എസ് എൻ ജി എച്ച് എസ് കണിമംഗലം/History
ചരിത്രം
തൃശ്ശൂർ താലൂക്കിൽ കണിമംഗലം ദേശത്ത് ബ്രഹ്മശ്രീ.രാമാനന്ദസ്വാമികളുടെ ആത്മീയസാന്നിദ്ധ്യം കൊണ്ട് പരിപാവനമാണ് എസ്.എൻ.ഗേൾസ് സ്കൂളും പരിസരവും. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബ്രഹ്മശ്രീ. രാമാനന്ദസ്വാമികൾ 1931-ൽ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂൾ ആരംഭിച്ചത്. ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകൻ. പിന്നീട് സംസ്കൃതം മിഡിൽ സ്കൂളായി പരിവർത്തനം ചെയ്തു. 1954-ൽ സംസ്കൃതം ഹൈസ്കൂളായി ഉയർത്തി. ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു. 1956 ജൂണിൽ പത്താം ക്ലാസ്സ് തുടങ്ങിയപ്പോൾ ശ്രീ. ഐ.എം.വേലായുധൻ മാസ്റ്റർ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ൽ ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂൾ സാധാരണ ഹൈസ്കൂൾ ആക്കി പരിവർത്തനം ചെയ്തു.വിദ്യാർത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോൾ 1976-ൽ സ്കൂളിനെ ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ശ്രീമതി.വി.രാധടീച്ചർ വീണ്ടും ഗേൾസ് ഹൈസ്കൂൾ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ൽ ഗേൾസ് ഹൈസ്കൂളിന് അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സയൻസ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി.