എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/സ്പോർട്സ് ക്ലബ്ബ്
Sdpykpmhs26022
18/01/2021 - മുപ്പതാമത് എറണാകുളം ജില്ലാ കളരിപ്പയറ്റ് മത്സരത്തിൽ എടവനക്കാട് എസ്ഡിപി വൈ കെപിഎം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും ഇംപൾസ് കളരിസംഘത്തിലെ അംഗങ്ങളുമായ 4 വിദ്യാർത്ഥികൾക്ക് നേട്ടം. ഫിദ ഫാത്തിമ, അഫ്സൽ അലി, സന നസ്റിൻ, മർയം മുഹമ്മദ് എന്നീ കുട്ടികളുടെ കൂടി മികവിലാണ് ഇംപൾസ് കളരി സംഘത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനായത്. പരിശീലകർക്കും മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ....
07/02/2021 - കേരള സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ എല്ലാ മത്സരവും വിജയിച്ച് എറണാകുളം ജില്ല വനിത വിഭാഗത്തിൽ ചാമ്പ്യൻന്മാരായി. ടീമിൽ അംഗങ്ങളായ എടവനക്കാട് എസ് ഡി പി വൈ കെ.പി എം ഹൈസ്കൂളിലെ അനഘയ്ക്കും ഐശ്വര്യയ്ക്കും അഭിനന്ദനങ്ങൾ!
13/02/2021 - സെപക് താക്രോ എറണാകുളം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ സെപക് താക്രോ അക്കാദമിയിലെ കുട്ടികൾക്ക് സമ്പൂർണ്ണാധിപത്യം. എറണാകുളം സെന്റ് മേരീസ് ഗേൾസ് സ്‌ക്കൂൾ ഗ്രൗണ്ടിൽ നടന്ന ജൂനിയർ വിഭാഗം മത്സരങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയ ക്ലബ്ബുകളിലെ ബഹുഭൂരിപക്ഷം കളിക്കാരും സ്‌ക്കൂളിന് കീഴിലുള്ള സെപക് താക്രോ അക്കാദമിയിൽ പരിശീലനം നടത്തുന്നവരാണ്. പാലക്കാട് വള്ളിയോട് ശ്രീനാരായണ പബ്‌ളിക് സ്‌ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന 15-ാമത് സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അക്കാദമിയിൽ പരിശീലനം നടത്തുന്ന ആദിത്യൻ എസ്, ആമോസ് വർഗീസ്, ആകാശ് കെ.എ, അഞ്ജന കെ.ജെ, അശ്വിനി പി.എസ് എന്നിവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുൻവർഷങ്ങളിൽ ഇവിടെ പരിശീലനം നടത്തുന്ന കുട്ടികൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെ ഭാഗമായി പങ്കെടുത്തിട്ടുമുണ്ട്. വോളിബോളിനോട് സമാനമായ കാലുകൊണ്ടുള്ള കളിയാണ് സെപക് താക്രോ. പ്രത്യേകതരം പന്താണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. പരീശീലനം നൽകുന്നത് സ്‌ക്കൂളിലെ കായികാദ്ധ്യാപകനായ ജോസഫ് ആൻഡ്രൂസും കായികാദ്ധ്യാപകവിദ്യാർത്ഥിയായ ആഷ്‌ലിൻ പൗലോസും ചേർന്നാണ്. വൈപ്പിനിലെ വിവിധ മേഖലകളിൽ നിന്നായി ഇവിടെ പരിശീലനം നേടാൻ വിദ്യാർത്ഥികൾ എത്തുന്നുണ്ട്.
14/03/2021 - സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ അപൂർവ നേട്ടവുമായി ഒരേ വിദ്യാലയത്തിലെ കായിക അധ്യാപകനും പിടിഎ പ്രസിഡണ്ടും. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ കായികാധ്യാപകനായ ജോസഫ് ആൻഡ്രൂസും പിടിഎ പ്രസിഡൻ്റായ വി ജെ ആൻറണി സാബുവുമാണ് മലപ്പുറം തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന മീറ്റിലെ സുവർണ്ണ താരങ്ങളായത്. പുരുഷവിഭാഗം പോൾവാൾട്ടിലാണ് ജോസഫ് ആൻഡ്രൂസ് സ്വർണം കരസ്ഥമാക്കിയത്. ഹാമർത്രോയിലാണ് ആൻറണി സാബുവിൻ്റെ സുവർണ്ണ നേട്ടം.വിദ്യാർത്ഥികൾക്ക് പ്രചോദനമാവുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫ് ആൻഡ്രൂസ് പതിവായി മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നത്. ഇതിനായി എറണാകുളത്തും തൃശ്ശൂരും ഉള്ള സ്റ്റേഡിയങ്ങളിൽ സ്ഥിരമായി പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. ഓരോ വർഷവും സംസ്ഥാന ചാമ്പ്യൻഷിപ്പിൻ്റെ അറിയിപ്പ് ലഭിക്കുമ്പോൾ പഴയൊരു കായിക താരം കൂടിയായ സ്കൂൾ പിടിഎ പ്രസിഡൻ്റിനെ ജോസഫ് ആൻഡ്രൂ വിവരമറിയിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഇത്തവണ ഇരുവരും ഒരുമിച്ച് മത്സരങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചതും അപൂർവ്വ നേട്ടം കൈവരിച്ചതും.എറണാകുളം സെൻറ് ആൽബർട്സ് കോളേജിൽ പഠിച്ചിരുന്ന കാലത്ത് ആൻറണി സാബു ഹാമർ ത്രോയിൽ എം.ജി. യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. ഹൈജമ്പ്, പോൾവാൾട്ട് എന്നിവയിൽ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു ജോസഫ് ആൻഡ്രൂ. തുടർ പരിശീലനം നടത്തി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ഇരുവരുടെയും ആഗ്രഹം.
18/02/2021 - എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസുകാരായ രണ്ട് മിടുക്കിക്കുട്ടികള് ദേശീയ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു. എടവനക്കാട് പട്ടമന ഗോകുലന്റെയും അശ്വതിയുടേയും മകളായ പി.ജി.ഐശ്വര്യയും എടവനക്കാട് ചക്കമുറി അനിൽകുമാറിന്റേയും അനുമോളുടേയും മകളായ സി.എ അനഘയുമാണ് ഈ അഭിമാനനേട്ടത്തിന് അർഹരായിരിക്കുന്നത്. സ്‌റ്റേറ്റ് ടീമിൽ അംഗങ്ങളായ ഇരുവർക്കും പരിശീലകര്ക്കും അഭിനന്ദനങ്ങൾ.
21/11/2021 - വൈപ്പിൻ : എടവനക്കാട് എസ് ഡി പി വൈ കെ പി എം കെ പി എം ഹൈസ്കൂളിലെ നേവൽ എൻ സി സി യൂണിറ്റിൻ്റെ കീഴിൽ 73-ാമത് എൻ.സി.സി ദിനം ആചരിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ആൻ്റണി സാബു പതാക ഉയർത്തുകയും കേഡറ്റുകൾ എൻ സി സി ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ജീവിതത്തിൽ എൻ സി സി കേഡറ്റു വിംഗിൽ പ്രവർത്തിച്ച അനുഭവം അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു, എൻ സി സി ദിനാഘോഷത്തിൻ്റെ ഭാഗമായി കേഡറ്റുകളുടെ ഭവനങ്ങളിലും സ്കൂൾ അങ്കണത്തിലും ഫലവൃക്ഷത്തെകൾ നട്ടുപിടിപ്പിക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. എൻസി സി സെക്കൻ്റ് ഓഫീസർ സുനിൽ മാത്യു, അധ്യാപകരായ അയ്യൂബ് കെ.എ, ഷെൽമ ജ്യോതി പ്രകാശ്, സാനു വി.ആർ തുടങ്ങിയവർ സംസാരിച്ചു.