എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പ്ലാസ്റ്റിക് നിരോധിത കാമ്പസ്
പ്ലാസ്റ്റിക് നിരോധിത കാമ്പസ്
വിദ്യാലയത്തിൻറെ ഭൗതിക സൗകര്യങ്ങൾ മികച്ചതാവാൻ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എൽ എ ശ്രീ. പി.കെ ബഷീർ സാഹിബ് പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എൽ പി സ്കൂൾ എൻറെ മണ്ഡലത്തിൽ വേറെ ഇല്ല " എന്നാണ്.
2015 ലെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് വേണ്ടി കേരള ശുചിത്വമിഷൻ ഇറക്കിയ ഓർഡറിൽ ആണ് ശുചിത്വ കാമ്പസ് എന്ന നിർദേശമുള്ളത്.എന്നാൽ മാലിന്യമില്ലാ കാമ്പസ് എന്നത് നമ്മുടെ സ്കൂളിൽ വർഷങ്ങൾക്കു മുൻപേ നടപ്പാക്കി കഴിഞ്ഞതാണ്... സ്കൂൾ പരിസരത്ത് കൃത്യമായി മാലിന്യക്കൂടകൾ സ്ഥാപിച്ച് പരിസരത്ത് മാലിന്യം വലിച്ചെറിയാത്ത ശീലം കുഞ്ഞുങ്ങളിൽ ചെറുപ്പം മുതൽ വളർത്തുന്നു. ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. ഞങ്ങൾ കുഞ്ഞ് മനസ്സിൽ ചൊരിയുന്ന വൃത്തി ബോധം മനസിൽ ഏറ്റെടുത്ത് ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദർശിച്ചാൽ ആർക്കും ബോധ്യപ്പെടും. അധ്യാപകരുടെ നിർദേശങ്ങൾ ഇല്ലാതെ തന്നെ വൃത്തിയാക്കൽ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങൾക്കിവിടെ കാണാം.
സ്കൂളിൽ മാത്രമല്ല നാട്ടിലും പ്ലാസ്റിക് വെള്ളക്കുപ്പികൾ വീഴരുത് എന്നാ ഉദ്ദേശ്യമാണ് സ്കൂളിലെ തിളപ്പിച്ചാറിയ കുടിവെള്ള പദ്ധതികൾക്ക് പിന്നിൽ, ഓണാഘോഷത്തിനു കുഞ്ഞുങ്ങൾ പൂക്കളമിടാൻ പൂ കൊണ്ടു വരുന്നതും കടലാസിൽ പൊതിഞ്ഞാണ്, അക്കാലത്ത് പ്രവേശനോൽസവത്തിന് കേരളത്തിൽ അങ്ങോളമിങ്ങോളം സർക്കാർ ഫ്ലെക്സ് നൽകുന്നു മുന്നിൽ കെട്ടാൻ, പക്ഷെ ഞങ്ങൾ അതിൽ പ്രതിഷേധം അറിയിച്ച് തന്നെ സ്കൂളിൽ തുണി ബാനർ മാത്രമേ ഉപയോഗിക്കാറുള്ളു.
സ്കൂളിലേക്ക് പ്ലാസ്റ്റിക് കീസിൽ ആരെന്ത് കൊണ്ടുവന്നാലും കുട്ടികൾ ചോദ്യം ചെയ്യുന്ന അവസ്ഥ കൊണ്ടുവരാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഊർങ്ങാട്ടിരി PHC യുടെ സഹായത്തോടെ 2011 ൽ നടപ്പിലാക്കിയ നിർമലം എന്ന പ്രൊജക്ടിൻറെ ഭാഗമായി നാട്ടിലെ മുഴുവൻ വീടുകളിലും കയറിയിറങ്ങി പ്ലാസ്റ്റിക്കിനെതിരായ ബോധനവീകരണം നടത്താനും എല്ലാ വീടുകളിലും തുണിസഞ്ചി വിതരണം ചെയ്യാനും നമുക്ക് സാധിച്ചു. ഇതിൻറെ തുടർപ്രവർത്തനമായി 2013 ൽ വീണ്ടും നമ്മൾ തുണിസഞ്ചി വിതരണം ചെയ്തു. പ്രദേശത്തെ കടകളിൽ നിന്ന് സാധനം വാങ്ങാൻ വരുന്നവർ ആ തുണിസഞ്ചിയുമായി വരുന്നത് കാണുമ്പോൾ ചാരിതാർത്ഥ്യമുണ്ട്.
പ്ലാസ്റ്റിക്കിൻറെ ഒരു മാലിന്യവും സ്കൂളിൽ വീഴരുത് എന്ന ചിന്തയിൽ നിന്നാണ് 2016 ൽ പ്ലാസ്റ്റിക് വിസർജ്യകൂട നമ്മൾ ഓരോ ക്ലാസിലും ഒരുക്കിയത്. വളപ്പൊട്ടുകൾ, റീഫില്ലുകൾ, ഉപയോഗശൂന്യമായ പേനകളടക്കമുള്ള എന്ത് പ്ലാസ്റ്റിക് വസ്തുക്കളും അതിൽ നിക്ഷേപിക്കാം.
അങ്ങനെ ആ മതിൽകെട്ടിനകവശം "പ്ലാസ്റ്റിക് ഫ്രി സോൺ" ആയി മാറുകയായിരുന്നു.
വിദ്യാഭ്യാസത്തോടൊപ്പം നാടിനുതകുന്ന, സംസ്കാരമുള്ള, സ്നേഹമുള്ള, പരിസ്ഥിതി ബോധമുള്ള ഒരു തലമുറയെക്കൂടി വാർത്തെടുക്കൽ വിദ്യാലയത്തിൻറെ ഉത്തരവാദിത്തമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇങ്ങനെ ചില കാഴ്ചപാടുകൾ വെച്ച് പുലർത്തി, നടപ്പിലാക്കി, ചില ശീലങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിനാൽ രക്ഷിതാക്കളും വിദ്യാലയത്തെ സ്നേഹിക്കുന്നു...