എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/സൗകര്യങ്ങൾ/ഉല്ലാസമൂല
ചുറ്റുപാടുമുള്ള ഗവൺമെൻറ് സ്കൂളുകളിലെല്ലാം കുഞ്ഞുങ്ങൾക്ക് പല ഫണ്ടുകളുപയോഗിച്ച് കളിപാർക്കുകൾ അനുവദിക്കുന്നതിനും മുൻപത്തെ കാലം.
ഞങ്ങളുടെ വിദ്യാലയത്തിലെ 300 ലധികം വരുന്ന കുഞ്ഞിമക്കൾക്ക് അത്തരത്തിലൊരു പാർക്കിന് ഗവൺമെൻറിൽ നിന്ന് ഒരു പൈസ അനുവദിച്ചു കിട്ടില്ല എന്നുറപ്പായിരുന്നു. എന്നാൽ വിനോദയാത്രയിലും മറ്റും ഇത്തരം കളിയുപകരണങ്ങൾ കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ആഹ്ലാദം വിദ്യാലയ ത്തിലും ലഭ്യാമാക്കണം. പണക്കാരന്റെ മക്കൾ മാത്രമല്ല സാധാരണക്കാരന്റെ മക്കളും ഉല്ലസിക്കട്ടെ അതിന് പണം ഒരു തടസമാവരുത് എന്ന് അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രൻ മാഷ് ചിന്തിച്ചു. അക്കാലത്താണ് അധ്യാപകർക്ക് ശമ്പളവർധന അനുവദിച്ചത്. ഒരു മാസത്തെ ശമ്പളത്തിൽ വർധന വന്നതിന് സമാനമായ തുക വിദ്യാലയത്തിലെ ഓരോ അധ്യാപകനും സംഭാവന ചെയ്താൽ കുഞ്ഞുങ്ങളുടെ കളിസ്ഥലത്തേക്ക് നമുക്ക് ഒരു സ്ലൈഡർ വാങ്ങി സമ്മാനിക്കാം എന്ന നിർദേശം തൻറെ സഹാധ്യാപകർക്ക് മുന്നിൽ മാഷ് നിർദേശം വെച്ചു. കുഞ്ഞുങ്ങളെ അളവറ്റു സ്നേഹിക്കുന്ന അധ്യാപകർക്ക് മറ്റൊന്ന് ചിന്തിക്കാനുണ്ടായിരുന്നില്ല. ഒരു സ്വാതന്ത്ര്യ ദിനത്തിൽ 25000 രൂപ സ്കൂൾ പിടിഎ ക്ക് കൈമാറി അടുത്ത ശിശുദിനത്തിൽ മനോഹരമായി തയ്യാറാക്കിയ ഒരു സ്ലൈഡർ കുഞ്ഞുമക്കളുടെ ഭാഷയിൽ പറഞ്ഞാൽ "കീഞ്ഞെറങ്ങി" ഉല്ലാസമൂല എന്ന പേരിട്ട് അവർക്ക് സമ്മാനിച്ചു.
ഇനി അത് സ്ഥാപിച്ച സ്ഥലത്തിനുമുണ്ട് ഒരു പ്രത്യേകത. എല്ലാ വിദ്യാലയങ്ങളിലും മുൻവശത്തായിരിക്കും പാർക്കിൻറെ സ്ഥാനം നമുക്ക് അത് വിദ്യാലയത്തിൻറെ പുറക് വശത്താണ്. ഓരോ ക്ലാസുകാരും അവരവരുടെ ടീച്ചർമാരോടൊപ്പം മാത്രമേ കീഞ്ഞെറങ്ങിയിലേക്ക് പോവൂ. അധ്യാപകരുടെ കണ്ണെത്തുന്ന സ്ഥലത്തല്ലെങ്കിലും നമ്മുടെ മക്കൾ അത് കൃത്യമായി അനുസരിക്കും. അവരതിൽ നിന്ന് ഒരപകടവും പറ്റിക്കാത്തത് കണ്ട സന്തോഷം കൊണ്ടാണ് 2015 ൽ തൻറെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ജലജ ടീച്ചർക്ക് കുഞ്ഞുങ്ങൾക്കെന്ത് സമ്മാനിക്കണം എന്നതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല . കുഞ്ഞുങ്ങളുടെ ഉല്ലാസമൂലയിലേക്ക് രണ്ട് ഊഞ്ഞാലുകളാണ് ടീച്ചർ സംഭാവന ചെയ്തത്. ഇന്നത് രണ്ടും സജീവമായി ഉല്ലാസമൂലയിൽ നിലനിൽക്കുന്നു.
നാട്ടിലെ മക്കളുടെ പകൽവീട് എന്ന് അറിയപ്പെടുന്ന നമ്മുടെ വിദ്യാലയത്തിലെ അധ്യാപകർക്ക് കുഞ്ഞുങ്ങൾക്ക് വേണ്ടി പണം ചിലവാക്കുന്നതിൽ സങ്കടമൊന്നുമില്ല.
അങ്ങനെ നമ്മുടെ കുഞ്ഞുങ്ങളും കളിയൂഞ്ഞാലും കീഞ്ഞെറങ്ങിയും ഉപയോഗിച്ച് ഉല്ലാസത്തിൻറെ അതിരില്ലാത്ത തലങ്ങളിലേക്ക് അവകാശത്തിലേക്ക് ഉയരുന്നു. അധ്യാപികാധ്യാപകർ പഠനോപകരണമായും പാർക്കിനെ ഉപയോഗിക്കുന്നു.