എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഇടയാറന്മുള/സാധു കൊച്ചുകുഞ്ഞ് ഉപദേശി

പ്രശസ്തനായ ഒരു മലയാളി ക്രിസ്ത്യൻ മതപ്രചാരകനും കവിയും സംഗീതജ്ഞനുമായിരുന്നു സാധു കൊച്ചുകുഞ്ഞ് ഉപദേശി.(മലയാളം: സാധു കൊച്ചൂഞ്ഞ് ഉപദേശി; 1883 – 30 നവംബർ 1945) കാഴ്ചയിൽ വളരെ വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു കൊച്ചൂഞ്ഞ്. ഏകദേശം 175 സെന്റിമീറ്റർ ഉയരവും വളരെ നേർത്തതും ദുർബലവുമായ ശരീരവുമായിരുന്ന അദ്ദേഹം വെള്ള ഷർട്ടും വെളുത്ത മുണ്ടും മാത്രമാണ് എല്ലായ്പ്പോഴും ധരിച്ചിരുന്നത്.

ജനനം, കുടുംബ ജീവിതം

1883 നവംബർ 29 ന് പത്തനംതിട്ട ജില്ലയിൽ ആറന്മുളയ്ക്ക് അടുത്ത് ഇടയാറൻമുള എന്ന കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മുത്താമ്പക്കൽ ഇട്ടിയും മാതാവ് പെരിങ്ങാട്ടു പടിക്കൽ മറിയാമ്മയുമാണ്. ശരിയായ പേര് എം.ഐ വർഗ്ഗീസ് (മുത്താമ്പക്കൽ ഇട്ടി വർഗ്ഗീസ്) വിളിപ്പേര് കൊച്ചൂഞ്ഞ് എന്നും ആയിരുന്നു. ശൈശവ വിവാഹം നിലനിന്നിരുന്ന കാലത്താണ് സാധു കൊച്ചുകുഞ്ഞ് ഉപദേശി ജീവിച്ചത്.അതിനാൽ പന്ത്രണ്ടാമത്തെ വയസ്സിൽ ഏലിയാമ്മയെ വിവാഹം കഴിച്ചു. അതിനു ശേഷം പ്രാഥമിക വിദ്യാഭ്യാസത്തിനായി അടുത്തുള്ള മർത്തോമ ലോവർ പ്രൈമറി സ്ക്കൂളിൽ ചേർന്നു.വിവാഹം ചെയ്തതു കൊണ്ട് സഹപാഠികൾ അദ്ദേഹത്തെ കളിയാക്കിയിരുന്നു. ഇതുമൂലം പൂവത്തൂർ ഉള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ ചേർന്നു. അവിടെ വെച്ച് ഒരു കാരണവുമില്ലാതെ തന്നെ മറ്റുള്ളവരുടെ മുമ്പിൽ നിർത്തി ശിക്ഷിച്ച അദ്ധ്യാപകനെക്കുറിച്ച് ഒരു കവിത എഴുതി. അതായിരുന്നു കവിത എഴുത്തിൽ അദ്ദേഹത്തിന്റെ ആദ്യ ശ്രമം. 1898-ൽ 15 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാവ് മരിച്ചു. രോഗിയായിരുന്ന പിതാവിന് ഭാര്യയുടെ വേർപാട് വലിയ ആഘാതമായിരുന്നു. 1903 -ൽ കുറച്ചു നിലവും, കടവും ബാക്കി വെച്ച് പിതാവും ലോകത്തോടു യാത്ര പറഞ്ഞു.. സാധു കൊച്ചുകുഞ്ഞ് ഉപദേശിക്ക് 3 മക്കളും ജനിച്ചു. വർഗ്ഗീസ്കുട്ടി , സാമുവൽകുട്ടി , മറിയാമ്മ എന്നിവരായിരുന്നു. വളരെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു ജീവിതം. ഇതിനിടയിൽ രണ്ടാമത്തെ മകൻ ഒരു അപകടത്തിൽ മരിച്ചു ഒൻപത് വയസ്സായിരുന്നു. ആ തീരാ വേദനയിലും ദൈവത്തോടു പിറുപിറുക്കാതെ സുവിശേഷ വേല ചെയ്തു കൊണ്ടിരുന്നു. കൃഷിയിൽ നിന്നുള്ള ആദായം അവരുടെ ജീവിതത്തിനു തികയുന്നതായിരുന്നില്ല.അദ്ദേഹം മറ്റനവധി ജോലികൾ ചെയ്തു.തുണിക്കച്ചവടം നടത്തുകയും കുറച്ചു സമയം ഒരു സ്ക്കൂളിൽ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കൾ വളരെ നല്ല സഹായ മനസ്സുള്ളവരായിരുന്നു.ഒടുവിൽ ഒരു കർഷകനായി തന്നെ നിലയുറപ്പിച്ചു. അദ്ദേഹം രക്ഷിക്കപ്പെട്ടതിനു ശേഷം പതിനേഴാമത്തെ വയസ്സിൽ തന്റെ ജീവിതം കർത്താവിന്റെ വേലയ്ക്കായി സമർപ്പിക്കാൻ തീരുമാനിച്ചു. കർഷകവൃത്തി കഴിഞ്ഞതിനു ശേഷം രാത്രി കാലങ്ങളിലായിരുന്നു സുവിശേഷ പ്രചരണം. മണിക്കൂറുകളോളം പ്രാർത്ഥനയ്ക്കായി സമയം ചിലവിട്ടിരുന്നു. അദ്ദേഹത്തിന്റെ ശക്തിയുടെ ഉറവിടം പ്രാർത്ഥന തന്നെ ആയിരുന്നു.

പ്രാരംഭകാലം മുതൽ തന്നെ അദ്ദേഹം തന്റെ ഗ്രാമത്തിൽ സൺഡേ സ്കൂൾ, പ്രാർത്ഥന കൂട്ടായ്മകൾ എന്നിവ സംഘടിപ്പിച്ചിരുന്നു.അവിടുത്തെ സഭാ വികാരി ആയ റവ.കെ.വി ജേക്കബും , കെ.വി സൈമൺ എന്ന സഹപാഠിയും വേണ്ടുന്ന എല്ലാ പിൻതുണയും ചെയ്തു കൊടുത്തു.അവർ ഒരുമിച്ച് ഇടയാറൻമുള ക്രിസ്ത്യൻ ഫെലോഷിപ്പ് (ECF) യൂത്ത് ലീഗ്, ക്രിസ്തീയ പരിചരണ കേന്ദ്രങ്ങൾ , വൃദ്ധസദനങ്ങൾ എന്നിവ രൂപീകരിച്ചു.

കൂട്ടായ്മയുടെ നടത്തിപ്പിനായി ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിനു സമീപമുള്ള തന്റെ സ്വന്തം സ്ഥലത്ത് അദ്ദേഹം യോഗം ആരംഭിച്ചു. യോഗത്തിൽ പങ്കെടുക്കാൻ ശുഭ്രവസ്ത്ര ധാരികളായ അനേകം പേർ വന്നു കൂടിയിരുന്നു.

കേരളത്തിലെ ഒട്ടുമിക്ക മിഷനറി പ്രവർത്തനങ്ങളുടെയും ഉറവിടം സാധു കൊച്ചുകുഞ്ഞ് ഉപദേശി ആയിരുന്നു. സുവിശേഷം പ്രസംഗിക്കുന്നതിനായി കേരളത്തിലും, ദക്ഷിണേന്ത്യയിലും, ശ്രീലങ്കയിലും അദ്ദേഹം യാത്ര ചെയ്തു.

തന്റെ എല്ലാ ആവശ്യങ്ങൾക്കും ദൈവത്തെ മാത്രം ആശ്രയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. ദൈവത്തിൽ നിന്നും നേർവഴി അപേക്ഷിച്ച് മണിക്കൂറുകളോളം പ്രാർത്ഥനയ്ക്കായി ചിലവിടുമായിരുന്നു. വലിയ ആൾക്കൂട്ടത്തിൽ സുവിശേഷം പ്രസംഗിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സുവിശേഷ പ്രചരണ മാർഗ്ഗം. ഏതാണ്ട് 30 വർഷത്തോളം അദ്ദേഹം സുവിശേഷ വേലയിൽ ഏർപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ ദൈവസന്നിധിലുള്ള അർപ്പണബോധത്തെ ചൂണ്ടിക്കാണിക്കുന്നു. സുവിശേഷം മാത്രമല്ല സാമൂഹിക കാര്യങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു. വ്യാഴം മുതൽ ഞായർ വരെ ആയിരുന്നു പൊതു യോഗങ്ങളിൽ സംസാരിച്ചിരുന്നത്. ബാക്കിയുള്ള സമയങ്ങളിൽ പ്രാർത്ഥനയ്ക്കായി അദ്ദേഹം സമയം മാറ്റി വെച്ചിരുന്നു.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായിരുന്നു. തന്റെ പ്രഭാഷണങ്ങളിൽ നിറം പകരാനായി കഥകളും, ഉദാഹരണങ്ങളും, തമാശകളും, അനുഭവങ്ങളും ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് കേരളത്തിലും ദക്ഷിണേന്ത്യയിലും വൻപിച്ച ഫലം ഉണ്ടായി. അനേകം പേർ കർത്താവിനെ അറിഞ്ഞ് രക്ഷ പ്രാപിച്ചു. മദ്യപാനികൾ കൂട്ടായ്മകളിൽ വന്ന് പുതിയ മനുഷ്യരായി കടന്നു പോകുന്നത് സ്ഥിരം കാഴ്ച്ച ആയിരുന്നു.

സാഹിത്യസൃഷ്ടികൾ

പരമക്രിസ്ത്യാനിത്വം, പരമാനന്ദ ക്രിസ്തീയജീവിതം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അനേകം കൃതികളിൽ ചിലതാണ്.എന്നാൽ അതിലും പ്രസിദ്ധമായത് മലയാളികളായ ക്രൈസ്തവർ ആനന്ദത്തിൽ മുഴുകുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളാണ്. മലയാളത്തിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾ ഒരുപാട് ഹൃദയങ്ങളിൽ ഇന്നും പ്രത്യാശയും സന്തോഷവും പകർന്നുകൊണ്ടിരിക്കുന്നു. 210 ഗാനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ആശ്വാസ ഗീതങ്ങൾ എന്ന ഗ്രന്ഥവും രചിച്ചു.അവയിൽ ചിലത്:

  • ദുഃഖത്തിന്റെ പാനപാത്രം കർത്താവെൻറെ കയ്യിൽ തന്നാൽ
  • സന്തോഷത്തോടതു വാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ.
  • എന്റെ സമ്പത്തെന്നു ചൊല്ലുവാൻ-verreyillonnum ....
  • എന്റെ ദൈവം സ്വർഗ്ഗസിംഹാസനം തന്നിൽ ....
  • പൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ ....
  • ചേർന്നീടുമേ വേഗം ഞാനും ആ കൂട്ടത്തിൽ ....
  • എന്റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായി ജീവിക്കുമ്പോൾ....
  • ഉഷഃകാലം നാമെഴുന്നേല്ക്കുക പരനേശുവിനെ സ്തുതിപ്പാൻ ....

അവസാന ദിവസങ്ങൾ

നിരന്തരമായ യാത്രകളും വിശ്രമമില്ലാത്ത സുവിശേഷ വേലയും അദ്ദേഹത്തെ പലപ്പോഴും രോഗിയാക്കി. 1945 ൽ അദ്ദേഹം കഠിനമായ രോഗബാധിതനായി. 1945 നവംബർ 30 രാവിലെ 8.45 ന് താൻ പ്രിയംവെച്ച അരുമനാഥന്റെ അടുക്കലേക്ക് യാത്രയായി......