എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതകൾ

അതിജീവനത്തിന്റെ പാതകൾ

എണ്ണി പറയട്ടെ ആദ്യം ഓഖി, നിപ്പ, പ്രളയം1, പ്രളയം2, ഇപ്പോഴിത കോവിഡ് 19. ശാന്തമായി ഒഴുകുന്ന പുഴപോലെ ചെറിയ ഓളങ്ങളെ ഒതുക്കി ഒഴുകുകയായിരുന്ന കേരളീയ ജീവിതത്തെ അശാന്തതയുടെ കയത്തിലേക്ക് തള്ളിയിട്ട ദുരന്തങ്ങളാണ് ഇവ. അതിൽ വ്യത്യസ്ഥനോ covid 19. ഇത് കൊച്ചു കേരളത്തിന്റെ മാത്രം പ്രശനം അല്ല, മറിച്ച ലോകമാസകലം ബാധിച്ച മഹമാരിയാണ്. വികസനത്തിന്റെ പാതയിൽ മുൻനിരയിലും, പിൻനിര യിലുമായി എല്ല രാജ്യങ്ങളുടെയും സംസ്കരികസാമ്പത്തികാരോഗ്യ വിദ്യാഭ്യാസ രംഗങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ് covid 19. ഇത്രയേറെ വെല്ലുവിളികൾ നമ്മുടെ മുൻപിൽ കോവിഡ്‌ നിരത്തുമ്പോഴും നാം ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഈ അഗ്നിപരീക്ഷ സാമൂഹ്യനന്മക്കുവേണ്ടി ഉപയോഗിക്കാം.

വില്ലനായ് കോവിഡ്‌

ജീവനും ജീവിതവും

മനുഷ്യജീവനെ നിമിഷനേരകൊണ്ടു നിശ്ചലമാക്കിയ ഒന്നാണ് കോവിഡ്‌ എന്ന ഈ വിപത്ത്. ദിനം തോറും ആയിരക്കണക്കിന് ആൾക്കാരാണ് ഈ രോഗം മൂലം മരിച്ചു കൊണ്ടിരിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ടു ജീവിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്‌. ഇന്ത്യയിലെ പ്രവാസികളുടെ കണക്കു നോക്കിയാൽ കൂടുതലും കേരളീയരാണുള്ളത്. കേരളത്തിൽ കോവിഡ്‌ സ്ഥിരികരിക്കാൻ ഒരു പരിധിവരെ കാരണക്കാർ പ്രവാസികൾ തന്നെയാണ്. കേരളത്തിലെത്തിച്ചേർന്ന പ്രവാസികൾക്കാണ് കൂടുതലും രോഗം സ്‌ഥിതീകരിച്ചിട്ടുള്ളത്. പിന്നെ ഇവരുമായി സമ്പർക്കം പുലർത്തിയവർക്കും. ഈ രോഗം മൂലം മനുഷ്യജീവിതം കൂടുതൽ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. സ്വന്തം മക്കളെയോ,മാതപിതാക്കളെയോ, ജീവിതപങ്കാളിയെയോ കാണാൻ കഴിയാത്ത അവസ്ഥ. താൻ മൂലം മറ്റുള്ളവർക്കും രോഗം വന്നിട്ടുണ്ടോയെന്നുള്ള ആശങ്ക, അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റബോധം. ഇതൊക്കെ രോഗം ബാധിച്ച വ്യക്തിയെ അലട്ടുന്ന പ്രശ്നങ്ങൾ ആണ്. അവരെ ശുശ്രുഷിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കരുതൽ പോലെ, നമ്മുടെ പ്രാർത്ഥനയും, കരുതലും, മനോധൈര്യവും നാം അവർക്കു നൽകണം.

സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും

ഇന്ത്യ ഉൾപ്പെടെ എല്ല രാജ്യങ്ങളും കോവിഡ് സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ബിസിനസ് മേഖലകളിലുള്ള പ്രതിസന്ധി ഇന്ത്യയുടെ സമ്പത്തികരംഗത്തെ പിടിച്ചുലച്ചിട്ടുണ്ട്. ഇതുമൂലം അനുദിനം കോടികളുടെ നഷ്ടമാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ്‌ വൻകിട വ്യവസായങ്ങളെ മാത്രമല്ല ചെറുകിട വ്യവസായങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അന്നന്നുള്ള ആഹാരത്തിനുവേണ്ടി അധ്വാനിക്കുന്ന പാവങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. ലോകം കടുത്ത ദാരിദ്ര്യം നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ തന്നെ അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തേണ്ടതായ സാധനങ്ങൾ അതിർത്തികൾ അടച്ചത് മൂലം എത്തുന്നില്ല. ഇതുമൂലം വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങളുടെ ലഭ്യത കുറവ് കാര്യമായി തന്നെ ഉണ്ട്. ഈ രോഗത്തിന്റെ അവസ്ഥ മൂർച്ഛിച്ചാൽ ഉറപ്പായും ലോകം ദാരിദ്ര്യം നേരിടേണ്ടിവരും. കോവിഡ്‌ സൃഷ്ടിച്ച കടുത്ത പ്രതിസന്ധി മൂലം കർഷകർക്ക് ഒന്നും ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. എല്ലാ ലോകരാഷ്ട്രങ്ങളും ആവശ്യത്തിനുള്ള സാധനങ്ങൾ ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും എത്രകാലം ഇത് സൂക്ഷിച്ചുവയ്ക്കാൻ കഴിയും. കർഷകൻ സാധനങ്ങൾ ഉല്പാദിപ്പിക്കാതെ എങ്ങനെ സാധനങ്ങൾ ലഭിക്കും. ഈ രോഗത്തെ പിടിച്ചുകെട്ടാൻ വൈകിയാൽ കോവിഡ്‌ മൂലം മാത്രമല്ല ദാരിദ്ര്യം മൂലവും മനുഷ്യൻ മരിച്ചു വീഴുന്നത് ലോകത്തിന് കാണേണ്ടിവരും .

കോവിഡും പഠനവും

കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിക്കുന്ന മറ്റൊരു കൂട്ടരാണ് വിദ്യാർത്ഥികൾ. പരീക്ഷകൾ മാറ്റി വച്ചതു വിദ്യാർഥികൾക്ക് സമ്മർദ്ദവും ബുദ്ധിമുട്ടുകളും ഉണ്ടാക്കി. മാറ്റി വച്ച പരീക്ഷകളും നടത്തിയ ശേഷം ഫലം വരുന്നതിനുള്ള താമസവും കുട്ടികളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നത് ഒരു ചോദ്യം തന്നെ ആണ്. അടുത്ത അധ്യയനവർഷം ജൂണിൽ തന്നെ ക്ലാസ് തുടങ്ങാൻ കഴിയുമോ എന്നുള്ളത് കുട്ടികളുടെ മുൻപിലെ ആശങ്കയാണ്. എങ്കിലും കുട്ടികൾക്ക് കൂടുതൽ പഠിക്കുന്നതിനും കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ കോവിഡ്‌ കാലം ഉപയോഗിക്കാം. സാമൂഹ്യ മാധ്യമങ്ങളും സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധതരത്തിലുള്ള കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളും ഈ കോവിഡ്‌ കാലത്തു ശ്രദ്ധേയമായ കാര്യം തന്നെയാണ്.

പ്രവാസിജീവിതം

കോവിഡ്‌ കാലത്ത് ഗൾഫ് രാജ്യങ്ങളിലും മറ്റുമുള്ള നമ്മുടെ പ്രവാസികൾ അനുഭവിക്കുന്ന ക്ലേശങ്ങളും മനോവിഷമങ്ങളും ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെസങ്കടമായി മാറുന്നു. ചികിത്സക്കും രോഗപ്രതിരോധത്തിനും ജാഗ്രത പ്രവർത്തനങ്ങൾക്കുമായി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സ്വന്തം നാടിന്റെ ശ്രദ്ധയും കരുതലും തങ്ങൾക്ക് കൂടി ഉണ്ടാകണെയെന്നു അഭ്യര്ഥിക്കുകയാണ് ലക്ഷകണക്കിന് പ്രവാസികൾ. തിരിച്ചു വരുന്ന പ്രവാസികൾക്ക് നൽകേണ്ട കരുതലിലും മറ്റു സൗകര്യങ്ങളിലും ഒരു കുറവും ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉണ്ടാകണമെന്നും കൂടി ഓർമ്മിപ്പിക്കുന്നുണ്ട് ഈ രോഗകാലം. അന്യദേശങ്ങളിൽ കുടുങ്ങിപ്പോയവരുടെയും നാട്ടിൽ അവർക്കായി മനസ്സുനൊന്തു കഴിയുന്നവരുടെയും വിഷമങ്ങൾ കാണാതിരുന്നുകൂടാ. ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത വിഷമസന്ധിയിൽ ആണ് നമ്മുടെ പ്രവാസികൾ അകപ്പെട്ടിരിക്കുന്നത്.

മാലാഖമാർ നേരിടുന്ന പ്രശ്നങ്ങൾ

നമുക്കായി രാവും പകലും കഷ്ടപ്പെടുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും. സ്വന്തം കുടുംബത്തെ വിട്ട് രോഗികളെ ശുശ്രൂഷിക്കുകയും അവർക്ക് ധൈര്യവും കരുത്തും നൽകി അവരെ രോഗവിമുക്തരാക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്ന ഇവരുടെ സുരക്ഷക്കായുള്ള മുൻകരുതലുകൾ എടുക്കാൻ അധികൃതർമറക്കുന്നത് എന്തുകൊണ്ട്? ജീവൻ പണയം വെച്ച് അവർ ചെയ്യുന്ന ത്യാഗത്തിന് എത്ര പ്രശംസിച്ചാലും മതി വരികയില്ല . കേരളത്തിന് പുറത്ത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് വലിയ വില നൽകുന്നില്ല എന്നത് വലിയൊരു പ്രതിസന്ധി തന്നെയാണ്. പല വിദേശരാജ്യങ്ങളിലും തങ്ങളുടെ ആരോഗ്യം നോക്കാതെ ഇവർ ജോലി ചെയ്യേണ്ടി വരുന്നു. നമ്മുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി കഷ്ടപ്പെടുന്ന ഇവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.

വ്യാജവർത്തകൾ

കോവിഡിനേക്കാൾ മാരകമായ ഒന്നാണ് ഇതിനെപ്പറ്റി പ്രചരിക്കുന്ന വ്യാജ വാർത്തകൾ. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തെ സാരമായി ബാധിക്കുന്നു. പുതുതലമുറ ഇത്തരം തെറ്റായ പ്രവർത്തനങ്ങൾക്ക് മുതിരുന്നത് ലജ്ജാവഹമാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും ഷെയർ ചെയ്യുന്നവർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതു അനിവാര്യമാണ്.

പക്ഷേ ഒന്നു ചിന്തിക്കൂ......

ഓട്ടത്തിനിടയിലെ ആൽത്തറ

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എല്ലാവർക്കും വിശ്രമിക്കാൻ ലഭിച്ച ഒരു അവസരം കൂടിയാണ് ഈ കോവിഡ് കാലം. കാശിനു പിറകെയും, ചെയ്യുന്ന ജോലിക്കു പിറകെയും തിരക്ക് പിടിച്ച് ഓടികൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരുദിവസം എല്ലാം നിർത്തിവയ്ക്കപ്പെടുന്നു, എല്ലാം പ്രവർത്തനരഹിതം. ഇരുപതിനാലുമാണിക്കൂറും തിരക്കുള്ള റോഡുകൾ ഇപ്പോൾ നിശ്ചലമായിരിക്കുന്നു. ഒരിടത്തും തിക്കുമില്ല, തിരക്കുമില്ല, അപകടങ്ങളുമില്ല, മറ്റു കുറ്റകൃത്യങ്ങളുമില്ല. കുട്ടികളും,സ്ത്രീകളും സുരക്ഷിതർ. അവർക്കുനേരെയുള്ള കഴുകൻ കണ്ണുകൾ ഇപ്പോൾ അടഞ്ഞിരിക്കുകയാണ്. ശാന്തമായ ഒരു കേരളം. എല്ലാവർക്കും വീട്ടിൽ സ്വസ്ഥമായിരിക്കാൻ കിട്ടിയ ഒരു അവസരം കൂടിയാണിത്. നേരിൽ കാണാൻ, എന്തിന് മിണ്ടാൻ പോലും സമയമില്ലാതെ ഓടിക്കൊണ്ടിരുന്നവർക്ക് സ്വന്തം കുടുംബവുമായുള്ള ബന്ധം ദൃഢമാക്കാൻ സാധിക്കുന്നു. കോവിഡ്‌ ലോകത്തിൽ പല പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ടെങ്കിലും പലർക്കും ഇത് വിശ്രമത്തിന്റെയും സന്തോഷത്തിന്റെയും, സ്നേഹത്തിന്റെയും ഒരു കാലഘട്ടമാണ്.

ജീവിതത്രാസ്സ്

കോടീശ്വരൻ മുതൽ കൂലിപ്പണിക്കാരൻ വരെ ഒരേ പോലെ ജീവിതത്തിൽ മരണത്തെ അഭിമുഖീകരിക്കുന്ന ഒരു അവസ്ഥയാണ് കോവിഡ്‌. സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു തത്വമാണ് സമത്വം എന്നുള്ളത്. കാശുള്ളവനു മാത്രം വില നൽകുന്ന ലോകത്ത് കോവിഡ്‌ സമത്വമെന്നൊരാശയം കൂടി മുൻപോട്ടു വെയ്ക്കുന്നു. കാശുള്ളവനും കാശില്ലാത്ത പട്ടിണിപ്പാവവും ഒരേ ത്രാസ്സിൽ അളക്കപ്പെടുന്നു. ഒരു രോഗത്തിനും കാശുകാരനെന്നോ പാവപ്പെട്ടവനെന്നോ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസൽമാനെന്നോ നോട്ടമില്ല എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം. അതുപോലെ ജാതിമത ഭേദമില്ലാതെ,രാഷ്ട്രീയ വേർ തിരിവുകളില്ലാതെ നാം ഒറ്റകെട്ടായി നിന്ന് ഈ പ്രതിസന്ധിയെ താരണം ചെയ്യണം.

ഊട്ടി ഉറപ്പിക്കപ്പെടുന്ന ബന്ധങ്ങൾ

ഈ കോവിഡ്‌ കാലത്ത് നാം വീട്ടിലിരിക്കുമ്പോൾ ആദ്യദിനങ്ങൾ സാമൂഹ്യമാധ്യമങ്ങളുടെ ഒപ്പം കടന്നുപോയി .പിന്നീട് ഓരോ വ്യക്തിയും കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ തുടങ്ങി. കൂടുതൽ ആൾക്കാരും പാചകത്തിലാണ് തങ്ങളുടെ പരീക്ഷണങ്ങൾ നടത്തുന്നത്. അതുപോലെ മറ്റു കലാകാരന്മാരുടെ സൃഷ്ടികളും. ഉള്ളിൽ ഉറങ്ങിക്കിടന്ന കലാകാരനെ ഉണർത്താൻ പലരും സമയം കണ്ടെത്തി. മറ്റ് ബന്ധുകളുമായുള്ള നേരിട്ടുള്ള ഇടപെടലുകൾ സാധ്യമല്ലെങ്കിലും ഫോണിലൂടെ അവരുടെ വിശേഷം വിളിച്ച് അന്വേഷിക്കാൻ പലരും ഈ ദിനങ്ങളിൽ ശ്രദ്ധിക്കുന്നു. പുറത്തുകാണിക്കാത്ത തങ്ങളുടെ കരുതലും സ്നേഹവും പുറത്തെടുത്തവരുമുണ്ട്‌. നമ്മുടെ മനസ്സിൽ മറ്റുള്ളവരോടുള്ള സ്നേഹവും കരുതലും അതോടൊപ്പം കഴിവുകളും പുറത്തെടുക്കാൻ ഈ കോവിഡ്‌ കാലം നമുക്ക് പ്രയോജനപ്പെടുത്താം. കോവിഡ്‌ കഴിഞ്ഞും ഈ ബന്ധങ്ങൾ നിലനിർത്താൻ നമ്മളെക്കൊണ്ട് സാധിക്കണം. എങ്കിൽ മാത്രമേ നാം നാൽപ്പതു ദിവസം വീട്ടിൽ ഇരുന്നതിനു ഒരർഥം ഉണ്ടാവുകയുള്ളൂ.

അന്തരീക്ഷത്തിനും ആശ്വാസം

ജനജീവിതം സ്തംഭിച്ചപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞു. കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഉപയോഗം കുറഞ്ഞതോടെ അന്തരീക്ഷത്തിൽ അനുദിനം വർധിച്ചുവരുന്ന മലിനീകരണം നന്നേ കുറഞ്ഞിട്ടുണ്ട്. അതുപോലെ പൊതുപരിപാടികളും മതപരമായ ആഘോഷങ്ങളും നിർത്തിവെച്ചതോടെ ശബ്ദം മലിനീകരണത്തിന്റെയും റോഡുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങളുടെയും അളവ് കുറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന ഈ പ്രശ്നത്തിന് ഒരു താൽക്കാലിക ആശ്വാസം ആണ് കോവിഡ്‌ക്കാലം.

നല്ല ശീലങ്ങളുടെ തുടക്കം

ഈ കാലഘട്ടത്തിൽ നാം ശീലിച്ച മാസ്ക് , ഗ്ലൗസ് സാമൂഹിക അകലംപാലിക്കൽ തുടങ്ങിയ കാര്യങ്ങൾ നാം തുടരണം. റോഡുകളിൽ തുപ്പുന്നത് ഒഴിവാക്കണം .ഇത്തരം നല്ല ശീലങ്ങൾ തുടർന്നാൽ പല രോഗങ്ങളിൽ നിന്നും നമുക്കു രക്ഷപെടാൻ സാധിക്കും. ഇത്തരം ഒരു ചിന്ത രൂപപ്പെടാൻ ഈ രോഗകാലം നമ്മെ സഹായിച്ചു. ഈ ശീലങ്ങൾ തുടരുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാൻ കേരളീയർ തയ്യാറാവണം.


കേരള മോഡൽ -ലോക് ഡൗൺ

മറ്റ് സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയാണ് കേരളം . എന്തുവന്നാലും അതിനെ അതിജീവിക്കുവാനുള്ള കേരളത്തിന്റെ ചങ്കൂറ്റമാണ് മാതൃകയാക്കേണ്ടത്. കോവിഡ്‌ പ്രശ്നങ്ങൾ കേരളത്തിൽ ഉടലെടുത്ത അന്നുമുതൽ കേരളം കടുത്ത ജാഗ്രതയിലാണ്. സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും കേരളത്തെ മഹാമാരിയിൽ നിന്നും കരം പിടിച്ചുയർത്താൻ പരമാവധി പരിശ്രമിക്കുന്നുണ്ട്. അവരോട് പൂർണമായും ഒരു പരിധിവരെ സഹകരിക്കുന്ന ജനങ്ങളും മറ്റുള്ളവർക്ക് മാതൃകയാണ്. കേരളത്തിന്റെ ജാഗ്രതയാണ് നമ്മെ ഈ മഹമാറിയിൽ നിന്നും ഒരു പരിധി വരെ രക്ഷിച്ചത്. ജാഗ്രത തുടർന്നുകൊണ്ടു കോവിഡിനെ നമ്മുക്ക് നേരിടാം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് നല്ലൊരു നാളേക്കായി കാത്തിരിക്കാം.

പോരാളികളായി പൊതുജനം

സർക്കാരിൻറെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നത് പൊതുജനം തന്നെയാണ്. പാത്രം കൊട്ടിയും ലൈറ്റ് തെളിചും കാണിച്ച് കേരളമുൾപ്പെടെയുള്ള സകലസംസ്ഥാനങ്ങളും ഒന്നിച്ചു നിന്നു. കമ്മ്യൂണിറ്റി കിച്ചൻ ഉൾപ്പെടെ ഉള്ള സകല സർക്കാർ പദ്ധതികളും ജനങ്ങളുടെയും ജനപ്രീതിനിധികളുടെയും പൂര്ണസഹകാരണത്തോടെയാണ് നടപ്പിലാക്കി വരുന്നത്. അതുപോലെ റേഷൻ, പെൻഷൻ എന്നിവ നേരിട്ട് വന്നു വാങ്ങാൻ പറ്റാത്തവർക്കായി വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതികളും പൊതുജനസഹായത്തോടെ ഓരോ ജില്ലയിലും പ്രവർത്തിക്കുന്നു. അതുപോലെ ജില്ലാകളക്ടർമാരുടെയും, പോലീസിന്റെയും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതുതന്നെ ആണ്.

ഇടതും വലതും ഒരുമിച്ച്

കേരളത്തിന്റെ മറ്റൊരു പ്രത്യേകത ആണ് ഏതു പ്രതിസന്ധിയിലും ഒന്നിച്ചുനിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ. ഭരണപക്ഷത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന പ്രതിപക്ഷപാർട്ടികൾ. കോവിഡ്‌ കാലത്തും രാഷ്ട്രീയ നേതാക്കൾ എല്ല പ്രവർത്തനങ്ങളിലും ഒന്നിച്ചു നിൽക്കുന്നു. മാത്രമല്ല അവർ പൊതുസമൂഹത്തിന് മാതൃകയായി തീരുകയും ചെയ്യുന്നു. കേന്ദ്രത്തിലെ പ്രതിപക്ഷ പാർട്ടികളും പൂർണ സഹകരണം ഈ കോവിഡ്‌ കാലത്തിൽ കാണിച്ചിട്ടുണ്ട്. ലോകമാസകലം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ്‌ എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ കേരളത്തെ പോലെ എല്ലാ ലോകരാഷ്ട്രങ്ങളും ഒരുമിച്ച് നിൽക്കണം. മറ്റു രാജ്യങ്ങളെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും വച്ചുനോക്കുമ്പോൾ പ്രതിസന്ധിയെ നിയന്ത്രിക്കാൻ നമ്മൾ എടുത്ത നടപടികൾ ഉത്തമവും മാതൃകാപരവുമാണ്.

ഇത് കേരളമാണ്. നാം അതിജീവിക്കും ഒപ്പം ലോകവും.


സാനിയ ആംസ്ട്രോങ്
9C സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം