എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര
എന്റെ സ്വന്തം പുസ്തകപ്പുര
ഊർങ്ങാട്ടിരി എൽപി സ്കൂളിൽ 2019 20 അത് അധ്യയനവർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് എന്റെ സ്വന്തം പുസ്തകപ്പുര. ഒന്നാം ക്ലാസിലെ ഒന്നാന്തരം വായനക്കാർ എന്ന വായനാപദ്ധതിയുടെയും എല്ലാ ക്ലാസ് റൂമിലും ലൈബ്രറിയ്ക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കിയതിന്റെയും തുടർച്ചയെന്നോണം 2018 ഡിസംബറിലാണ് ക്ലാസ് ലൈബ്രറിയെപോലെ കുഞ്ഞുങ്ങളുടെ വീട്ടിൽ ഒരു ലൈബ്രറി എങ്ങനെ ഒരുക്കാം എന്ന ചിന്ത വന്നത്. SRG യിൽ പ്രാധമിക ധാരണ ചർച്ച യ്ക്ക് വെച്ചു. പരിപൂർണ പിന്തുണ എല്ലാവരും വാഗ്ദാനം ചെയ്തു. 2019 ജനുവരിയിൽ നടന്ന അന്ന് പിടിഎ എക്സിക്യൂട്ടീവ് യോഗത്തിലാണ് ആണ് ഈ ഒരു ആശയം ആദ്യമായി ചർച്ചയ്ക്ക് വയ്ക്കുന്നത് രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഒരു ലൈബ്രറി എന്ന പദ്ധതി നടപ്പിലാക്കുന്നതിന് കൃത്യമായ ഒരു പ്രവർത്തനപദ്ധതി തയ്യാറാക്കാൻ അധ്യാപകൻ സൂരജിനെ ചുമതലപ്പെടുത്തി.
ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ താഴെക്കാണുന്ന പ്രവർത്തന പത്തി തയ്യാറായി
2019 ജനുവരി മാസം മുതൽ ആറ് മാസക്കാലം ഓരോ കുട്ടിയും ചെറിയ സംഖ്യകൾ സ്വരുക്കൂട്ടി ആ തുക യ്ക്ക് പുസ്തകം വാങ്ങാവുന്ന തരത്തിൽ 2019 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒരു പുസ്തകപ്രദർശനം നടത്തുവാനും തീരുമാനമായി. തുടർന്ന് എല്ലാ കുട്ടികൾക്കും പണം ശേഖരിക്കാൻ ഒരു തുണി സഞ്ചി പണക്കുടുക്ക എന്ന പേരിൽ വിതരണം ചെയ്തു. (പ്ലാസ്റ്റിക്ക് പാത്രങ്ങൾ വേണ്ട എന്ന് തീരുമാനിച്ചു) ജൂൺമാസത്തിൽ പരിശോധിച്ചപ്പോൾ അവധിക്കാലത്തെ ധനശേഖരണം വേണ്ടത്ര ഫലപ്രദമായില്ല എന്നതിനാൽ തിയ്യതി ആഗസ്റ്റ് വരെ നീട്ടി നല്കി. എന്നാൽ പ്രളയവും മറ്റും നിമിത്തം ഒക്ടോബറിൽ ആണ് ധനശേഖരണം പൂർത്തിയാക്കാനായത്. 2019 നവംബർ രണ്ടിന് കേരളത്തിലെ പ്രമുഖ ബാലസാഹിത്യ പ്രസാധകരുടെ എല്ലാ പുസ്തകങ്ങളും പ്രദർശനത്തിന് എത്തിച്ചു. ഓരോ കുട്ടിക്കും അവർശേഖരിച്ച പണത്തിനേക്കാൾ തുക രേഖപ്പെടുത്തിയ ഒരു ഓർഡർ ഫോം നൽകും.
കൂടുതൽ തുക പുസ്തകത്തിന് ലഭ്യമാവുന്ന കമ്മീഷനാണ്. അതു കൂടി കുട്ടികൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ചെയ്തത്.
ശേഷം പ്രദർശനത്തിന് വെച്ച പുസ്തകങ്ങളുടെ മുകളിലെ നമ്പരും പുസ്തകത്തിന്റെ വിലയും ആ ഓർഡർഫോമിൽ രേഖപ്പെടുത്തിയ ശേഷം ഓർഡർഫോം കൗണ്ടറിൽ തിരികെ ഏൽപിക്കുക എന്നതായിരുന്നു പ്രദർശനത്തിന് വരുന്ന രക്ഷിതാക്കളുടെ ചുമതല. ഓരോ ക്ലാസിനും പ്രത്യേകം സമയം അനുവദിച്ചിരുന്നു.
ശേഷം ഓരോ ക്ലാസിലെയും ഓർഡർഫോം സോർട്ട് ചെയ്ത് ഓരോ പ്രസാധകർക്കുമുള്ളത് തയ്യാറാക്കി. ഡിസംബർ വെക്കേഷന് മുൻപായി ഓരോ കുട്ടിയുടെ വീട്ടിലേക്കുമുള്ള പുസ്തകങ്ങൾ പ്രത്യേകം കിറ്റാക്കി നല്കി. കൂടെ വീട്ടിൽ ഒട്ടിക്കാനുള്ള പുസ്തകപ്പുരയുടെ സ്റ്റിക്കറും.
ഒന്നേകാൽ ലക്ഷം രൂപ മുഖ വില വരുന്ന പുസ്തകങ്ങളാണ് കുട്ടികളുടെ വീടുകളിൽ എത്തിയത്.
2020 ജനുവരി മാസത്തിൽ ഓരോ വീട്ടിലും പുസ്തകപ്പുരയുടെ ഉദ്ഘാടനം നടത്താനുള്ള പദ്ധതികൾ പിടിഎ യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. ഓരോ പ്രദേശത്തേയും പിടിഎ മെമ്പർക്കും ഒരു ടീച്ചർക്കും ചുമതല നൽകി. ആ ടീച്ചറും പിടിഎ മെമ്പറും ഉൾപ്പെടുന്ന സ്ഥലത്തെ ഉദ്ഘാടനങ്ങൾ സ്കൂൾ പ്രവൃത്തിസമയത്തിന് ശേഷമോ അവധിദിനത്തിലോ നടത്താനുള്ള ചുമതല ആ രണ്ട് പേർക്കും നൽകി.
പിന്നീട് നടന്നത് ചരിത്രം തന്നെയാണ്. കേരളത്തിലാദ്യമായി 264 കുട്ടികളുടെ വീടുകളിൽ അധ്യാപകർ നേരിട്ടെത്തി അവരൊരുക്കിയ പുസ്തകപ്പുരയുടെ ഉദ്ഘാടനം നടത്തുന്ന ചരിത്ര നിമിഷങ്ങൾക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. നാട്ടുവഴികളിലൂടെ മുദ്രാഗീതങ്ങളും ചൊല്ലി നടന്നുനീങ്ങുന്ന വിദ്യാർത്ഥികൾ ആവേശമായി. 2020 ജനുവരി 31 ആയപ്പോഴേക്കും ഈ വിദ്യാലയത്തിലെ 264 കുട്ടികളുടെ വീടുകളിലും ലൈബ്രറി എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിച്ച് കഴിഞ്ഞു. അതിന് പരിപൂർണ പിന്തുണയുമായി പിടിഎ യും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പിടിച്ചു.
ഈ അധ്യയനവർഷത്തിൽ അരീക്കോട് ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ അവാർഡ് എന്റെ സ്വന്തം പുസ്തകപ്പുര പദ്ധതിയ്ക്ക് ലഭിക്കുകയും ചെയ്തു.