എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അക്ഷരവൃക്ഷം/ കോവിഡ് 19 - പ്രതിരോധത്തിന്റെ പ്രതിഫലനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - പ്രതിരോധത്തിന്റെ പ്രതിഫലനങ്ങൾ

ഈ ലോകത്തെ ഒന്നാകെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് അന്ത്യത്തിലേക്കെത്തിക്കുകയാണ് ഒരു വിഷസർപ്പം.അജ്ഞാതമായ ഒന്നിൽ നിന്നും ഉത്ഭവിച്ച് നിസ്സീമമായി വിഹരിക്കുന്നു അത്. ആ വിഷസർപ്പത്തിന്റെ ദംശനം ഏൽക്കാത്ത രാജ്യങ്ങൾ വിരളമാണ്. ആ കൊടും വിഷത്തെ നിർവീര്യമാക്കാൻ തക്കതായ മരുന്ന് ഇല്ല. അതെ, പറഞ്ഞുവരുന്നത് കൊറോണ എന്ന വൈറസിനെ പറ്റിയാണ്, കോവിഡ് -19 എന്ന് അറിയപ്പെടുന്ന അസുഖത്തെപ്പറ്റിയാണ്. ചൈനയിലെ വുഹാനിൽ നിന്നും ( എന്ന് പറയപ്പെടുന്നു ) ആദ്യമായി റിപ്പോർട്ട് ചെയ്ത, കൊറോണ എന്ന സൂക്ഷ്മരോഗാണു മൂലമുണ്ടാകുന്ന ഈ അസുഖം രാജ്യാതിർത്തികൾ ഭേദിച്ച് കൂടുതൽ ആളുകളിലേക്ക് പടരുകയാണ്. എല്ലാക്കാലത്തും മാനവരാശിയെ വെല്ലുവിളിച്ചുകൊണ്ട് അനേകം സാംക്രമികരോഗങ്ങൾ പടർന്നുപടിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രരംഗം ഇത്രയേറെ പുരോഗമിച്ചിട്ടും ഈയൊരസുഖത്തിന് മരുന്ന് കണ്ടെത്താനാകുന്നില്ല എന്നത് ഭീകരമായ വസ്തുതയാണ്. മുൻകരുതലെന്നോണം ഇന്ത്യയടക്കമുള്ള ലോകത്തിലെ മുൻനിര രാഷ്ട്രങ്ങളെല്ലാം ലോക്ക്ഡൌണിലാണ്. ജനജീവിതം സ്തംഭിച്ചുനിൽക്കുന്ന ഈയൊരവസ്ഥ പാരിസ്ഥിതികമായ ഒരുപാട് മാറ്റങ്ങൾക്ക് വഴിയൊരുക്കും. <
സാംക്രമികരോഗങ്ങൾ ഇതിനുമുമ്പും മനുഷ്യകുലത്തിന്റെ പുരോഗതിയെ വഴിമുടക്കിക്കൊണ്ട് നിന്നിട്ടുണ്ട്. റോമാസാമ്രാജ്യത്തിൽ എ.ഡി. 165 - 180 കാലഘട്ടത്തിൽ പ്ലേഗ് പടർന്ന് പിടിച്ചതാണ് ആദ്യത്തെ സംഭവമായി കരുതുന്നത്. അതിനുശേഷം കോളറ, വസൂരി, സ്പാനിഷ് ഫ്ലൂ, എബോള തുടങ്ങിയ മാരകരോഗങ്ങൾ മഹാമാരിയായി പെയ്തിറങ്ങിയിട്ടുമുണ്ട് ലോകത്തിനു മുന്നിൽ. എന്തിനേറെ പറയുന്നു 2018 -ൽ നിപ വൈറസിന്റെ പിടിയിൽനിന്നും വിദഗ്ദ്ധമായി രക്ഷപ്പെട്ട ചരിത്രമാണ് നമുക്കുള്ളത്. പക്ഷേ കൊറോണ വൈറസിന്റെ കാര്യത്തിൽ ഭീതിയുടെ ഇരുട്ട് കണ്ണ് മറയ്ക്കുന്നു. കോവിഡ് - 19 എന്ന രോഗത്തിന്റെ അപകടവശം മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ് ലോകാരോഗ്യസംഘടന ഇതിനെ മഹാമാരിയായും കേന്ദ്രസർക്കാർ ദേശീയദുരന്തമായും പ്രഖ്യാപിച്ചത്. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലെ ജന്തുജീവികളെ വിൽക്കുന്ന മാർക്കറ്റിൽനിന്നും പൊട്ടിപ്പുറപ്പെട്ടതാണ് ഈ പുതിയ കൊറോണ വൈറസ് എന്നാണ് കണക്കാക്കപ്പെടുന്നത്. ചിലർ ഇത് ചൈനയുടെ ജൈവയുദ്ധതന്ത്രമാണെന്ന് പറയുമ്പോഴും ഇത് ആകസ്മികമായി പൊട്ടിപ്പുറപ്പെട്ട ഒരു വൈറസ് ആണെന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്. മുമ്പും ചെറിയ ചില വ്യത്യാസങ്ങളോടുകൂടി കൊറോണ വൈറസ് ഈ ഭൂമുഖത്തെ വിറപ്പിച്ചിട്ടുണ്ട്. അന്ന് മെർസ്, സാർസ് പോലുള്ള രോഗങ്ങൾക്ക് ഈവൈറസ് കാരണമായി. <

പക്ഷേ,ഇപ്പോഴത്തെ പുതിയ കൊറോണ വൈറസ് രോഗം അഥവാ കോവിഡ്- 19 മുൻപത്തേക്കാൾ പ്രഹരശേഷി കൂടിയഒന്നാണ്. കൂടുതൽ ആളുകളിലേക്ക് പടരാനുള്ള സാധ്യതയും അധികമാണ്. നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതും അതു തന്നെയാണ്. ജാതി - മത - ലിംഗ - നിറ ഭേദമെന്യേ അത് പടരുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ മുറവിളി കൂട്ടുന്ന, രക്തം ചീന്തുന്ന നരാധമന്മാർക്കുള്ള പ്രകൃതിയുടെ മറുപടിയായിരിക്കാം ഇത്.അമേരിക്കയുടെയും ഇറ്റലിയുടെയും ചൈനയുടെയും ബ്രിട്ടന്റെയുമൊക്കെ അസ്ഥിവാരം തകർന്നുവീണേക്കാവുന്ന ഒരു സാഹചര്യം! എല്ലാം തങ്ങളുടെ കാൽക്കീഴിലാണെന്ന് പറഞ്ഞ് രോമാഞ്ചംകൊണ്ട രാഷ്ട്രത്തലവന്മാരുടെ കഴുത്തിനുനേരെ വാളോങ്ങി നിൽക്കുന്നത് കേവലം ഒരു മില്ലീമീറ്റർ പോലും വലുപ്പമില്ലാത്ത ഒരു സൂക്ഷ്മജീവി ആണെന്നതിലാണ് ആശ്ചര്യം.

ലോകത്തിലെ മഹാനഗരങ്ങൾ പോലും കൊറോണയ്ക്കുമുന്നിൽ അടിയറവു പറഞ്ഞപ്പോൾ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തേക്കാളും ജനസംഖ്യ കൂടിയ നമ്മുടെ കൊച്ചുകേരളം ക്രിയാത്മകമായി നടത്തിയ ചെറുത്തുനിൽപ്പ് അങ്ങേയറ്റം സ്തുത്യർഹമാണ്. സംസ്ഥാനത്തെ ജനങ്ങളെയെല്ലാം കോവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിപ്പിച്ചുകൊണ്ട് കൊറോണ വൈറസിനെതിരെ ഒരു പുത്തൻ വിജയഗാഥ രചിക്കുകയാണ്. കാറും കോളും നിറഞ്ഞ ഈ ചെറുത്തുനിൽപ്പിന്റെ മഹാസമുദ്രത്തിൽ നാം വിജയത്തിന്റെ മറുതീരത്ത്, മധുരതീരത്ത് എത്താറായിരിക്കുന്നു. ന്യൂയോർക്ക് പോലുള്ള മഹാനഗരങ്ങൾ ശാസ്ത്ര പുരോഗതി കൊണ്ടും സമ്പന്നത കൊണ്ടും കേരളത്തേക്കാൾ ഒരുപാട് മുന്നിലാണ്. എന്നാലും കോവിഡിനെതിരായ മഹായുദ്ധത്തിൽ ഒരുപാട് ദൂരം പിന്നിലാണ് ഇപ്പോഴും. നാം ഓരോരുത്തരുടെയും ഐക്യത്തോടെയുള്ള ചെറുത്തുനിൽപ്പും സർക്കാരിന്റെ നേതൃപാടവവും ഈ നേട്ടത്തിനുപിന്നിലെ ബലിഷ്ഠകരങ്ങളാണ്. മുമ്പ് നിപയുടെ കാലം മുതൽ തന്നെ നാം സ്വീകരിച്ച 'റൂട്ട്മാപ്പ്' ഉപയോഗിച്ചുള്ള ചികിത്സാസമ്പ്രദായമൊക്കെ 'കേരളാ മോഡൽ' എന്ന പേരിൽ ആഗോളതലത്തിൽ പ്രശംസിക്കപ്പെടുന്നു എന്ന കാര്യത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.

എന്നിരുന്നാലും ആശ്വസിക്കേണ്ട ഒരു സമയമല്ല ഇത്. നമ്മൾ ഇപ്പോൾ കാണിക്കുന്ന ജാഗ്രത ഒട്ടും കുറയ്ക്കാതെ തന്നെ വേണം മുന്നോട്ട് പോകാൻ. ഈ അസുഖത്തിന് ഇതുവരെയും കൃത്യമായ മരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് മനുഷ്യകുലത്തെ പിടിച്ചുകുലുക്കുന്ന ഭയാനകമായ കാര്യം. അതുകൊണ്ട് വേണ്ട രീതിയിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ലോക്ക്ഡൌണിൽ കഴിയുന്നത് തന്നെയാണ് ഉചിതം. കൊറോണയ്ക്ക് ശാശ്വതമായ മരുന്ന് കണ്ടെത്തുന്നതുവരെ നമുക്ക് മുന്നിലുള്ള ഏകമാർഗ്ഗം സാമൂഹിക അകലം പാലിച്ചുകൊണ്ട് വീടിനകത്തു കഴിയുക എന്നത് തന്നെയാണ്. ലോകത്തെ ഒട്ടുമിക്ക ജനങ്ങളും ലോക്ക്ഡൌണിൽ വീട്ടിലിരിക്കുമ്പോൾ നിരവധി ചലനങ്ങൾ നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയിൽ സംഭവിക്കുന്നുണ്ട്.

നഗരവത്കരണം വളരെ വിപുലമായി വേഗത്തിൽ സംഭവിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നഗരവത്കരണത്തിന്റെ മറുപുറമാണ് മാലിന്യങ്ങൾ. പലവിധമുള്ള മാലിന്യങ്ങൾ നമ്മുടെ പരിസ്ഥിതിയെ അപകടകരമായ ഒരു അവസ്ഥയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്. പ്ലാസ്റ്റിക്ക് പോലുള്ള രാസവസ്തുക്കളുടെ അമിതമായ ഉപയോഗം നിരവധി മാറാരോഗങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഈ കൊറോണക്കാലത്ത് ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ പൊതുയിടങ്ങളിൽ മാലിന്യം അടിഞ്ഞുകൂടുന്നതിന്റെ തോത് നന്നായി കുറഞ്ഞു. കൂടാതെ,കെറോണയ്ക്ക് തൊട്ട് മുമ്പ് വരെ ഇന്ത്യയിലെ മഹാനഗരങ്ങൾ മിക്കതും വായുമലിനീകരണത്തിൽപ്പെട്ട് വലയുകയായിരുന്നു. മാരകരോഗങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് മലിനീകരണം അവിടുത്തെ ജനങ്ങളെ വലിച്ചെറിഞ്ഞു. പക്ഷേ, ലോക്ക്ഡൌൺ പ്രഖ്യാപിച്ചശേഷം അവിടങ്ങളിലെ വായു മലിനീകരണ നിരക്ക് ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടു. നാം മനുഷ്യർ ലോക്ക്ഡൌണിലായതോടെയാണ് മറ്റ് ചെറുതും വലുതുമായ ജീവികൾക്ക് സ്വൈരവിഹാരത്തിനുള്ള കളമൊരുങ്ങിയത്. നൈമിഷികമായ കാര്യങ്ങളിൽ അഹങ്കരിച്ച് ജീവിച്ചിരുന്ന മനുഷ്യന് പ്രകൃതി നൽകിയ തിരിച്ചടിയായി ഈ വൈറസിനെ കാണാൻ കഴിയും. <
മറ്റു ജീവജാലങ്ങളെ പാടെ മറന്നുകൊണ്ട്, വൃക്ഷങ്ങളെ മറന്നുകൊണ്ട്, പണത്തിന്റെയും അധികാരത്തിന്റെയും കാപട്യങ്ങളിൽ അഭിരമിച്ച് പരിസ്ഥിതിയുടെ സന്തുലനത്തെ ഇല്ലാതാക്കുകയായിരുന്നു. ഇങ്ങനെ തുടർന്നുപോയിരുന്നെങ്കിൽ ഭൂമിയിൽ മനുഷ്യനൊഴികെ മറ്റൊരു ജീവിയും ബാക്കിയുണ്ടാകുമായിരുന്നില്ല. സ്വയംനാശത്തിലേക്കുള്ള പാത വെട്ടിത്തുറക്കുകയായിരുന്നു നാം. ദുർമോഹങ്ങളുടെ അഗ്നികുണ്ഡത്തിൽ നാട്ടുനന്മകളെയും പരിസ്ഥിതിയെയും നമ്മൾ ഹോമിക്കുകയായിരുന്നു. പക്ഷേ കുറച്ചു നാൾ ലോകജനത വീട്ടിലിരുന്നപ്പോൾ അത്തരം ദുർമോഹങ്ങളെ മാറ്റിവെച്ച് പ്രകൃതിമൂല്യങ്ങളെ ചേർത്തുപിടിക്കാൻ നമുക്ക് കഴിയുന്നുണ്ട്. മലിനമാക്കപ്പെട്ട വായു കൂടുതൽ ശുദ്ധമാകുന്നു. ജലശ്രോതസ്സുകളിൽ മാലിന്യം വന്നടിയുന്നില്ല. ഇതെല്ലാം കൊറോണ എന്ന രോഗാണു സൃഷ്ടിച്ചമാറ്റങ്ങളാണ്. ശുചിത്വത്തിന്റെയും രോഗപ്രതിരോധത്തിന്റെയുമൊക്കെ പഴയ പ്രാധാന്യം തിരിച്ചുവരുന്നുണ്ട്. നല്ല വശങ്ങൾ ഉണ്ടെങ്കിലും മാനവരാശിക്കുമുന്നിൽ വലിയ കടമ്പ തന്നെയാണുള്ളത്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, ശുചിത്വം ഉറപ്പാക്കിക്കൊണ്ട് ചിട്ടയായ പ്രവർത്തനത്തിലൂടെ കൊറോണയെ തുടച്ചുനീക്കാൻ സാധിക്കും. <
ഇപ്പോഴും വിഷം ചീറ്റിക്കൊണ്ട്, പത്തിവിരിച്ച് വിഹരിക്കുകയാണ് ആ വിഷനാഗം. പക്ഷേ ഇരകളെ ലഭിക്കാതാകുമ്പോൾ അത് പിടിവിടുക തന്നെ ചെയ്യും. അതെ, കൊറോണയ്ക്കെതിരെ ജയം സാധ്യമാണ്. ഈ പോരാട്ടത്തിന്റെ യുദ്ധഭൂമികയിൽനിന്നും വിജയത്തിന്റെ അഗ്നിനക്ഷത്രം ഉദിച്ചുയരുക തന്നെ ചെയ്യും. കോവിഡ് 19 അസുഖത്തിന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചെറിയുമ്പോൾ നാം സ്നേഹത്തിന്റെയും സമത്വത്തിന്റെയും സഹജീവനത്തിന്റെയും കണ്ണികൾ വിളക്കിച്ചേർക്കുകയാണ് ചെയ്യുന്നത്. കൊറോണയുടെ ഇരുട്ടിലേക്ക് പൊൻവെട്ടം വീശിക്കൊണ്ട് പുലരി വന്നുദിക്കും.

രൂപക് വി.പി.
9 B എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം