എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും


ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പരിസ്ഥിതിസംരക്ഷണം.എന്താണ് പരിസ്ഥിതി ?നമുക്കു ചുറ്റുംകാണുന്ന പ്രകൃതിദത്തമായ അവസ്ഥയെ പരിസ്ഥിതി എന്നു പറയാം. എല്ലാവിധ പക്ഷി മൃഗാദികളാലും സസ്യങ്ങളാലുംസമ്പന്നവും സമ്പൂർണ്ണവുമാണ് പരിസ്ഥിതി. പ്രകൃതി കനിഞ്ഞുനൽകിയ വസ്തുക്കളിൽ എല്ലാ ജീവജാലങ്ങൾക്കും തുല്യാവകാശമാണ്.എന്നാൽ ഈ നിയമം ലംഘിച്ചുള്ള പ്രവൃത്തികളാണിവിടെ നടക്കുന്നത്.ഏതാനും ചില ആളുകളുടെ സ്വാർത്ഥലാഭത്തിനുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നതു മൂലം ഭൂരിപക്ഷംവരുന്ന മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും സസ്യങ്ങൾക്കുമെല്ലാം അവയുടെ നിലനിൽപ്പ് ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്.
ഇന്ന് പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഒന്നാണ് പ്ലാസ്റ്റിക്കിന്റെവർദ്ധിച്ചുവരുന്ന ഉപയോഗം. ഉപയോഗശേഷം നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മണ്ണിൽ അലിഞ്ഞുചേരാതെ കിടക്കുന്നതുമൂലം മണ്ണിൽ ജലം താഴാതെ വരൾച്ചയ്ക്ക് കാരണമാകുന്നു.പ്ലാസ്റ്റിക്ക് കത്തിച്ചുകളയാമെന്ന് വിചാരിച്ചാൽ ഈ പുക ശ്വസിച്ചാൽ കാൻസർ പോലുള്ള രോഗങ്ങൾ പിടിപെടാൻ ഇടയാവുകയും ചെയ്യും.
മനുഷ്യൻ വനങ്ങൾ വെട്ടിനശിപ്പിക്കുന്നതുമൂലം നമ്മുടെ കാലാവസ്ഥയ്ക്കു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ആറുകളിൽനിന്നും തോടുകളിൽനിന്നും അനിയന്ത്രിതമായി മണൽവാരുന്നതുമൂലം മണ്ണിൽ ജലനിരപ്പ് കുറഞ്ഞുപോകുന്നു.തന്മൂലം രൂക്ഷമായ വരൾച്ചയാണ് നാം അഭിമുഖീകരിക്കുന്നത്.
അടുത്തതായി നാം വ്യവസായവത്ക്കരണത്തിന്റെഭാഗമായി ധാരാളം ഫാക്ടറികൾ തുറന്നു.ചിലവു ചുരുക്കലിന്റെ ഭാഗമായി നാം ശരിയായരീതിയിൽ എഫ്ലുവന്റ് ട്രീറ്റ്മെന്റ്നടത്താതെ മലിനജലം പുഴയിലേയ്ക്ക് തുറന്നു വിടുന്നതുമൂലം നമ്മുടെ ജലസമ്പത്ത് മലിനമായിക്കൊണ്ടിരിക്കുന്നു.ഈ മലിനജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നതുമൂലം നമുക്ക് മഹാരോഗങ്ങൾ പിടിപെടുന്നു.ചവിട്ടിനിൽക്കാൻ ഈ മണ്ണും ജലസമ്പത്തും ഈശ്വരന്റെവരദാനമാണ്.ഇവയെ ദുരുപയോഗം ചെയ്യുക വഴി സ്വന്തം വാളാൽ വെട്ടിനശിക്കുകയാണ്.എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഈ പ്രകൃതിയിലുണ്ടെന്നും എന്നാൽ അത്യാർത്തിക്കുള്ളതില്ലെന്നും ഗാന്ധിജി പറഞ്ഞത് പ്രകൃതിവിഭവങ്ങളെ അനാവശ്യമായിചൂഷണം ചെയ്യുന്ന തിന്മകൾക്കെതിരെയുള്ള ചിന്തയായിട്ടാണ്.പരിസ്ഥിതിയുടെ താളം തെറ്റിച്ചാൽ അത് നമ്മുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റലാവും,അതുണ്ടാവാതിരിക്കട്ടെ.

ദീപ്തി ബാബു
9 എ എൻ എസ് എസ് എച്ച് എസ് എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം