എ. എസ്. ബി. എസ് മഞ്ഞളൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലുള്ള ഞങ്ങളുടെ വിദ്യാലയം 1900 ൽ ശ്രീ സീതാരാമയ്യർ സ്ഥാപിച്ചു.തുടക്കത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.നാല് അധ്യാപകരും,95 കുട്ടികളും എന്ന നിലയിൽ തുടങ്ങിയ വിദ്യാലയത്തിൽ നഴ്‌സറി ക്ലാസിനു സമാനമായ ശിശുക്ലാസുകളും ഉണ്ടായിരുന്നു.ശ്രീ സീതാരാമയ്യർ തന്നെയാരുന്നു പ്രധാനാധ്യാപകനും.1910 ൽ ശ്രീ പി കെ ഗോപാലൻ കുട്ടി വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു.അപ്പോഴും വിദ്യാലയത്തിനു സ്വന്തം കെട്ടിടം ഉണ്ടായിരുന്നില്ല.1919 ൽ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്ത മുരിങ്ങമല കണക്കുവീട്ടിൽ ശ്രീ കേശവൻ നായർ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കി .1920 ൽ ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലത്തെ സ്ഥിരം കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു.1923 ൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾക്ക് സൗത്ത് മലബാർ ഡി.ഇ.ഒ യിൽ നിന്ന് സ്ഥിരാംഗീകാരം ലഭിച്ചു

1950-51 അദ്ധ്യയനവർഷത്തിൽ ആറാം ക്ലാസിനും തുടർന്നുള്ള വർഷങ്ങളിൽ 7 ,8 ക്ലാസുകൾക്കും താത്കാലികാംഗീകാരം കിട്ടിയതോടെ ഈ വിദ്യാലയം സീനിയർ ബേസിക് സ്കൂൾ ആയി.1961 ൽ യു.പി വിഭാഗത്തിന് സ്ഥിരാംഗീകാരം ലഭിച്ചു.അപ്പോഴേയ്ക്കും വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗമെന്നത് ഏഴാംതരം വരെയായി നിജപ്പെടുത്തിയിരുന്നു.1957 ൽ ശ്രീ കേശവൻ നായരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവനും ഈ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ എം കെ വിശ്വനാഥൻ നായർ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു. ആരംഭകാലത്ത് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയനുസരിച്ചായിരുന്നു അധ്യയനം നടത്തിയിരുന്നത്.ഇതനുസരിച്ചു തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷിയിലും മറ്റ് കൈത്തൊഴിലുകളും കുട്ടികൾക്ക് പരിശീലനം നടത്തിയിരുന്നു.കാലം കടന്ന് പോകവേ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ഗ്രാമീണർ,തങ്ങളുടെ കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് അയച്ചുതുടങ്ങി.അതോടെ ആയിരത്തോളം വിദ്യാർത്ഥികളും 28 അദ്ധ്യാപകരും എന്ന നിലയിലേക്ക് സ്ഥാപനം വളർന്നു.ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരാണ്.കുട്ടികളുടെ കലാകായിക സർഗ്ഗശേഷികൾ വികസിപ്പിച്ചെടുക്കാൻ ഈ വിദ്യാലയം എന്നും സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു നിലവിൽ ഈ വിദ്യാലയത്തിൽ 522 കുട്ടികളും 25 ജീവനക്കാരുമുണ്ട് കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിൽ 100 കുട്ടികളുമുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർ നിലവിൽ മുണ്ടൂർ വേലിക്കാട് മുത്തേടത്ത് ശ്രീ എം ജയരാജൻ അവർകളാകുന്നു.