എ.എൽ.പി.എസ്. തോക്കാംപാറ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

സ്കൂളിലെ ഓർമ്മനിറങ്ങൾ

ജാസ്മിൻ വി

തോക്കാംപാറ എൽ.പി. സ്കൂളിലെ പ്രാഥമിക കാലഘട്ടം അത്യപൂർവമായ കൗതുകവസ്തുക്കളുടെ സമാഹാരത്താൽ അതിവിശേഷമായിരുന്നു. സ്കൂളിനു തൊട്ടുമുന്നിൽ തന്നെ പാതി വേര് മതിലിനുള്ളിലേക്ക് പായ്ച്ചുനിന്നിരുന്ന ചീനി ബൃഹത്തായ ഒരു ഭക്ഷ്യസസ്യമായിരുന്നു. ഗേറ്റ് കടന്ന് താഴോട്ട് മൂന്നോ നാലോ വീടുകൾ കടന്നാൽ റോഡിനരികിൽ പടർന്നുപന്തലിച്ചുനിൽക്കുന്ന വലിയ ഇലഞ്ഞിമരം കൊല്ലപ്പരീക്ഷ വരെ പൊട്ടുകയും പൊടിയുകയും ചെയ്യുന്ന മണവും മാലയും വളയുമായി കൂടെയുണ്ടാകും. സ്കൂൾ അടയ്ക്കാറായ സമയത്താണ് കാളിയമ്മയുടെ വീട്ടിലെ വാകമരം പൂക്കുക. സ്കൂളിന്റെ കാലാകാല സൂക്ഷിപ്പുകാരിയായിരുന്ന കാളിയമ്മയുടെ പൂവിതളുകളുടെ ഞെട്ടിൽ നിന്ന് കളർ നഖം പറിക്കൽ ഒരു സ്കൂൾ അനുബന്ധ പ്രവർത്തനമായിരുന്നു. ആ പൂവുകൾ പെറുക്കുമ്പോൾ പേടിയും ഉണ്ടായിരുന്നു. സ്വതവേ ഗൗരവക്കാരിയായ കാളിയമ്മ എന്തു പറയുമെന്ന്!

ഈരും കായും ചെമ്പകപ്പൂക്കളും കുങ്കുമക്കായുമൊക്കെ അവിടേക്ക് സ്വദേശികളാൽ തന്നെ ഇറക്കുമതി ചെയ്തെത്തുന്ന തദ്ദേശീയ ഉൽപ്പന്നങ്ങളായിരുന്നു. വെള്ളം നിറഞ്ഞ ഈരുംകായ്കൾ ചടചടത്തോടെ തലങ്ങും വിലങ്ങും പൊട്ടിക്കാനും കുങ്കുമക്കായ്കളുടെ കട്ടിയുള്ള നിറം കൊണ്ട് നിറം കൊടുക്കാനും ആരെയും പ്രത്യേകിച്ച് പഠിപ്പിക്കേണ്ടതും വന്നില്ല. ആ കുങ്കുമക്കായ്കൾക്ക് നിറം പോലെ തന്നെ നെഞ്ച് തൊടുന്നൊരു മണവുമുണ്ടായിരുന്നു. ആ ചോന്ന പരുക്കൻ കുരു പൊടിച്ചാലെങ്ങനെയാണ് മൂന്നാം ക്ലാസിലെ ജാനി ടീച്ചറുടെ നെറുകിൽ തൊടുന്ന പതുപതുത്ത പൊടിയുണ്ടാകുക എന്നത് തന്നെ ഉത്തരമറിയാത്ത പല ചോദ്യങ്ങളിൽ പെട്ട ഒരു ചോദ്യം മാത്രമായിരുന്നു.