എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/അക്ഷരവൃക്ഷം/ മറക്കരുത് ഇവരെ

മറക്കരുത് ഇവരെ


കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുകയാണല്ലോ. അതിന്റെ തിക്തഫലം നാം ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത് നമ്മുടെ കൊച്ചു കേരളത്തിലാണ്. പിന്നീട് നമ്മെയെല്ലാം മുൾമുനയിൽ നിർത്തിച്ചുകൊണ്ട് റാന്നിയിലെ ഇറ്റലി കുടുംബം പ്രശ്നം കൂടുതൽ രൂക്ഷമാക്കി. എന്നാൽ നമ്മുടെ പത്തനംതിട്ട ജില്ലയുടെ ഭരണകൂടം ഒന്നാകെ ഉണർന്നു പ്രവർത്തിച്ചു. ജില്ലയുടെ മേധാവിയും, ആരോഗ്യപ്രവർത്തകരും, പോലീസ് വിഭാഗവും ഒരുപോലെ, രാപ്പകൽ ഭേദമന്യേ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലം പൊതുജനങ്ങൾക്ക് അനുഭവിക്കാനും കഴിഞ്ഞു. രാജ്യത്തെ കോവിഡിന്റെ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയ പത്തനംതിട്ടയെ ഗുരുതരാവസ്ഥയിൽ നിന്ന് രക്ഷിക്കാൻ ടീം പത്തനംതിട്ടയ്ക്ക് സാധിച്ചു. നമ്മുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിനും രാജ്യത്തിനും എന്തിനു ലോകത്തിനുതന്നെ മാതൃകയായി. ഒരു പത്തനംതിട്ടക്കാരിയായതിൽ അഭിമാനം തോന്നിയിട്ടുള്ള നിമിഷങ്ങളായിരുന്നു അവയോരോന്നും. ഈ ലോക്ക്ഡൌൺ കാലത്ത് അക്ഷീണം പരിശ്രമിച്ചവരാണ് പോലീസ് വിഭാഗം. അവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. പ്രതിസന്ധിയിലും, പ്രതികൂലാവസ്ഥയിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ, ആത്മസംയമനം കൈവിടാതെ പ്രവർത്തിച്ച ഓരോ പോലീസ് ഉദ്യോഗസ്ഥർക്കും ഞങ്ങളുടെ ബിഗ്സല്യൂട്ട് അവർ ജോലിക്കിടെ വഴിയരികിലിരുന്നു ഭക്ഷണം കഴിക്കുന്നതു കാണുമ്പോൾ, സ്വന്തം വീട്ടിൽ അന്യരെപ്പോലെ ജീവിക്കേണ്ടി വരുന്നതു കാണുമ്പോൾ അവർ നമുക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ എത്ര മഹത്തരമാണെന്ന് ഞാൻ തിരിച്ചറിയുന്നു. അവരുടെ ഓരോ പ്രവർത്തനങ്ങൾക്കൊപ്പവും, നിയമ വ്യവസ്ഥകൾ പാലിച്ചുകൊണ്ടും, ഒപ്പമുണ്ടാകുമെന്ന് പറഞ്ഞുകൊണ്ട്, ഈ മഹാമാരി നമ്മെ വിട്ടൊഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. ആരോഗ്യപ്രവർത്തകർക്കും, പോലീസ് ഉദ്യോഗസ്ഥർക്കും എന്റെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

അനശ്വര സന്തോഷ്
9 E എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം