ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

മനുഷ്യവംശം ഇത്രനാളും ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മഹാമാരികളിൽ ഒന്നിന്റെ പിടിയിലാണ് ലോകം. മരണവും പട്ടിണിയും പാലായനം ഉൾപ്പെടെയുള്ള ദുരിതങ്ങൾ മാത്രമാണ് മഹാമാരി ബാക്കി വെച്ചിട്ടുള്ളത്.ഇതിനോടകം മനുഷ്യചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ യുദ്ധമാണ് വൈറസുമായി നടക്കുന്ന ഈ യുദ്ധം. നാം ഒരിക്കലും ആയുധമായി സങ്കല്പിച്ചിട്ടില്ലാത്ത വെൻറിലേറ്ററു മായി ലോകം പടക്കളത്തിൽ ആണ്. ശാസ്ത്രത്തെ മുൻനിർത്തിയുള്ള യുദ്ധത്തിന് കുതിച്ചുപായുന്ന വൈറസിനെ തടയാൻ കഴിയുമോ?

ഭീതിക്കും ദുരിതങ്ങൾക്കും ഇടയിൽ ആ പ്രഖ്യാപനത്തിനായി ലോകം ആകാംഷയോടെ കാക്കുകയാണ്. ഇന്നലെവരെ എല്ലാം തങ്ങളുടെ കൈകളിൽ ഭദ്രം എന്ന് കരുതിയ ഭരണാധിപൻമാരും ഏത് പ്രശ്നത്തിനും തങ്ങളുടെ പക്കലേ പ്രതിവിധി ഉള്ളൂ എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ആത്മീയ നേതാക്കളും ലോകം കൈവിരൽത്തുമ്പിൽ എന്ന് ഊറ്റം കൊണ്ട ബിസിനസ് പ്രമാണിമാരും കോടീശ്വരപ്രഭുക്കളും മറ്റ് സാധാരണക്കാരും എല്ലാം കാത്തിരിപ്പിലാണ്. ഏവരും കാത്തിരിക്കുന്ന ആ പ്രഖ്യാപനം ഇതാണ് കൊറോണ വൈറസ് രോഗത്തിന് മരുന്ന് കണ്ടെത്തിയിരിക്കുന്നു.ശാസ്ത്ര ലോകത്ത് നിന്ന് ഇങ്ങനെ ഒരു അറിയിപ്പ് വരാനാണ് എല്ലാവരുടെയും ക്ഷമയോടെയുള്ള കാത്തിരിപ്പ്.

ചൈനയിൽ വാവലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു എന്ന് അനുമാനിക്കപ്പെടുന്ന കോവ് 2 എന്ന പുതിയ കൊറോണ വൈറസ് ആണ് വില്ലന്മാർ. അതു വരുത്തുന്ന കൊറോണ വൈറസ് രോഗം അഥവാ കോവിഡ് 19 കാട്ടുതീപോലെ പടരുന്നതിന് മുന്നിൽ പല രാജ്യങ്ങളും നിസ്സഹായരായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത.

.

രാജ്യത്തെ ആക്രമിക്കാൻ എത്തുന്ന ശത്രുക്കൾക്കെതിരെ കോടാനുകോടികൾ മുടക്കി ആവനാഴിയിൽ ആയുധങ്ങൾ സ്വരുക്കൂട്ടിയ പലരാജ്യങ്ങളും ഒരു യഥാർത്ഥ ശത്രുവിനു മുൻപിൽ പെട്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ പരുങ്ങുന്ന സ്ഥിതിയിലാണ്. മിസൈലുകളും ബോംബുകളും കൊണ്ട് കൊറോണാ വൈറസിനെ നേരിടാൻ പറ്റില്ലല്ലോ. ഈ പടയോട്ടത്തിൽ ശരിക്കുള്ള യുദ്ധ ഉപകരണം ആയുധങ്ങളുടെ പട്ടികയിൽ ഒരിക്കലും ഇടം പിടിക്കാത്ത സോപ്പ്, മാസ്ക് എന്നിവയാണെന്ന തിരിച്ചറിവിനു മുന്നിൽ ഇറ്റലി, അമേരിക്ക പോലുള്ള രാജ്യങ്ങൾ പകച്ചുപോയത് ലോകം കണ്ടു.

ഈ പുതിയ ശത്രുവിനെ തകർക്കാൻ വീടുകളിൽഅടച്ചിരിക്കുകയാണ് ജനങ്ങൾ.ലോകത്തുള്ള കോടാനുകോടി ജനങ്ങൾ ഏതെങ്കിലും തരത്തിൽ സമ്പർക്ക വിലക്കിൽ ആണ്.അതിൽ 130 കോടിയിലേറെ വരുന്ന ഇന്ത്യൻ ജനതയും ഉണ്ട്.എന്ന് തീരും എന്നോ ഏത് രൂപത്തിലേക്ക് ഈ മഹാമാരി നമ്മുടെ ജീവിതങ്ങളെ മാറ്റിമറിക്കുമെന്നോ പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോൾ.

സാമൂഹിക അകലം പാലിച്ച് ഈ വൈറസിനെ ചെറുക്കാൻ കഴിയാതെ വന്നാൽ ലോക ജനസംഖ്യയിൽ ഒരു 80 ശതമാനം ജനങ്ങളും ഈ വൈറസിന്റെ പിടിയിലാകുമെന്ന് ഉറപ്പാണ്.ദാരിദ്ര മേഖലകളിൽ ആണ് ഇത് കൂടുതലും ബാധിക്കുന്നത്.

പുതിയ ഔഷധ നിർമ്മാണത്തിന് ചുരുങ്ങിയത് 12 മുതൽ 15 വരെ മാസങ്ങൾ വേണ്ടി വരും.ഈ വൈറസിനെ മെരുക്കുക എന്നത് അത്ര എളുപ്പമല്ല. പണ്ട് വൈറസിനെതിരെ ഉള്ള യുദ്ധത്തിൽ വൈദ്യശാസ്ത്രം അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മസൂരി, പോളിയോ, പ്ലേഗ് പോലുള്ള വൈറസ് പകർച്ചവ്യാധികളെ വിജയകരമായി അമർച്ച ചെയ്യാൻ കഴിഞ്ഞത് ഉദാഹരണമാണ്.അതേസമയം മനുഷ്യന് പൂർണമായും കീഴ്പ്പെടുത്താൻ ആവാത്ത വൈറസുകളും ഉണ്ട്. ഉദാഹരണം എച്ച്ഐവി വൈറസ്. അതിനാൽ കോവിഡ് 19ന്റെ കാര്യത്തിലും ഈ രണ്ടു സാധ്യതകളും നാം പരിഗണിക്കേണ്ടതുണ്ട്. കാരണം മരുന്ന് കണ്ടു പിടിക്കാമോ ഇല്ലയോ എന്ന് ഉറപ്പില്ല. അതിനാൽ നാം യഥാർത്ഥ്യം ഉൾക്കൊള്ളണം.സാമൂഹ്യ അകലം പാലിക്കണം. താമസ സ്ഥലത്ത് തന്നെ സുരക്ഷിതരായി ഇരിക്കണം.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. രോഗ സാധ്യതയുള്ള സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം. കൈകൾ കൊണ്ട് ഇടയ്ക്കിടെ മുഖത്ത് തൊടരുത്.ഈ മാർഗ്ഗ നിർദ്ദേശങ്ങൾ പിന്തുടരുക മാത്രമേ നമുക്ക് നിവർത്തിയുള്ളൂ. ഓർക്കുക നമ്മൾ നേരിടുന്നത് ആദൃശനായ ഒരു കൊലയാളിയെയാണ്. നമ്മൾ ഒത്തൊരുമയോടെ നിന്ന് ഈ മഹാമാരിയും അതിജീവിക്കും.

അമല എം എസ്
10 A ഐ എച്ച് ഇ പി ജി എച്ച് എസ് കുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം