എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

വ്യക്തികളും അവർ ജീവിയ്ക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിയ്ക്കുന്ന അവസ്ഥയാണ് ശുചിത്വം.

വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയർ വളരെ മുന്നിലാണെങ്കിലും പരിസരശുചിത്വത്തിന്റെയും സമൂഹശുചിത്വത്തിന്റെയും കാര്യത്തിൽ വളരെ പുറകിലാണ്.ഇവയെല്ലാം കൂടി ചേർന്നതാണ് ശരിയായ ശുചിത്വം എന്ന് നാം എന്നാണ് തിരിച്ചറിയുക.

എല്ലാ ദിവസവും രാവിലെ ഉണർന്നു പല്ല് തേക്കലിൽ തുടങ്ങുന്നു നമ്മുടെ ശുചിത്വശീലങ്ങൾ . ദിവസവും കുളിയ്ക്കുക, വൃത്തിയുള്ള വസ്ത്രം ധരിയ്ക്കുക,ആഹാരത്തിനു മുൻപും മലവിസർജ്ജനനത്തിനു ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക തുടങ്ങിയ നല്ല ശീലങ്ങൾ ചെറിയ പ്രായത്തിലെ തന്നെ ശീലിയ്‌ക്കേണ്ടതാണ്. ഒട്ടനവധി സാംക്രമികരോഗങ്ങളെ തടഞ്ഞു നിർത്തുന്നതിനു ഇവ നമ്മെ സഹായിയ്ക്കും.

വ്യക്തി കഴിഞ്ഞാൽ അടുത്ത ഘട്ടം വീടാണ്. വീട് വൃത്തിയായി സംരക്ഷിയ്ക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും ഉപയോഗശേഷം യഥാസ്ഥാനങ്ങളിൽ അടുക്കി വെയ്ക്കാൻ കുട്ടികളെ ശീലിപ്പിയ്കണം. മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിടാതെ അന്നന്നു തന്നെ കഴുകി വെയിലിൽ ഉണക്കി അടുക്കി സൂക്ഷിയ്ക്കാൻ ശ്രമിയ്ക്കുക. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും ശരിയായ രീതിയിൽ യഥാസമയം സംസ്കരിയ്ക്കുക. ഇങ്ങനെയുള്ള മാർഗങ്ങളിലൂടെ വീട് വൃത്തിയായി സൂക്ഷിയ്ക്കാൻ കഴിയും.

വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പരിസരശുചിത്വവും സമൂഹശുചിത്വവും. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം ആണെന്ന കാര്യം മനസിലാക്കി പ്രവർത്തിയ്ക്കുകയാണെങ്കിൽ നാടും നഗരവും ഒരു പോലെ ശുചിയായി സൂക്ഷിയ്ക്കാൻ നമുക്ക് കഴിയും. പൊതു ഇടങ്ങളിൽ തുപ്പാതിരിയ്കുക, മല മൂത്ര വിസർജ്ജനങ്ങൾക്കായി കക്കൂസുകൾ മാത്രം ഉപയോഗിയ്ക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിയ്കുക എന്നിവ നാം കൃത്യമായി പാലിയ്ക്കേണ്ട ചില പരിസര ശുചിത്വ ശീലങ്ങൾ ആണ്.

ശരിയായ രീതിയിലുള്ള ശുചിത്വ ശീലങ്ങൾ നല്ല ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ സഹായിയ്ക്കും, അത് വഴി നല്ല അഭിവൃദ്ധിയുള്ള ഒരു രാജ്യത്തെയും.

ജിതിൻ എൻ.എസ്
3 എ ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം