എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം.. ട്രിവാൻട്രം എന്ന ‌പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2001-ലെ കാനേഷുമാരി പ്രകാരം 745,000 പേർ ഇവിടെ അധിവസിക്കുന്നു. ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്‌. തിരുവനന്തപുരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും. തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയസിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ കേരള സർ‌വകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളെജ്, സർക്കാർ ഏൻജനീയറിംങ് കോളെജ് ബാർട്ടൺഹിൽ,ഇന്ത്യൻ ഇൻസ്റ്റിട്യട്ട് ഓഫ് സ്പേസ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിട്യുട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്‌. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാർക്ക് തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്,കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന്റെ ആസ്ഥാനവും ഇവിടെയാണ്.

പേരിനു പിന്നിൽ

പത്മനാഭസ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ആ സ്ഥലം കാടായിരുന്നു. അനന്തൻ കാട് (ആനന്ദൻ കാട്) എന്നാണതറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്തിനടുത്തുള്ള മിത്രാനന്ദപുരം ക്ഷേത്രത്തിന്‌ പത്മനാഭസ്വാമിക്ഷേത്രത്തിനേക്കാൾ പഴക്കമുണ്ട്. ഇത് ഒരു ജൈനക്ഷേത്രമായിരുന്നു. ഈ ക്ഷേത്രം ബുദ്ധന്റെ ശിഷ്യനായിരുന്ന അനന്ദന്റേതായിരിക്കാം എന്ന് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നു. തിരുവനന്തപുരം എന്നതിന്റെ ആദിരൂപം തിരു അനന്ദപുരമായിരുന്നു എന്ന് ഇളംകുളം കുഞ്ഞൻ പിള്ള പറയുന്നു.അതിനെ പിന്താങ്ങുന്ന നിരവധി പുരാരേഖകളും ഉണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിനടുത്തുള്ള മിത്രാനന്ദപുരം ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്‌ ഈ പേര്‌ വന്നത്. മിത്രാനന്ദപുരം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ശിലാരേഖകളിൽ തിരുവനന്തപുരത്തിനു തിരു ആനന്ദപുരമെന്നാണ്‌ പറഞ്ഞിരിക്കുന്നത്. ഈ ക്ഷേത്രത്തിനു പത്മനാഭസ്വാമിക്ഷേത്രത്തേക്കാൾ പഴക്കമുണ്ട്. മൂലരൂപം ബുദ്ധമതത്തോട് ബന്ധപ്പെട്ടതാണ്‌. തിരുവാനന്ദപുരം എന്ന് മതിലകം രേഖകളിലും പരാമർശിച്ചുകാണുന്നുണ്ട്. എന്നാൽ ‘അനന്തന്റെ നാട്’ എന്നതാണ്‌ ഇതിന് കാരണം എന്ന് ആധുനിക കാലത്ത് പരാമർശിച്ചു വരുന്നുണ്ട്. നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭ സ്വാമി ക്ഷേത്രമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. 1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാൻഡ്രം‘ എന്ന് പരാമർശിക്കപ്പെട്ടിരുന്നു. അതിനു ശേഷം, സർക്കാർ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു. എന്നിരുന്നാലും, വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും മറ്റും പലപ്പോഴും ട്രിവാൻഡ്രം എന്നുതന്നെ ഉപയോഗിക്കുന്നു.

കാലാവസ്ഥ

ഉഷ്ണമേഖല പ്രദേശത്തുള്ള സ്ഥലം ആയതിനാൽ വ്യത്യസ്ത ഋതുക്കൾ ഇവിടെ അനുഭവപ്പെടാറില്ല. ശരാശരി ഉയർന്ന താപനില 34 °C ആണ് . കൂറഞ്ഞത് 21 °C ഉം. വായുവിലെ ഈർപ്പം താരതമ്യേന ഉയർന്ന ഇവിടെ മഴക്കാലത്ത് അത് 90% വരെ ആകുന്നു.[16] തെക്ക്-കിഴക്ക് മൺസൂണിന്റെ പാതയിൽ കിടക്കുന്ന ആദ്യത്തെ നഗരമായ തിരുവനന്തപുരത്ത് മൺസൂൺ ആദ്യം തന്നെ മഴ തുടങ്ങും. ഒരു വർഷം ഏതാണ്ട് 1700 mm മഴ ലഭിക്കുന്ന ഇവിടെ ഒക്ടോബർ മാസത്തിൽ വടക്ക്-കിഴക്ക് മൺസൂൺ മൂലവും മഴപെയ്യുന്നു. ഡിസംബർ മാസത്തോടെ വരണ്ട കാലാവസ്ഥ തുടങ്ങുന്ന ഇവിടെ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ ഏറ്റവും തണുപ്പുള്ളതായിരിക്കും. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ ഏറ്റവും ചൂടുള്ളവയും. ശരത്കാലത്ത് താപനില 20 °C വരെ താഴാറുള്ള ഇവിടെ അത് വേനൽക്കാലത്ത് 35 °C വരെ ഉയർന്ന് പോകുന്നു.[17]