സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഓർമ്മ / ഫർഹാൻ. ഒ.പി

നട്ടുച്ചനേരത്ത് വിശപ്പിന്റെ വിളിക്കുത്തരം ചെയ്യാതെ അധ്യാപകന്റെ സയൻസ് ക്ലാസിൽ മുഴുകിയിരിപ്പാണ് ഞങ്ങളെല്ലാവരും. സസ്യങ്ങളുടെ വിവിധ ഭാഗങ്ങളെക്കുറിച്ചുളള തകൃതിയായ ചർച്ചക്കൊടുവിൽ അധ്യാപകന്റെ ഒരു പരാമർശമാണ് ഏറെ വിവാദത്തിനും അങ്കലാപ്പിനും വഴിവെച്ചത്. സസ്യങ്ങൾക്ക് ജീവനുണ്ട് പോലും.

അവിശ്വസനീയമായതെന്തോ കേട്ട ഞങ്ങൾ നാലുപാടു നിന്നും അധ്യാപകനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. മരങ്ങൾ നമ്മേപ്പോലെ ഓടി നടക്കുന്നില്ലല്ലോ. അവ സംസാരിക്കുന്നുമില്ല. ഭക്ഷണം കഴിക്കാൻ അവയ്ക്ക് കൈകളില്ല. കാണാൻ കണ്ണോ കേൾക്കാൻ ചെവിയോ ഇല്ലാത്ത ആ വസ്തുവിന് ജീവനുണ്ടെന്നെങ്ങനെ വിശ്വസിക്കും? ചോദ്യ ശരങ്ങളേറ്റ് അധ്യാപകൻ ആദ്യമൊന്ന് പതറി.  ആകെ വിയർത്തു. പിന്നെ തന്റെ സകല ഊർജ്ജവും സംഭരിച്ച് വികൃതിപ്പിളേളരെ അടക്കി നിർത്താൻ ശ്രമിച്ചു. മരങ്ങൾ വേരുകളിലൂടെ ആഹാരവും ജലവുമൊക്കെ വലിച്ചെടുക്കുന്നുണ്ടെന്നൊക്കെ പറഞ്ഞു. എന്നാൽ മഴ വന്നാൽ ഓടിയൊളിക്കാൻ പോലുമാകാത്ത, തല്ലിയാൽ തിരിച്ചടിക്കാൻ പോലും കഴിയാത്ത മരങ്ങൾക്ക് ജീവനുണ്ടെന്ന കാര്യം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുൻബെഞ്ചിലെ ഒരു തത്വജ്ഞാനി തീർത്തു പറഞ്ഞു. ഒടുവിൽ ഒരു പരീക്ഷണം നടത്തി പ്രശ്‌നം തീർപ്പാക്കാമെന്നും മരങ്ങൾക്ക് ജീവനുണ്ടെന്ന് കാണിച്ചുതരാമെന്നും പറഞ്ഞ് മാഷ് തൽക്കാലം സഭ പിരിച്ചുവിട്ടു. അടുത്ത ക്ലാസിൽ മണ്ണുനിറച്ച ചിരട്ടയിൽ പയർ വിത്ത് പാകി നടുവിൽ ദ്വാരമുളള ഒരു പെട്ടിയിൽ അടച്ച് ജനാലക്കരികിൽ കൊണ്ടു വെച്ചാണ് മാഷ് ക്ലാസ് തുടങ്ങിയത്. മഷിയിലാഴ്ത്തിയ ഒരു മഷിത്തണ്ടു ചെടിയും കൈയ്യിലുണ്ട്. പ്രധാന നിരൂപകരെല്ലാം തന്നെ മുൻനിരയിൽ ഇരിപ്പിടം ഉറപ്പാക്കിയിരുന്നു.

സമയം കഴിയുന്തോറും വിവർണമായ മഷിത്തണ്ടു മേനിയെ നോക്കി അധ്യാപകൻ ഉളളുകൊണ്ട് ചിരിച്ചു. വേര് മഷി വലിച്ചെടുത്തത് കൊണ്ടാണ് ചെടി കാർമുകിൽ വർണമായതെന്നും അവയ്ക്ക് അതിലൂടെ ആഹാരം വലിച്ചെടുക്കാൻ കഴിയുമെന്നും പറഞ്ഞ് മാഷ് അൽപം ഗമയിൽ. പ്രധാന വിമർശകരെല്ലാം അരസമ്മതം മൂളുകയും ചെയ്തു.

പെട്ടിക്കുളളിൽ നിന്ന് നിവർന്നെഴുന്നേറ്റ പയറുചെടി ചെറിയ തുളയിലൂടെ സൂര്യപ്രകാശത്തിന്നായി എത്തിനോക്കുന്നത് നാലാം നാൾ തന്നെ പ്രകടമായി. ഓടി നടന്നില്ലെങ്കിലും പ്രകാശത്തിന്റെ ദിശയിൽ ചലിക്കാൻ പയറുചെടിക്കും സാധിച്ചില്ലേ എന്നായി അധ്യാപകൻ. ഒപ്പം ചുറ്റുപാടിലെ പ്രകാശം, താപനില തുടങ്ങിയ മാറ്റങ്ങളോട് പ്രതികരിക്കുന്നത് ജീവനുളള വസ്തുക്കളുടെ സവിശേഷതയാണെന്നുംകൂടി കൂട്ടിച്ചേർത്തതോടെ വികൃതിപ്പിളേളർക്കു മുന്നിൽ മാഷ് അജയ്യനായി. ഇത്ര കഷ്ടപ്പെട്ടിട്ടും മാഷെ സന്തോഷിപ്പിക്കാൻ മാത്രം കാര്യം സമ്മതിച്ച വിദ്വാന്മാരുമുണ്ട്. വർഷങ്ങൾക്കിപ്പുറം, ഓർമ പുസ്തകത്തിന്റെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ഈ അനുഭവം പകർന്നു നൽകുന്നത് സസ്യങ്ങൾക്ക് ജീവനുണ്ടെന്ന പാഠം മാത്രമല്ല. അറിവുകൾ മസ്തിഷ്‌കത്തിലേക്ക് കുത്തിയിറക്കാതെ, അവ അനുഭവിച്ചറിയാൻ അവസരമൊരുക്കുന്ന പൊതുവിദ്യാലയങ്ങളുടെ നന്മയും അധ്യാപകരുടെ സ്‌നേഹവും കരുതലുമൊക്കെ നമ്മോട് ഒരുപാട് പറഞ്ഞുവെക്കുന്നുണ്ട്.