സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാനന്തവാടി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതിയിടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് സെൻ്റ് പോൾസ് എൽ .പി.സ്കൂൾ. ഇവിടെ പ്രധാനാധ്യാപികയുടെയും മൂന്ന് അധ്യാപകരുടെയും നേതൃത്വത്തിൽ 37 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം ആകെ 71 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.പുതിയ ഇടവക, പുതിയ പള്ളി എന്നീ സ്വപ്നങ്ങളിലേയ്ക്ക് പുതിയിടം കുന്ന് ദേശക്കാരെ എത്തിച്ചത് പ്രദേശത്ത് ഒരു പ്രൈമറി സ്കൂൾ വേണമെന്ന ആവശ്യാർത്ഥം രൂപപ്പെട്ടുവന്ന ഒരു കൂട്ടായ്മയാണ്. ചെറിയ കുട്ടികളുടെ പഠനത്തിനായി സമീപത്ത് ഒരു സ്കൂൾ എന്നത് ഒരു വലിയ സ്വപ്നമായിരുന്നു. ഇതിനുവേണ്ടി ശ്രീ. മത്തച്ചൻ അമ്പാട്ടിന്റെ പീടികയിൽ ബഹു. ജോസഫ് മേമന അച്ചന്റെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് കൂടുകയും ഈ മീറ്റിംഗിൽ സ്കൂൾ നിർമ്മാണ കമ്മറ്റിയിലേയ്ക്ക് ശ്രീ വർക്കി കൊളത്തശ്ശേരി, ശ്രീ ജോസഫ് കളംമ്പാട്ട്, ശ്രീ വർക്കി കുഴിവേലിൽ, ശ്രീ അയ്യപ്പൻ (പാപ്പ) മോളത്ത്, ശ്രീ ഐസക്ക് കോടകോടി, ശ്രീ ജോസഫ് കുഴിവേലിൽ, ശ്രീ വർക്കി കുഴിവേലിൽ, ശ്രീ ഔസേപ്പ് കല്ലോലിക്കൽ, ശ്രീ. വർക്കി ചക്കാലകുടിയിൽ, ശ്രീ പൈലി കാക്കരകുന്നേൽ, ശ്രീ ചെറിയാൻ കാപ്പിൽ,ശ്രീ പാപ്പു ഇമ്പാലിൽ, ശ്രീ മത്തച്ചൻ അമ്പാട്ട്, ശ്രീ നാരായണൻ നായർ പാലേത്തുമ്മൽ, ശ്രീ മത്തച്ചൻ കൊച്ചുകുടിയിൽ, ശ്രീ തോമസ് അറക്കൽ, ശ്രീ കേളു കൊമ്മയാട്, ശ്രീ ജോർജ്ജ് അന്തിക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു. ഈ നിർമ്മാണ കമ്മിറ്റിയിലെക്ക് പ്രസിഡന്റായി റവ. ഫാ. ജോസഫ് മേമനയെയും, സെക്രട്ടറിയായി ശ്രീ മത്തച്ചൻ അമ്പാട്ടിനെയും വൈസ് പ്രസിഡന്റായി നാരായണൻനായർ പാലേത്തുമ്മലിനെയും ഖജാൻജിയായി ശ്രീ മത്തച്ചൻ കൊച്ചുകുടിയിലിനെയും തിരഞ്ഞെടുത്തു. ശ്രീ മത്തായി കൊച്ചുകുടിയിൽ സ്കൂളിനുവേണ്ടി ഒരു ഏക്കർ സ്ഥലം സംഭാവന ചെയ്തു. ബഹു. ജോസഫ് മേമനയുടെയും, ശ്രീ മുഹമ്മദ് മൂടംബത്തിന്റെയും, ശ്രീ മത്തായി കൊച്ചുകുടിയിലിന്റെയും ശ്രമഫലമായി ഒരു വർഷംകൊണ്ട് സ്കൂൾ നിർമ്മാണം പൂർത്തിയായി സെന്റ് പോൾസ് എൽ. പി.. സ്കൂൾ, പുതിയിടം കുന്ന് എന്ന പേരും നൽകി. 1976 ൽ ജൂൺ 1ആം തിയ്യതി റവ. ഫാ. ജോസഫ് മേമനയെ മാനേജറായും ശ്രീമതി ലില്ലിതോമസിനെ ഹെഡ്മിസ്ട്രിസുമായി നിയമിച്ചു. തുടക്കത്തിൽ 76 വിദ്യാർഥികളെ ചേർത്തുകൊണ്ട് ആരംഭിച്ച ഈ വിദ്യാക്ഷേത്രം 43വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. രണ്ടായിരത്തിലധികം വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന്‌ പുതിയിടം കുന്നിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ധാരാളം വിദ്യാർഥികൾ അറിവുനേടുന്നു. നിലവിൽ മാനന്തവാടി രൂപതാ കോർപറേറ്റ് മാനേജ്മെന്റിന്റെ കിഴിലുള്ള ഈ സ്ഥാപനം പഠനത്തിലും പഠ്യേതര രംഗത്തും മികവു പുലർത്തുന്നു. 1988 ൽ റവ. ഫാ. സെബാസ്റ്റ്യൻ പാലക്കിയുടെ കാലത്ത് കല്ലോടി സെന്റ് ജോസഫ് ഹൈസ്കൂളും പുതിയിടം കുന്ന് സെന്റ് പോൾസ് എൽ.പി. സ്കൂളും മാനന്തവാടി രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ്‌മെന്റിൽ ലയിപ്പിച്ചു.