എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ പ്രതീക്ഷയുടെ കത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ കത്തുകൾ     

വെള്ളാരങ്കല്ലുളോട് യാത്ര പറഞ്ഞ് അവൻ നടന്നകന്നു, അവളെ തനിച്ചാക്കി..... ജീവിതഭാരം പേറി നടന്നകലുന്ന അവൻ ഇപ്പോൾ കൺമുന്നിൽ നിന്ന് മറഞ്ഞിരിക്കുന്നു. ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെട്ടതുപോലെ തോന്നിയ അവൾ പ്രാരാബ്ധങ്ങൾ ഓരോന്നായി കൂട്ടിക്കിഴിച്ചുനോക്കി. പുല്ലുമേഞ്ഞ തന്റെ കുടിലിന്റെ നാലുചുവരുകൾക്കിടയിൽ അവൾ ഭൂതകാലസ്മരണകൾ അയവിറക്കി.....

ബാല്യത്തിൽ തന്നോടൊപ്പം മണ്ണപ്പം ചുട്ടുകളിച്ച ഏട്ടൻ, കണ്ണിമാങ്ങയ്ക്കായി കൊതിയൂറുന്ന ആ നല്ല നാളുകൾ. അമ്മയുടെ വിടവ് നികത്തിക്കൊണ്ട് തന്നെ അക്ഷരലോകത്തേക്ക് പിച്ചവെപ്പിച്ചവൻ. എന്നാൽ ഇന്ന് ഇണക്കങ്ങളും പിണക്കങ്ങളും ബാക്കിയാക്കി കഷ്ടതയുടെ നെറുകയിലേക്ക് അവൻ വണ്ടി കയറി. അന്നുമുതൽ അവൾക്ക് കാത്തിപ്പിന്റെ നാളുകളാണ്. സങ്കടമൊതുക്കി ഓരോ രാവും പകലും മുത്തശ്ശിയോടൊപ്പം അവൾ കഴിച്ചുകൂട്ടി. എന്നും പരിഭവം മാത്രം പറയുന്ന മുത്തശ്ശി.

ആയിടെ കാത്തിരുന്നു കിട്ടിയ നിധി പോലെ ചേട്ടന്റെ കത്തുമായി പോസ്റ്റ്മാൻ ദാമുവേട്ടൻ കയറിവന്നു. മരുഭൂമിയിൽ പെയ്ത മഴപോലെ അവളുടെ മനസ്സ് കുളിർത്തു. ആകുലതകളും കഷ്ടപ്പാടുകളും മനസ്സിൽ കുഴിച്ചുമൂടിക്കൊണ്ട് അവൻ എഴുതിയ സന്തോഷം പങ്കിടുന്ന വാക്കുകളായിരുന്നു അതിൽ. എങ്കിലും എവിടെയൊക്കെയോ വിഷാദത്തിന്റെ നിഴലിപ്പുകൾ കാണാമായിരുന്നു. പതിയെപ്പതിയെ മണിയോഡറുകളും അവളെ തേടിയെത്തി. ജീവിതഭദ്രത എന്ന സ്വപ്നമായിരിക്കാം ഇത്രയൊക്കെ കഷ്ടപ്പെടാൻ അവനെ പ്രേരിപ്പിച്ചത്. വിയർപ്പിന്റെ മണമുള്ള ആ നോട്ടുകൾ പോലും മുത്തശ്ശിയുടെ പരിഭവങ്ങൾക്ക് പാത്രമായി. എന്നാൽ ഏട്ടന്റെ വാക്കുകളേകിയ ധൈര്യം അവളിൽ സന്തോഷം ജനിപ്പിച്ചിരുന്നു. അത് അവളിലൂടെ അവിടമാകെ പരന്നു. കാറ്റിന്റെ സുഗന്ധവും ചിത്രശലഭങ്ങളും അവൾക്ക് സഖിയായി. പൂക്കൾ വിടരുന്നതുപോലും അവൾക്ക് വേണ്ടിയാണെന്ന് തോന്നിപ്പോയി.

അവളുടെ സന്തോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. അടിക്കടിയുള്ള കത്തുകൾ പൊടുന്നനെ നിന്നുതുടങ്ങി. നിത്യരോഗിയായ മുത്തശ്ശിയും അവളും ദാരിദ്ര്യത്തിന്റെ വക്കിലെത്തി. മരുന്ന് വാങ്ങാൻ പോലും പണം തികയാത്ത അവസ്ഥ.

അങ്ങനെയിരിക്കെ ഒരുദിവസം അവളുടെ സന്തോഷത്തിന് പൂർണവിരാമമിട്ടപോലെ ആംബുലൻസിന്റെ സൈറൺ അവിടെങ്ങും മുഴങ്ങി. ഒരു നോക്കേ കാണാൻ തോന്നിയുള്ളൂ, വെള്ള പുതപ്പിച്ച ഏട്ടന്റെ ശരീരം. നിലവിളികൾ തൊണ്ടയിൽ കുരുങ്ങി. പിന്നെയെന്താ സംഭവിച്ചതെന്നോർമ്മയില്ല........

എങ്കിലും......... എങ്കിലും......... ആ വിയോഗം അംഗീകരിക്കാനാകാതെ ഉമ്മറപ്പടിയിൽ പ്രതീക്ഷയോടെ അവൾ കാത്തിരുന്നു. ഏട്ടന്റെ കത്തുകൾക്കായി..................

ആദിത്യൻ എം വി
9 B എസ് എസ് ജി എച്ച് എസ് എസ് പയ്യന്നൂർ, കണ്ടങ്കാളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ