എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് കാണാൻ സാധിക്കുന്നു. നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ ഇത് വ്യക്തമാക്കുന്നു .ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ മുൻഗാമികൾ. വ്യക്തിക്കായാലും സമൂഹത്തിനായാലും ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്താൻ ശുചിത്വം പാലിക്കുക എന്നത് ഏറെ പ്രധാന്യമുള്ളതാണ് .മാത്രമല്ല ആരോഗ്യ അവസ്ഥ ശുചിത്വ അവസ്ഥയുമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു .

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പൊഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് ചുറ്റിലും കൺ തുറന്ന് നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ് .ഇത് എന്ത് കൊണ്ട് എങ്ങിനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്ത് കൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത്? നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പോരായ്മയാണ് ഇത് സൂചിപ്പിക്കുന്നത് .ആരും കണാതെ മാലിന്യം പുറത്തേക്ക് എറിയുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരുടെ പറമ്പിലേക്ക് എറിയുന്ന ,സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഈ അവസ്ഥ തുടർന്നാൽ "മാലിന്യകേരളം" എന്ന ബഹുമതിക്ക് നാം അർഹരാകും എന്ന കാര്യത്തിൽ തർക്കമില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ.

ആവർത്തിച്ച് വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയണം. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാമാരിയാണ് "കൊവിഡ് 19 " എന്ന പേരിൽ ലോകത്താകമാനം മരണം വിതച്ചു കൊണ്ട് താണ്ഡവമാടിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയും വ്യത്യസ്ത രാഷ്ട്ര തലവൻമാരുമല്ലാം വിവിധങ്ങളായ മാർഗ്ഗങ്ങളിലൂടെ ഈ കൊലയാളിവയറസ്റ്റിന്റെവ്യാപനത്തെ തടയുന്നതിനുള്ള ഭഗീരത പ്രയത്നത്തിലാണെന്നും നമുക്ക് എല്ലാവർക്കും അറിയാം.നമ്മുടെ സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും "ബ്രേക്ക് ദ ചെയ്ൻ " എന്ന പേരിൽ ശുചിത്വ കാംപെയ്ന് തുടക്കമിട്ടിരിക്കുകയാണ്.ദിവസേനയെന്നോണം പത്രങ്ങളിലൂടെയും , ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും, നവ മാധ്യമങ്ങളിലൂടെയുമെല്ലാം ശുചിത്വ ബോധം ഉറപ്പ് വരുത്തി കൊണ്ടുള്ള അറിയിപ്പുകൾ നിരന്തരം പുറപ്പെടുവിച്ച് കൊണ്ടിരിക്കുന്നു. എന്നാൽ ഇത് നമ്മൾ എത്രത്തോളം പാലിക്കുന്നുണ്ട് എന്ന് ആത്മപരിശോധന നടത്തേണ്ട ഘട്ടം കൂടിയാണിത്. നമുക്ക് ഈ അവസരത്തിലെങ്കിലും തികഞ്ഞ ശുചിത്വ ബോധമുള്ളവരായി മാറാം.നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും സർക്കാറിന്റെയും നിതാന്ത പരിശ്രമം വിജയകരമാക്കാൻ സർക്കാർ മുന്നോട്ട് വയ്ക്കുന്ന സുരക്ഷാ മുൻകരുതലുകൾ പാലിച്ച് മുന്നോട്ട് പോകാം ഈ വിഷമഘട്ടവും നമ്മൾ തരണം ചെയ്യും നമ്മുടെ കൂട്ടായ പ്രവർത്തനത്തിലൂടെ.

ഗാഥ രജീഷ്
6 A എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം