എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/ഇത്തിരികുഞ്ഞൻമാരുംഒത്തിരികാര്യങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരികുഞ്ഞൻമാരുംഒത്തിരികാര്യങ്ങളും

ഇത് മഹാമാരിയുടെ കാലം. ആകാശ ഗോളങ്ങളെയും നക്ഷത്ര സമൂഹങ്ങളെയും കീഴടക്കിയെന്നും പ്രപഞ്ചം തന്റെ കാൽക്കീഴിലാണെന്നും അഭിനാനിച്ചിരുന്ന മനുഷ്യൻ അവന്റെ നയനങ്ങൾക്ക് ഗോചരമല്ലാത്തത്ര ചെറിയ ജീവിക്കു മുമ്പിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്നു. ലോകത്തെ വൻ ശക്തികളെന്നു വിശേഷിപ്പിക്കാവുന്ന രാഷ്ട്രങ്ങൾപോലും ഇവയ്ക്കു മുമ്പിൽ മുട്ടു മടക്കിയിരിക്കുന്നു.വനങ്ങളിൽ സ്വതന്ത്ര വിഹാരം നടത്തിയിരുന്ന ആനകളെ വാരിക്കുഴിയിൽ വീഴ്ത്തിയും, അനന്ത വിഹായസ്സിൽ സ്വതന്ത്രമായി വിഹരിക്കാൻ കൊതിച്ച പക്ഷികളെ വലയിൽ വീഴ്ത്തിയും തടവിലാക്കിയ അവനെ പ്രപഞ്ചത്തിലെ ഈ ഇത്തിരിക്കുഞ്ഞന്മാർ പുറത്തിറങ്ങാൻ കഴിയാത്ത വിധം പൂട്ടിയിട്ടിരിക്കുന്നു. ഉപകാരികളും അതേപോലെ ഉപദ്രവകാരികളുമാണ് ഈ ജീവിവർഗം

ഓരോ ജീവ ശരീരവും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ജീവന്റ അടിസ്ഥാന ഘടകമായ കോശങ്ങൾ കൊണ്ടാണ്. ശരീരത്തിൽ ഒരേഒരു കോശം മാത്രമുള്ള ജീവികളും ഭൂമുഖത്തുണ്ട്. ശരീരത്തിൽ ഒരു കോശം മാത്രം ഉള്ള ഇത്തരം ജിവികളെ ഏകകോശ ജീവികൾ എന്നും നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ സാധിക്കാത്തതിനാൽ സൂക്ഷ്മ ജീവികൾ അഥവാ മൈക്രോബുകൾ എന്നും വിളിക്കുന്നു..മൈക്രോസ്കോപ്പ് എന്ന ഉപകരണത്തിലൂടെ മാത്രമേ ഈ ജീവികളെ കാണാൻ കഴിയൂ. ജീവമണ്ഡലത്തിലെ ഈ സൂക്ഷമ ജീവികളാണ് മഹാമാരികൾകൊണ്ട് ലോകത്തെ ഇത്തരത്തിൽ തക‍ർത്തെറിയുന്നത് എന്ന് ചിന്തിക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ .

വളരെ ചെറിയവയെങ്കിലും ലോകത്താകമാനം കരയലും കടലിലും വായുവിലും കണ്ടു വരുന്ന ഇവ ഭൂമിയിൽ മനുഷ്യരാശി ജന്മമിടുക്കുന്നതിനും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജന്മമെടുത്തതാണ്. ഒരു മനുഷ്യ ശരാരത്തിൽത്തന്നെ കോടിക്കണക്കിന് മൈക്രോബികൾ ജീവിക്കുന്നുണ്ട്. നാം ഭൂമിയി. പിറന്ന് വീഴുന്ന നിമിഷം മുതൽ അവ നമ്മോടൊപ്പം കൂടുന്നു .മ‍ഞ്ഞുപാളികളിൽ മുതൽ നൂറ് ഡിഗ്രി സെഷ്യൽസ് ഊഷ്മാവിൽ വരെ ഇവയ്ക്ക് ജീവിയ്ക്കാൻ കഴിയും എന്നതാണ് ഏറെ അത്ഭുതകരം.ബാക്ടീരിയ,വൈറസ്,യുഗ്ലീന, പാരമീസിയം, ഫംഗസ് തുടങ്ങിയവ സൂക്ഷ്മ ജീവികൾക്ക് ഉദാഹരണങ്ങളാണ്

സൂക്ഷ്മജീവികളിൽ ഒട്ടുമിക്കവയും മനുഷ്യനു ഉപകാരികളത്രേ. നമ്മുടെ ശരീരത്തിൽ വസിക്കുന്ന സൂക്ഷ്മജീവികളാണ് രോഗകാരികളായ സൂക്ഷ്‍മാണുക്കൾ പ്രവേശിക്കുന്നതിൽ നിന്നും ശരീരത്തെ പ്രതിരോധിക്കുന്നത്. നമ്മുടെ നിത്യജീവിതത്തിലുള്ള രസതന്ത്രങ്ങൾക്കൊക്കെ ഇത്തരം സൂക്ഷ്മജീവിക്കൾ കൂടിയെ മതിയാകു. ജൈവാവശിഷ്ടങ്ങൾ മണ്ണിൽ ലയിപ്പിക്കാൻ സൂക്ഷ്മജീവികൾ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഭൂമിയുടെ അവസ്ഥ. പാല് തൈരാകുന്നതും , അരിമാവ് പുളിക്കുന്നതുമൊക്കെ ഇത്തരം ജീവികളുടെ സാന്നിദ്ധ്യം കൊണ്ടാണെന്നുള്ളത് നമുക്കേവർക്കും അറിയാമല്ലോ.അന്തരിക്ഷ നൈട്രജനെ സസ്യങ്ങൾക്ക് ഉപകാരപ്രദമായ അമോണിയയാക്കി മാറ്റുന്നതും സൂക്ഷ്മ ജീവികൾതന്നെ.

സൂക്ഷ്മജീവികളിൽ ചിലരെങ്കിലും അപകടകാരികളാണ് ചിലയിനം ബാക്ടീരികൾ, ഫംഗികൾ എന്നിവ,രോഗകാരികളാണെങ്കിലും വൈറസുകളാണ് ഏറെ അപകടകാരികൾ. ഇവയെ ശരിക്കും ജീവ കോശങ്ങൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുകയില്ല. എന്നാൽ ജീവ കോശങ്ങളിൽ പ്രവേശിച്ചാൽ ഇവ പലതായി വിഭജിക്കുകയും ജീവൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.ഇവയുടെ ജീവിത ചക്രത്തിൽ ഇവയുടെ ഘടനയക്ക് പലപ്പോഴും മാറ്റം സംഭവിക്കുന്നു അതിനാൽ വൈറസ് രോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ലോകത്ത് വൻ ദുരന്തങ്ങളായി ധാരാളം വൈറസ് രോഗങ്ങൾ ഉണ്ടായിട്ടുണ്ട് . 541-542 കാലഘട്ടത്തിൽ ഉണ്ടായ ജസ്റ്റീനിയൻ പ്ലേഗ് ലോകത്താകെ 2.5കോടി മരണങ്ങൾക്ക് കാരണമായി . 1346 മുതൽ 1353 വരെ നീണ്ടു നിന്ന കറുത്ത മരണം എന്ന രോഗം 20കോടി ജനങ്ങളുടെ ജീവൻ എടുത്തു . 165 മുതൽ 180 കാലഘട്ടത്തിൽ അന്റോണൈൻ പ്ലേഗ് 50 ലക്ഷം മരണങ്ങൾ ഉണ്ടാക്കി . 1852 മുതൽ 1860 വരെ പടർന്നു പിടിച്ച മൂന്നാം കോളറ 10 ലക്ഷം മനുഷ്യ ജീവനുകളാണ് നഷ്ടമാക്കിയത് . 1889 – 90 കാലഘട്ടത്തിലെ റഷ്യൻ ഫ്ല‍ു എന്ന മറ്റൊരു മഹാമാരി ലോകത്തെ കീഴടക്കുകയും 10 ലക്ഷത്തോളം മനുഷ്യ ജീവനുകൾ അപഹരിക്കുകയും ചെയ്തു . 1910- 11ൽ ആറാം കോളറ എന്ന മറ്റൊരു മഹാമാരി ലോകത്തെ ആകെ വിഴുങ്ങി 8 ലക്ഷം ജീവനുകൾ എടുത്തു . 1918 – 1920 ലെ സ്‍പാനിഷ് ഫ്ല‍ു 20 ലക്ഷം പേരുടെയും 1956 – 1958 ലെ റഷ്യൻ ഫ്ല‍ു 20 ലക്ഷം പേരുടെയും 1968 – 1969 ലെ ഹോങ്കോങ്ങ് 10 ലക്ഷം പേരുടെയും മരണത്തിനു കാരണമായി . ഇന്നും ലോകത്ത് പല രാജ്യങ്ങളിലും മരണകാരണമായി നിലനിൽക്കുന്ന എയിഡ്‍സ് ( എച്ച് . ഐ . വി ) ഏറ്റവും കൂടുതൽ തകർത്താടിയ 2005 – 2012 കാലത്തിൽ 1.5 കോടി ജീവനുകളാണ് പൊലിഞ്ഞത് .

ലോകത്താദ്യമായി സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള അറിവ് പക‍ർന്ന് നൽകിയത് ആന്റണി ഫിലിപ്പ് വാൻല്യൂവൻഹോക്ക് എന്ന ശാസ്ത്രജ്ഞനാണ്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ ഡച്ച് ശാസ്ത്രജ്ഞൻ സ്വയം നിർമ്മിച്ച മൈക്രോസ്കോപ്പിലൂടെ സൂക്ഷ്മ ജീവികളെ നമുക്ക് കാണിച്ചുതന്നു. എന്നാൽ ഏകകോശ ജീവികൾ ഉപകാരികളോ ഉപദ്രവകാരികളോ എന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിച്ചില്ല.

1830 മുതൽ 1880 വരെ ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ കോളറ എന്ന മഹാമാരി പടർന്ന് പിടിക്കുകയും കോടിക്കണക്കിനാളുകൾ മരണപ്പെടുകയും ചെയ്തു.ഇത് സൂക്ഷ്മ ജീവികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു. 1884ൽ ജർമ്മൻ ശാസ്ത്രജ്ഞനായ റോബോർട്ട് കോഷ് കോളറയ്ക്ക് കാരണമായ വിബ്രിയോ കോളറ എന്ന ബാക്ടീരിയയെ കണ്ടെത്തുകയും സൂക്ഷ്മ ജീവികൾ മാരക രോഗങ്ങൾക്ക് കാരണമാകും എന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു. ഇക്കാലമത്രയും വിവിധ മാരക രോഗങ്ങൾ മാനവരാശിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു
രോഗകാരികളായസൂക്ഷ്മാണുക്കൾ പ്രധാനമായും ബാക്ടീരിയ,ഫംഗസ് വൈറസ് തുർങ്ങിയ വർഗത്തിൽപ്പെട്ടവയാണ്. ഇവയെ രോഗകാരികൾ എന്ന് വിളിക്കുന്നു.വായു,ഭക്ഷണം,ജലം,സ്പർശം,മുറിവുകൾ തുടങ്ങിയവയിലൂടെയാണ് രോഗാണു ഒരാളിൽ വിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
 
സൂക്ഷ്മ ജീവിജന്യ രോഗങ്ങൾ
ഇൻഫ്ലുവെൻസ വൈറസ്
  ജലദോഷത്തിനു കാരണമായ വൈറസാണിത് . വൈറസിന്റെ ജീവിതചക്രം അവയുടെ ഘടനയ്‍ക്ക് സാരമായ മാറ്റം സംഭവിക്കും അതിനാലാണ് ജലദോഷം ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങൾക്ക് മരുന്ന് കണ്ടുപിടിക്കാൻ സാധിക്കാത്തതും
പോളിയോ വൈറസ്
നാഡീ വ്യവസ്ഥയെ തളർത്തുന്നവരാണ് ഈ വൈറസുകൾ . അതിനാലാണ് പോളിയോ ബാധിച്ച കുട്ടികൾ തളർന്നു പോകുന്നത് . രോഗിയുടെ മലം കലർന്ന മലിന ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ഈ രോഗം പകരുന്നത്
ചിക്കൻ പോക്സ്
വാരിസെല്ല സോസ്‍റ്റർ മ‍ൂലം ഉണ്ടാകുന്ന രോഗമാണ് ചിക്കൻ പോക്സ് . വായുവിലൂടെയാണ് ഇവ പകരുന്നത് . രോഗിചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗകാരികൾ അന്തരീക്ഷത്തിൽ എത്തുകയും ശ്വസിക്കുമ്പോൾ മറ്റുള്ളവരിൽ എത്തുകയും ചെയ്യുന്നു .


മുണ്ടിനീര്
പാരാമിക്സോവൈറിഡേ കുടുംബത്തിൽപെട്ട റുബെല്ല വൈറസുകളാണ് ഈ രോഗത്തിനു കാരണം. ഉമിനീർ ഗ്രന്ഥിക്കോ പരോട്ടിക് ഗ്രന്ഥിക്കോ ഉണ്ടാകുന്ന നീർവീക്കമാണ് പ്രധാന രോഗലക്ഷണം
എബോള വൈറസ്
ആഫ്രിക്കൻ ഭ‍ൂഖണ്ഡത്തിൽ വന്യജീവികളിൽ നിന്നാണ് ഈ വൈറസുകൾ മന‍ുഷ്യനിൽ എത്തിയത് എന്ന് കരുതുന്നു . കരൾ , വൃക്ക തുടങ്ങിയവയുടെ പ്രവർത്തമം തകരാറിലാക്കുന്ന ഈ വൈറസുകൾ 2013 – 2015 കാലഘട്ടത്തിൽ അനേകം മനുഷ്യ ജീവനുകൾ അപഹരിച്ചു
സിക്ക വൈറസ്
ഫ്ലവിറിഡെ കുടുംബത്തിൽപ്പെട്ട ഈ വൈറസുകൾ ഈഡിസ് കൊതുകു വഴിയാണ് പകരുന്നത്
ചിക്കുൻഗുനിയ
ടൊഗാവൈറിഡേ കുടുംബത്തിൽപ്പെട്ട ആൽഫാ വൈറസ് ഗണത്തിൽപ്പെടുന്ന വൈറസ് മൂലം ഉണ്ടാകുന്ന രോഗം. കൊതുകുവഴിയാണ് ഈ വൈറസ് പകരുന്നത്.
ഡെങ്കിപ്പനി
ഈഡിസ് ഈജിപ്റ്റി വൈറസാണ് രോഗത്തിന് കാരണം. കൊതുകാണ് രോഗം പകർത്തുന്നത്.
അഞ്ചാം പനി
പാരാമിക്സോ വൈറിഡേ കുടുംബത്തിൽപ്പെട്ട മോർബില്ലി വൈറസാണ് രോഗകാരി. പനി, വായിൽ വെളുത്ത കുത്തുകൾ, ശരീരം മുഴുവൻ വ്യാപിക്കുന്ന വൃണങ്ങൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. രോഗിയുടെ ചുമയിലൂടെയും തുമ്മലിലൂടെയും അന്തരീക്ഷത്തിൽ എത്തുന്ന വൈറസുകൾ മറ്റുള്ളവരിൽ എത്തുന്നു.

മഞ്ഞപ്പിത്തം
ജലത്തിലൂടെ പകരുന്ന വൈറസ് രോഗമാണിത്.ഹെപ്പറ്റൈറ്റിസ് Aവൈറസാണ് അതുണ്ടാക്കുന്നത്. കണ്ണിനും ശരീരത്തിനും മൂത്രത്തിനും മഞ്ഞ നിറം ഉണ്ടാകുന്നതുകൊണ്ടാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്.ഹെപ്പറ്റൈറ്റിസ് B വൈറസ് മൂലം ഉണ്ടാകുന്ന രോഗത്തിനും ഈ ലക്ഷണങ്ങളാണെങ്കിലും ഇത് പകരുന്നത് രക്തത്തിലൂടെയാണ്.


ടൈഫോയ്ഡ്
സാൽമൊണെല്ല,ടൈഫി,പാരാടൈഫി എന്നീ രോഗാണുക്കൾ മൂലം ഉണ്ടാകുന്ന രോഗമാണിത്.ജലപ്പിലൂടെ പകരുന്ന ഇവ ബാക്ടീരിയ വിഭാഗത്തിൽപ്പെടുന്നു.രോഗിയുടെ വിസർജ്യത്തിലൂടെ ജലത്തിൽ കലർന്ന് മറ്റുള്ളവരിലേക്ക് പകരുന്നു. കൂടാതെ പലതരം വയറിളക്ക രോഗങ്ങളും ജലത്തിലൂടെ പകരുന്നുണ്ട്
എച്ച്.ഐ.വി
റിട്രാ വൈറിഡേ കുടുംബത്തിൽപ്പെട്ട ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസുകൾ അഥവാ എച്ച്.ഐ.വി ആക്രമിച്ച് കീഴ്പ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെയാണ്.ഇതിന്റെ ഫലമായി ശരീരത്തിന് ഒരു രോഗത്തെയും പ്രതിരോധിക്കാൻ കഴിയാതെ വരും. ഈ അവസ്ഥയാണ് എയിഡ്സ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, രോഗിയിൽ നിന്ന് രക്തം സ്വീകരിക്കൽ, രോഗി ഉപയോഗിച്ച സിറി‍ഞ്ച് ഉപയോഗിക്കൽ, രോഗിയായ മാതാവിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്ക് തുടങ്ങിയ മാർഗങ്ങളിലൂടെയാണ് രോഗം പകരുന്നത്.

പ്ലേഗ്
യെഴ്സീനിയ പെസ്ട്രിസ് എന്ന ബാക്ടീരിയയാണ് ഈ മാരക രോഗത്തിന് കാരണം. എലിച്ചെള്ളിൽനിന്ന് എലിയിലേക്കും എലിയിൽ നിന്ന് മനുഷ്യനിലേക്കും ഈ ബാക്ടീരിയ പകരുന്നു.ലോകത്താകമാനം ഈ മഹാമാരി ഇതുവരെ 125 ദശലക്ഷം ജീവനുകൾ അപഹരിച്ചിട്ടുണ്ട്. ഇപ്പോൾ മരണ നിരക്ക് താരതമ്യേന കുറവാണ്. 1994 ൽ ഗുജറാത്തിലെ സൂറത്തിൽ വീണ്ടും പ്ലേഗ് റിപ്പോൻട്ട് ചെയ്യുകയും ഡൽഹി, മുംബയ്, കൽക്കത്ത തുതങ്ങിയ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തെങ്കിലും വീണ്ടും നിയന്ത്രണ വിധേയമായി.

H1N1
പന്നികളിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നതു കൊണ്ട് പന്നിപ്പനി എന്ന‍ും വിളിക്ക‍ുന്ന‍ു . രോഗിയുടെ ച‍ുമ , ത‍ുമ്മൽ , ചീറ്റൽ എന്നിവയില‍ൂടെ പ‍ുറത്തുവരുന്ന രോഗാണ‍ു ശ്വസിക്കുന്നതിലൂടെയും സ്പർഷനത്തിലൂടെയും മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാം. എന്നാൽ പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതിന് യാതൊരു തെളിവും ഇല്ലന്ന് ഇപ്പോൾ സ്ഥിതികരിച്ചിട്ടുണ്ട്

നിപ്പാ
മൃഗങ്ങളെയും മനുഷ്യരേയും ഒരു പൊലെ ബാധിക്കുന്ന മാരകമായ വൈറസാണ് നിപ്പ വൈറസ് അഥവാ NIV മലേഷ്യസിലെ സുങ്കായ് നിപ്പ എന്ന സ്ഥലത്താണ് ഈ വൈറസി ബാധ ആദ്യമായി രേഖപ്പെടുത്തിയത് എന്നതു കൊണ്ടാണ് ഇതിന് നിപ്പാ എന്ന പേര് വന്നത് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും ഈ വൈറസ് പടരും . വൈറസ് ബാധയുള്ള പന്നികളിൽ നിന്നും വവ്വാലുകളിൽ നിന്നും രോഗമുള്ള മനുഷ്യരിൽ നിന്നുമാണ് ഇത് പ്രധാനമായും പകരുന്നത് . 1998 ലാണ് ഈ രോഗം ആദ്യമായി സ്ഥിതികരിക്കപ്പെട്ടത് . 1999ൽ വൈറസിനെ വേർതിരിച്ചെടുത്തു . രോഗം വന്നിട്ട് ഫലപ്രദമായ ചികിഝ ഇല്ലാത്തതിനാൽ രോഗം വരാതിരിക്കാനുള്ള മുൻ കരുതലാണ് വേണ്ടത്

സാർസ് ( കൊറോണ) വൈറസ്
ഇന്ന് ഏറെ ഭീതിയുണർത്തിക്കൊണ്ടിരിക്കുന്ന കോവിഡ് 19 ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമായ വൈറസാണ് സാർസ് വൈറസുകൾ. പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന ധാരാളം സ്പൈക്കുകൾ ഉള്ള ഇവയ്ക്ക് രശ്മികൾ പുറപ്പെടുന്ന സൂര്യന്റെ ചിത്രവുമായി സാമ്യമുള്ളതുകൊണ്ട് ഇവയ്ക്ക് കൊറോണ എന്നും വിളിപ്പേര് വന്നു. ന്യുമോണിയായുടെ അതീവ ഗുരുതരാവസ്ഥയാണ് സാർസ്. പനി, തൊണ്ട വേദന, ശ്വാസ തടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.2003ൽ ചൈനയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. കോവിഡ്19 ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടതും ചൈനയിലാണ് എന്നത് യാദൃശ്ചികം മാത്രം. രോഗിയുടെ ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. ശാരീരിക അകലം പാലിക്കുകയാണ് ഏക പ്രതിരോധം.
വസൂരി
ഒരുകാലത്ത് മനുഷ്യനെ ഏറെ ഭയപ്പെടുത്തിയിരുന്ന രോഗമാണ് വസൂരി. വരിയോല വൈറസുകളാണ് ഈ രോഗത്തിന് കാരണം.എന്നാൽ ഇന്ന് ആ രോഗം ഭൂമിയിൽനിന്ന് നിർമാർജ്ജനം ചെയ്തു കഴിഞ്ഞു. 1977 ൽ ഭാരതത്തിൽ നിന്നും 1980 ൽ ലോകത്തിൽ നിന്നും ഈ രോഗം നി‍ർമാർജനം ചെയ്തു കഴിഞ്ഞു. 1980 ന് ശേഷം ലോകത്തെവിടെനിന്നും വസൂരി റിപ്പോർട്ട് ചെയ്തിട്ടില്ല.



വൈറസ് രോഗങ്ങളെ പ്രതിരോധിക്കാമോ ?
വൈറസുകൾ ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ വൈറസ് രോഗങ്ങൾക്ക് മരുന്നില്ല എന്ന് മുമ്പ് പ്രസ്താവിച്ചുവല്ലോ . എന്നാൽ പല വൈറസ് രോഗങ്ങളെയും വാക്സിനേഷനില‍ൂടെ പ്രതിരോധിക്കാൻ ഇന്ന് നമ്മുക്ക് സാധിക്കുന്നു . നിർവീര്യമാക്കപ്പെട്ട വൈറസുകളെത്തന്നെയാണ് വാക്സിനേഷനിലൂടെ നൽകുന്നത് . ഇവ ശരീരത്തിൽ എത്തുമ്പോൾ ശരീരം യഥാർത്ഥ വൈറസിനോട് പൊരുതുന്നതുപൊലെ പൊരുതുകയും രോഗപ്രതിരോധശേഷി കൈവരിക്കുകയും ചെയ്യുന്നു. മുണ്ടിനീര്, അഞ്ചാം പനി, ചിക്കൻപോക്സ്, പോളിയോ തുടങ്ങി പല വൈറസ് രോഗങ്ങളേയും വാക്സിനേഷനിലൂടെ പ്രതിരോധിച്ചു കഴിഞ്ഞു.

രോഗാണു ശരീരത്തിൽ പ്രവേശിക്കുന്ന സാഹചര്യവും, രോഗാണുവാഹകരായ ജീവികൾ പെരുകുന്ന സാഹചര്യവും ഒഴിവാക്കി പല രോഗങ്ങളേയും പ്രതിരോധിക്കാനാകും. കൊതുക്, എലി മുതലായ ജീവികൾമൂലം പകരുന്ന രോഗങ്ങളെ അവ വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കി പ്രതിരോധിക്കാം.ശുദ്ധ ജലം അല്ലങ്കിൽ തിളപ്പിച്ചാറ്രിയ ജലം, ശുദ്ധമായ ഭക്ഷണം എന്നിവ കഴിക്കുന്നതിലൂടെ ആഹാരത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാനാകും
അഗ്നിപോലെ ലോകം മുഴുവൻ പടർന്നുപിടിച്ചുകൊണ്ടരിക്കുന്ന കോവിഡ്-19 പ്രതിരോധിക്കാൻ , രോഗം പകരുന്ന സാഹചര്യങ്ങൾ ഒഴിവാക്കലാണ് ഏക മാർഗം. ശരിയായ സാമൂഹ്യ അകലം പാലിച്ചും ശുചിത്വം പാലിച്ചും ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാനാകും.

മനുഷ്യനും മുമ്പേ ഭൂമിയിലെത്തിയ ഈ സൂക്ഷ്മ ജീവികളെ ഒഴിച്ച് ഭൂമിയിൽ ജീവൻ സാധ്യമല്ല. മനുഷ്യൻ ഭൂമിയിൽ പിറന്നു വീഴുന്ന നിമിഷം മുതൽ അവനോടൊപ്പം ഇവരുമുണ്ട്. ഇവരിൽ രോഗകാരികൾ ചിലർ ഉണ്ടെങ്കിലും ഭൂമിയിൽ ജീവ പരിണാമം സാദ്ധ്യമാക്കിയതും മറ്റു ജീവികൾക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിത്തരുന്നതും ഇവരാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.നമ്മുടെ പല പ്രവ‍ത്തനങ്ങളും ഉപകാരികളായ സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നുണ്ട്. ഇത് നമുക്കു തന്നെ വിനാശകരമാണ് .ഒന്നിനേയും ഒവിവാക്കി നമുക്ക് നിലനിൽപ്പില്ല. വേറിട്ടൊരു നടത്തം ഒരിക്കലും സാധ്യമല്ലല്ലോ.

* * * * *
                                                                                                                                  എസ്. ഭാനുലാൽ എൻ.എസ്.എസ് ഹയർ സെക്കന്ററിസ്കൂൾ കവിയൂർ

എസ്. ഭാനുലാൽ
XII എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - ലേഖനം