ഞാൻ അധ്യാപകൻ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.  മാത്രമല്ല എന്നെയും കൂട്ടി ടീച്ചർ ക്ലാസിലേക്ക് പോവുകയും കുട്ടികളോട് ടീച്ചർ എന്നെ ഇങ്ങനെ  പരിചയപ്പെടുത്തുകയും ചെയ്തു.  "ഇത് ഞാൻ പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിയാണ്. പേര് സുഹൈൽ.  ഇന്ന് ഇവൻ ഒരു അധ്യാപകൻ കൂടി ആണ്.  ഇത് പോലെ നിങ്ങളും ആവണം.  നിങ്ങൾ ഉയരത്തിൽ എത്തുമ്പോൾ നമുക്ക് ഉള്ള സന്തോഷം അത് ഒന്ന് വേറെ തന്നെയാണ്, എന്ന് ടീച്ചർ എന്നെ പരിചയപ്പെടുത്തിയതും മറക്കാതെ മനസ്സിൽ  തങ്ങി നിൽക്കുന്നു.  നമ്മൾ എവിടെ എത്തിയാലും നമുക്ക് നമ്മുടെ മാതൃ വിദ്യാലയത്തെ ഒരിക്കലും മറക്കുവാൻ സാധിക്കില്ല.

എല്ലാവർക്കും ഹൃദ്യമായ നന്ദിയും നന്മകളും നേർന്ന് കൊണ്ട്....


       സുഹൈൽ മാസ്റ്റർ

         കാട്ടാമ്പള്ളി