എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം തുടങ്ങേണ്ടത് ഓരോ വ്യക്തിയിൽ നിന്നാണ്. നമ്മുടെ ശരീരവും, മനസും ഭവനവും പരിസരവും ശുദ്ധിയുള്ളതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങളിൽ നിന്നും വായു, മണ്ണ്, ജലം, ആഹാരം ഇവയെല്ലാം വിഷമുള്ളതായി കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇതിന്റെയൊക്കെ പ്രതിഫലങ്ങൾ.ഇന്ന് രോഗങ്ങളിലൂടേയും പ്രകൃതിക്ഷോഭങ്ങളിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും നമ്മളിൽ തന്നെ ദുരനുഭവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മാറേണ്ടത് മനുഷ്യനും അവന്റെ ചിന്തകളും പ്രവർത്തനങ്ങളുമാണ്. നമ്മുടെ വീടുകളിലെ മാലിന്യം ഉപയോഗപ്രദമായ രീതിയിൽ ജൈവവളങ്ങൾ ആയി മാറ്റുക.പ്ലാസ്റ്റിക് ഉപയോഗം,ആശുപത്രി മാലിന്യം, അറവുശാലകളിലെ മാലിന്യം,ഫാക്ടറി മാലിന്യം എന്നിവ മനുഷ്യർക്കോ മൃഗങ്ങൾക്കോ ദോഷം വരാത്ത രീതിയിൽ സംസ്കരിക്കുക

മരം ഒരു വരം എന്ന വാക്യം നമ്മൾ പലരും ഓർക്കാറില്ല, ശുദ്ധവായു ലഭിക്കുന്നതിന് ഇത് ഒരു അവശ്യഘടകമാണ്.ഒരു മരം മുറിക്കുമ്പോൾ രണ്ട് തൈകൾ എങ്കിലും വെച്ചുപിടിപ്പിക്കുക.ജലാശയങ്ങൾ കാത്തുസൂക്ഷിക്കുക.പകർച്ചവ്യാധികൾ പടർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ശ്രീ പി കെ ബാലചന്ദ്രന്റെ ഈ വരികൾ നമ്മൾ ഓർക്കേണ്ടതാണ്.

ഇനി വരുന്നൊരു തലമുറയ്ക്ക്

ഇവിടെ വാസം സാധ്യമോ

മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും

പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ് നമുക്കിനി ചെയ്യാനുള്ളത്.പ്രകൃതി സംരക്ഷിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യനോടും സഹജീവികളോടും കൂടിയുള്ള ഉത്തരവാദിത്വമാണ്.മനുഷ്യകുലം ഇല്ലെങ്കിലും ഈ പ്രകൃതിയും ഭൂമിയും നിലനിൽക്കും.എന്നാൽ മനുഷ്യന് ഭൂമി അല്ലാതെ വേറൊരു വാസസ്ഥലം ഇല്ല.മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയായ അമ്മ നൽകുന്നു.അതുകൊണ്ടുതന്നെ മാലിന്യപ്പെടുത്താതെ, വൃത്തിഹീനമാക്കാതെ പ്രകൃതി എന്ന അമ്മയുടെ തണലിൽ മനുഷ്യൻ ഒതുങ്ങേണ്ടത് അനിവാര്യമാണ്.

കേരം തിങ്ങും കേരള നാട്,മലകൾ തിങ്ങും മലനാട്എന്ന് കവി പാടി പുകഴ്ത്തിയ നമ്മുടെ കേരളത്തെ നമ്മൾക്കായി വരും തലമുറകൾക്കായും കാത്തു സൂക്ഷിക്കാം.എന്റെ കേരളം ശുചിത്വ കേരളംഎന്ന് നെഞ്ചിൽ കൈ വെച്ച് പറയുവാൻ പ്രതിജ്ഞാബദ്ധർ ആവണം. ഓരോ വ്യക്തിയും ശുചിത്വം പാലിക്കുമ്പോൾ ഓരോ കുടുംബവും ശുദ്ധിയാക്കുന്നു.അപ്പോൾ ഓരോ സമൂഹവും അതുവഴി ഓരോ നാട്ടിലും ഓരോ രാജ്യവും അങ്ങനെ ഈ ലോകം തന്നെ നന്നാവും.ശുചിത്വ പൂർണമായ ഒരു നല്ല നാളേക്കായി ഈ ലോക് ഡൗൺ കാലത്ത് നമുക്ക് പ്രതിജ്ഞയെടുക്കാം.

നന്ദന വിജീഷ്
+2 ബയോസയൻസ് എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം