എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം

ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ച്‌ പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എസ് എസ് പി ബി എച്ച് എസ് എസ്. ആയിരക്കണക്കിന് കുട്ടികൾ അക്ഷര മധുരം നുണഞ്ഞ ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയായ ഇനിയുമേറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരുവാൻ ഇപ്പോഴും വിളക്കുമരം ആയി നില നിൽക്കുന്നു.

അറിവും അക്ഷരവും അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് അകറ്റി നിർത്തിയിരുന്ന കേരളത്തിൻ്റെ ഇന്നലകൾ, അറിവാണ് അടിമചങ്ങല പൊട്ടിച്ചെറിയുവാനുള്ള അഗ്നിയും ആയുധവും എന്ന് തിരിച്ചറിഞ്ഞ ഋഷീശ്വരന്മാരായ വിപ്ലവകാരികൾ അക്ഷരങ്ങളുടെ വെളിച്ചവുമായി പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിലേക്ക് നിശ്ശബ്ദം നടന്നു കയറി അക്ഷരവെളിച്ചത്തിന്റെ പുതുയുഗത്തിലേക്ക് കടന്നു. അക്ഷരവെളിച്ചത്തിൻ്റെ വിപ്ലവമറിഞ്ഞ അനേകരിലൂടെ കുടിപ്പള്ളിക്കൂടങ്ങളായും നിലത്തെഴുത്ത് ശാലകളായും അറിവിൻ്റെ അക്ഷരമുറ്റങ്ങൾ പിറന്നു.

കടയ്ക്കാവൂർ കാക്കോട്ടു വിളയിലും അറിവിൻ്റെ ഒരു അക്ഷരതൈ തളിർത്തു. ആരാധ്യരായ ഗുരുനാഥന്മാരും നമുക്ക് മുമ്പേ നടന്നവരും ആ തൈ നട്ടു നനച്ച് വളർത്തി. വിജ്ഞാന വൈരികളല്ലായിരുന്ന തിരുവിതാംകൂർ രാജകുടുംബം അതിന് വെള്ളവും വളവും നല്കി. കടയ്ക്കാവൂർ കാക്കോട്ടുവിള എന്ന അക്ഷരച്ചെടിക്ക് തളിർ വന്നു, ഇല വന്നു, പൂവ് വന്നു, കായ് വന്നു. ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന ആൽമരമായി പടർന്ന് പന്തലിച്ചു. ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ്.എസ്.പി.ബി.എച്ച്.എസ്.എസ്.ൻ്റെ ചരിത്രം ഈ ദേശത്തിൻ്റെ തന്നെ ചരിത്രമാണ്.

സ്ഥാപക മാനേജർ'

ഒരു നൂറ്റാണ്ടു കാലത്തിലേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. 1920-ലാണ് കടക്കാവൂരിൻ്റെ ഹൃദയ താളത്തിൽ എസ്.എസ്.പി.ബി.എച്ച്.എസ്. ആദ്യമായി ശ്രുതി ചേർത്തത്. ചിറയിൻകീഴ് പടിഞ്ഞാറേ പാലവിള വീട്ടിൽ യശശ്ശരീരനായ ശ്രീ.പരമേശ്വരൻ പിള്ള സർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 'കാക്കോട്ടുവിള' സ്കൂൾ എന്നായിരുന്നു ഇതിൻ്റെ ആദ്യകാല പേര്. സമീപത്തു ഒന്നും തന്നെ മറ്റൊരു സ്കൂൾ ഇല്ലാതിരുന്ന കാലത്തു കടക്കാവൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസം നേടുന്നതിനുള്ള ഏകാശ്രയം ഈ സ്കൂൾ ആയിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തെ സ്പീക്കർ ആയിരുന്ന ശ്രീ കെ.പി നീലകണ്ഠപിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. മിഡിൽ സ്കൂൾ ആയി പ്രവ൪ത്തിച്ചിരുന്ന ഈ വിദ്യാലയം 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ സേതു പാർവതി ഭായ് ഹൈസ്കൂൾ എന്ന് പുനർ നാമകരണ൦ ചെയ്യുകയും ചെയ്തു. ശ്രീ.ശങ്കര അയ്യർ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സ്കൂളിനെ അതി പ്രശസ്തിയിലേക്കു നയിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച മഹത് വ്യക്തിത്വമാണ് പ്രഥമ അദ്ധ്യാപകനായ ശ്രീ.നാരായണ പിള്ള സർ. അദ്ദേഹത്തിൻ്റെ കാലം സ്കൂളിൻ്റെ സുവർണ്ണ കാലം എന്ന് ഇന്നും അറിയപ്പെടുന്നു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കടക്കാവൂരിൻ്റെ മുഖഛായ മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം പ്രമുഖമായ സ്ഥാനം തന്നെ വഹിച്ചിട്ടുണ്ട്.

ഓർമ്മയിലെ സ്കൂൾ
ഓർമ്മയിലെ സ്കൂൾ
സ്കൂളിന്റെ പുതിയ മുഖം
സ്കൂളിന്റെ പുതിയ മുഖം
'ഗോപി നാഥൻ സർ മാനേജർ
ശശിധരൻ നായർ സർ മാനേജർ
ശ്രീലേഖ ടീച്ചർ മാനേജർ

നാൾവഴികൾ

ഈ സ്കൂളിൻ്റെ മാനേജരും ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച ശ്രീ.പി.കെ ഗോപിനാഥൻ സാറിൻ്റെ ഭരണകാലത്തു സ്കൂളിൻ്റെ പ്രശസ്തി വാനോളം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം ചെമ്പഴന്തി അഷ്ടമി യിൽ ശ്രീ.സി.ശശിധരൻ നായർ സർ ആയിരുന്നു 2007 മുതൽ സ്കൂൾ മാനേജർ. അദ്ദേഹത്തിൻ്റെ പ്രവർത്തന ഫലമായി ആധുനിക രീതിയിലുള്ള പഠന സൗകര്യങ്ങൾ ലഭ്യമായി. സ്കൂളിൻ്റെ ഭൗതിക സാഹചര്യം മാറ്റുന്നതിലും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും കലാകായിക രംഗങ്ങളെ പരിപോഷിപ്പിക്കുന്നതിലും അദ്ദേഹം മഹനീയ പങ്കു വഹിച്ചിരുന്നു. സ്റ്റുഡന്റസ് പോലീസ് കേഡറ്റ് , ജൂനിയർ റെഡ് ക്രോസ് , ലിറ്റിൽ കൈറ്റ്സ് എന്നിവ ലഭ്യമാക്കി. അദ്ദേഹത്തിന്റെ വിദഗ്ദ്ധ മാനേജ്മെന്റി൯ കീഴിൽ ഈ മഹാവിദ്യാലയം വിദ്യാഭ്യാസത്തിൻ്റെ സമസ്തമേഖലകളും കീഴടക്കി കൊണ്ട് മുന്നേറിക്കഴിഞ്ഞു.


5 മുതൽ +2വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലായി തൊള്ളായിരത്തിലധികം ആൺകുട്ടികളും എണ്ണൂറിലധികം പെൺകുട്ടികളും ഉൾപ്പെടുന്നു. നിലവിലെ സ്കൂൾ മാനേജരായ ശ്രീമതി വി. ശ്രീലേഖ ടീച്ചറും കുട്ടികൾക്കാവശ്യമായ പഠന സാഹചര്യം ഒരുക്കുന്നതിൽ ബദ്ധ ശ്രദ്ധാലുവാണ്.

പ്രൈമറിതലം മുതൽ ഹയർസെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾ തേടിപ്പോകേണ്ടതില്ല. ബഹുനില കെട്ടിടങ്ങളോടുകൂടിയ സ്ക്കൂൾ ഇന്ന് ജില്ലയ്ക്ക് തന്നെ മാതൃകയാണ്. കലാ കായിക രംഗത്ത ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ സ്ഥാപനത്തിന്റെ പെരുമ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. 1700-ൽ അധികം കുട്ടികൾ ഇവിടെ അധ്യയനത്തിനെത്തുന്നു.

എസ്.എസ്എ.ൽ.സിയ്ക്കും ഹയർ സെക്കന്ററിക്കും ഉയർന്ന വിജയ ശതമാനത്തോടൊപ്പം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രക്രീയ സ്കൂളിന്റെ പ്രത്യേകതയാണ്. മാനേജ്മെൻ്റിൻ്റെ അക്ഷീണമായ പ്രവർത്തന ഫലമായി ആധുനിക ഹൈടെക് ക്ലാസ്സ്‌ മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ്. ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റിക്സ് 1 ബാച്ച് മാത്രം അനുവദിച്ച ഏക സ്കൂൾ നമ്മുടേതാണ്. 300 കൂടുതൽ വിദ്യാർഥികൾ എസ്.എസ്എൽ.സി പരീക്ഷ എഴുതുന്ന ഈ സ്കൂളിൽ ഒരു ബാച്ച് കൂടി അനുവദിച്ചു കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ സരസ്വതി ക്ഷേത്രം. അതു കൊണ്ടു തന്നെ ഹൈസ്ക്കൂൾ പഠനം പൂർത്തീകരിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കാറില്ല. ഇത് നമ്മുടെ കുട്ടികളെ ഏറെ ആശങ്കയിലാക്കുന്നു.

കനക ജൂബിലി

അണയാത്ത അനുഭവങ്ങളുടെ ഓർമ്മച്ചെപ്പ്

കടയ്ക്കാവൂർ - കടലും കായലും ചേർന്ന് കിടക്കുന്ന നാട്   - കൂടാതെ മറ്റ് പല വിശേഷണങ്ങളുണ്ടെങ്കിലും നാം അറിയേണ്ടതായ വിവരം - ബ്രിട്ടീഷ് ആധിപത്യത്തിൽ കഴിഞ്ഞ ഇൻഡ്യ മഹാരാജ്യത്ത് നടന്ന ആദ്യ ബ്രിട്ടീഷ് വിരുദ്ധ കലാപമായ 1721 ൽ നടന്ന ആറ്റിങ്ങൽ കലാപത്തിൽ 141 ബ്രിട്ടീഷുകാരെ വധിച്ചത് കടയ്ക്കാവൂർ കീഴാറ്റിങ്ങൽ പ്രദേശത്തായിരുന്നു. കടയ്ക്കാവൂരിലെ നിരവധി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകാരികളെ പീഡിപ്പിച്ച് വധിക്കുകയുണ്ടായി. ഇന്ത്യൻ ദേശിയ പ്രസ്ഥാന ചരിത്രത്തിലും സ്വതന്ത്ര്യ സമര ചരിത്രത്തിലും കടയ്ക്കാവൂരിൻ്റെ സാന്നിദ്ധ്യത്തിൻ്റെ സാക്ഷ്യപത്രം ഐ.എൻ.എ എന്ന പ്രസ്ഥാനത്തിൻ്റെ കേരള ആസ്ഥാന ഓഫീസും കടയ്ക്കാവൂരിന് മാത്രം സ്വന്തം.

28.01 . 1999 , 3.30 (വൈകുന്നേരം)

കടയ്ക്കാവൂരിന്റെ ഹൃദയമായ ശ്രീ . സേതു പാർവ്വതി ഭായ് ഹൈസ്ക്കൂൾ എന്ന എസ്.എസ്.പി.ബി.എച്ച്.എസ് -ന്റെ ഒളിമങ്ങാത്ത ചരിത്ര താളുകളിലേക്ക് 1999 ജനുവരി 28 ,29,30 എന്നീ ദിവസങ്ങളിൽ നടന്ന അവിസ്മരണീയമായ ഘോഷയാത്രയെ തുടർന്ന് 7 മഹാ സമ്മേളനങ്ങൾ, നാട്ടിലെ ജനസഞ്ചയത്തോടൊപ്പം വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ജീവിതത്തിലും തിളക്കമാർന്ന ഓർമ്മകൾ സമ്മാനിച്ച് എസ്.എസ്.പി. ബി .എച്ച്.എസ് - ലെ കനക ജൂബിലി മഹാമഹം മാറി.

ഘോഷയാത്ര

6 പി എം ന് ഉദ്ഘാടന സമ്മേളനം

കടയക്കാവൂരിൻ്റെ (എസ്.എസ്.പി.ബി.എച്ച്.എസ്) - ചരിത്ര സംഭവമായ മഹാ സമ്മേളനം ബഹു. ധനകാര്യ മന്ത്രിയായിരുന്ന ടി. ശിവദാസ മേനോൻ ഉദ്ഘാടനം ചെയ്തു. നിഷ്കളങ്കരായ കുട്ടികളിലേയ്ക്ക് വിദ്യയുടെ പ്രകാശം പകർന്ന് കൊടുക്കുക എന്നത് ഒരു മഹത്തായ കർമ്മമാണെന്ന സന്ദേശം അദ്ദേഹം നൽകി. വേദിയിൽ എം.എൽ.എ , മുൻ എം.എൽ.എ. പ്രോ വൈസ്  ചാൻസിലർ ഡോ.എൻ.എ കരീം തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

29.01.1999 09.30 (രാവിലെ)

സ്കൂളിലെ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഹൃദയസ്പർശിയായ ഗുരുശിഷ്യ ബന്ധത്തിൻ്റെ ഉദാത്തമായ ദൃശ്യാവിഷ്കാരമായി മാറിയിരുന്നു . സ്കൂളിൻ്റെ സന്തതിയായ പിന്നണി ഗായകൻ ശ്രീ.ബ്രഹ്മാനന്ദൻ , സിനിമാ താരങ്ങളായ ശ്രീനാഥ്, പ്രേംകുമാർ കൂടാതെ സ്കൂളിൻ്റെ യശസ്സ് ഉയർത്തിയ പൂർവ്വ വിദ്യാർത്ഥികളായ സുപ്രസിദ്ധ ഹൃദയ ശസ്ത്രക്രീയ വിദഗ്ധൻ ഡോ.പി. ചന്ദ്രമോഹൻ സുപ്രസിദ്ധ മന:ശാസ്ത്ര വിദഗ്ധൻ ഡോ. സുരരാജമണി തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യവും അവരുടെ പ്രഭാഷണങ്ങളും സദസിനെ  അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു.

29.01.1999 , 03.30 (വൈകുന്നേരം)

വനിതാ സമ്മേളനം

സ്ത്രീപക്ഷ നിലപാടുകളേയും അതിജീവന മാർഗ്ഗങ്ങളേയും വിവിധ പ്രശ്നങ്ങളേയും വ്യത്യസ്ത നിലപാടുകളിലൂടെ കൈകാര്യം ചെയ്ത മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗ്ഗവി തങ്കപ്പൻ എം. എൽ.എ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ' ബിന്ദു മോഹൻ, പ്രൊഫസർ നബീസാ ഉമ്മാൾ തുടങ്ങിയവർ സദസിന് നല്ലോരു വിരുന്ന് നല്കി അവസാനിപ്പിച്ചു.

29.01.1999 6.00 (വൈകുന്നേരം)

വിദ്യാഭ്യാസ സമ്മേളനം

വിദ്യാ ക്ഷേത്രത്തിൽ ഒഴിവാക്കാനാകാത്ത വിദ്യാഭ്യാസ സമ്മേളനം, കടയ്ക്കാവൂരിൻ്റെ സദസിനെ ബഹുമാന്യരായ ഡോ. ബാല മോഹൻ തമ്പി ,ശ്രീ.സമ്പത്ത്' എം പി തുടങ്ങിയ വ്യക്തിത്വങ്ങളാൽ സമ്പുഷ്ടമായി.

30. 01.1999 9.30 (രാവിലെ)

കവിയരങ്ങ്

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക, കവിതാ രചന, സാഹിത്യരചന തുടങ്ങിയ ജന്മനായുള്ള കഴിവ് ലഭിച്ച കുട്ടികൾക്ക് പ്രചോദനം കൊടുക്കുക എന്ന കർത്തവ്യം സഫലമാക്കുവാൻ ശ്രീ. ഏഴാച്ചേരിയുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കൂടാതെ ആശാൻ മെമ്മോറിയൽ അസോസിയേഷൻ സെക്രട്ടറി പ്രൊഫസർ സുധീഷ്, പ്രൊഫസർ. സത്യപ്രകാശം തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് സദസിനെ കവിതാ സാഗരമാക്കി.

30.01.1999 3:30 (വൈകുന്നേരം)

സാഹിത്യ സമ്മേളനം

കേരളത്തിൻ്റെ സാംസ്കാരിക സാഹിത്യ പൈതൃകത്തെ ലോകമാകെ പഠനവിഷയമാക്കിയ കാലത്ത് നാം നമ്മുടെ പൈതൃകത്തെ ഈ സമ്മേളനത്തിലൂടെ വിദ്യാർത്ഥി സമൂഹത്തിന് മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഭാഗമാക്കി മാറ്റി. ബഹുമാന്യരായ മുൻ സ്പീക്കർ ജി. കാർത്തികേയൻ, മുൻ എം എൽ എ ശ്രീ.അലി ഹസൻ , മുൻ എം എൽ എ ശ്രീ. പിരപ്പൻകോട് മുരളി, ശ്രീ. പീതാംബരകുറുപ്പ് തുടങ്ങിയവരുടെ വിലയേറിയ സന്ദേശങ്ങളും പ്രഭാഷണങ്ങളും സദസിനെ ഒരു നിമിഷം മായാ ലോകത്തിലെത്തിച്ചു എന്നത് അതിശയോക്തിയല്ല. അനുഭവത്തിൻ്റെ വാക്കുകളാണിവ.

30.01.1999 6 (വൈകുന്നേരം)

സമാപന സമ്മേളന ഉദ്‌ഘാടനം

ശ്രീ പദ്മനാഭ ദാസൻ ഉത്രാടം തിരുന്നാൾ മാർത്തണ്ഡവർമ്മ മഹാരാജാവ് നിർവ്വഹിച്ചു .സ്വന്തം അമ്മ മഹാറാണിയുടെ നാമധേയത്തിൽഅറിയപ്പെടുന്ന വിദ്യാ ക്ഷേത്രത്തിൻ്റെ കനക ജുബിലി ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു . ശങ്കരാചാര്യരുടെയും ശിഷ്യനായ പത്മപാദരുടെയും കഥകൾ ഉദ്ധരിച്ചുകൊണ്ട് വിദ്യയാകുന്ന വിളക്കിൻ്റെ മഹത്വവും ഗുരു ശിക്ഷ്യ ബന്ധത്തിൻ്റെ പരിപാവനതയും മഹാരാജാവ് ഓർമ്മിപ്പിച്ചു .ജൂബിലി സ്‌മാരക മന്ദിര ശിലാസ്ഥാപനം നിർവ്വഹിച്ചത് ബഹുമാനപ്പെട്ട മുൻ സ്പീക്കർ ശ്രീ എം. വിജയകുമാറും സേവന കാലം കഴിഞ്ഞു പിരിഞ്ഞു പോയ അദ്ധ്യാപകരെയും മറ്റു ജീവനക്കാരേയും ആദരിച്ചുകൊണ്ട് മുൻ ലെഫ്.ഗവർണർ ശ്രീ.വക്കം പുരുഷോത്തമനും ശ്രീ.ആനത്തലവട്ടം ആനന്ദനും സംസാരിച്ചു. അങ്ങനെ കടക്കാവൂരിലെ ജനാവലിക്ക് എസ് എസ് പി ബി എച്ച് എസ്‌ എസ് എന്ന വിദ്യയുടെ വൻമരം മനസിനെ ത്രസിപ്പിക്കുകയും ഹൃദയത്തിന് കുളിർമ്മ നല്കുകയും ചെയ്ത തുടർച്ചയായ മൂന്നു ദിവസത്തെ കനക ജൂബിലി വിട വാങ്ങി .

ഒരുവട്ടം കൂടി......പൂർവ്വ വിദ്യാർത്ഥി സംഗമം

എസ് എസ് പി ബി എച്ച് എസ് എസ് അതിൻ്റെ നൂറാം വർഷത്തിലേക്ക് കടക്കുന്നു. ഈ വിദ്യാ മാതാവിൻ്റെ മടിത്തട്ടിൽ നിന്നും നാവിലും മനസിലും അക്ഷരം ഏറ്റുവാങ്ങിയ ഒരുപാടൊരുപാട് വിദ്യാസമ്പന്നരും സമൂഹത്തിലും ജീവിതത്തിലും ഉന്നതിനേടിയവരും കലയവനികയ്ക്കുള്ളിൽ മറഞ്ഞവരുടെ തലമുറകളും ഈ ലോകത്തിൻ്റെ മുക്കിലും മൂലയിലും ജീവിച്ചു വരുന്നു. വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി സ്കൂളുകളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ചേർന്ന് സ്കൂൾ ഓർമ്മകൾ പങ്കുവെക്കുകയും പരാധീനതകൾക്ക് പരിഹാരംകാണുന്നതിനുമായി പൂർവ്വവിദ്യാർഥികൾ ഒന്നിച്ചു ചേർന്ന് ഒരുവട്ടം കൂടി....എന്ന സംഗമം 2017 ഒക്ടോബർ 14,15 ദിവസങ്ങളിൽ അതി ഗംഭീരമായി നടന്നു.

14.10.2017 3:30 (വൈകുന്നേരം)

വിളംബരജാഥ

ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം 3.30 ന് ചെക്കാലവിളാകം ജംഗ്ഷനിൽ നിന്ന് വിളംബര ഘോഷയാത്ര വിവിധ കലാരൂപങ്ങൾ , എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അദ്ധ്യാപകർ, പി റ്റി എ ഭാരവാഹികൾ, ജനപ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്ര സ്കൂളിൽ എത്തിച്ചേരുമ്പോൾ സ്കൂളിലെ മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മുൻ ലെഫ്.ഗവർണറുമായ ശ്രീ. വക്കം ബി പുരുഷോത്തമൻ പതാക ഉയർത്തി ഈ മഹാസംഗമത്തിന് ആരംഭം കുറിച്ചു.

15.10.2017 09.30 (രാവിലെ)

ഉദ്ഘാടന സമ്മേളനം

വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥികൾ സ്വാഗത നൃത്തം ദൃശ്യാവിഷ്കാരത്തോട് കൂടി അവതരിപ്പിച്ചു. സ്വാഗതം ശ്രീ.കെ.സുഭാഷ് (സ്വാഗത സംഘം ചെയർമാൻ) അധ്യക്ഷൻ ശ്രീ. വി.ശശി (മുൻ ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭ ) റിപ്പോർട്ട് അവതരണം ശ്രീമതി .ജി.സിന്ധു (മുൻ ഹെഡ്മിസ്ട്രസ് / കൺവീനർ സ്വാഗത സംഘം) നിർവ്വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ .കടകംപള്ളി സുരേന്ദ്രൻ (ബഹു. മുൻ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി) ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. 1995 ബാച്ചിലെ അജീഷ് മാധവൻ നല്കിയ സ്കൂൾ വെബ് സൈറ്റ് ഉദ്ഘാടനം അഡ്വ. വി. ജോയ് എം.എൽ.എ ലോഗിൻ ചെയ്തു. അതോടൊപ്പം സ്കൂൾ മാനേജർ ശ്രീ.ശശിധരൻ നായർ സ്കൂൾ വെബ്സൈറ്റിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് എല്ലാ പിന്തുണയും നല്കി. മുഖ്യ പ്രഭാഷകരായി ശ്രീ. റ്റി. ശരത്ചന്ദ്രപ്രസാദ് എക്സ് എം എൽ എ യും ആശംസകൾ ഡോ. എം. ജയപ്രകാശ് (ഡയറക്ടർ കോളേജ് ഡവലപ്മെൻ്റ് കൗൺസിൽ കേരള സർവ്വകലാശാല) ശ്രീ.അശോക് കുമാർ ഐ പി എസ് (ജില്ലാ പോലീസ് മേധാവി തിരു. റൂറൽ) ശ്രീമതി. വിലാസിനി ( മുൻ പ്രസിഡൻ്റ് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്) ശ്രീ. ശശിധരൻ നായർ ( സ്കൂൾ മാനേജർ) കൃതജ്ഞത ശ്രീ.വി.സുനിൽ (പി റ്റി എ പ്രസിഡൻ്റ്) നിർവ്വഹിച്ചു.

15.10.2017 11.30 (രാവിലെ)

ഗുരു വന്ദനം

ഈ പരിപാടിയുടെ അകക്കാമ്പ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഗുരു വന്ദനം അഥവാ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം. തങ്ങൾക്ക് അക്ഷരവും അറിവും പകർന്നു തന്ന അധ്യാപകരെ കാണാൻ വിദ്യാർത്ഥി പ്രവാഹം എന്നു തന്നെ പറയാവുന്ന ആ കാഴ്ച നമ്മുടെ  ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് ഏറെ ആനന്ദം നൽകി. ഗുരു വന്ദനം ഉദ്ഘാടനം ജസ്റ്റിസ് ഡി ശ്രീദേവി, സ്വാഗതം  ശ്രീ.എ.ആർ  വിജയകുമാർ (കൺവീനർ പ്രോഗ്രാം കമ്മിറ്റി ), ഈ പരിപാടിയുടെ അധ്യക്ഷൻ ഡോ.പി ചന്ദ്രമോഹൻ (മുൻ വൈസ് ചാൻസലർ കണ്ണൂർ സർവ്വകലാശാല), മുഖ്യ പ്രഭാഷണം ഡോ.ജോർജ്ജ് ഓണക്കൂർ. ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം ശ്രീ. എ അജിത് കുമാർ ഐ എ എസ്, അനുമോദന പ്രസംഗം ശ്രീമതി. പി പി. പൂജ (സബ് ജഡ്ജ് ചെങ്ങന്നൂർ) ഡോ സുജാത (ആർ സി സി തിരുവനന്തപുരം) അഡ്വ. ഷൈലജ ബീഗം ( ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ശ്രീ. അബ്ദുൾ സലാം (റിട്ട. തഹസിൽദാർ ) ശ്രീ. ബി. സർജ്ജു പ്രസാദ് (അസി. കമ്മീഷണർ ഓഫ് പോലീസ് ) ശ്രീമതി. ധന്യ ആർ. കുമാർ (മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ) ശ്രീ.വിജി തമ്പി (ചലച്ചിത്ര സംവിധായകൻ) ശ്രീമതി. ഷമാം ബീഗം (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ശ്രീമതി. എസ്. കെ ശോഭ (ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് ) കൃതജ്ഞത ഷിബു കടയ്ക്കാവൂരും നിർവ്വഹിച്ചു.

15.10.2017 3 (വൈകുന്നേരം)

പൂർവ്വ വിദ്യാർത്ഥികളുടെ കലാവിരുന്ന്

കലാവിരുന്ന് ഉദ്ഘാടനം ശ്രീ. അൻവർ അലി (കവി, തിരക്കഥാകൃത്ത്, പരിഭാഷകൻ),സ്വാഗതം ശ്രീ. ആർ. പ്രദീപ്. (ചെയർമാൻ പബ്ലിസിറ്റി കമ്മിറ്റി )

പൂർവ്വ വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിൽ അണി നിരന്നു. കൃതജ്ഞത ശ്രീ.സുക്കുട്ടൻ (ചെയർമാൻ , ഫുഡ് കമ്മിറ്റി )

15.10.2017 5 (വൈകുന്നേരം)

സമാപന സമ്മേളനം

ഉദ്ഘാടനം: വർക്കല കഹാർ (മുൻ എം എൽ എ )

സ്വാഗതം : അഡ്വ .എ റസൂൽ ഷാൻ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ)

അദ്ധ്യക്ഷൻ: ശ്രീ.ആർ സുഭാഷ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്)

മുഖ്യ പ്രഭാഷകൻ: കെ.രാജൻ ബാബു ( സ്വാഗത സംഘം രക്ഷാധികാരി )

ആശംസകൾ

ശ്രീ വി. അജിത് (സൂപ്രണ്ട് ഓഫ് പോലീസ് )

ശ്രീ. ബി മുകേഷ് (ഇൻസ്പെക്ടർ ഓഫ് പോലീസ് , കടയ്ക്കാവൂർ)

ശ്രീ ആർ ശ്രീകണ്ഠൻ നായർ ( ജില്ലാ പഞ്ചായത്ത് അംഗം)

ശ്രീ.പ്രവീൺ കുമാർ  കടയക്കാവൂർ (സീരിയൽ ഡയറക്ടർ )

ശ്രീ. അഫ്സൽ മുഹമ്മദ് (സ്വാഗത സംഘം വൈസ് ചെയർമാൻ)

ശ്രീ. വക്കം അജിത് (സ്വാഗത സംഘം വൈസ് ചെയർമാൻ)

ശ്രീ. എം ഷിജു (ചെയർമാൻ സ്റ്റേജ് ഡെക്കറേഷൻ)

നന്ദി. ശ്രീ .റ്റി ഷാജു ( സ്റ്റാഫ് സെക്രട്ടറി)